Articles

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ

ജോസ് മാർട്ടിൻ

“വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവർ വിശുദ്ധരാകും; അവ അഭ്യസിക്കുന്നവർ രക്ഷ കണ്ടെത്തും” ജ്ഞാനം 6:10.

ഒരു ഡിസംബർ മാസം ഇരുപത്തി നാലാം തിയതി പാതിരാ കുർബാനയിൽ പങ്കെടുക്കുകയായിരുന്നു.ദിവ്യകാരുണ്യ സ്വീകരണ സമയത്തു ഞാൻ ചുറ്റും നോക്കി, ഞാൻ ഒഴികെ എല്ലാവരും ദിവ്യ കാരുണ്യയ സ്വീകരണത്തിനായി വരിയിൽ നിൽക്കുന്നു.
‘ഞാൻ കുർബാന സ്വീകരിച്ചില്ല എങ്കിൽ മറ്റുള്ളർ എന്നെ പറ്റി എന്ത് കരുതും’ എന്ന് മനസ്സിൽ
തോന്നി. ഞാനും പതുക്കെ എഴുന്നേറ്റ് വരിയിൽ ചെന്ന് നിന്നു.

യഥാർത്ഥത്തിൽ, ക്രിസ്തുവിന്റെ തിരുശരീരം സ്വീകരിക്കാൻ
ഞാൻ യോഗ്യനല്ല എന്ന നല്ല ബോധ്യം ഉണ്ടായിരുന്നു. കാരണം, ഞാൻ കുമ്പസാരിച്ചിട്ടില്ലായിരുന്നു എന്നതുതന്നെ.

ഞാൻ കോട്ടയത്തെ വടവാതൂർ സെമിനാരിയിൽ താമസിക്കുന്നവനാണ്. എപ്പോൾ വേണമെങ്കിലും കുമ്പസാരിക്കാൻ അവസരമുണ്ട്. ഒരുപാട് അച്ചന്മാർ ഉള്ള സ്ഥലം. എല്ലാവരും പരിചയക്കാരായതുകൊണ്ട് തന്നെ അവരുടെ അടുക്കൽ കുമ്പസാരിക്കാൻ ഒരു മടി. നാട്ടിൽ വന്നു കുമ്പസാരിക്കാം എന്ന് കരുതി, നടന്നില്ല.

രണ്ടു തെറ്റുകൾ ഞാൻ ചെയ്യ്തു:

(1) അവസരം ഏറെ ഉണ്ടായിട്ടും ഞാൻ കുമ്പസാരിച്ചില്ല, വ്യക്തിയോടല്ല ഈശോയോടാണ് കുമ്പസാരിക്കുന്നതെന്ന തിരിച്ചറിവ് ഇല്ലാതെ പോയത് നിർഭാഗ്യം.

(2) തക്കതായ ഒരുക്കത്തോടെ അല്ല ഞാൻ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്, എന്ന അറിവോടെ ഞാൻ ദിവ്യകാരുണ്യം സ്വീകരിച്ചു (ഒരു കുമ്പസാരത്തോടെ എനിക്ക് പാപമോചനം കിട്ടുമായിരിക്കും).

നമ്മളിൽ പലരും, അറിയാവുന്ന അച്ചൻമാരുടെ അടുക്കൽ കുമ്പസാരിക്കാൻ പോകാറില്ല. അഥവാ പോയാൽ തന്നെ എങ്ങും തൊടാതെ എന്തെങ്കിലുമൊക്കെ പറഞ്ഞ് ചടങ്ങ് നടത്തി പോരും. ഇതല്ലേ യാഥാർഥ്യം?

സഭ നമുക്ക് നൽകിയിട്ടുള്ള ഈ പരിപാവനമായ കൂദാശ നാം നൂറു ശതമാനവും പ്രയോജനപെടുത്തുന്നുണ്ടോ? ഇങ്ങനെ ഒരാത്മപരിശോധന നമുക്ക് നടത്തി നോക്കിക്കൂടെ. നമ്മുടെ കുമ്പസാരകൂടിനുള്ളിൽ ഇരിക്കുന്നത് ഈശോയാണെന്ന തിരിച്ചറിവ് നമുക്ക് ആ ആത്മശോധന പ്രദാനം ചെയ്യും.

എല്ലാം ക്ഷമയോടെ കേൾക്കുന്ന, എന്നെ ഒട്ടും പരിഹസിക്കാത്ത, എന്റെ കുറവുകളെ ശക്തിപ്പെടുത്തുന്ന, എന്റെ വിലാപങ്ങളെ ആശ്വസിപ്പിക്കുന്ന, ദൈവസ്നേഹത്തിന്റെ ആഴം എനിക്ക് പകർന്നു തരുന്ന കുമ്പസാരകൂടിന് എന്റെ പ്രണാമം.

കുമ്പസാരക്കൂടും, വൈദികനും ഇല്ലാത്ത ദേവാലയത്തിൽ എങ്ങനെ നമുക്ക് ക്രിസ്തുവിന്റെ ബലിയർപ്പിക്കുവാനും, ക്രിസ്തുവിന്റെ ബലിയിൽ പങ്കുകാരാവാനും കഴിയും? അങ്ങനെയുള്ള ദിനങ്ങൾ സങ്കൽപ്പിക്കാനേ കഴിയില്ല.

യേശു പറഞ്ഞത് ഓർക്കുന്നു; ‘പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ ക്ഷമിക്കപ്പെടുകയില്ല’. കൂദാശകളിലൂടെ പരിശുദ്ധാത്മാവല്ലേ നമ്മിലേക്ക് കടന്നുവരുന്നത്? അങ്ങനെയെങ്കിൽ കൂദാശകളെ തള്ളിപ്പറയുമ്പോൾ നാം തള്ളിപ്പറയുന്നത് പരിശുദ്ധാത്മാവിനെ തന്നെയല്ലേ? സത്യത്തിൽ ഈ ദിനങ്ങളിലൊക്കെയും സോഷ്യൽ മീഡിയകളിലൂടെയും, ചാനൽ ചർച്ചകളിലൂടെയും എന്താണ് ചെയ്തുകൊണ്ടിരുന്നത്?

തെറ്റു ചെയ്യുന്നവർ ശിക്ഷ അനുഭവിക്കട്ടെ. എന്നാൽ ഒരിക്കലും പരിശുദ്ധമായ കൂദാശകളെ നമുക്ക് പ്രതിക്കൂട്ടിൽ നിറുത്താതിരിക്കാം. കൂദാശകൾ നമ്മുടെ ജീവന്റെ ഭാഗമാണ്, പരിശുദ്ധാത്മാവിന്റെ നിറവാണ്. കൂദാശകളുടെ വിശുദ്ധിയെക്കുറിച്ച്, അതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ ബോധമുള്ളവരാകാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker