Sunday Homilies

എഫ്ഫാത്ത – തുറക്കപ്പെടട്ടെ

"എഫ്ഫാത്ത" - തുറക്കപ്പെടട്ടെ

അണ്ടുവട്ടം ഇരുപത്തിമൂന്നാം ഞായർ

ഒന്നാം വായന: എശയ്യ 35:4-7
രണ്ടാം വായന: വി.യാക്കോബ് 2:1-5
സുവിശേഷം: വി.മാർക്കോസ് 7:31-37

ദിവ്യബലിയ്ക്ക് ആമുഖം

ഏറ്റവും നാശോന്മുഖമായ അവസ്ഥയിൽ നിന്ന് ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുന്ന എശയ്യാ പ്രവാചകന്റെ വാക്കുകളോടെയാണ് തിരുസഭ ഇന്ന് നമ്മെ ഓരോരുത്തരേയും സ്വാഗതം ചെയ്യുന്നത്.  ജ്ഞാനസ്നാന തിരുകർമ്മത്തിൽ ചൊല്ലുന്ന “എഫ്ഫാത്ത” പ്രാർത്ഥനയ്ക്ക് കാരണമായ ബധിരനും സംസാരിക്കാൻ തടസമുള്ളവനുമായ ഒരുവനെ യേശു സുഖപ്പെടുത്തുന്ന സുവിശേഷ ഭാഗമാണ് നാം ഇന്ന് ശ്രവിക്കുന്നത്.  ദൈവസ്തുതികൾ ആലപിക്കുവാനും പ്രാർത്ഥിക്കുവാനുമായി നമ്മുടെ അധരങ്ങളെയും, ദൈവവചനം ശ്രവിക്കുവാനുമായി നമ്മുടെ ഹൃദയങ്ങളെയും നമുക്ക് തുറക്കാം.

ദൈവവചന പ്രഘോഷണ കർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,

യേശു ബധിരനും സംസാരിക്കുവാൻ തടസമുള്ള ഒരു വ്യക്തിയെ സുഖപ്പെടുത്തുന്ന സുവിശേഷത്തെ ധ്യാനിക്കുമ്പോൾ ‘കേൾവി’യുടെ അർത്ഥതലങ്ങളെ കുറിച്ച് നമുക്ക് ചിന്തിക്കാം. വി. ഗ്രന്ഥത്തിൽ ഏകദേശം ഏഴുനൂറ്റി തൊണ്ണൂറ്റി രണ്ട് പ്രാവശ്യം കേൾക്കുക എന്ന വാക്കുണ്ട്. കേൾവി ഒരുവന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിനാൽ സുപ്രധാന പങ്ക് വഹിക്കുന്നു. കേൾക്കുക എന്നാൽ മറ്റൊരുവന്റെ ചിന്തയെ അവന്റെ സംസാരത്തിലൂടെ നമ്മിലേയ്ക്ക് ഉൾകൊള്ളുന്നതാണ്.  കേൾക്കുക എന്നത് ചെവിയുടെ മാത്രം ഒരു പ്രക്രിയയല്ല അതിൽ ബുദ്ധിയും മനസ്സിലാക്കലും എല്ലാം ഒരുമിച്ച് ചേർന്നിരിക്കുന്നു.  ബധിരരായവർക്ക് പൊതുവെ തങ്ങളിലേയ്ക്ക് തന്നെ ഒതുങ്ങി കൂടുന്ന പ്രകൃതമുണ്ട്. അത്തരത്തിലുള്ള ഒരു ബധിരനെ ജനക്കൂട്ടം യേശുവിന്റെ അടുക്കലേയ്ക്ക് കൊണ്ടുവരുന്നു.  യേശുവാകട്ടെ അവന് മനസ്സിലാകുന്ന രീതിയിൽ അവന്റെ ചെവികളിൽ വിരലിട്ടു, തുപ്പൽ കൊണ്ട് അവന്റെ നാവിൽ സ്പർശിച്ച് കൊണ്ട് സ്വർഗ്ഗത്തിലേയ്ക്ക് നോക്കി നെടുവീർപ്പിട്ടു കൊണ്ട് “എഫ്ഫാത്ത” അഥവ “തുറക്കപ്പെടട്ടെ” എന്ന് പറഞ്ഞ് കൊണ്ട് അവനെ സൗഖ്യപ്പെടുത്തുന്നു.

യേശു “എഫ്ഫാത്ത” എന്നു പറഞ്ഞപോൾ അവന്റെ ചെവികൾ തുറന്ന് നാവിന്റെ കെട്ടഴിഞ്ഞു.  മറ്റൊരുവിധത്തിൽ പറഞ്ഞാൽ അവൻ പുതിയ ഒരു വ്യക്തിയായി മാറി. കാരണം ഇവിടെ തുറക്കപ്പെട്ടത് അവന്റെ ജീവിതമാണ് ഇനി മുതൽ അവൻ തന്നിലേയ്ക്ക് തന്നെ ഒതുങ്ങി കൂടുന്ന മറ്റുള്ളവരുടെ വാക്കുകൾ ഉൾക്കൊള്ളുവനാകാത്ത വ്യക്തിയല്ല മറിച്ച് കേൾവിയിലൂടെയും സംസാരത്തിലൂടെയും  തന്റെ ഹൃദയവും, ബുദ്ധിയും, മനസ്സും ചുരുക്കത്തിൽ ജീവിതം മുഴുവൻ മറ്റുള്ളവർക്കായി തുറന്ന് കൊടുക്കുന്ന വ്യക്തിയായി. ആ സന്തോഷത്തിലാണ് യേശുവിലക്കിയിട്ടും ഈ അത്ഭുതം അവൻ ലോകത്തോട് വിളിച്ച് പറയുന്നത്.

സുവിശേഷത്തിലെ ബധിരനായ വ്യക്തിയ്ക്ക് പേരില്ല, മുഖമില്ല അത് നാം ഓരോരുത്തരുമാണ്.  പൂർണ്ണമായ കേൾവി ശക്തിയുണ്ടങ്കിലും മറ്റുള്ളവരെ ശ്രവിക്കാനാകാതെ, മനസിലാക്കാനാകാതെ സ്വന്തം കാര്യത്തിൽ മാത്രം വ്യാപൃതരാകുമ്പോൾ നാം മാനസ്സികമായി ബധിരരാണ്. കാരണം യഥാർത്ഥ കേൾവിയെന്നത് നമ്മുടെ താത്പര്യങ്ങൾക്കൊപ്പം മറ്റുള്ളവരുടെ വാക്കുകൾക്കും പ്രാധാന്യം കൊടുക്കുമ്പോൾ ആണ് നമ്മുടെ അയൽക്കാരനോ, കൂട്ടായ്മയിലുള്ളവനോ, ഗ്രൂപ്പിലുള്ളവനോ, സംഘടനയിലുള്ളവനോ സംസാരിക്കുമ്പോൾ അവന്റെ വാക്കുകൾക്കും ആശയങ്ങൾക്കും ചെവി കൊടുക്കാതിരിക്കുമ്പോളൊക്കെയും, അവരുടെ ആവശ്യങ്ങളെയും, അപേക്ഷകളേയും അവഗണിക്കുമ്പോഴും, നമ്മുടെ ചിന്തകൾ മാത്രം നിർബന്ധപൂർവ്വം മറ്റുള്ളവരിലേയ്ക്ക് അടിച്ചേൽപ്പിക്കുമ്പോഴും സുവിശേഷത്തിലെ ബധിരനെപ്പോലെയാണ് നാം.

ദൈവവചനം ശ്രവിക്കുവാനും, ആത്മീയ കാര്യങ്ങളിലും നാം താത്പര്യക്കുറവ് കാണിക്കുമ്പോഴൊക്കെ നാം ആത്മീയ ബധിരതയുള്ളവരാണ്.  നമ്മോട് യേശു പായുന്നതും “എഫ്ഫാത്ത” തുറക്കപ്പെടട്ടെ എന്നാണ്.  നമ്മുടെ മനസ്സും, ജീവതവും, ദൈവത്തിനും, ദൈവവചനത്തിനും, അപരനും, അയൽക്കാരനും, സഭയ്ക്കും, സമൂഹത്തിനും വേണ്ടി തുറക്കപ്പെടണം.

ഇന്ന് നാം ശ്രവിച്ച ഈ അത്ഭുതത്തിന്റെ പ്രത്യേകത ഇത് സംഭവിക്കുന്നത് ദെക്കാപ്പോളീസ് എന്ന വിജാതിയരുടെ സ്ഥലത്ത് വച്ചാണ്. യേശു വിജാതിയരേയും തന്റെ ജനമായി അംഗീകരിക്കുന്നുവെന്ന് കാണിക്കാനാണ് വിജാതിയ പ്രദേശത്ത് സംഭവിക്കുന്ന ഈ അത്ഭുതത്തെ മനോഹരമായി വിവരിക്കുന്നത്.  യേശുവിൽ വിശ്വസിക്കുന്ന എല്ലാവരും യേശുവിന്റെ ശരീരത്തിലെ അംഗങ്ങളാണ്. അവിടെ യഹൂദനെന്നോ, വിജാതീയനെന്നോ, ദരിദ്രനെന്നോ, ധനികനെന്നോ വിവേചനമില്ല.  നാമും പക്ഷാപാതം കാണിക്കരുതെന്ന് വി.യാക്കോബ് അപ്പോസ്തലൻ ഇന്നത്തെ രണ്ടാം വായനയിൽ നമ്മെ പഠിപ്പിക്കുന്നു.

നമുക്കും നമ്മുടെ ആത്മീയ ബധിരതയെയും മറ്റുള്ളവരെക്കുറിച്ച് പറയുമ്പോഴുള്ള സംസാരതടസ്സത്തേയും യേശുവിന് മുൻപിൽ കൊണ്ട് വരാം.  യേശുവിന്റെ സ്പർശനത്തിനായി പ്രാർത്ഥിക്കാം. അവൻ നമ്മെ സൗഖ്യമാക്കും.  അപ്പോൾ യേശുവിനെക്കുറിച്ച് അന്നത്തെ ജനം പാഞ്ഞത്പോലെ “അവൻ എല്ലാ കാര്യങ്ങളും നന്നായി ചെയ്യുന്നു” എന്ന വാക്യം ഈ ലോകം നമ്മെ നോക്കിയും പറയും

ആമേൻ

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker