Diocese

ചില അജപാലന നിർദ്ദേശങ്ങളുമായി നെയ്യാറ്റിൻകര രൂപത

ചില അജപാലന നിർദ്ദേശങ്ങളുമായി നെയ്യാറ്റിൻകര രൂപത

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാമെത്രാൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് തന്റെ രൂപതയിലെ ഇടവക വികാരിമാരുടെ ശ്രദ്ധയ്ക്കായി നൽകിയ ചില അജപാലന കാര്യങ്ങൾ വളരെയേറെ പ്രസക്തമാണ് ഇന്ന്. ഏറെ പ്രത്യേകിച്ച്, ഇന്നിന്റെ പശ്ചാത്തലത്തിൽ, കത്തോലിക്കരും അകത്തോലിക്കരും ക്രൈസ്തവരും അക്രൈസ്തവരും പരസ്പരം കൈകോർത്ത് ജീവിക്കുന്ന ചുറ്റുപാടിൽ, വൈദീകരായ നാം നിസംഗത വെടിയണമെന്ന ആഹ്വാനം കൂടിയാണ് ഈ സർക്കുലർ.

ബിഷപ്പ് വിൻസെന്റ് സാമുവൽ വളരെ വ്യക്തമായി പറയുന്നു; ഒരു കുടുംബത്തിൽ തന്നെ കത്തോലിക്കരും അകത്തോലിക്കരും, ക്രൈസ്തവരും അക്രൈസ്തവരും, ഒന്നിച്ചു ജീവിക്കുന്ന സാഹചര്യങ്ങൾ ധാരാളമുണ്ട് നമ്മുടെ രൂപതയിൽ. അതുകൊണ്ട് തന്നെ, നമ്മുടെ അജപാലന ദൗത്യനിർവഹണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയും പ്രതേകം പരിഗണിക്കുകയും ചെയ്തേ മതിയാവൂ.

പ്രധാനമായും ഏഴു കാര്യങ്ങളിലേക്കാണ് വൈദികരുടെ പ്രതേക ശ്രദ്ധ ആവശ്യപ്പെടുന്നത്:

1) ഒരു വ്യക്തി ജ്ഞാനസ്നാനമില്ലാതെ മരിക്കുകയും എന്നാൽ ആ കുടുംബത്തിലെ മറ്റുള്ളവർ (ആരെങ്കിലും) സജീവ കത്തോലിക്കാ വിശ്വാസം പാലിക്കുകയും ചെയ്യുന്നുവെങ്കിൽ ആ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടാൽ ദിവ്യബലിയില്ലാതെ ശവസംസ്കാര ശുശ്രുഷകൾ ചെയ്തുകൊടുക്കേണ്ടതാണ്. അതുപോലെ, മരിച്ചതിന്റെ അഞ്ചാം ദിവസമോ ഏഴാം ദിവസമോ വാർഷികത്തിലോ അവർ ആവശ്യപ്പെട്ടാൽ ദിവ്യബലിയും, കല്ലറ ആശീർവാദ പ്രാർത്ഥനയും ചെയ്തുകൊടുക്കേണ്ടതാണ്.

2) കത്തോലിക്കാ കുടുംബങ്ങളിൽ രോഗികളായി കഴിയുന്നവർക്ക്, ജ്ഞാനസ്നാനമില്ലെങ്കിലും അവിടെ പോയി പ്രാർഥിക്കുകയും അവർക്ക് വേണ്ട ആത്മീയ പിന്തുണ കൊടുക്കുകയും ചെയ്യേണ്ടതാണ്.

3) ജ്ഞാനസ്നാനം ഇല്ലാതെ രോഗികളായി കഴിയുന്നവർക്ക് വിശ്വാസചൈതന്യം പകർന്നുകൊടുക്കുകയും, ജ്ഞാനസ്നാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും, ആവശ്യപ്പെട്ടാൽ ജ്ഞാനസ്നാനം ഉൾപ്പെടെയുള്ള കൗദാശിക ശുശ്രുഷകൾ ചെയ്തു കൊടുക്കേണ്ടതുമാണ്.

4) ഇടവക അംഗങ്ങളായ കിടരോഗികൾക്ക് മാസത്തിൽ ഒരിക്കലെങ്കിലും, അവർ ആവശ്യപ്പെട്ടില്ലെങ്കിലും പരിശുദ്ധ കുർബാന ഒരുക്കത്തോടെ നൽകേണ്ടതാണ്.

5) എല്ലാ വൈദികരും വർഷത്തിൽ ഒരിക്കലെങ്കിലും തങ്ങളുടെ ഇടവകയിലെ ഭവനങ്ങളിൽ സന്ദർശനം നടത്തുകയും, തിരുഹൃദയ പ്രതിഷ്‌ഠ നവീകരിക്കേണ്ടതുമാണ്.

6) ബി.സി.സി. യൂണിറ്റ് യോഗങ്ങളിൽ ഇടവക വികാരിമാർ സമയാസമയം മുടക്കം കൂടാതെ പങ്കെടുത്ത് ബി.സി.സി. കളെയും അവയുടെ പ്രവർത്തനങ്ങളെയും ശക്തിപ്പെടുത്തേണ്ടതാണ്.

7) ഇടവക അതിർത്തിയിലെ ഇതരമതസ്‌ഥർ മരിക്കുമ്പോഴോ, അവർക്ക് ഗുരുതരമായ അപകടങ്ങൾ ഉണ്ടാകുമ്പോഴോ അവരെ സന്ദർശിച്ച് ആശ്വസിപ്പിക്കുന്നത് വളരെ വലിയ മനോഗുണ പ്രവൃത്തിയും മാനവ സാഹോദര്യത്തിന്റെ സാക്ഷ്യവുമാണ്. അതിനാൽ സ്നേഹപൂർവ്വം ഇങ്ങനെ ചെയ്യുന്നത് അത്യാവശ്യമായ കാര്യമാണ്.

ഈ സർക്കുലറിലൂടെയുള്ള ബിഷപ്പ് വിൻസെന്റ് സാമുവലിന്റെ ആഹ്വാനങ്ങൾ സഭയ്ക്ക് പുത്തനുണർവ് സമ്മാനിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker