Sunday Homilies

പാദക്ഷാ​ളനം നമ്മെ ശുദ്ധനാകുന്നു

പാദക്ഷാ​ളനം നമ്മെ ശുദ്ധനാകുന്നു

കർത്താവിന്റെ അത്താഴത്തിന്റെ വ്യാഴാഴ്ച സായാഹ്ന ദിവ്യബലി

വായനകൾ:

ഒന്നാം വായന : പുറപ്പാട് 12:1–8.11–14
രണ്ടാം വായന: 1 കോറിന്തോസ് 11:23–26
സുവിശേഷം : വി. യോഹന്നാൻ 13:1–15

ആമുഖം:

നമ്മുടെ വിശ്വാസ ജീവിതത്തിലെ സുപ്രധാനമായ വിശുദ്ധ  പെസഹാ  ത്രിദിനത്തിലേയ്ക്കു നാം പ്രവേശിക്കുകയാണ്. ഈ പെസഹാ സായാഹ്ന ദിവ്യബലിയിൽ പരസ്നേഹത്തിന്റെ മാതൃക നൽകുന്ന പാദക്ഷാളന കർമവും ദിവ്യകാരുണ്യത്തിന്റെയും പൗരോഹിത്യത്തിന്റെയും സംസ്ഥാപനവും നാം അനുസ്മരിക്കുകയും ആചരിക്കുകയും ചെയ്യുന്നു. സംശുദ്ധമായ ഹൃദയത്തോടെ ഈ തിരുക്കർമ്മങ്ങളിൽ നമുക്ക് പങ്കുചേരാം.

ദൈവവചന പ്രഘോഷണകർമ്മം:

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,

മറ്റ് മൂന്ന് സുവിശേഷകന്മാരും, യേശുവും ശിഷ്യന്മാരും ചേർന്നുള്ള അന്ത്യഅത്താഴത്തെ വിവരിക്കുമ്പോൾ വിശുദ്ധ യോഹന്നാൻ സുവിശേഷകൻ വളരെ പ്രാധാന്യത്തോടുകൂടി “പാദക്ഷാളന കർമ്മത്തെ” തന്റെ സുവിശേഷത്തിൽ വിവരിക്കുന്നു. പാദക്ഷാളനത്തിന്റെ ചരിത്രപരമായ യാഥാർഥ്യം നമുക്കെല്ലാം അറിയാം.
യേശുവിന്റെ കാലത്ത് യഹൂദ ഭവനങ്ങളിൽ വരുന്ന അഥിതികളെ അവരുടെ പാദങ്ങൾ കഴുകിയാണ് ആ ഭവനത്തിലെ അടിമകൾ സ്വീകരിച്ചിരുന്നത്. പൊടിനിറഞ്ഞ പലസ്തീനിയൻ-യൂദയാ പ്രദേശങ്ങളിൽ ഈ ആചാരത്തിന് എന്തുമാത്രം പ്രാധാന്യം ഉണ്ടെന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. അഥിതികളുടെ പാദങ്ങൾ കഴുകിയിരുന്നത് ഒരിക്കലും യജമാനൻ അല്ല മറിച്ച് അടിമകളാണ്. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന് മുമ്പാണ് ഈ ക്ഷാളനം നിർവഹിച്ചിരുന്നത്.

പതിവിനു വിരുദ്ധമായി രണ്ടു കാര്യങ്ങൾ ഇവിടെ സംഭവിക്കുന്നു.
1) ദാസനു പകരം യജമാനൻ – ഗുരുവും കർത്താവും- എന്ന് വിളിക്കപ്പെടുന്ന  യേശുനാഥൻ സ്വന്തം ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നു. ഈ ഒരൊറ്റ പ്രവൃത്തിയിലൂടെ യേശു ലോകത്തിന് നൽകുന്ന അമ്പരപ്പ് “നീ ഒരിക്കലും എന്റെ പാദങ്ങൾ ​കഴുകരുതെന്ന” പത്രോസിന്റെ പ്രസ്താവനയിൽ നിറഞ്ഞുനിൽക്കുന്നു.

2) പതിവിന് വിരുദ്ധമായ രണ്ടാമത്തെ കാര്യം ഭക്ഷണത്തിൻറെ മുൻപല്ല മറിച്ച് അത്താഴത്തിന് ഇടയിലാണ്  യേശു എഴുന്നേറ്റ് ശിഷ്യന്മാരുടെ പാദങ്ങൾ ക്ഷാളനം ചെയ്യുന്നത്.

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ അത്താഴത്തി​നിട​യിൽ  സംഭവിക്കുന്ന പാദക്ഷാള​നത്തിനും മറ്റു സുവിശേഷങ്ങളിൽ കാണുന്ന ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ അപ്പവും പാനപാത്രവും എടുത്തു കൃതജ്ഞതാ സ്തോത്രം ചെയ്ത്‌ ശിഷ്യന്മാർക്ക് നൽകുന്ന പ്രവൃത്തിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അതായത് പാദക്ഷാ​ള​നവും അപ്പവും വീഞ്ഞും വാഴ്ത്തുന്നതും ഭക്ഷണത്തിനിടയിൽ സംഭവിക്കുന്നു. ചില വ്യാഖ്യാനങ്ങൾ അനുസരിച്ച് ഇതിനു തുല്യമായ പ്രാധാന്യം ഉണ്ട്. ആധുനികലോകത്തെ സേവിക്കുന്ന സഭയെയും, സ്നേഹിക്കുന്ന സഭയെയും ഇത് പ്രതിനിധാനം ചെയ്യുന്നു. പാദക്ഷാ​ളനം നമ്മെ ശുദ്ധനാകുന്നു പരസ്നേഹത്തെക്കുറിച്ച് പഠിപ്പിക്കുന്നു. ദിവ്യകാരുണ്യം നമ്മെ ശക്തരാക്കുന്നു സഹോദരങ്ങളോട് അനുരഞ്ജന പ്പെടുത്തുന്നു.

ഈ മഹത്തായ യാഥാർത്ഥ്യം സഭാമക്കൾ മനസ്സിലാക്കുവാൻ ആയിട്ടാണ് തിരുസഭ ഇന്നത്തെ ഒന്നാം വായനയിൽ പുറപ്പാട് പുസ്തകത്തിലെ പഴയനിയമത്തിലെ പെസഹാ ആചരണത്തെ വിവരിക്കുന്നത്. പുറപ്പാട് പുസ്തകത്തിലെ പെസഹ കുഞ്ഞാടിന്റെ മാംസവും രക്തവും പുതിയനിയമത്തിലെ ക്രിസ്തുവിന്റ തിരുശരീര രക്തങ്ങളാകുന്നത് ഇന്നത്തെ രണ്ടാം വായനയിൽ നാം കാണുന്നു. കൂദാശാ വചനങ്ങളെ അവർത്തിച്ചുകൊണ്ട് പൗലോസ് അപ്പോസ്തലൻ ആദിമ ക്രൈസ്തവ സഭയ്ക്കും നമുക്കും ദിവ്യകാരുണ്യത്തിന്റെ മാഹാത്മ്യം വ്യക്തമാക്കുന്നു.

വിശുദ്ധ ഫ്രാൻസിസ് സാലസ് ദിവ്യകാരുണ്യത്തെ സൂര്യനോട് ഉപമിക്കുന്നു. എങ്ങനെയാണോ ഭൂമി സുര്യനെ കേന്ദ്രമാക്കി കറങ്ങുകയും സൂര്യനിൽ നിന്ന് ചൂടും വെളിച്ചവും സ്വികരിച്ച് ജീവസുറ്റതാകുന്നത്, അതുപോലെയാണ് ഒരു വിശ്വാസിക്ക് ദിവ്യകാരുണ്യവും. അത് സ്വീകരിക്കുന്നവൻ ആത്മീയമായ ഊർജം സ്വീകരിച്ച് ജീവസുറ്റതാകുന്നു.

ഇത് നിങ്ങൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന് പറഞ്ഞുകൊണ്ട് തന്റെ ശരീരവും രക്തവും നമുക്ക് നൽകുന്ന യേശുനാഥൻ ഇത് നിത്യവും പരികർമ്മം ചെയ്യപ്പെടുവാൻ വിശുദ്ധ പൗരോഹിത്യം സ്ഥാപിക്കുന്നു.

യേശു തന്റെ മരണത്തിനു മുൻപ് ചെയ്ത ഈ പ്രവൃത്തി യേശു തയ്യാറാക്കിയ വില്പത്രമാണ്. ഒരപ്പൻ മരിക്കുന്നതിന് മുൻപ് തനിക്കുള്ളതെല്ലാം മക്കൾക്കായി നൽകിക്കൊണ്ട്, അവർ ഭാവിയിൽ എങ്ങനെ ജീവിക്കണമെന്ന് ആഗ്രഹിച്ച് വിൽപ്പത്രം തയ്യാറാക്കുന്നുവോ അതുപോലെയാണ് യേശുവും മരിക്കുന്നതിന് മുൻപ് സ്നേഹത്തിന്റെ പുതിയ മാതൃക നൽകിയും, ദിവ്യകാരുണ്യം സ്ഥാപിച്ചുകൊണ്ടും, പൗരോഹിത്യം സ്ഥാപിച്ചുകൊണ്ടും തിരുസഭയും സഭാമക്കളും ഈ ലോകത്തിൽ എങ്ങനെയായിരിക്കണം എന്ന് പറയുന്നു.

ആമേൻ

ഫാ. സന്തോഷ് രാജൻ

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker