Sunday Homilies

അയച്ചവനറിയാം അയക്കപ്പെട്ടവരുടെ ജീവിതം

അയച്ചവനറിയാം അയക്കപ്പെട്ടവരുടെ ജീവിതം

ആണ്ടുവട്ടം പതിനഞ്ചാം ഞായർ

ഒന്നാം വായന : ആമോസ് 7:12-15
രണ്ടാം വായന : എഫെസോസ് 1:3-14
സുവിശേഷം : വി. മാർക്കോസ് 6:7-13

ദിവ്യബലിക്ക് ആമുഖം

ഇന്നത്തെ ഒന്നാം വായനയിൽ സാമൂഹ്യ നീതിയുടെയും ദൈവീക നീതിയുടേയും പ്രവാചകനായ ആമോസിന്റെ സുധീരമായ വാക്കുകളും, രണ്ടാം വായനയിൽ ക്രിസ്തുവിലൂടെ നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിപറയുന്ന വിശുദ്ധ പൗലോസ് അപ്പോസ്തോലന്റെ വാക്കുകളും നാം ശ്രവിക്കുന്നു.  തന്റെ ശിഷ്യൻമാരെ ദൗത്യത്തിനായി അയക്കുന്ന യേശുവിനെ ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ടുമുട്ടുന്നു. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ നമ്മുടെ വിളിയും ജീവിത ദൗത്യവും എന്താണെന്ന് ചിന്തിപ്പിക്കുന്ന ഈ തിരുവചനങ്ങൾ ശ്രവിക്കാനും ബലിയർപ്പിക്കുവാനുമായി നമുക്ക് നമ്മെത്തന്നെ ഒരുക്കാം

ദൈവവചന പ്രഘോഷണ കർമ്മം

യേശുവിന്റെ ശിഷ്യന്മാർക്ക് അശുദ്ധാത്മാക്കളുടെമേൽ അധികാരം നൽകി, ജനങ്ങളുടെ ഇടയിലേക്ക് അയക്കുന്ന സുവിശേഷ ഭാഗമാണ് നാം ശ്രവിച്ചത്. യേശു പറഞ്ഞതനുസരിച്ച് അവർ പ്രസംഗിക്കുകയും, പിശാചുക്കളെ പുറത്താക്കുകയും, അനേകം രോഗികളെ തൈലം പൂശി സുഖപ്പെടുത്തുകയും ചെയ്തു. യേശു നേരിട്ട് ശിഷ്യന്മാർക്ക് അധികാരം നല്കിയയക്കുന്നു എന്ന വിവരണത്തിലൂടെ ആദിമ ക്രൈസ്തവ സഭയ്ക്കും ഇന്നത്തെ സഭയ്ക്കും വിശുദ്ധ മാർക്കോസ് നൽകുന്ന സന്ദേശമിതാണ്: സഭയിലെ അധികാരങ്ങളും പഠനങ്ങളും മനുഷ്യനിർമ്മിതമല്ല മറിച്ച്, യേശുവിൽ നിന്ന് ശിഷ്യന്മാർക്ക് ലഭിക്കുകയും അവരിലൂടെ സഭയിലാകമാനം പ്രചരിക്കുകയും ചെയ്തു.

യേശു, ദൗത്യത്തിനായി രണ്ടുപേരെ വീതമാണ് അയക്കുന്നത്. യഹൂദ പാരമ്പര്യമനുസരിച്ച് ഒരു കാര്യം വിശ്വാസയോഗ്യമാക്കണമെങ്കിൽ അതിന് രണ്ടു സാക്ഷികൾ ഉണ്ടായിരിക്കണം. ഒരു വ്യക്തിയുടെ മാത്രം സാക്ഷ്യത്തിന് നിയമ സാധുതയില്ല (നിയമവാർത്തനം 17:6, 19:15). യഹൂദ പാരമ്പര്യം പിൽക്കാലത്ത് റോമൻ നിയമ പാരമ്പര്യങ്ങളിലും, ആധുനിക നിയമ വ്യവസ്ഥിതിയിലും തുടർന്ന് പോകുന്നു. അതുകൊണ്ടാണ് നമ്മുടെ നിയമവ്യവസ്ഥിതിയിലും വിവാഹം പോലുള്ള സുപ്രധാന ചടങ്ങുകൾക്ക് രണ്ട് സാക്ഷികൾ നിർബന്ധമായും വേണമെന്ന് പറയുന്നത്. ഇതിന് മറ്റൊരു അർഥതലം കൂടിയുണ്ട്, രണ്ടുപേർ എന്നത് ഈ ലോകത്തിലെ ഏറ്റവും ചെറിയ സമൂഹമാണ്. രണ്ടു പേർ ചേർന്ന് ഒരേ കാര്യത്തിന് സാക്ഷ്യം നൽകണമെങ്കിൽ, അവർ തമ്മിൽ സാക്ഷ്യം നൽകുന്ന നൽകുന്ന കാര്യത്തിൽ ഐക്യമുണ്ടാകണം. ഇടവകയിലെ രണ്ടുപേർ യേശുവിനെക്കുറിച്ചും സഭയെക്കുറിച്ചും, വ്യത്യസ്തവും പരസ്പര വിരുദ്ധവുമായ സാക്ഷ്യംനല്കുകയാണെങ്കിൽ അത് സമൂഹത്തിൽ ആശയക്കുഴപ്പം സൃക്ഷ്ടിക്കുക മാത്രമേ ചെയ്യുകയുള്ളൂ. അതോടൊപ്പം, അവരുടെ സാക്ഷ്യത്തിന് ഐക്യമില്ലങ്കിൽ, അവർ പ്രസംഗിക്കുന്നത് യേശുവിനെയല്ല മറിച്ച്, അവരുടെ സ്വന്തം വിചാരങ്ങളും ആശയങ്ങളുമാണ്. ശിഷ്യന്മാരെ രണ്ടുപേരെയായി അയച്ചുകൊണ്ട്, യേശുവിന്റെ ദൗത്യം ഈ ലോകത്തിൽ പ്രഘോഷിക്കാൻ കൂട്ടായ്മയോട് കൂടിയ സാക്ഷ്യം നിർബന്ധമാണെന്ന് യേശു വ്യക്ത്തമാക്കുന്നു.

അപ്പവും, സഞ്ചിയും, അരപ്പട്ടയിലെ പണവും, രണ്ട് ഉടുപ്പുകളും സമ്പന്നതയുടെ അടയാളമായി കാണുന്ന ഒരു സമൂഹത്തിൽ ഇവയൊന്നും ഇല്ലാതെ യാത്രചെയ്യാൻ പറയുകയാണ് യേശു. സത്യത്തിൽ, ജീവിത വ്യഗ്രതകളിൽ വേവലാതിപ്പെടാതെ ദൈവത്തിൽ പൂർണ്ണമായും ആശ്രയിക്കാൻ നമ്മെ പഠിപ്പിക്കുന്നു.

ശിഷ്യന്മാർക്ക് അധികാരവും വ്യക്തമായ നിർദ്ദേശങ്ങളും കൊടുക്കുന്ന യേശു, അവർ ആ നിർദേശങ്ങൾ എല്ലാം പാലിച്ചാലും ചിലപ്പോൾ ജനങ്ങളാൽ അവഗണിക്കപ്പെടുമെന്നും, തിരസ്ക്കരിക്കപ്പെടുമെന്നുമുള്ള യാഥാർഥ്യം മുൻകൂട്ടി കണ്ടുകൊണ്ട്, ആ സമയത്ത് അവർ എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്നു. “തിരസ്ക്കരിക്കുന്നവർക്ക് സാക്ഷ്യത്തിനായി കാലിലെ പൊടി തട്ടിക്കളയുവിൻ”.  വിജാതീയ പ്രദേശങ്ങളിലൂടെ കടന്നുവരുന്ന യഹൂദൻ, ജറുസലേമിൽ പ്രവേശിക്കുന്നതിന് മുൻപ് തന്റെ കാലിലെ പൊടി തട്ടിക്കളയാറുണ്ട്. കാരണം, ജറുസലേം അവർക്ക് വിശുദ്ധ സ്ഥലമാണ്.

ദൈവവചനം തിരസ്കരിക്കുന്ന സ്ഥലങ്ങളോടും ആളുകളോടും ക്രിസ്തുശിഷ്യൻ സ്വീകരിക്കേണ്ട നിലപാടും ഇതു തന്നെയാണ്. ഈ നിലപാടിലൂടെ, നമ്മെ തിരസ്കരിക്കുന്നവരോട് നാം പറയുന്നതും ഇത് തന്നെയാണ്. നമുക്ക് പ്രധാനം നിങ്ങളുടെ തിരസ്കരണമല്ല മറിച്ച്, യേശുവും അവന്റെ സഭയുമാണ്. യേശുവിന്റെ ദൗത്യം നാം നിറവേറ്റുമ്പോൾ, നമ്മെ തിരസ്കരിക്കുന്നവരുംഅംഗീകരിക്കാത്തവരും ഈ ലോകത്തിലുണ്ടാകും. എന്ന യാഥാർഥ്യം തന്റെ ജീവിതകാലത്ത് തന്നെ യേശു തന്റെ സ്വന്തം ശിഷ്യന്മാരോട് പറയുകയാണ്.

വിശ്വാസത്തിന്റ ചെരുപ്പ് ധരിച്ച്, തിരുവചനമാകുന്ന വടിയും കൈയിലേന്തി, മനുഷ്യ ഹൃദയങ്ങളാകുന്ന വീടുകൾ സന്ദർശിച്ച് അവിടെ താമസിച്ച് യേശുവിന്റെ ദൗത്യം നിറവേറ്റാൻ ജ്ഞാനസ്നാനം സ്വീകരിച്ച നമ്മെ ഓരോരുത്തരെയും യേശു ക്ഷണിക്കുകയാണ്.

ആമേൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker