Sunday Homilies

ദൈവരാജ്യത്തിന്റെ വളർച്ച: ആദ്യം ഇല, പിന്നെ കതിർ, തുടർന്ന്‌ ധാന്യമണികൾ

ദൈവരാജ്യത്തിന്റെ വളർച്ച: ആദ്യം ഇല, പിന്നെ കതിർ, തുടർന്ന്‌ ധാന്യമണികൾ

ആണ്ടുവട്ടത്തിലെ 11 ാം ഞായർ

ഒന്നാംവായന എസക്കിയേൽ – 17:22-24
രണ്ടാം വായന 2കൊറിന്തോസ്‌ – 5; 6-10
സുവിശേഷം വി.മാർക്കോസ്‌ 4; 26-34

ദിവ്യബലിക്ക്‌ ആമുഖം

പുതിയ നിയമത്തിൽ 122 പ്രാവശ്യം ദൈവരാജ്യത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌. യേശുവിന്റെ പ്രഘോഷണങ്ങളിലെല്ലാം തന്നെ ദൈവരാജ്യം ഒരു മുഖ്യ വിഷയമായിരുന്നു.  അതിന്റെ വളർച്ചയും ആ വളർച്ചയുടെ പ്രത്യേകതകൾ എന്താണെന്നും ‘വിത്തിന്റെയും കടുക്‌ മണിയുടെയും’ ഉപമയിലൂടെ നാം ശ്രവിക്കുന്നു. ദൈവരാജ്യത്തിൽ അംഗങ്ങളായ നമുക്ക്‌ തിരുവചനം ശ്രവിക്കാനും തിരു ശരീര രക്‌തങ്ങളിൽ പങ്കുകാരാകാനുമായി നമുക്ക് നമ്മെതന്നെ ഒരുക്കാം.

ദൈവവചന പ്രഘോഷണ കർമ്മം

യേശുവിൽ സ്‌നേഹം നിറഞ്ഞ സഹോദരി സഹോദരന്‍മാരെ,

ഇന്നത്തെ സുവിശേഷത്തിൽ നാം ശ്രവിച്ച വിത്തിന്റെയും കടുക്‌ മണിയുടെയും ഉപമകളിലൂടെ യേശു നമ്മോട്‌ പറയുന്നത്‌ വളരെ ചെറിയ രീതിയിൽ തുടങ്ങി പിന്നീട്‌ വളർന്ന്‌ വലുതാകുന്ന ദൈവരാജ്യത്തെക്കുറിച്ചാണ്‌. നമുക്കിതിന്റെ ചരിത്ര പശ്ചാത്തലമൊന്ന്‌ പരിശോധിക്കാം.

യേശുവിന്റെ കാലത്ത്‌ ജറുസലേമിലും പരിസരപ്രദേശങ്ങളിലും നിലനിന്നിരുന്ന അതിതീവ്ര നിലപാടുകളുളള വിപ്ലവകാരികളായിരുന്നു ‘സെലോട്ടുകൾ’. (Zealots) യഹൂദ ജനത്തെ റോമ സാമ്രാജ്യത്തിൽ നിന്ന്‌ മോചിപ്പിക്കാൻ വേണ്ടി ആക്രമണോത്‌സുകമായ നിലപാടുകൾ അവർ സ്വീകരിച്ചു. റോമാ സാമ്രാജ്യത്തിന്റെ അധീശത്വത്തിൽ നിന്ന്‌ മോചനം നേടാനാഗ്രഹിച്ച പലരും ഇവരുടെ പ്രവർത്തികളിൽ ആകൃഷ്‌ടരായി. സ്വഭാവികമായും എല്ലാവരും യേശുവിന്റെ ശിഷ്യന്‍മാർ പോലും വരാനിരിക്കുന്ന മിശിഹാ റോമൻ ഭരണത്തിൽ നിന്ന്‌ തങ്ങളെ മോചിപ്പിക്കുമെന്ന്‌ കരുതിയിരുന്നു. എന്നാൽ യേശുവാകട്ടെ അവരുടെ തീവൃമായ ആക്രമണോത്സുകമായ നിലപാടുകളെ പിന്തളളികൊണ്ട്‌ തന്റെ വാക്കിലൂടെയും പ്രവർത്തിയിലൂടെയും പുതിയൊരു ദൈവരാജ്യം അവരുടെ ഇടയിൽ പ്രസംഗിച്ചു. ഈ ദൈവരാജ്യമാകട്ടെ വിത്ത്‌ പോലെയാണ്‌, വിതക്കപ്പെട്ട്‌ കഴിഞ്ഞാൽ ആദ്യം നിസാരവും അപ്രധാനവുമെന്ന്‌ തോന്നാമെങ്കിലും, ഘട്ടം ഘട്ടമായി സ്വയം വളർന്ന്‌ വലുതാകുന്നു. കാരണം, ദൈവാത്‌മാവാണ്‌ സഭയെ വളർത്തുന്നതും വലുതാക്കുന്നതും. നമ്മുടെ ഭാഗത്തുളള അക്ഷമയും അതി തീഷ്‌ണവും ആക്രമോത്സുകമായ അമിതാവേശവും യഥാർത്ഥത്തിൽ വളർച്ചക്ക്‌ വിപരീത ഫലമാണ്‌ ഉണ്ടാക്കുക.

വളരെ ചെറിയ രീതിയിൽ ആരംഭിച്ച്‌ പിന്നീട്‌ പുഷ്‌ടിപ്പെടുന്ന ദൈവരാജ്യത്തെക്കുറിച്ച്‌ കേൾക്കുമ്പോൾ വിശുദ്ധ മാർക്കോസ്‌ ആർക്ക്‌ വേണ്ടിയാണോ ഈ സുവിശേഷം എഴുതിയത്‌ ആ ആദിമ ക്രൈസ്‌തവ സമൂഹത്തെ നമുക്ക്‌ ഓർമിക്കാം. വളരെ ചെറിയ രീതിയിൽ ഏതാനും അംഗങ്ങൾ മാത്രം ഒരുമിച്ച്‌ കൂടുന്ന, ഭരണകൂടത്തെ പേടിച്ച്‌ രഹസ്യമായിനടത്തുന്ന അപ്പം മുറിക്കൽ ശുശ്രൂഷകൾ, പ്രബലമായ റോമൻ സാമ്രാജ്യത്തിലെ ഏറ്റവും നിസാരമായ ഒരുകൂട്ടം ആളുകൾ അതാണ്‌ ആദിമ ക്രൈസ്‌തവ സഭ.

സ്വാഭാവികമായും അവർക്ക്‌ അവരുടെ അംഗബലത്തെക്കുറിച്ചും വളർച്ചയെക്കുറിച്ചും സംശയങ്ങളും ഭയവും ഉണ്ടായിരുന്നു. അതോടെപ്പം അവരുടെ ജീവിത ശൈലിയും പ്രവർത്തനങ്ങളും മാറ്റണോ എന്നും, നിലനില്‍പ്പിന്‌ വേണ്ടി നയതന്ത്രത്തിന്റെയും അക്രമത്തിന്റെയും പാതകൾ സ്വീകരിക്കണമോ എന്നും അവർ സംശയിച്ചു. ഭയപ്പെടുന്ന ഈ ക്രൈസ്‌തവ സമൂഹത്തെ യേശുവിന്റെ ദൈവരാജ്യത്തെക്കുറിച്ചുളള ഉപമകളിലൂടെ സുവിശേഷകൻ ശക്‌തിപ്പെത്തുന്നു.

ഭയപ്പെടേണ്ടതില്ല ദൈവരാജ്യം വളരുന്നത്‌ നമ്മുടെ കഴിവിന്റെ അടിസ്‌ഥാനത്തിലല്ല മറിച്ച്‌ ദൈവത്തിന്റെ അത്‌മാവിനാലാണ്‌ . ചരിത്രപരമായ ഈ രണ്ട്‌ വീക്ഷണങ്ങളും വ്യാഖ്യാനങ്ങളും നമ്മുടെ കാലത്തെ സഭക്കും ബാധകമാണ്‌. നമ്മുടെ നിസാരതയും ചെറിയ സമൂഹമെന്ന പരാമർശങ്ങളിലും ക്രൈസ്‌തവ മൂല്ല്യങ്ങൾക്ക്‌ വിരുദ്ധമായി നിലപാടെടുക്കുന്ന ഭരണ സംവിധാനങ്ങളിലും നാം നിരാശരാകേണ്ടതില്ല.
ദൈവാത്‌മാവാലുളള സഭ ഘട്ടം ഘട്ടമായി വളരുന്നു. വളരെ പെട്ടന്നുളള വിജയമല്ല മറിച്ച്‌ സുവിശേഷത്തിൽ പറയുന്നത്‌ പോലെ ‘ആദ്യം ഇല പിന്നെ കതിർ തുടര്‍ന്ന്‌ ധാന്യമണികൾ’. ഒന്നാം വായനയിൽ എസക്കിയേൽ പ്രവാചകനിൽ നിന്നും നാം ശ്രവിച്ചത്‌ പോലെ എല്ലാ ജനപദങ്ങളും വന്നണയുന്ന വൻ വൃക്ഷമായി ദൈവരാജ്യം വളരുന്നു.

അവസാനമായി ഈ തിരുവചനങ്ങൾ നമ്മുടെ ഇടവകയിലും സമൂഹത്തിലും ദൈവരാജ്യത്തിന്റെ വളർച്ചക്കായി അക്ഷീണം പ്രവർത്തിക്കുന്നവരെ, അവരുടെ സജീവ പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുകയോ, വിലകുറച്ച്‌ കാണുകയോ അല്ല, മറിച്ച്‌ നമ്മുടെ പ്രവർത്തനങ്ങളിലെല്ലാം ദൈവത്തിൽ അടിയുറച്ച്‌ വിശ്വസിച്ചുകൊണ്ട്‌ ശുഭാപ്‌തി വിശ്വാസത്തോടെ മുന്നേറാൻ ഈ ഉപമകൾ നമ്മെ പഠിപ്പിക്കുന്നു.

ആമേൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker