Public Opinion

അധ്യാപികയായ ഒരു സന്യാസിനിയുടെ തുറന്നെഴുത്ത്

അധ്യാപികയായ ഒരു സന്യാസിനിയുടെ തുറന്നെഴുത്ത്

സി. റാണി മോളത്ത് SABS ‍

തികച്ചും സാധാരണക്കാരായ കുട്ടികൾക്കിടയിൽ ഒരു ഹൈസ്കൂൾ അധ്യാപികയായി തികഞ്ഞ സംതൃപ്തിയോടെ സമർപ്പിത ജീവിതം നയിക്കുന്ന ഒരാളാണ് ഞാൻ. മറ്റൊരു വാക്കിൽ പറഞ്ഞാൽ ഒരു അധ്യാപിക എന്നതിനപ്പുറം പഠിപ്പിക്കുന്ന വിദ്യാർത്ഥികളുടെ അമ്മയാകാൻ എന്നും പരിശ്രമിക്കുകയും മാതൃ ഭാവങ്ങൾ കൊണ്ട് നടക്കുവാൻ ശ്രദ്ധിക്കുകയും ചെയ്യുന്ന ദിവ്യകാരുണ്യ ആരാധന സമൂഹത്തിലെ ഒരംഗമാണ് ഞാൻ. ഇത്തരമൊരു കുറിപ്പ് എഴുതാൻ കാരണം ഈ ദിവസങ്ങളിൽ സഭയേയും സമർപ്പിത ജീവിതത്തെയും ബോധപൂർവ്വം വേട്ടയാടാൻ നടത്തുന്ന ചില ശ്രമങ്ങൾ കണ്ടതുകൊണ്ടാണ്.

ചില പ്രത്യേക ലക്ഷ്യങ്ങൾ മുമ്പിൽ കണ്ടുകൊണ്ട് തന്നെയാണ് ഇത്തരക്കാർ സഭയേയും സന്യാസ സമൂഹങ്ങളെയും അപകീർത്തി പ്പെടുത്തുവാൻ പരിശ്രമിക്കുന്നത്.

1) ഒന്നാമതായി, സമർപ്പിതരിലുള്ള വിശ്വാസം തകർക്കുക. അവരെ മോശക്കാരായി ചിത്രീകരിക്കുക അതുവഴി ഒരു തലമുറയെ തകർത്തു കളയുക എന്നതാണ് ലക്ഷ്യം. ‘വിശുദ്ധി’ എന്നത് കാലഹരണപ്പെട്ട പുണ്യമായി കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്ന ഗൂഢലക്ഷ്യം തിരിച്ചറിയുക. ഞങ്ങളുടെ ക്ലാസ്സ് മുറികളിൽ ഞങ്ങളെ അമ്മയെന്നും സിസ്റ്റർ എന്നും വിളിച്ചു വരുന്ന ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഹൃദയങ്ങളിൽ ഞങ്ങളെ കുറിച്ച് നിറം പിടിപ്പിച്ച കഥകൾ കുത്തിനിറയ്ക്കാനുള്ള ബോധപൂർവമായ ഈ ശ്രമം പക്ഷേ വിജയിക്കാൻ പോകുന്നില്ല. കാരണം ഞങ്ങൾ ജീവിക്കുന്നത് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ തന്നെയാണ്.

2) രണ്ടാമതായി, സന്യാസത്തെ തകർത്താൽ സഭയുടെ ജനകീയ അടിത്തറ കളയാൻ പറ്റും എന്ന് ചിലർ വ്യാമോഹിക്കുന്നു. അതായത്, ഇത്തരം അപസർപ്പകകഥകൾ പ്രചരിപ്പിക്കുന്നത് വഴി ദൈവവിളി കുറയ്ക്കാനാകുമെന്ന് തൽപ്പരകക്ഷികൾ കരുതുന്നു. പക്ഷേ യഥാർത്ഥ ദൈവവിളിയുടെ ഉറവിടം ദൈവം തന്നെയാണെന്നും എത്ര അധികം പരിശ്രമിച്ചാലും ദൈവത്തെ ജയിക്കാനാവില്ലെന്നും ഇവർ മറന്നു പോകുന്നു. സഭയിൽ രക്തസാക്ഷികളുടെ കുറവ് ഉണ്ടായപ്പോഴാണ് സന്യാസം ആരംഭിച്ചത് എന്ന് കൂടി ഓർത്താൽ നന്ന്.

3) മൂന്നാമതായി, കുടുംബങ്ങളിൽ സമർപ്പിതരെക്കുറിച്ചുള്ള ചിത്രം വികലമാക്കാൻ ഉള്ള ശ്രമമാണിത്. കുടുംബത്തിലെ പ്രശ്നങ്ങളും സ്വകാര്യ നൊമ്പരങ്ങളും ഒക്കെ പലരും പങ്കുവെക്കുന്നത് സമർപ്പിതരോടാണ്. ആരുമറിയാതെ ചില കാര്യങ്ങൾക്ക് പരിഹാരം കണ്ടെത്താറുണ്ട്, ചിലത് പ്രാർത്ഥനയിലൂടെ ഉത്തരം തേടാറുമുണ്ട് ,സമർപ്പിതർ മുഴുവൻ മോശമാണെന്ന് വരുത്തിത്തീർത്താൽ ആ ബന്ധവും ഇല്ലാതാകുമല്ലോ? പക്ഷേ സംഘടിതമായി നിങ്ങൾ എന്തെല്ലാം ചെയ്താലും ഞങ്ങളെ അറിയാവുന്ന ആളുകൾ ഞങ്ങളുടെ അടുത്ത് തന്നെ ഹൃദയ നൊമ്പരങ്ങളുമായി വരും. കാന്തം ഇരുമ്പിനെ ആകർഷിക്കുന്നത് പോലെ ഞങ്ങളുടെ പ്രാർത്ഥനകളും ത്യാഗ നിർഭരമായ ജീവിതവും അനേകരെ ഞങ്ങൾ വഴി ഈശോയിലേക്ക് ആകർഷിക്കും.

4) നാലാമതായി, സമർപ്പിതരെ വേലക്കാരായി ചിത്രീകരിക്കുന്നത് കണ്ടു. അതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഈശോക്ക് വേണ്ടി അൾത്താരയിൽ പൂക്കൾ വെക്കാനും, വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങൾ കഴുകാനും ഞങ്ങൾക്ക് അവസരം ലഭിക്കുന്നത് അഭിമാനമായി കാണുന്നു.

സമർപ്പിത ജീവിതത്തെക്കുറിച്ച് പരാതികളും പരിഭവങ്ങളും ഉൽക്കണ്ഠകളും പറയുന്നവരോട് ഇത്ര മാത്രമാണ് പറയാനുള്ളത് “സമർപ്പണം ഇനിയും പൂർണമായിട്ടില്ല” പരാതികൾക്ക് കാരണം അതാണ്. “ഈശോയ്ക്ക് വിട്ടുകൊടുത്ത ജീവിതം പൂർണമായി വിട്ടു കൊടുത്തില്ലെങ്കിൽ ആത്മസംഘർഷങ്ങൾ വിട്ടുമാറില്ല”.

രണ്ടുപതിറ്റാണ്ട് കാലത്തെ എന്റെ സന്യാസജീവിതം കൊണ്ട് ആത്മാർത്ഥതയോടെ എനിക്ക് പറയാൻ കഴിയും സമർപ്പണ ജീവിതം ആനന്ദത്തിന്റെ ജീവിതമാണ്, സമർപ്പിതർ ആനന്ദത്തിന്റെ സാക്ഷികളാണ്. സന്യാസം സംതൃപ്തിയുടെ ജീവിതമാണ്. സന്യാസ ജീവിതത്തിലേക്ക് ഞങ്ങളൊക്കെ ഇറങ്ങിവന്നത് ക്രൂശിതനായ കർത്താവിനെ മാത്രം സ്വപ്നം കണ്ടുകൊണ്ടാണ്.

ദൈവം എവിടെ അയച്ചാലും അവിടെ ദിവ്യകാരുണ്യ ഈശോയുടെ സ്നേഹം പകരുക അതാണ് ഞങ്ങളുടെ ലക്ഷ്യം.

സന്യാസ ജീവിതത്തെ എല്ലാവർക്കും ഹൃദയത്തിലേറ്റു വാങ്ങാനാവില്ല. അതിനാണ് ദൈവവിളി വേണ്ടത്. സമകാലിക കേരളത്തിൽ നടക്കുന്ന വിഷയത്തെക്കുറിച്ച് നീതി നടക്കട്ടെ എന്ന് മാത്രമേ പറയുന്നുള്ളൂ. പക്ഷേ അതിൻറെ മറവിൽ സന്യാസ ജീവിതങ്ങളെ മുഴുവൻ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ശ്രമങ്ങൾ അപലപനീയമാണ്. ഒരു അധ്യാപിക എന്നനിലയിൽ സമർപ്പിത ജീവിതങ്ങളെ അപസർപ്പകകഥകൾ പോലെ ചിത്രീകരിക്കുന്നവരോട് കുഞ്ഞുങ്ങളിലേക്ക് തിന്മ കുത്തി നിറയ്ക്കരുതേ എന്ന അഭ്യർത്ഥനയാണ് എനിക്കുള്ളത്.

അധ്യാപകരായ സമർപ്പിതരെ കുഞ്ഞുങ്ങൾ ഒരുപാട് സ്നേഹിക്കുന്നത് ഞങ്ങൾ അവരുടെ അധ്യാപകർ മാത്രമല്ല അമ്മമാർ കൂടി ആകുന്നതു കൊണ്ടാണ്. ക്ലാസിലെ ഏതെങ്കിലും കുഞ്ഞിന് ഭക്ഷണം ഇല്ല എന്നറിയുമ്പോൾ സ്വന്തം ചോറ് ആ കുഞ്ഞിന് കൊടുത്ത് ആ കുഞ്ഞിന്റെ വിശപ്പ് മാറുന്നത് കണ്ട് സംതൃപ്തിയടയാൻ ഞങ്ങൾക്ക് മാത്രമേ ആകൂ. മാതാപിതാക്കൻമാരുടെ വഴക്കുകളും വീട്ടിലെ നൊമ്പരങ്ങളും ഒക്കെ കുഞ്ഞുങ്ങൾ വന്ന് പറയുമ്പോൾ അതൊക്കെ ഹൃദയത്തിലേറ്റുവാങ്ങി സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ പോലെ അതിൽ ഇടപെടാൻ ഞങ്ങൾക്ക് മാത്രമേ കഴിയൂ. മാതാപിതാക്കൻമാരുടെ അടുത്ത് പോലും പറയാത്ത സങ്കടങ്ങൾ ഞങ്ങളോട് പറയുമ്പോൾ മാതൃഭാവത്തോടെ അവരെ ആശ്വസിപ്പിക്കുവാൻ കഴിയുന്നത് ഞങ്ങളുടെ സന്യാസ ജീവിതത്തിൻറെ മഹത്വം തന്നെയാണ്.

എന്തെങ്കിലുമൊക്കെ ഇല്ലായ്മകൾ ഉണ്ടെങ്കിൽ പഠിപ്പിക്കുന്ന സിസ്റ്റർമാരോട് ആ സങ്കടങ്ങൾ കുട്ടികൾ പറയുന്നത് സ്വന്തം അമ്മയോട് പറയുന്നത് പോലെ തന്നെ അവരെ ഞങ്ങൾ മനസ്സിലാക്കി പരിഹാരം കണ്ടെത്തും എന്ന ബോധ്യമുള്ളതുകൊണ്ടാണ്. സന്യാസ ജീവിതത്തെ നിരന്തരം ആക്ഷേപിക്കുന്നവരോട് ഒരു വാക്ക് നിങ്ങൾക്ക് ഒരിക്കലും ഈ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ വിളക്കാ കാനാവില്ല.

ഈ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കുട്ടികളിൽ കുറെയേറെ നെഗറ്റീവ് എനർജി നിറയ്ക്കും. സമർപ്പിത ജീവിതത്തെക്കുറിച്ച് കുറ്റം പറയുകയും അനാവശ്യ സഹതാപങ്ങൾ കാണിക്കുകയും ചെയ്യുന്നവർക്ക് സന്യാ സത്തെക്കുറിച്ച് ഒന്നുമറിയില്ല. സന്യാസത്തെ അറിയാൻ കഠിനമായ ത്യാഗവും പ്രാർത്ഥനാ ചൈതന്യവും സമർപ്പണവും ഉണ്ടാകണം. ജന്മം കൊടുക്കാത്ത കുഞ്ഞുങ്ങൾക്ക് അമ്മയാകണം എങ്കിൽ അതിനൊരു വിളി ആവശ്യമാണ്. തീർച്ചയായിട്ടും സന്യാസ ജീവിതത്തിൽ ത്യാഗങ്ങൾ ഉണ്ട്, നൊമ്പരങ്ങൾ ഉണ്ട്. പക്ഷേ അത് ഞങ്ങൾക്ക് ആനന്ദമാണ്. ക്രിസ്തുവിൻറെ മുറിപ്പാടുകളിൽ ആണ് ഞങ്ങൾ സന്തോഷം കണ്ടെത്തുന്നത്.

ജീവിതം വച്ചു നീട്ടുന്ന സഹനങ്ങൾ ക്രൂശിതനെ അനുഭവിക്കാനുള്ള അവസരമായിട്ടാണ് ഞങ്ങൾ കാണുന്നത്. അതുകൊണ്ട് സന്യാസ ജീവിതത്തെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ വിലപ്പോകില്ല. കുഞ്ഞുങ്ങൾക്ക് നല്ല അധ്യാപകരായി, തളർന്നുവീഴുന്നവർക്ക് താങ്ങായി, ആശ്രയം ഇല്ലാത്തവർക്ക് ആശ്രയമായി, ഹൃദയനൊമ്പരങ്ങൾ ഏറ്റുവാങ്ങുന്ന ദൈവ കരങ്ങളായി, ഞങ്ങൾ ഇവിടെയുണ്ടാകും… ലോകത്തിൻറെ അവസാനംവരെ.

അവസാനമായി ഒരു അഭ്യർത്ഥന മാത്രം “നിങ്ങൾ കുഞ്ഞുങ്ങൾക്ക് മുമ്പിൽ അന്ധകാര ഗോപുരങ്ങളായി മാറരുത്”. സന്യാസത്തെ അപകീർത്തിപ്പെടുത്തുന്ന ആളുകൾ വാദപ്രതിവാദങ്ങൾക്കു വിജയിക്കാൻ ആകാത്തത് കൊണ്ട് പലപ്പോഴും സഭ്യതയുടെ അതിർവരമ്പുകൾ ഭേദിച്ചു കൊണ്ടാണ് മറുപടി പറയുന്നത്. അതുകൊണ്ടുതന്നെ ഇത്തരക്കാരുടെ വാദങ്ങൾക്ക് മറുപടി പറയാൻ സംസ്കാരമുള്ള ആരും തയ്യാറാവില്ല. ഇവരെ പഠിപ്പിച്ച അധ്യാപകർ ഇതൊക്കെ കാണുന്നുണ്ടങ്കിൽ ഹൃദയം നുറുങ്ങി കരയുന്നുണ്ടാകും.

സന്യാസ ജീവിതത്തിൻറെ സുരക്ഷിതത്വത്തെക്കുറിച്ച് ഓർത്ത് ആകുലപ്പെടുന്ന വരോട് വളരെ വ്യക്തതയോടെ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. “സഭയുടെ നിയമങ്ങൾ അനുസരിച്ച്, വിളിയുടെ മഹത്വം മറക്കാതെ ജീവിക്കുന്നവർ സഭയിൽ എന്നും സുരക്ഷിതരായിരിക്കും”. വിശുദ്ധിയിൽ വളരാൻ, നന്മ വിതറാൻ ധാരാളം അവസരങ്ങളും ഉണ്ട്. അങ്ങനെ ജീവിക്കുമ്പോൾ ദൈവത്തിൻറെ കൈകളിലെ ഉപകരണങ്ങളായി മാറുന്നത് നമുക്ക് തന്നെ അനുഭവിക്കാനാകും. തങ്ങൾ ജന്മം നൽകിയ മക്കൾ അനേകർക്ക് അനുഗ്രഹമായി മാറുന്നത് കണ്ടു മാതാപിതാക്കൾക്ക് സംതൃപ്തി അടയാൻ കഴിയും. അതുകൊണ്ട് സന്യാസ ജീവിതത്തെ അടുത്തറിയുക. അടുത്ത് അറിയാത്തവർ അഭിപ്രായങ്ങൾ പറയാതിരിക്കുക.

സന്യാസജീവിതം മടുത്തവരുടെ കഥകൾ കേട്ടല്ല അത് അനുഗ്രഹമാക്കി മാറ്റുന്നവരുടെ ജീവിതങ്ങൾ കേട്ട് സമർപ്പിത ജീവിതത്തെ വിലയിരുത്തുക. സമർപ്പിത ജീവിതത്തിലേക്കുള്ള ഒരു വിളിയും നിരുത്സാഹപ്പെടുത്താതിരിക്കുക.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker