Public Opinion

അവഹേളിക്കാൻ നമ്മുടെ കൂദാശകളെ വിട്ടു കൊടുത്തു….!

അവഹേളിക്കാൻ നമ്മുടെ കൂദാശകളെ വിട്ടു കൊടുത്തു....!

ബ്ലെയ്സ് ജോസഫ്

നമ്മുടെ പള്ളി വിട്ടുകൊടുത്ത് നമ്മൾ പ്രോത്സാഹിപ്പിച്ച സിനിമകൾ, വിശുദ്ധമായ കൂദാശകളേയും അതിലേറെ പൗരോഹിത്യത്തേയും താറടിച്ചു കാണിക്കുകയും സമൂഹത്തിൽ അതിന്റെ വിലയിടിക്കുകയും ചെയ്തത് നമ്മൾ ഇനിയും മനസ്സിലാക്കാത്തതെന്തേ?

നമ്മുടെ വി.കുർബാനയും കുമ്പസാരവും അതിനൊപ്പം നമ്മുടെ തിരുപ്പട്ടവും വിവാഹവും പരിഹാസപാത്രങ്ങളായി സിനിമകളിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അതിന്റെ വിശുദ്ധിയും വരപ്രസാദവും നമ്മൾ പോലും മറന്നു. ഈ വിശുദ്ധ കൂദാശകളെ ഭൗതികതലത്തിൽ തരംതാഴ്ത്തി അവതരിപ്പിച്ചപ്പോൾ അതിനു പിറകിലുള്ള ദൈവീകമാനം നമ്മൾ വിസ്മരിച്ചു. കൂദാശകളിൽ പ്രകടമാകുന്ന ദൈവകരുണയും അതിരറ്റ ദൈവസ്നേഹവും നമ്മൾ ചിരിക്കാൻ വിട്ടു കൊടുത്തു. ഇന്ന് കൂദാശകൾ സാമൂഹ്യ മാധ്യമങ്ങളിൽക്കൂടി അപമാനിക്കപ്പെടുമ്പോൾ, അതിന് ഈ സിനിമകൾ കാരണമായി എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. ദൈവത്തിന്റെ കൃപയുടെ വലിയ അടയാളമായ ,ദൈവവും മനുഷ്യരും ഒന്നു ചേർക്കപ്പെടുന്ന കൂദാശകളെ തരംതാണ തമാശകൾ ചേർത്തും എരിവും പുളിയും കലർത്തിയും അവതരിപ്പിക്കപ്പെട്ടപ്പോൾ ഇതാണ് ശരിക്കും നടക്കുന്നതെന്ന് ഇതേപ്പറ്റിയറിയാത്തവർ ധരിച്ചു വശംവദരായതിൽ അവരെ തെറ്റുപറയാൻ പറ്റുമോ? ഇത്തരത്തിൽ സിനിമയിൽ അവതരിപ്പിക്കപ്പെട്ടതാണ് യഥാർഥത്തിൽ സംഭവിക്കുന്നതെന്ന് മറ്റു മതസ്ഥർ ധരിച്ചാൽ ആരാണ് അതിനുത്തരവാദി. കൂദാശകൾ ആത്മീയ പോഷണമാണെന്ന് അതനുഭവിച്ചവർക്കല്ലേ അറിയൂ….!!

രണ്ടു കുറ്റവാളികൾ ജയിൽ ചാടിയെത്തി റോമിൽ നിന്നു വന്ന അച്ചന്മാരാകുന്നതും പാവനമായ കുർബ്ബാന കപ്പായമിടുന്നതും വി.കുർബ്ബാന കൊടുക്കുന്നതും അവതരിപ്പിക്കപ്പെട്ടല്ലോ. അങ്ങനെ ആർങ്കെങ്കിലും സാധിക്കുമോ? വർഷങ്ങളുടെ തയ്യാറെടുപ്പും പഠനവും വേണം ഒരു കുർബ്ബാന ചൊല്ലാൻ. അന്നാട്ടിലെ വഴി തെറ്റി നടക്കുന്ന ഒരു സ്ത്രീയുടെ “ഹോട്ട്” കുമ്പസാരവും അതു കേൾക്കാൻ ഈ രണ്ടു പേർ ആവേശം കാണിക്കുന്നത് കണ്ട് നാം ആർത്തുചിരിച്ചല്ലോ.?? പിന്നീട് ഇതിലൊരാൾ അസമയത്ത് ഈ സ്ത്രീയുടെ വീടന്വേഷിച്ചു പോകുന്ന രംഗം നൽകുന്ന സന്ദേശമെന്താണ്. എത്ര അശ്ലീലമായയാണ് കൂദാശകളേയും വൈദീകരേയും അവതരിപ്പിച്ചത്.?ഇതൊക്കെ കാണാൻ ഞാനും നിങ്ങളും തിടുക്കം കൂട്ടിയില്ലേ.

മാർപ്പാപ്പയുടെ പേരു വലിച്ചു ചേർത്ത ഒരു പുതിയ സിനിമ, നേർച്ചക്കോഴിയായി കന്യാസ്ത്രീകളെയും തേപ്പു കിട്ടിയതുകൊണ്ടാണ് ഒരു നടൻ അച്ചനായതെന്നും പറഞ്ഞുവച്ചു. പൗരോഹിത്യത്തിന്റെ വിശുദ്ധിയേയും വിവാഹത്തിന്റെ അനന്യതയേയും ചോദ്യം ചെയ്യുന്ന ഈ സിനിമ ഷൂട്ട് ചെയ്തത് എന്റെ നാടിനടുത്തുള്ള ഒരു ഫൊറോനാ പള്ളിയിലാണ്. 2.5 വെർഷൻ ഇറങ്ങിയ ഒരു സിനിമയിൽ നല്ലൊരു തെമ്മാടി അച്ചനെയും ആയാളുടെ തോന്ന്യവാസവും കാണിച്ചു കൂട്ടുന്നുണ്ട്.. മറ്റൊരു ‘അച്ചായൻസ്’  ധ്യാനകേന്ദ്രങ്ങളേയും വി.കുർബ്ബാന സ്വീകരണത്തേയും അത്യന്തം പുച്ഛിച്ചതും ഓർക്കണം..!

ഒരു അച്ചനും കന്യാസ്ത്രീയും പട്ടം ഉപേക്ഷിച്ച് വിവാഹിതരാകുന്ന ഒരു സിനിമ നാമെല്ലാം കണ്ടു. അവരുടെ രാത്രി ബന്ധവും ‘മെഴുതിരി വെളിച്ചത്തിൽ ‘ അവതരിപ്പിക്കപ്പെട്ടു. പുണ്യാളൻ അച്ചനായി അവതരിക ഒരു സിനിമ സഭയെ ഉൾ രാഷ്ട്രീയത്തിന്റെ പ്രകടമായ നിലയിലേക്ക് തരം താഴ്ത്തിയപ്പോഴും നാം ‘ആമേൻ’ പറഞ്ഞു. ഒരു തസ്കരന്റെ സുദീർഘമായ കുമ്പസാരത്തിലൂടെ മാത്രം പുരോഗമിക്കുന്ന ഒരു സിനിമയും ഇക്കാലത്തുണ്ടായി. മൂന്നു ദിവസം കുർബ്ബാനയില്ലെന്ന് ഇടവകയിൽ വിളിച്ചു പറഞ്ഞിട്ട് മോന്താനൊന്നുമില്ലേടെ എന്ന ചോദിക്കുന്ന ഒരച്ചൻ കഥാപാത്രത്തെ അങ്ങനെയൊന്നും മറക്കാൻ വഴിയില്ല ഇങ്ങനെ മറിച്ചു നോക്കിയാൽ എത്രയെത്ര സിനിമകൾ….. ഇതൊക്കെക്കണ്ടാണ് നമ്മുടെ മക്കൾ വളരുന്നതെന്നോർക്കണം.

യാഥാർഥ്യ ബോധ്യം ലവലേശം ഇല്ലാത്ത രീതിയിൽ, നിലവാരമില്ലാത്ത കോമഡിയാക്കി പള്ളിയേയും കൂദാശകളേയും വിൽക്കുകയാണ് ഇത്തരക്കാർ.ഇങ്ങനെ സിനിമയിൽ നിന്നു കിട്ടിയ അബദ്ധജഡിലമായ ധാരണകളാണ്, കുമ്പസാരക്കൂട് കൊച്ചു പുസ്തകങ്ങളെ നാണിപ്പിക്കുന്ന രീതിയിൽ പാപങ്ങളുടെ വർണ്ണന നടക്കുന്ന സ്ഥലമാണ് എന്ന് ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നതെന്ന് ഇനിയും തിരിച്ചറിയണം. ഇത്തരം സിനിമകളിൽ നിന്ന് ഉരുത്തിരിയുന്ന അറിവും വച്ചാണ് കുറെപ്പേർ കുമ്പസാരത്തേയും പൗരോഹിത്യത്തേയും അത്യന്തം അടച്ചാക്ഷേപിക്കന്നത്. കുമ്പസാരത്തെ വിമർശിക്കുന്ന ഈ കുബുദ്ധികൾ കമ്പസാരക്കൂടിന്റെ പടി പോലും കണ്ടിട്ടില്ലാത്തവന്മാരാണ്. പരിധിക്കപ്പുറം മ്ലേഛമായും അത്യന്തം നിന്ദ്യമായും ഈ കൂദാശകൾ അവതരിപ്പിക്കപ്പെടുമ്പോൾ, വിമർശിക്കപ്പെടുമ്പോൾ ഇതിന്റെ യഥാർഥ അർത്ഥം തിരിച്ചറിയുകയും അനുഭവിക്കുകയും ആ തണലിൽ ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്യുന്ന അനേക ലക്ഷങ്ങൾ ഉണ്ടെന്നത് ഓർമ്മിക്കണം. എന്നെ നിർമ്മലമാകുന്ന മാമ്മോദീസാ, ഈശോ ഒരപ്പമായി- ഞാനും ഈശോയും ഒന്നാകുന്ന വി.കുർബ്ബാന, എന്റെ വീഴ്ചകളിൽ സ്നേഹവും കരുണയും കൊണ്ട് എന്നെ താങ്ങി എഴുന്നേൽപ്പിക്കുന്ന കുമ്പസാരം. രണ്ടു കരങ്ങൾ ചേർത്തുവച്ച് ഈശോ ഒരുമിപ്പിക്കുന്ന ദിവ്യപ്രണയം – വിവാഹം… ഈശോയുടെ എല്ലാമായി ലോകത്തിനു വേണ്ടി ഉരുകിത്തീരുവാൻ ക്ഷണിക്കുന്ന തിരുപ്പട്ടം.എത്ര മനോഹരമാണ് – ദൈവീകമാണ് ഈ കൂദാശകൾ…..

എല്ലാ മതങ്ങളിലേയും പോലെ ക്രിസ്തുമതത്തിലുമുള്ള പുഴുക്കുകൾ ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്. ആത്മാർഥമായ വിമർശനങ്ങളെ അംഗീകരിക്കുന്നു – തിരുത്തപ്പെടേണ്ടത് തിരുത്തുക തന്നെ വേണം. പക്ഷേ അതിന്റെ പേരിൽ മുഴുവൻ നന്മകളെയും അവഗണിക്കന്നതും വിശ്വാസത്തെ അടച്ചാക്ഷേപിക്കുന്നതും മറ്റു വൈദികരുടെ മേൽ കുതിര കയറുന്നതും മര്യാദകേടാണ്. അന്ധമായ മതവിദ്വേഷത്തിൽ നിന്ന് ഉരുത്തിരിഞ്ഞതുമാണത്.ചില വൈദികരുടെ വീഴ്ചയുടെ പേരിൽ കൂദാശകൾ അക്രമിക്കപ്പെടുന്നതെന്തിന്.. നല്ല തന്ത്രിയിൽ നാദം വിടരാത്തത് ഉപകരണത്തിന്റെ തെറ്റാണോ അതോ വായിക്കുന്നവന്റെയോ?..

എന്തിന്റെ പേരിലായാലും കൂദാശകൾ അക്രമിക്കപ്പെടുന്നത് ചെറുത്തു തോൽപ്പിക്കണം.നിന്ദ്യവും മ്ലേഛവുമായി കൂദാശകളെ അവതരിപ്പിക്കുന്ന സിനിമകൾക്കു ഷൂട്ടിംഗിന് പള്ളി വിട്ടുകൊടുക്കുന്നത് നാം അവസാനിപ്പിച്ചേ തീരൂ… സീറോ മലബാർ സഭ ഈ തീരുമാനം എടുത്തു കഴിഞ്ഞു.കേരളത്തിലെ മറ്റു ക്രൈസ്തവ സഭകളും കൂട്ടായി ഈ തീരുമാനം എടുക്കണം. നാളിതുവരെ ഈ സിനിമകൾ കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടായോ? എവിടെയെങ്കിലും സുവിശേഷവത്കരണം നടന്നോ?ഇതിൽ നിന്ന് എന്തെങ്കിലും വരുമാനം കിട്ടിയിട്ടു വേണോ കേരളത്തിലെ സഭകൾക്കു ജീവിക്കാൻ? മറ്റൊരു മതത്തിന്റെയും ആരാധനാലയങ്ങളോ ആചാരങ്ങളോ ഇത്തരത്തിൽ ഹനിക്കപ്പെട്ടിട്ടില്ല എന്നും ഇതിനോടു ചേർത്ത് വായിക്കണം.

ഇത്തരത്തിൽ സിനിമകൾ പടച്ചു വിടുന്ന തെറ്റിദ്ധാരണകൾ ഇനിയാവർത്തിക്കാൻ നമ്മുടെ പള്ളികളും സ്ഥാപനങ്ങളും കൂദാശകളും വിട്ടുകൊടുക്കില്ലെന്നും ഇത്തരത്തിലുള്ള സിനിമകളെ നമ്മുടെ കാശു കൊടുത്തു പ്രോത്സാഹിപ്പിക്കില്ലെന്നു തീരുമാനിക്കാനുള്ള ചങ്കുറപ്പുണ്ടാകട്ടെ…

ദൈവത്തിന്റെ അദൃശ്യമായ വരപ്രസാദം ദൃശ്യമായി നമുക്കു പ്രദാനം ചെയ്യുന്ന കൂദാശകളെ കൂടുതൽ ഭക്തിയോടും ആദരവോടും ഒരുക്കത്തോടും നമുക്കു സമീപിക്കാം……. അവയിൽ ഉൾക്കൊണ്ടിരിക്കുന്ന ദൈവസ്നേഹം നമ്മുടെ ഈ ജീവിതത്തിൽ അനുഭവിക്കാം…. കൂദാശകളിലൂടെ സ്വർഗ്ഗീയ ജീവിതത്തിന്റെ ആനന്ദം നിറഞ്ഞ മുന്നാസ്വാദനം എല്ലാവർക്കും സാധ്യമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു…. ദൈവാനുഗ്രഹങ്ങൾ നേരുന്നു…..

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker