Sunday Homilies

സഭാ നവീകരണത്തിന് നവയുഗ പ്രവാചകന്‍

സഭാ നവീകരണത്തിന് നവയുഗ പ്രവാചകന്‍

ആണ്ടുവട്ടം 26-ാം ഞായര്‍
ഒന്നാം വായന – സംഖ്യ 11:25-29
രണ്ടാംവായന – വി.യാക്കോബ് 5:1-6
സുവിശേഷം – വി.മര്‍ക്കോസ് 9:38-43, 45, 47-48
ദിവ്യബലിക്ക് ആമുഖം
പിതാവായ ദൈവത്തിന്‍റെ ചൈതന്യവും പുത്രനായ യേശുവിന്‍റെ ശക്തിയും പരിമിതികളില്ലാത്തതാണെന്നും യേശുവില്‍ വിശ്വസിക്കുന്ന സകല മനുഷ്യര്‍ക്കും അവന്‍റെ ശക്തിയും കൃപയും ലഭിക്കുമെന്നും ഇന്നത്തെ ഒന്നാം വായനയിലും സുവിശേഷത്തിലും നാം ശ്രവിക്കുന്നു. അതോടൊപ്പം ദൈവമക്കളുടെ ഇടയില്‍ നിലനില്‍ക്കേണ്ട സാമൂഹ്യ നീതിയെക്കുറിച്ച് ഇന്നത്തെ രണ്ടാം വായന നമ്മെ പഠിപ്പിക്കുന്നു. തിരുവചനം ശ്രവിക്കാനും നിര്‍മ്മലമായ ഒരു ബലി അര്‍പ്പിക്കാനായി നമുക്കൊരുങ്ങാം.
വചന പ്രഘോഷണം 
യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരി സഹേദരന്മാരെ,
ഇന്നത്തെ ഒന്നാം വായനയിലും സുവിശേഷത്തിലും സമാനമായ സംഭവം നാം ശ്രവിച്ചു. സംഖ്യയുടെ പുസ്തകത്തില്‍ കര്‍ത്താവിന്‍റെ കൂടാരത്തിനടുത്തുവരാതെ പാളയത്തിനുളളില്‍ കഴിഞ്ഞ എല്‍ദാദ്, മെദാദ് എന്നീ രണ്ടുപേര്‍ക്കും ദൈവത്തിന്‍റെ ചൈതന്യം ലഭിക്കുകയും അവന്‍ പ്രവചിക്കുകയും ചെയ്യുന്നു. ഇതറിഞ്ഞ ജോഷ്വാ മോശയോടു അവരെ വിലക്കാനാവശ്യപ്പെടുന്നു. എന്നാല്‍ ജോഷ്വയോടു മോശ പറയുന്നത് കര്‍ത്താവിന്‍റെ ജനം മുഴുവന്‍ പ്രവാചകന്മാരാകുകയും അവിടുന്നു തന്‍റെ ആത്മാവിനെ അവര്‍ക്കു നല്‍കുകയും ചെയ്തിരുന്നുവെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നുവെന്നാണ്.
     സുവിശേഷത്തില്‍, ശിഷ്യനായ യോഹന്നാന്‍ യേശുവിനോടും പരാതി പറയുന്നു ഗുരോ നിന്‍റെ നാമത്തില്‍ പിശാചുക്കളെപുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അവനെ തടഞ്ഞു. കാരണം, അവന്‍ നമ്മളെ അനുഗമിച്ചില്ല. ശിഷ്യന്മാരോടും യേശു പറയുന്നത് അവരെ തടയേണ്ട നമുക്കെതിരല്ലാത്തവന്‍ നമ്മുടെ പക്ഷത്താണെന്നാണ്. ഈ സുവിശേഷ ഭാഗം ആദിമ സഭയിലെ അപ്പസ്തോലിക കാലഘട്ടത്തില്‍ നിലനിന്നിരുന്ന ഒരു യാഥാര്‍ത്ഥ്യം വ്യക്തമാക്കുകയാണ്. യേശുവില്‍ വിശ്വസിക്കുകയും എന്നാല്‍ നിര്‍ബന്ധമായും ശിഷ്യന്മാരുടെ സമൂഹം ചിന്തിക്കുന്നതുപോലെ ചിന്തിക്കാത്ത വിശ്വാസികളും അക്കാലത്തുണ്ടായിരുന്നു. അവരും ദൈവമക്കളാണെന്നു യേശുവില്‍ വിശ്വസിക്കുന്നുവെങ്കില്‍ യേശുവിന്‍റെ അനുയായികളാണെന്നും തിരുവചനം വ്യക്തമാക്കുന്നു.
ഈ കാലഘട്ടത്തിലെ ഒരു യാഥാര്‍ത്ഥ്യത്തെ യേശു മുന്‍കൂട്ടി കാണുകയാണ്. ഇന്ന് യേശുവില്‍ വിശ്വസിക്കുന്ന ധാരാളം സഭാ വിഭാഗങ്ങള്‍ ഉളള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതോടൊപ്പം പ്രത്യക്ഷമായി വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞില്ലെങ്കിലും യേശുവില്‍ ആഴമായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന അക്രൈസ്തവരെ നമുക്കറിയാം. ഇങ്ങനെ മനസ്സുകൊണ്ടു ക്രിസ്ത്യാനിയായ വ്യക്തിയെ ദൈവശാസ്ത്രജ്ഞനായ കാള്‍റാനര്‍ “അജ്ഞാതനായ ക്രൈസ്തവന്‍” എന്നു വിളിക്കുന്നുണ്ട്.
സഭാനവീകരണത്തെക്കുറിച്ചു ചര്‍ച്ചകള്‍ നടക്കുന്ന കാലഘട്ടത്തില്‍ ഈ തിരുവചന ഭാഗങ്ങള്‍ നമുക്കൊരു മാര്‍ഗ്ഗദര്‍ശിയാണ്. സഭാ നവീകരണം എന്നത് ആക്രമോത്സുകമായ, അത്യാവേശം നിറഞ്ഞ ഒരു പ്രവര്‍ത്തിയല്ല, മറിച്ച് മോശയുടെ വാക്കുകള്‍ക്ക് തുല്യമായ രീതിയില്‍ പറഞ്ഞാല്‍ ജ്ഞാനസ്നാനം സ്വീകരിച്ച ജനം മുഴുവന്‍ പ്രവാചകന്മാരാവുകയും അവരുടെമേല്‍ പരിശുദ്ധാത്മാവ് വരികയും വേണം.
പരിശുദ്ധാത്മാവ് ഇല്ലാത്ത എന്തു സഭാ നവീകരണം? എല്ലാവരും പ്രവാചകന്മാര്‍ ആവുക എന്നു പറഞ്ഞാല്‍, എല്ലാവരുടെയും ദൗത്യം തുല്യമാണെന്നല്ല. മറിച്ച് ഓരോരുത്തരും തങ്ങളായിരിക്കുന്ന ജീവിതാവസ്ഥയില്‍ ഒരു പ്രവാചക ദൗത്യം നിറവേറ്റുകയാണ്. പ്രവാചകന്മാരുടെ മുഖമുദ്ര തിന്മകള്‍ക്കെതിരെയുളള വിമര്‍ശനമല്ല, മറിച്ച് ദൈവത്തിനോടും ദൈവാത്മാവിനോടുമുളള വിശ്വസ്തതയായിരുന്നു. അതുകൊണ്ടാണ് ആധുനിക കാലഘട്ടത്തില്‍ സഭയെ നവീകരിച്ച വിശുദ്ധരെ നവയുഗപ്രവാചകര്‍ എന്നുവിളിക്കുന്നത്.
ഓരോ വ്യക്തികളും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞാല്‍ അതു കുടുംബങ്ങളെ പരിശുദ്ധാത്മാവിനാല്‍ നിറക്കും. നമ്മുടെ ഇടവകയും സമൂഹവും നാം  അറിയാതെ തന്നെ നവീകരിക്കപ്പെടും.ആത്മീയ ജീവിതത്തിന്‍റെ ഭാഗമായിട്ടു ചെറിയവനില്‍ ഒരുവനുപോലും ഇടര്‍ച്ച വരുത്തരുതെന്ന് യേശു പറയുന്നു. തിരികല്ല് കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെടുക എന്നത് യഹൂദ ചിന്താഗതിക്കനുസരിച്ച് അര്‍ഹമായ മൃതസംസ്കാരം ലഭിക്കാത്ത രീതിയില്‍ ഏറ്റവും മോശമായ മരണമാണ്.
ഇടര്‍ച്ചയും ഉതപ്പും പ്രലോഭനവും ആത്മീയ ജീവിതത്തില്‍ മാത്രമല്ല സാമൂഹ്യജീവിതത്തിലും സംഭവിക്കാമെന്ന് ഇന്നത്തെ രണ്ടാം വായന നമ്മെ പഠിപ്പിക്കുന്നു. വി. യാക്കോബ് തന്‍റെ ലേഖനത്തില്‍ സമൂഹത്തിലെ സമ്പത്ത് അന്യായമായി കൈവശം വയ്ക്കുകയും ജോലി ചെയ്യുന്നവന് അര്‍ഹമായ കൂലി നല്‍കാതെ അവനെ ചൂഷണം ചെയ്യുകയും കൊളള ലാഭത്തിനുവേണ്ടി കളളത്തരം കാണിക്കുകയും ചെയ്യുന്നവരെ നിശിതമായി വിമര്‍ശിക്കുന്നു. ഇത് സാമ്പത്തികമായ അനീതിയെ മാത്രം ബാധിക്കുന്ന കാര്യമല്ല, മറിച്ച് നമ്മുടെ സമൂഹത്തിലെ എല്ലാതരത്തിലുളള ചൂഷണങ്ങളും അസമത്വങ്ങളും അവസാനിപ്പിക്കാനുളള ആഹ്വാനമാണ്.
കര്‍ത്താവിന്‍റെ ജനംമുഴുവന്‍ പ്രവാചകന്മാരാകുകയും എല്ലാവരുടെയുംമേല്‍ ദൈവം തന്‍റെ ആത്മാവിനെ അയക്കുകയും ചെയ്തിരുന്നെങ്കില്‍ എന്ന മോശയുടെ ആഗ്രഹം ജ്ഞാനസ്നാനം സ്വീകരിച്ച നമ്മിലൂടെ നിറവേറപ്പെടുകയാണ്. നവയുഗ പ്രവാചകന്മാരാകാന്‍ നമുക്കൊരുങ്ങാം.
ആമേന്‍
Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker