Diocese

മോൺസിഞ്ഞോർ മാനുവൽ അൻപുടയാനച്ചന്റെ ജീവിതത്തിലൂടെ…

മോൺസിഞ്ഞോർ മാനുവൽ അൻപുടയാനച്ചന്റെ ജീവിതത്തിലൂടെ...

എ.തോമസ്, വ്ലാത്താങ്കര

മോൺസിഞ്ഞോർ മാനുവൽ അൻപുടയാൻ 30 വർഷത്തിലധികം വ്ലാത്താങ്കര ഇടവകയുടെ ഭരണസാരഥ്യം വഹിച്ചു. “വ്ലാത്താങ്കര വല്യച്ചൻ” എന്നാണ് എല്ലാവരാലും വിളിക്കപ്പെട്ടിരുന്നതും അറിയപ്പെട്ടിരുന്നതും.

മുള്ളുവിള ഇടവകയിൽ ഓലത്താന്നി എന്ന സ്ഥലത്ത് 1902 ജനുവരി 26-ന് ജനനം. ശ്രീമാൻ അന്പുടയാനും ശ്രീമതി ജ്ഞാനപ്പൂവും മാതാപിതാക്കൾ. സഹോദരങ്ങൾ : ജ്ഞാനമുത്തൻ, ഈശാക്കു, ദേവാസഹായം, സ്നേഹപ്പു, ജ്ഞാനമാണി, മര്യമുത്തു, ശബര്യായി, ശാന്തപ്പു, അന്നമുത്തു, റവ.ഫാ.മൈക്കിൾ, ജോസഫ്, ലാസർ എന്നിവർ. റവ. ഫാ. ജോൺ ഡെമിഷീൻ ഓ.സി.ഡി. യിൽ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചു. രൂപതയുടെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്തുകൊണ്ടിരുന്ന റവ.ഫാ.മൈക്കിൾ അൻപുടയാൻ 15-12- 1971 -ൽ നിര്യാതനായി.

മാനുവൽ അൻപുടയാനച്ചന്റെ ബാല്യകാല വിദ്യാഭ്യാസം ഓലത്താന്നി കുടിപ്പള്ളിക്കൂടത്തിലും നെയ്യാറ്റിൻകര അന്തിക്കട പള്ളിക്കൂടത്തിലും നെല്ലിക്കാക്കുഴി സ്കൂളുകളിലുമായിട്ടായിരുന്നു. തുടർന്ന്, 1919-ൽ കൊല്ലം സെന്റ് റാഫേൽ സെമിനാരിയിൽ ചേർന്നു. തുടർ പഠനം സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ ആയിരുന്നു.

അച്ചൻ സെമിനാരിയിൽ ചേർന്ന സമയത്തോടെ അച്ചന്റെ മാതാപിതാക്കൾ കട്ടയ്ക്കോടിലേയ്ക്ക് താമസം മാറി.

1924-ൽ മേജർ സെമിനാരി പഠനത്തിനായി സെന്റ് തെരേസാസ് മേജർ സെമിനാരിയിലേയ്ക്ക് പോയി. 1930 ഏപ്രിൽ 12-ന് ബെൻസിഗർ പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു, 13-ന് കട്ടയ്ക്കോട് സെന്റ് അന്തോണീസ് ഫെറോന ദേവാലയത്തിൽ വച്ച് പ്രഥമ ദിവ്യബലിയർപ്പിച്ചു.

1930 ജൂൺ മാസത്തിൽ പേയാട്‌ ഇടവകയിൽ റവ. ഫാ. ഇൻഡഫോണ്സ് ഓ.സി.ഡി. അച്ചന്റെ സഹവികാരിയായി. 1931-ൽ ചുള്ളിമാനൂരിൽ ഇൻഡഫോണ്സ് ഓ.സി.ഡി. അച്ചന്റെകൂടെ സഹവികാരിയായി തുടർന്നു. 1932 ഓഗസ്റ്റ് 20 -ന് ചുള്ളിമാനൂർ ഇടവകയുടെ വികാരിയായി നിയമിതനായി. ചുള്ളിമാനൂരിൽ താമസിച്ചുകൊണ്ട് പത്താംകല്ല്, ഉളിയൂർ, നന്ദിയോട്, പേരയം, പനക്കോട്, പാലോട്, ബോണക്കാട്, പൊന്മുടി എന്നീ പ്രദേശങ്ങളിൽ ദേവാലയങ്ങൾ സ്ഥാപിക്കുകയും മതബോധനം, ആതുരശുശ്രുഷ, സാമൂഹ്യ പ്രവർത്തനം എന്നിവയ്ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. കൂടാതെ, ഇന്നത്തെ തേവൻപാറ, വിതുര എന്നിവയും അച്ചന്റെ പ്രവർത്തന മണ്ഡലങ്ങളായിരുന്നു.

വലിയൊരു പരിധിവരെ അയിത്തവും തൊട്ടുകൂടായ്മയും നിലനിന്നിരുന്ന കാലഘട്ടത്തട്ടിൽ താഴ്ന്ന വിഭാഗത്തിൽ പെട്ടവർക്ക് ദേവാലയത്തിൽ ഒന്നിച്ച് ബലിയർപ്പിക്കവാനുള്ള സാഹചര്യം ഒരുക്കിയ ആദ്യ വൈദീകനാണ് അൻപുടയാനച്ചൻ. മസൂരി, കോളറ, മലമ്പനി എന്നീ മാരകമായ പകർച്ച വ്യാധികൾ ബാധിച്ചവർക്ക് വേണ്ട മരുന്നും സഹായവും ജാതി-മത ഭേദമെന്യേ എത്തിക്കുന്നതിൽ നിരന്തരം വ്യാപൃതനായിരുന്നു അച്ചൻ. രോഗങ്ങളിൽപ്പെട്ട് കഷ്‌ടപ്പെട്ട നാളുകളും, ദിവ്യബലിയർപ്പണത്തിനും കുടുംബസന്ദർശനത്തിനും പോകുമ്പോൾ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടേണ്ടി വന്നിട്ടുണ്ട് പലപ്പോഴും.

ഇടവകയുടെ സാമ്പത്തിക വളർച്ചയ്ക്കും, വിദ്യാഭ്യാസ പുരോഗതിയ്ക്കുമായി പല പദ്ധതികൾക്കും രൂപം കൊടുക്കുകയും സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു.

1944 ജൂൺ 30-ന് കാമുകിൽകോട് സെന്റ് അന്തോണീസ് ദേവാലയ വികാരിയായി നിയമിതനായി. ബാലരാമപുരം, അത്താണിമംഗലം, നെല്ലിമൂട് എന്നീ ദേവാലയങ്ങളുടെ ചുമതലയായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വായനശാല, ലൈബ്രറി എന്നിവ സ്ഥാപിച്ച് ജനത്തെ വിദ്യാഭ്യാസ മേഖലയിൽ മുൻപന്തിയിൽ എത്തിക്കുവാനുള്ള പരിശ്രമം നടത്തി.

1949 മാർച്ച്മാസം വ്ലാത്താങ്കര, ഉച്ചക്കട എന്നീ ഇടവകകളുടെ വികാരിയായി നിയമിതനായി. വ്ലാത്താങ്കര ആയിരുന്നു അച്ചന്റെ ശ്രദ്ധ കൂടുതൽ വേണ്ടിയിരുന്ന ഇടവക. ചെങ്കൽ, കുളത്തുർ, തിരുപുരം, നെയ്യാറ്റിൻകര എന്നീ വില്ലേജുകൾ ഉൾപ്പെട്ട ഇടവക. ഒപ്പം, ഉച്ചക്കട ഇടവകയും അദ്ദേഹത്തിന്റെ കീഴിലായിരുന്നു.
വ്ലാത്താങ്കരയിൽ ഇടവകയ്ക്ക് ആവശ്യമായ വസ്തു വാങ്ങുന്നതിൽ ധാരാളം ത്യാഗം നേരിടേണ്ടി വന്നു. അതുപോലെ, പ്രശ്ന പരിഹാരങ്ങൾക്ക് പലപ്പോഴായി മന്ത്രിമാരെയും ഗവർണർമാരെയും നിവേദനങ്ങളുമായി സമീപിക്കേണ്ടിയും വന്നിട്ടുണ്ട്.

വ്ലാത്താങ്കര ഇടവകയിൽ യു.പി. സ്‌കൂളും, വലിയവിളയിൽ എൽ.പി. സ്കൂളും സ്ഥാപിക്കുന്നതിന് അച്ചന്റെ പരിശ്രമങ്ങൾക്ക് സാധിച്ചു. വലിയവിള, വട്ടവിള, തിരുപുറം, കുന്നംവിള, കുഴിച്ചാണി എന്നിവിടങ്ങളിൽ ദേവാലയങ്ങൾ സ്ഥാപിക്കുകയും മറ്റു വൈദികരെ മേൽനോട്ടം ഏല്പിക്കുകയും ചെയ്തു. ഈ സമയത്ത് തന്നെ അച്ചന് കുറെകാലം മരിയാപുരം, ആറയൂർ എന്നീ ഇടവകകളുടെ മേൽനോട്ടവും വഹിക്കേണ്ടിവന്നിട്ടുണ്ട്.

വ്ലാത്താങ്കരയിൽ ആയിരിക്കെ ഫെറോന വികാരിയായും രൂപത കൺസൾറ്ററായും പ്രവർത്തിച്ച അച്ചന്, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 1966-ൽ പോൾ ആറാമൻ പാപ്പാ “ഡൊമസ്റ്റിക് പ്രിലെറ്റ്” എന്ന ഉന്നത ബഹുമതി നൽകി ആദരിച്ചു.

സഭയ്ക്ക് അഞ്ചു വൈദികരെയും പതിനഞ്ചു സന്യാസിനികളെയും ഒരു ഫ്രാൻസിസ്കൻ സഹോദരനെയും നൽകുന്നതിന് ഈ കാലയളവിൽ മോണ്സിഞ്ഞോറിന് സാധിച്ചു. രൂപതയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് രോഗികളും പിശാച് ബാധിതരും നിരാശയിൽ നിലംപതിച്ചവരുമായ ധാരാളം ആൾക്കാർ ജാതി-മത ഭേദമെന്യേ അച്ചനെ തേടിയെത്തുന്നത് ഒരു നിത്യ കാഴ്ചയായിരുന്നു.

ലളിത ജീവിതം, അനുകരണീയമായ ജീവിതം, ഭരണ പാടവം, ത്യാഗ സന്നദ്ധതത, വിധേയത്വം, സ്നേഹം തുടങ്ങിയ പ്രത്യേകതകളാൽ അദ്ദേഹം എല്ലാവരുടെയും പ്രീതിക്ക് പാത്രമായി.

1978-ൽ ശാരീരിക അസുഖങ്ങൾ കാരണം ആശുപതിയെ സമീപിക്കേണ്ടിവന്നപ്പോൾ അദ്ദേഹം തന്നെ ദൈവവിളി പരിപോക്ഷിപ്പിച്ച് പൗരോഹിത്യത്തട്ടിലേയ്ക്ക് കൈപിടിച്ചുയർത്തിയ, ഉച്ചക്കട ഇടവകാംഗങ്ങളായ ഫാ.എം. മാനുവൽ, ഫാ.ജി.എഫ്.സേവ്യർ എന്നിവരെ സഹായികളായി ലഭിച്ചു.

1990 ഒക്‌ടോബർ 6-ന് അഭിവന്ദ്യ മോൺസിഞ്ഞോർ മാനുവൽ അൻപുടയാൻ ഈ ലോക ജീവിതത്തിൽ നിന്ന് നിത്യ ജീവനിലേയ്ക്ക് പ്രവേശിച്ചു.
കട്ടയ്ക്കോട് സെന്റ് അന്തോണീസ് ഫെറോന ദേവാലയത്തിൽ മോൺസിഞ്ഞോർ മാനുവൽ അന്പുടയാന്റെ ശരീരം വിശ്രമം കൊള്ളുന്നു. നിരവധിയാളുകൾ ഈ കഴിഞ്ഞ 28 വര്ഷങ്ങളായി അച്ചന്റെ കല്ലറയിൽ പോയി പ്രാർത്ഥനാ സഹായം തേടുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നതായി സാക്ഷ്യപ്പെടുത്തുന്നു.

എല്ലാ മാസവും ആദ്യ വെള്ളിയാഴ്ച മുടക്കമില്ലാതെ അനുസ്മരണ ബലിയർപ്പണവും ജീവകാരുണ്യ പ്രവർത്തനങ്ങളും നടന്നുവരുന്നു. മോൺസിഞ്ഞോർ മാനുവൽ അന്പുടയാനച്ചനെ ദൈവദാസനായും, വാഴ്ത്തപ്പെട്ടവനായും, വിശുദ്ധനായും തിരുസഭ പ്രഖ്യാപിക്കുന്ന ദിനങ്ങൾക്കായി നിരന്തര പ്രാർത്ഥനയിലാണ് വിശ്വാസികൾ.

കടപ്പാട്: ഡോ. ഗ്രിഗറി ആർബി, “ധന്യനായ മോൺസിഞ്ഞോർ അൻപുടയാൻ”, 2010.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker