Kerala

എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ തിരുനാളിന്‌ ഭക്‌തി നിര്‍ഭരമായ തുടക്കം

എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ തിരുനാളിന്‌ ഭക്‌തി നിര്‍ഭരമായ തുടക്കം

സ്വന്തം ലേഖകൻ

ആലപ്പുഴ : എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി . ഇന്ന്‌ രാവിലെ 7.30-നു വികാരി ഫാ. ജോൺ മണക്കുന്നേൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള കുർബാനയ്ക്കു സിറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ കാർമികത്വം വഹിച്ചു

കൊടിയേറ്റിനും തിരുനാൾ ദിവസങ്ങളിലെ ചടങ്ങുകൾക്കും പ്രദക്ഷിണങ്ങൾക്കും നേതൃത്വം നൽകാനുമായി തമിഴ് വിശ്വാസികൾ ഇന്നലെ മുതൽ ദേവാലയത്തിൽ എത്തിച്ചേർന്നു. മേയ് മൂന്നിനു രാവിലെ 7.30-നു തിരുസ്വരൂപം പരസ്യ വണക്കത്തിനായി ദേവാലയ കവാടത്തിൽ പ്രതിഷ്ഠിക്കും. പുണ്യവാളന്റെ ചെറിയ രൂപം എഴുന്നള്ളിച്ചു കൊണ്ടുള്ള പ്രദക്ഷിണം മേയ് ആറിന് വൈകിട്ട് 5.30-നും അദ്ഭുത തിരുസ്വരൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം പ്രധാന തിരുനാളായ മേയ് ഏഴിനു വൈകിട്ട് നാലിനും നടക്കും.

തിരുനാൾ കുർബാനയ്ക്കു ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. മേയ് 14-ന് എട്ടാമിടത്തോടെ തിരുനാൾ സമാപിക്കുമെന്നു വികാരി ഫാ. ജോൺ മണക്കുന്നേലും ജനറൽ കൺവീനർ ജെ.ടി. റാംസെയും പറഞ്ഞു.

വെടിക്കെട്ട് കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും നടത്തുന്നില്ല. തിരുനാൾ ചെലവുകളും വെട്ടിക്കുറച്ചു. ഇങ്ങനെ സമാഹരിക്കുന്ന രണ്ടു കോടിയോളം രൂപയിൽ നിന്നു പാവപ്പെട്ടവർക്കു 35 വീടുക​ൾ നിർമിക്കാൻ ഓരോ ലക്ഷം രൂപ വീതം വിതരണം ചെയ്യും. 25 വീടുകൾ അറ്റകുറ്റപ്പണി ചെയ്യാൻ 50,000 രൂപ വീതവും രോഗികളായ 500 മുതിർന്ന പൗരന്മാർക്കു മാസം 500 രൂപ വീതവും നൽകും. വിദ്യാഭ്യാസ സ്കോളർഷിപ്പുകളും ചികിത്സാ സഹായ​ങ്ങളും മറ്റു ജീവകാരുണ്യ പ്രവർത്തികളും ഈ തുക ഉപയോഗിച്ചു നൽകുമെന്നു പബ്ലിസിറ്റി കൺവീനർ ബിൽബി മാത്യു കണ്ടത്തിൽ പറ​ഞ്ഞു.

തിരുനാൾ ദിവസങ്ങളിൽ 20 ലക്ഷത്തിലേറെ തീർത്ഥാടകർ എത്തിച്ചേരുമെന്നാണു പ്രതീക്ഷ. തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവർ രണ്ടാഴ്ചയോളം ഇവിടെ താമസിക്കും. ‌ഇവർക്കുള്ള താമസ സൗകര്യവും എല്ലാവർക്കും കുടിവെള്ളത്തിനായി മൂന്ന് ആർഒ പ്ലാന്റുകളും ശുദ്ധജല കിയോസ്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്. സെന്റ് അലോഷ്യസ് കോളജ്, സെന്റ് അലോഷ്യസ് സ്കൂൾ, ജോർജിയൻ പബ്ലിക് സ്കൂൾ, സെന്റ് മേരീസ് ജിഎച്ച്എസ്എസ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ജലവിഭവം, വൈദ്യുതി, കെഎസ്ആർടിസി, ജലഗതാഗതം, പൊലീസ്, റവന്യു, ആരോഗ്യം, അഗ്നിശമനസേന തുടങ്ങിയ വകുപ്പുകളുടെ സേവനം ലഭ്യമാക്കാൻ കലക്ടർ ടി.വി.അനുപമ മുൻകയ്യെടുത്ത് ഉദ്യോഗസ്ഥതല യോഗവും നടത്തി.

നാളെ മുതൽ മേയ് ഏഴു വരെ രാവിലെ അ‍ഞ്ചു മുതലും മേയ് എട്ടു മുതൽ 14 വരെ രാവിലെ ആറു മുതലും കുർബാന, മധ്യസ്ഥപ്രാർഥന, നൊവേന, പ്രസംഗം, ലദീഞ്ഞ് തുട​ങ്ങിയ തിരുക്കർമങ്ങളുണ്ടായിരിക്കും. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, തക്കല ബിഷപ് മാർ ജോർജ് രാജേന്ദ്രൻ, മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ്, കോട്ടയം ബിഷപ് മാർ പീറ്റർ റെമിജിയൂസ് എന്നിവർ തിരുനാളിന്റെ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker