Articles

സാത്താനും 4 പൊതു ധാരണകളും

സാത്താനും 4 പൊതു ധാരണകളും

ടോം ഹൂപ്സ്

സാത്താനെ നാം ഭയപ്പെടേണ്ട ആവശ്യമില്ല  എങ്കിലും നാം സാത്താനെയും അവന്റെ തന്ത്രങ്ങളേയും അറിഞ്ഞിരിക്കുവാൻ ചില സുപ്രധാന ധാരണകൾ ചേർക്കുന്നു.

സാത്താനെക്കുറിച്ചുള്ള ചിന്ത ആദ്യമായി എന്നിൽ കടന്നു വന്നത് പ്രാഥമിക വിദ്യാലയത്തിൽ പഠിക്കുന്ന ഏഴോ എട്ടോ പ്രായമുള്ളപ്പോൾ എന്റെ ആരാധ്യയായ കൂട്ടുകാരി മുഖേനയാണ്. ഒരു ദിവസം ഒഴിവുവേളയിൽ എന്റെ തന്നെ ദൈവശാസ്ത്രം പങ്കുവച്ചുകൊണ്ടു അവളുടെ ശ്രദ്ധപിടിച്ചു പറ്റുവാൻ ശ്രമിച്ചു കൊണ്ട് ഞാൻ ഇപ്രകാരം പറഞ്ഞു. “ദൈവം സർവവും സൃഷ്ടിച്ചതുകൊണ്ടും ദൈവം തിന്മയായതൊന്നും സൃഷ്ടിക്കാൻ സാധ്യത ഇല്ലാത്തതുകൊണ്ടും സാത്താനും ഉണ്ടാവാൻ സാധ്യത ഇല്ല”. എന്റെ പ്രസ്താവനയോടുള്ള അവളുടെ യോജിപ്പ്‌ പ്രതീക്ഷിച്ചിരുന്ന എന്നെ അമ്പരിപ്പിച്ചുകൊണ്ടു അവളിൽ അത് അപ്രതീക്ഷിതമായ അസ്വസ്ഥതയാണ് ഉണ്ടാക്കിയത്. അവൾ മറുപടി പറഞ്ഞു: “അങ്ങനെയെങ്കിൽ ബൈബിൾ കള്ളം പറയുന്നു! ബൈബിൾ കള്ളം പറയുമെന്ന് നിനക്കു തോന്നുന്നുണ്ടോ?
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല, അവൾ പതിയെ ശാന്തമായി; എങ്കിലും ക്രോധം കലർന്ന സ്വരത്തിൽ അവൾ തുടർന്നു: “ദൈവം നിന്നെ സൃഷ്ടിച്ചു, എന്നാൽ നീ പാപം ചെയ്യുന്നു;അതിനു കാരണം ദൈവം നിനക്ക് സ്വതന്ത്ര ഇശ്ചാശക്തി നൽകിയിട്ടുള്ളതിനാൽ ആണ്‌. മാലാഖമാർക്കും ദൈവം സ്വതന്ത്ര ഇശ്ചാശക്തി നൽകി എന്നാൽ സാത്താൻ തന്റെ സ്വതന്ത്ര ഇശ്ചാശക്തിയെ പാപം ചെയ്യാൻ ഉപയോഗിച്ചു എന്നു മാത്രം.”

ഇപ്പോഴും തുടർന്നു പോരുന്ന സാത്താനെപ്പറ്റിയുള്ള 4 പൊതുവായ ധാരണകൾക്കുള്ള ബുദ്ധിപരമായ ഉത്തരമാണ് അന്നവൾ പ്രാരംഭരൂപമായി നൽകിയത്.

ഓരോന്നായി ആ 4 ധാരണകൾ നമുക്ക് വിലയിരുത്താം.

ഒന്നാമത്തെ ധാരണ:

“സാത്താൻ ഇല്ലാ “

ബൈബിളും കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളും മറ്റെല്ലാ പ്രധാന മതങ്ങളും സാത്താൻ ഉണ്ട് എന്ന യാഥാർഥ്യം അംഗീകരിക്കുന്നു. ബൈബിളിലെ പഴയ നിയമത്തിൽ ഒഴിച്ചുമാറ്റാനാകാത്ത സ്ഥാനമാണ് പിശാചുകൾക്കുള്ളത്. ഉല്പത്തിയുടെ പുസ്തകം ആരംഭിക്കുന്നത് തന്നെ ആദത്തെയും ഹവ്വയേയും ഒപ്പം പാപം വഴി വന്ന അവരിലെ കൃപയുടെ അധഃപതനത്തിന്റെയും കഥ പറഞ്ഞുകൊണ്ടാണ്. ആ കഥയുടെ കേന്ദ്രം തന്നെ നിശ്ശേഷം കള്ളം പറഞ്ഞ് ദൈവവുമായുള്ള സൗഹൃദത്തെ ഉപേക്ഷിക്കാൻ പ്രലോഭിപ്പിച്ച് ഹവ്വയെ നേടിയെടുക്കുന്ന  പിശാചാണ്. പിന്നീട് പഴയ നിയമം ലൂസിഫർ, അസ്‌മോഡിയസ്, സാത്താൻ എന്നിങ്ങനെ മൂന്ന് പിശാചുക്കളുടെ പേരുകൾ ചേർക്കുന്നുണ്ട്. അതിനാൽ പിശാച് എന്നത് കേവലം ഒരു പിശാചല്ല അത് ദൈവത്തോട് ചെറുത്തു നിൽക്കാൻ തീരുമാനം എടുത്ത മാലാഖമാരുടെ എണ്ണമാണ് എന്ന് നാം മനസിലാക്കുന്നു.
പുതിയ നിയമം ക്രിസ്തുവിന്റെ പ്രവർത്തങ്ങളുടെ കേന്ദ്രം തന്നെ പിശാചിനോടുള്ള പോരാട്ടമാണെന്ന് വിശേഷിപ്പിച്ചു കൊണ്ട് ധാരാളം തവണ പിശാചിനെ സൂചിപ്പിക്കുന്നുണ്ട്. യോഹന്നാന്റെ ഒന്നാം ലേഖനം “മനുഷ്യ പുത്രന്റെ ആഗമനോദ്ദേശം തന്നെ പിശാചിന്റെ പ്രവർത്തനങ്ങളെ നശിപ്പിക്കുകയായിരുന്നു”എന്ന്  വെളിപ്പെടുത്തുന്നു. മത്തായിയുടെ സുവിശേഷം  “എല്ലാ രോഗികളെയും വിവിധ വ്യാധികളാലും വ്യഥകളാലും അവശരായവരെയും പിശാച് ബാധിതർ, അപസ്മാര രോഗികൾ, തളർവാതക്കാർ എന്നിവരെയും അവർ അവന്റെ അടുത്ത് കൊണ്ട് വന്നു. അവൻ അവരെ സുഖപ്പെടുത്തി” എന്ന് വിവരിക്കുമ്പോൾ “പിശാച് ബാധിതരെയും” “അപസ്‌മാര രോഗികളെയും” സുവിശേഷം വേർതിരിച്ചു കാണുന്നു എന്നത് ശ്രദ്ധേയമാണ്. വെറുമൊരു പ്രാചീനകാലത്തെ ധാരണയായിട്ടല്ല  അതിലുപരി അത് പിശാചായിരുന്നു, ഇപ്പോഴും അത് പിശാചാണ് എന്നാണ്  ഇതിനെ നാം വിലയിരുത്തേണ്ടത്.
“നമുക്ക് ചുറ്റും നോക്കുക അനുദിന പത്രം തുറന്നു നോക്കിയാലും അത് ധാരാളം മതി പിശാചിന്റെ സാന്നിധ്യം വ്യക്തമായി നമുക്ക് കാണാം. പിശാച് ഇന്നും പ്രവർത്തിക്കുന്നു. അതിനാൽ എന്താണ് പിശാച് ? അവൻ മൂടൽ മഞ്ഞോ വ്യാപിക്കുന്ന വസ്തുവോ അല്ല അവൻ ഒരു വ്യക്തിയാണ് ” ഫ്രാൻസിസ്‌ പാപ്പയുടെ ഡിസംബർ മാസത്തെ ഈ വാക്കുകൾ വളരെ ഉചിതം തന്നെ.

രണ്ടാമത്തെ ധാരണ:

“പിശാച് ദൈവത്തിന്റെ പ്രതിയോഗിയാണ്”

പ്രപഞ്ചത്തിൽ പ്രകാശവും അന്ധകാരവും പോലെ രണ്ടു അതി ശക്തികളാണ് ദൈവവും പിശാചും എന്ന് കത്തോലിക്കർ വിശ്വസിക്കുന്നില്ല; മറിച്ച് സകലത്തിന്റെയും സൃഷ്ടാവും സകല നന്മ സ്വരൂപിയും ആയ സർവ്വശക്തനായ ദൈവമാണ് ഒരേ ഒരുശക്തി എന്നാണ് കത്തോലിക്കർ വിശ്വസിക്കുന്നത്. എങ്കിൽ എങ്ങനെ ഇവിടെ പിശാച് ഉണ്ടായി?
2005-ൽ പ്രസിദ്ധീകരിച്ച “കംപെന്റിയം ഓഫ് ദി കാറ്റിക്കിസം” ഇപ്രകാരം വിശദമാക്കുന്നു. “സാത്താനും മറ്റു പിശാചുക്കളും ദൈവത്താൽ സൃഷ്ടിക്കപ്പെട്ട മാലാഖമാർ ആയിരുന്നു. എന്നാലും അവർ സ്വതന്ത്രവും പ്രത്യേകവും (ഇറവോകബിൽ) ആയ തിരഞ്ഞെടുപ്പ് വഴി ദൈവത്തെയും സ്വർഗ്ഗത്തെയും വെടിഞ്ഞു ദുഷ്ടരായി രൂപാന്തരപ്പെടുകയും അങ്ങനെ നരകം എന്ന അവസ്ഥ ആവീർഭവിക്കുകയും ചെയ്തു (ന. 74).
ദൈവം സ്നേഹം ആകുന്നു. പ്രപഞ്ചത്തെ ദൈവം തന്റെ സ്നേഹത്താൽ സൃഷ്ടിച്ചു. സകല സൃഷ്ടികളും അവിടുത്തെ സ്നേഹം പ്രകടിപ്പിക്കുന്നു. എന്നാൽ മാലാഖാമാർക്കും മനുഷ്യർക്കും മാത്രമേ ദൈവത്തെ തിരികെ സ്നേഹിക്കാൻ സാധിക്കൂ. ചരിത്രത്തിലെ മിക്ക മതങ്ങളും സംസ്കാരങ്ങളും മാലാഖമാർ ആധ്യാത്മിക രൂപികളായ സൃഷ്ടികളാണെന്നും അവർക്കു മനുഷ്യരെപ്പോലെ ചിന്തക്കും തീരുമാനത്തിനും അടിസ്ഥാനമായ യുക്തിയും സ്വതന്ത്ര ഇശ്ചയും ഉണ്ടെന്നും അംഗീകരിക്കുന്നു. അതായത് മാലാഖാമാർക്കും സ്നേഹിക്കാൻ സാധിക്കുന്നത് പോലെ സ്നേഹിക്കാതിരിക്കാനും തീരുമാനിക്കാം.

മനുഷ്യൻ “സമയ” ബന്ധിതമായി ജീവിക്കുന്നു. ‘ദൈവത്തെ സ്നേഹിക്കരുത്’ എന്ന് നമ്മൾ തീരുമാനിച്ചാൽ ജീവിത കാലത്തിന്റെ തീരുമാനങ്ങൾ വഴിയും പ്രവർത്തികൾ വഴിയും നമ്മുടെ ആ തീരുമാനങ്ങൾ സാവകാശം അവസാനം വരെ മന്ദഗതിയിലാവുന്നു. എന്നാൽ മാലാഖമാർ “സമയ”ബന്ധിതമല്ലാതെ നിത്യതയിൽ ജീവിക്കുന്നു. ‘ദൈവത്തെ സ്നേഹിക്കരുത്’ എന്ന് അവർ തീരുമാനിച്ചാൽ അത് ഇപ്രകാരം ആയിരുന്നു: സ്വർഗ്ഗത്തിന്റെ അപ്പോഴത്തെ നിത്യതയിൽ അവർ ദൈവത്തെ നിരസിക്കുകയും നിത്യ നരകത്തിലേക്ക് അവർ പ്രവേശിക്കുകയും ചെയ്തു.

മൂന്നാമത്തെ ധാരണ:

“പിശാച് എന്നെ ബാധിക്കാൻ ആഗ്രഹിക്കുന്നു”

ടെലിവിഷൻ പരമ്പരകളും സിനിമകളും കാണുമ്പോൾ പിശാചിന്റെ അതിയായ മോഹം മനുഷ്യനെ ബാധിച്ചു കീഴ്പെടുത്തുകയാണന്ന് പ്രത്യക്ഷത്തിൽ തോന്നാം എന്നാൽ അത് അങ്ങനെയല്ല.
പിശാച് എന്നത് ഒരു യാഥാർഥ്യമാണ്. നീ നശിച്ചു നരകത്തിലേക്ക് നിപതിക്കുന്നതു കാണാൻ അവൻ ആഗ്രഹിക്കുന്നു എന്നതും സത്യമാണ്. എന്നാൽ അതിലൂടെ നിന്റെ നാശമല്ല യഥാർത്ഥത്തിൽ അവൻ പ്രതീക്ഷിക്കുന്നത്. പിശാച് നിന്നെ സ്നേഹിക്കുന്നില്ല, നിന്നെ ഇഷ്ടപ്പെടുന്നില്ല നിന്നെ വെറുക്കുന്നു പോലും ഇല്ല. എന്നാൽ പിശാച് അത്യധികം ആയി ദൈവത്തെ വെറുക്കുകയും അവനു സാധ്യമായ ഏക മാർഗത്തിലൂടെ ദൈവത്തെ മുറിപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ദൈവം എത്രമാത്രം നിന്നെ സ്നേഹിക്കുന്നു എന്ന് പിശാചിനാറിയാം അതിനാൽ നിന്നെ മുറിപ്പെടുത്തുന്നതിലൂടെയും നശിപ്പിക്കുന്നതിലൂടെയും ദൈവത്തെ മുറിപ്പെടുത്താനും നശിപ്പിക്കാനും അവൻ ശ്രമിക്കുന്നു.

‘പിശാച് ബാധ’ എന്നത് യഥാർത്ഥമാണ്. ഓരോ പൈശാചിക പ്രവർത്തനവും നാലു വിധമുള്ള പൈശാചിക അവസ്ഥകളിൽ ഏതെങ്കിലും ഒന്നിൽ ഉൾപ്പെടും എന്നു ഞാൻ ഇന്റർവ്യൂ ചെയ്ത ഭൂതോച്ചാടകൻ (എക്‌സോർസിസ്റ് ) പറയുകയുണ്ടായി. ആ അവസ്ഥകൾ ഇവയാണ്.

ഒന്നാമതായി-രൂക്ഷമാല്ലാത്ത അവസ്ഥ ഇത് സ്ഥലത്തെയോ വസ്തുക്കളെയോ ബാധിക്കുന്ന ഉപദ്രവവും (ഇൻഫെസ്റ്റേഷൻ )തീവ്രമായ പ്രലോഭനങ്ങൾ അടങ്ങിയ ബാധ (ഒബ്‌സഷൻ) യും ആണ്‌.
രണ്ടാമതായി – കൂടുതൽ ദൂഷ്യമായ അവസ്ഥയാണ്. ഇത് ദുഷ്ടാത്മാക്കളുടെ ബാഹ്യമായ ഉപദ്രവം അതിനു  ഇരയായ വ്യക്തിയെ  ബാധിക്കുന്ന ബലാത്കാരമായ പീഡനമാണ് (ഒപ്രഷൻ).
മൂന്നാമതായി – വളരെ വിരളവും കൂടുതൽ ഗൗരവുമായ അവസ്ഥയാണ് ഇത് പ്രേതബാധ (പൊസെഷൻ) ആയി കരുതുന്നു.
അവസാനമായി –  സമ്പൂർണ്ണബാധ എന്ന  അവസ്ഥയിൽ പിശാച് വ്യക്തിയുടെ ബോധാവസ്ഥയുടെ (കോൺഷ്യസ്നെസ്) നിയന്ത്രണം തന്നെ കൈക്കലാക്കുകയും വ്യക്തിയുടെ അധരങ്ങൾ വഴി സംസാരിക്കുകയും കാലുകളും കൈകളും കൊണ്ട് അക്രമാസക്തവും കൂടുതൽ കലുഷിതവുമായ ചുറ്റുപാടുകൾ സൃഷ്ടിക്കുകയും ചെയ്യും.

പിശാച് ബാധക്ക് പരിഹാരമായി 3 തരത്തിലുള്ള ഭൂതോച്ചാടന കർമങ്ങളാണ് നിലവിലുള്ളത്.

1) ആദ്യത്തേത് എല്ലാ ജ്ഞാനസ്നാന കർമ്മങ്ങളിലും ഉൾച്ചേർന്നിട്ടുള്ള ആരാധനാക്രമപരമായ ഭൂതോച്ഛാടനം ആണ്‌.
2) രണ്ടാമത്തേത് ഗൂഢവും സാധാരണവുമായ ഭൂതോച്ഛാടനം ആണ്‌. “സാത്താനെ വിട്ടു പോവൂ”എന്ന ലളിത ആജ്‌ഞയിലൂടെയുള്ള ഭൂതോച്ഛാടനം ആണിത്. കുരിശടയാളത്താൽ ഇത്തരത്തിൽ വിശുദ്ധ ഫൗസ്റ്റീന പിശാചിനെ ഒഴിപ്പിച്ചിയുന്നു.
3) മൂന്നാമത്തേത് ഉദാത്തവും പരസ്യമായതും ഔപചാരികവുമായ ഭൂതോച്ഛാടനം ആണ്‌. ഇത് അത്യന്തം ഗൗരവമേറിയതാകയാൽ അതാത് രൂപതാധ്യക്ഷന്റെ പ്രത്യേകവും സവിശേഷവുമായ അനുമതിയോടു മാത്രമേ ഈ ആചാരക്രമങ്ങൾ നടപ്പിലാക്കാൻ പാടുള്ളൂ. പിശാചു ബാധക്കിരയായ വ്യക്തിയുടെ ആരോഗ്യനില മനോരോഗ്യ വിദഗ്ധനും മെഡിക്കൽ ഡോക്ടറും പരിശോദിച്ചു വിശദമാക്കിയ നിയമ പത്രിക സമർപ്പിച്ചു ബോധ്യപ്പെട്ടാൽ മാത്രമേ ഇത്തരം ഭൂതോച്ഛാടനം താൻ നിർവഹിക്കാറുള്ളൂ എന്നും മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തികളുടെമേൽ ഭൂതോച്ഛാടനം അല്ല വേണ്ടതെന്നും ഭൂതോച്ചാടകൻ എന്നോട് വിശദമാക്കി.

പിശാചുബാധ സത്യമാണ് അതിനാൽ തന്നെ ഇത് അപൂർവവും ആണ്‌. ഏതെങ്കിലും രീതിയിൽ വ്യക്‌തി പിശാചിനോട്  തന്റെ  സമ്മതത്താൽ അനുവദിക്കാതെ ഇത് സംഭവിക്കുന്നില്ല. കൗതകപൂർവം ആഭിചാരം മന്ത്രവാദം പോലുള്ള ഗൗരവകാര്യങ്ങൾ ചെയ്യാൻ മുതിരുന്നതാണ് പിശാചുബാധക്ക്‌ സാധാരണയുള്ള  പ്രാരംഭകാരണങ്ങൾ. എന്നാൽ ഇത് സംഭവിക്കാവുന്ന മറ്റൊരു മാർഗം ‘എക്‌സോർസിസ്റ് ‘ മുതൽ നെറ്റ്ഫ്ലിക്സിന്റെ ‘ന്യു വെറോണിക്ക’ വരെയുള്ള സിനിമകളിൽ തുടങ്ങുന്നതുപോലെ ‘ഓജോ ബോർസുകൾ’ മുഖേനയാണ്. ഈ ഉപകരണങ്ങൾ നേരിട്ട് ദുഷ്ടാത്മാക്കളുമായി ആശയവിനിമയം നടത്തുവാനുള്ള ശ്രമങ്ങളാണ്. അതിനാൽ അവ ഒഴിവാക്കണം.

എന്തുകൊണ്ടാണ് പിശാചുബാധ അപൂർവം എന്ന് പറയുന്നത് ?

ബാധിച്ചു കീഴ്പ്പെടുത്താൻ താൻ ഇരകളെ തേടിപ്പോകേണ്ട കാര്യമില്ലെന്നു പിശാചിന് അറിയാം. സാധാരണ നാം തന്നെയാണ് പാപം ചെയ്തുകൊണ്ട് നമ്മെ അവനു സമർപ്പിക്കുന്നത്. “സ്നേഹം തന്നെയായ മനുഷ്യ സ്വാതന്ത്ര്യത്തിന്റെ ആത്യന്തിക സാധ്യതയാണ് മാരകപാപം. ഇത് സ്വർഗ്ഗത്തെ ബഹിഷ്‌കരിച്ചു നരകത്തിലെ നിത്യ മരണത്തിനു അർഹമാക്കുന്നു. എന്തെന്നാൽ നമ്മിൽ കുടികൊള്ളുന്ന സ്വാതന്ത്രത്തിനു ഒരു തിരിഞ്ഞുപോക്കില്ലാത്ത ആത്യന്തിക തീരുമാനം എന്നന്നേക്കുമായി എടുക്കുവാനുള്ള ശക്തിയുണ്ട്.” എന്ന്‌ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നു. സാത്താന് നിങ്ങളെ ആവശ്യമില്ല എന്നാൽ അവനു ഉറപ്പാക്കേണ്ടത് ‘ദൈവം നിങ്ങളെ സ്വന്തമാക്കിയിട്ടില്ല’ എന്നത് മാത്രമാണ്. പാപം ചെയ്യുവാൻ നിന്നെ പ്രലോഭിപ്പിക്കുക മാത്രമാണ് അത് സാധ്യമാക്കാൻ അവനിലുള്ള ഏക തന്ത്രം.

നാലാമത്തെ ധാരണ:

“പിശാചിന് നിങ്ങളെ ‘റോക്ക് സ്റ്റാർ’ ആക്കുവാൻ സാധിക്കും”

അതിമാനുഷിക ശക്തികൾ, സമ്പത്ത്,  ഗിറ്റാർ നൈപുണ്യം പോലുള്ള സ്വാർത്ഥ നേട്ടങ്ങൾക്കു വേണ്ടി ആത്മാവിനെ പിശാചിന് വിൽക്കുന്ന വ്യക്തികളുടെ നിരവധി ജീവിതകഥകൾ ഇന്നു നമുക്ക് മുന്നിലുണ്ട്. പിശാച് നേടിത്തന്നു എന്ന് ഇക്കൂട്ടർ വീമ്പു പറയുമ്പോഴും പിശാചിന് ഇരയായതിലൂടെ വന്നു ചേർന്ന നാശം അവർക്കറിയാം. പിശാച് ഗംഭീര വാഗ്ദാനങ്ങൾ നൽകി ഇരയായ വ്യക്തിക്ക് ജീവിതത്തിൽ അനുഭവിക്കാൻ വേണ്ടി വിട്ടുകൊടുക്കുന്നത് കടുത്ത നിരാശയും കുറ്റബോധവും സ്വയമേ തോന്നുന്ന വെറുപ്പും ആത്മസംഘർഷവും ഒക്കെയാണ്.
ഈ അടുത്ത കാലങ്ങളിലെ ചിത്രങ്ങളായ ഫോക്സ് ടെലിവിഷന്റെ ‘ലൂസിഫർ’ ലും മെൽഗിബ്സിന്റെ ‘ദി പാഷൻ ഓഫ്‌ ദി ക്രൈസ്റ് ‘ ലും പിശാചിനെ വർണിക്കുന്ന രീതി താരതമ്യം ചെയ്യാം. ലൂസിഫറിൽ പിശാച് ‘ലോസ് ഏഞ്ചൽസ് ‘ നിശാ ക്ലബ്ബിലെ ഊർജസ്വലനായ ഉടമസ്ഥനാണ്. ‘ദി പാഷൻ ഓഫ്‌ ദി ക്രൈസ്റ്റിൽ’ പിശാച് ഇഴയുന്നതും മ്ലാനവദനനും ഒരേ സമയം വിചിത്രമായി ആകർഷിക്കുന്നതും അറപ്പുളവാക്കുന്നതുമായാണ് അവതരിപ്പിക്കുന്നത്. ഇത് തന്നെയാണ് പിശാചിന്റെ യഥാർത്ഥ രൂപത്തിനും സ്വഭാവത്തിനും സമാനമായതും.

ഫ്രാൻസിസ് പാപ്പാ ഇപ്രകാരം ഓർമിപ്പിക്കുന്നു. “സാത്താനുമായി ഒരിക്കലും ആശയവിനിമയം നടത്താൻ ശ്രമിക്കരുത് എന്ന കാര്യത്തിൽ എനിക്ക് പൂർണ്ണ ബോധ്യമുണ്ട്. നിങ്ങൾ സാത്താനുമായി സംസാരിക്കാൻ മുതിർന്നാൽ നിങ്ങൾ നിങ്ങളെ തന്നെ നഷ്ടപ്പെടുത്തും. അവൻ നമ്മെക്കാൾ ബുദ്ധിമാനാണ്, അവൻ നിന്നെ തകിടം മറിക്കും.” പിശാച് സുന്ദര സുഖങ്ങൾ വാഗ്ദാനം ചെയ്യും എന്നാൽ അവൻ വാക്കുപാലിക്കുകയില്ല. ദൈവത്തിനു മാത്രമേ നിനക്ക് ആവശ്യമായവ പൂർണതയോടെ നൽകാൻ സാധിക്കൂ.

വിവർത്തനം: ഫാ. ഷെറിൻ ഡൊമിനിക് സി. എം., ഉക്രൈൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker