Diocese

ലോഗോസ്‌ പാസ്റ്ററൽ സെന്റർ ആക്രമണം; രണ്ട്‌ ദിവസത്തിന്‌ ശേഷവും കേസ്‌ രജിസ്റ്റർ ചെയ്യാതെ പോലീസ്‌

ലോഗോസ്‌ പാസ്റ്ററൽ സെന്റർ ആക്രമണം; രണ്ട്‌ ദിവസത്തിന്‌ ശേഷവും കേസ്‌ രജിസ്റ്റർ ചെയ്യാതെ പോലീസ്‌

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ ആധ്യാത്‌മിക കേന്ദ്രമായ വ്‌ളാങ്ങാമുറി ലോഗോസ്‌ പാസ്റ്ററൽ സെന്ററിനു നേരെ സാമൂഹ്യ വിരുദ്ധർ ആക്രമണം നടത്തിയിട്ട്‌ രണ്ട്‌ ദിവസം പിന്നിടുമ്പോഴും സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്യ്‌തിട്ടില്ല. ചൊവ്വാഴ്‌ച പുലർച്ചെ 12.30 തോടെ 50 പേരടങ്ങുന്ന സംഘം പാസ്റ്ററൽ സെന്ററിന്റെ പ്രധാന ഗേറ്റ്‌
തകർത്ത്‌ ലോഗോസ്‌ കോമ്പൗണ്ടിൽ കയറി അക്രമം അഴിച്ച്‌ വിടുകയായിരുന്നു. ലോഗോസ്‌ കെട്ടിടത്തിന്‌ നെരെ ഉണ്ടായ കല്ലേറിൽ രൂപതാ വിദ്യാഭ്യസ കാര്യാലയം, നിഡ്‌സ്‌, ഡോർമെറ്ററി, കോറിഡോർ എന്നിവടങ്ങളിലെ ജന്നാല ചില്ലുകളും തകർന്നു.

രൂപതയുടെ ക്ലർജി ആൻഡ്‌ റിലീജിയസ്‌ ഫോറം സംഘടിപ്പിച്ച ദൈവവിളി ക്യാമ്പിൽ പങ്കെടുക്കുയായിരുന്ന പെൺകുട്ടികളടക്കം 150 ഓളം പ്ലസ്‌ ടു വിദ്യാർത്ഥികൾ തങ്ങിയിരുന്ന കെട്ടിടത്തിന്‌ നേരെയായിരുന്നു ആക്രമണം. ചൊവ്വാഴ്‌ച അർദ്ധരാത്രിയിൽ ലോഗോസിൽ കടന്ന അക്രമികൾ പുലർച്ചെ 4 മണിവരെ ലോഗോസ്‌ കേമ്പൗണ്ടിൽ നിലയുറപ്പിച്ചിട്ടും സ്‌ഥലത്തുണ്ടായിരുന്ന നെയ്യാറ്റിൻകര എസ്‌.ഐ. സന്തോഷ്‌ കുമാർ കൂടുതൽ പോലീസിനെ വിളിക്കുകയോ പ്രതികളെ കസ്റ്റെഡിയിൽ എടുക്കുകയോ ചെയ്യ്‌തില്ലെന്ന പരാതിയുമുണ്ട്‌.

സംഭവം നടന്ന്‌ മണിക്കൂറുകൾ കഴിഞ്ഞിട്ടും എസ്‌.ഐ. ഉൾപ്പെടെ നാല്‌ പോലീസുകാർ മാത്രമാണ്‌ ലോഗോസ്‌ പരിസരത്ത്‌ ഉണ്ടായിരുന്നതെന്ന്‌ സംഭവത്തിന്‌ ദൃക്‌സാക്ഷികളായ പേയാട്‌ സെന്റ്‌ സേവ്യേഴ്‌സ്‌ പ്രീഫെക്‌ട്‌ ഫാ. രാജേഷ്‌ കുറിച്ചിയും സെക്യൂരിറ്റി ലോറൻസും പറഞ്ഞു.

എന്നാൽ പത്തിലധികം പേരുടെ സാക്ഷി മൊഴികൾ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ ചൊവ്വാഴ്‌ച ലോഗോസ്‌ ഡയറക്‌ടറും രൂപതാ ജൂഡീഷ്യൽ വികാരിയുമായ ഡോ. സെൽവരാജ്‌ നെയ്യാറ്റിൻകര ഡി.വൈ.എസ്‌.പി.ക്കും എസ്‌.ഐ.ക്കും നൽകിയ പരാതിയിൽ അന്വേഷണം നടത്തുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. സംഭവ സ്‌ഥത്തുണ്ടായിരുന്ന സ്‌ഥലം എസ്‌.ഐ. പറഞ്ഞ വാക്കുകൾ വിശ്വസിച്ച പോലീസിലെ ചില ഉന്നത ഉദ്യോഗസ്‌ഥർ അന്വേഷണം വേണ്ടെന്ന നിലപാടിലാണ്‌.

ലോഗോസിനെതിരെ സാമൂഹ്യ വിരുദ്ധർ നടത്തിയ ആക്രമണം അപലപനീയമെന്ന്‌ കേരളാ ലാറ്റിൻകാത്തലിക്‌ വിമൺ അസോസിയേഷൻ സംസ്‌ഥാന ജനറൽ സെക്രട്ടറി അൽഫോൺസ ആൽറ്റിസ്‌ പറഞ്ഞു. ലോക്കൽ പോലീസിന്റെ നടപടികളിൽ ദുരൂഹതയുണ്ടെന്നും കേസ്‌ ക്രൈബ്രാഞ്ച്‌ അന്വോഷിക്കണമെന്നും കഴിഞ്ഞ ദിവസം രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌ ആവശ്യപ്പെട്ടിരുന്നു.

രൂപതയുടെ ആധ്യാത്‌മിക കേന്ദ്രം തകർത്തിട്ടും അക്രമികൾക്കൊപ്പം നിലകൊളളുന്ന പോലീസിന്റെ നിലപാട്‌ നിലവിൽ പോലിസുകാർ സാധാരണക്കാരന്‌ നേരെ കേരളത്തിലങ്ങോളം ഇങ്ങോളം നടത്തുന്ന അതിക്രമങ്ങളുടെ തുടർച്ചയാണെന്ന്‌ രൂപതാ പാസ്റ്ററൽ കൗൺസിൽ കുറ്റപ്പെടുത്തി.

പോലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്ത്‌ നടപടികളുമായി മുന്നോട്ട്‌ പോയില്ലെങ്കിൽ നീതി ലഭിക്കാനായി ഏതിടം വരെ പോകാനും തയ്യാറാണെന്ന്‌ ലോഗോസ്‌ ഡയറക്‌ടർ ഡോ. സെൽവരാജ്‌ പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker