Vatican

കുഞ്ഞ്‌ ആൽഫിക്ക്‌ വേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ്‌ പാപ്പയുടെ അഭ്യർത്ഥന

കുഞ്ഞ്‌ ആൽഫിക്ക്‌ വേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ്‌ പാപ്പയുടെ അഭ്യർത്ഥന

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: തലച്ചോറിലെ നാഡീ ഞരമ്പുകൾ ക്ഷയിക്കുന്ന അപൂർവരോഗം ബാധിച്ച് ലിവർപൂളിൽ ചികിത്സയിൽ കഴിയുന്ന ആൽഫി ഇവാൻസിനു വേണ്ടി പ്രാർത്ഥിക്കുവാൻ വീണ്ടും അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ. ട്വീറ്റ് വഴിയാണ് പാപ്പാ പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.

ആൽഫി ഇവാൻസിനോടു കാണിക്കുന്ന ഐക്യദാർഢ്യത്താലും, അവനുവേണ്ടിയുള്ള പ്രാർത്ഥനകളാലും സ്പർശിക്കപ്പെട്ട്, കുഞ്ഞിന്‍റെ മാതാപിതാക്കളുടെ വേദന മറ്റുള്ളവർ കേൾക്കപ്പെടണമെന്നും, പുതിയ ചികിത്സാരീതികൾ തേടുക എന്ന അവരുടെ ആഗ്രഹം അനുവദിക്കപ്പെടണമെന്നുമുള്ള തന്‍റെ അഭ്യർത്ഥന പുതുക്കുകയാണെന്ന് പാപ്പാ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ഒരു വർഷമായി ലിവർപൂളിലെ ആൽഡർഹേ ചിൽഡ്രൻസ് ആശുപത്രിയിൽ അബോധാവസ്ഥയിൽ ചികിത്സയിലാണ് ആൽഫി. ലോകമെമ്പാടും ആൽഫിക്ക് വേണ്ടി പ്രാർത്ഥന ഉയരുന്നുണ്ട്. ഇതിനിടെ കുഞ്ഞിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയെങ്കിലും നിലനിർത്തണമെന്ന മാതാപിതാക്കളുടെ അപേക്ഷ ബ്രിട്ടീഷ് ഹൈക്കോടതി തള്ളി. വെന്റിലേറ്റർ നീക്കിയെങ്കിലും ആറു മണിക്കൂറോളം കുഞ്ഞ് ആൽഫി സ്വയം ശ്വസിച്ചെന്നും പിന്നീടു ഡോക്ടർമാർ ഓക്സിജൻ നൽകിത്തുടങ്ങിയെന്നും പിതാവ് ടോം വെളിപ്പെടുത്തിയിട്ടുണ്ട്.

ഇതേ തുടർന്ന് ജീവൻരക്ഷാ ഉപകരണങ്ങൾ ഒഴിവാക്കിയിട്ടും കുഞ്ഞുജീവൻ നിലനിർത്തിയെന്നും ചികിൽസാ സഹായം തുടരണമെന്നുമുള്ള മാതാപിതാക്കളുടെ പുതിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു.

ആൽഫിക്ക് ചികിൽസകൊണ്ടു ഫലമില്ലെന്നും വെന്റിലേറ്റർ ഒഴിവാക്കി സ്വാഭാവികമരണം അനുവദിക്കണമെന്നുമാണു ഡോക്ടർമാർ നിലപാട് എടുത്തത്.

എന്നാൽ, ആൽഫിയെ റോമിലെ ആശുപത്രിയിൽ എത്തിച്ചു ചികിൽസിക്കണമെന്നാണു മാതാപിതാക്കളായ ടോമിന്റെയും കേറ്റ് ജയിംസിന്റെയും ആവശ്യം. കഴിഞ്ഞ ബുധനാഴ്ച ആൽഫി ഇവാൻസിന്‍റെ പിതാവ്, ഇംഗ്ലണ്ടിൽ നിന്നും എത്തി, ഫ്രാൻസിസ് പാപ്പായെ കണ്ടിരുന്നു. ആൽഫിയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പാപ്പാ ജീവന്റെ അധികാരി ദൈവമാണെന്നും ദൈവത്തിനു മാത്രമേ മരണം നിശ്ചയിക്കാനാകൂ എന്നും പറഞ്ഞിരുന്നു. നേരത്തെ വിശ്വാസികളുമായുള്ള പൊതുകൂടിക്കാഴ്ചാവേളയിലും പാപ്പാ ആൽഫിയ്ക്കു വേണ്ടി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിച്ചിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker