Public Opinion

സർക്കാർ മറന്ന പ്രളയക്കെടുതിയിൽ ഇന്നും തുടരുന്നവർക്ക് തണലായി ആലുവയിലുളള വിൻസെൻഷ്യൻ ആശ്രമം

സർക്കാർ മറന്ന പ്രളയക്കെടുതിയിൽ ഇന്നും തുടരുന്നവർക്ക് തണലായി ആലുവയിലുളള വിൻസെൻഷ്യൻ ആശ്രമം

ജസ്റ്റിൻ ജോർജ്

അശാസ്ത്രീയമായി ഡാമുകൾ തുറന്ന് വിട്ട് ആലുവയിലെ ജനങ്ങളുടെ വീടും ബിസിനസ്സുകളും വെള്ളത്തിൽ മുക്കിയപ്പോൾ, ആരും വിളിക്കാതെതന്നെ അവർ ഓടി ചെന്നത് ആലുവയിലുളള വിൻസെൻഷ്യൻ സഭയുടെ മിഷൻ ആശ്രമത്തിലേക്കാണ് (CM / Congregation of the Mission), അവിടെ അപ്പോൾ ഒന്നോ രണ്ടോ അച്ചന്മാരും സെമിനാരിയിൽ പഠിക്കുന്ന കുറച്ചു ബ്രദേഴ്സും മാത്രമാണ് ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായി ഇത്ര മാത്രം ജനങ്ങൾ അങ്ങോട്ട് ഓടി ചെന്നപ്പോൾ പകച്ചു പോയെങ്കിലും അവരെ കൊണ്ട് സാധിക്കുന്ന രീതിയിൽ വന്നവരെയെല്ലാം അവിടെ താമസിപ്പിച്ചു. ജാതി-മത ഭേദമന്യേ ഏകദേശം 600 ഓളം ആൾക്കാരാണ് അവിടെ താമസിച്ചത്. ഇവരെ കൂടാതെ വീട്ടിൽ വെള്ളം കയറിയില്ലെങ്കിലും ചുറ്റോട് ചുറ്റും വെള്ളവുമായി വീടിന് വെളിയിൽ ഇറങ്ങാൻ സാധിക്കാതെ കഴിഞ്ഞിരുന്ന 500 ഓളം ആൾക്കാരെയും സഹായിച്ചിരുന്നു.

ഇട്ടിരിക്കുന്ന വസ്ത്രങ്ങൾമാത്രമായി വിൻസെൻഷ്യൻ സഭയുടെ ആശ്രമത്തിൽ വന്നവരെ വെറും കയ്യുമായി പറഞ്ഞയക്കാതെ ഒരാഴ്ചത്തേക്കുള്ള ആഹാരസാധനങ്ങളും, വസ്ത്രങ്ങളും ഉൾപ്പടെ കൊടുത്താണ് തിരിച്ചയച്ചത്. എന്നാൽ, ഇപ്പോഴും വിൻസെൻഷ്യൻ സഭയുടെ ആശ്രമത്തിലേക്ക് ആരോരും സഹായിക്കാനില്ലാത്ത ആൾക്കാരുടെ ഒഴുക്കാണ്. കൂലിപണി എടുത്ത് ശീലിച്ചിട്ടില്ലാത്ത – ചെറുകിട ബിസിനസ്സ് വഴിയോ, പശുവിനെ വളർത്തിയോ, ചെറിയ കൃഷികളും മറ്റുമായി ജീവിച്ചിരുന്ന മനുഷ്യരുടെ ജീവിതമാർഗം തീർത്തും ഇല്ലാതായി. ആലുവായിലും പരിസരത്തുമുള്ള ബിസിനസ്സുകൾ വലിയ തകർച്ചയിലാണ്, അവിടെ ജോലി ചെയ്യുന്നവരുടെ അവസ്ഥയും പരിതാപകരം ആണ്.

വിൻസെൻഷ്യൻ മിഷൻ ആശ്രമത്തിലേക്ക് നിരന്തരം ഓടി വരുന്നവരുടെ ആവശ്യങ്ങൾ പലതാണ്. ചിലർക്ക് മരുന്ന് മേടിക്കാൻ സഹായം വേണം, മറ്റു ചിലർക്ക് കുട്ടികളുടെ ഫീസ് അടക്കണം. ഇതിനൊക്കെ പുറമെ വെള്ളത്തിൽ മുങ്ങിയ മിക്കവാറും വീടുകളിലും അത്യാവശ്യ ഉപയോഗത്തിനുള്ള സാധനങ്ങൾ പോലും ഇല്ല. വെള്ളത്തിൽ മുങ്ങിയ സോഫ സെറ്റുകളും, ബെഡുകളും വെയിലത്ത് ഇട്ട് ഉണക്കി എടുത്തെങ്കിലും അതിൽ ഇടാനുള്ള കുഷ്യനോ ബെഡ്ഷീറ്റോ പല വീടുകളിലും ഇല്ല.

“ഞങ്ങളുടെ പ്രദേശത്ത് കൂടി ഒന്ന് വരാമോ അച്ചാ?” എന്ന് ചോദിച്ച് പ്രാദേശിക രാഷ്ട്രീയ നേതാക്കളും വരുന്നുണ്ട്. ഇങ്ങനെയൊക്കെ വരുന്നവർക്ക് പണമായി ചെറിയ സഹായമെങ്കിലും കൊടുത്തുവിടാൻ ആഴ്ചയിൽ 50,000 രൂപയെങ്കിലും വിൻസെൻഷ്യൻ ആശ്രമത്തിന് ചിലവാകുന്നുണ്ട്. അതിനപ്പുറം കേരളത്തിന് വെളിയിലുള്ള വിൻസെൻഷ്യൻ സഭയുടെ ആശ്രമങ്ങളിൽ നിന്ന് സാധനങ്ങളായും, സഹായത്തിന് ആൾക്കാരായും ധാരാളം സഹായം എത്തിയിട്ടുണ്ട്. ഇത് വരെ ഏകദേശം ഒന്നര കോടിയോളം രൂപ ഈ ഒരു ആശ്രമം വഴിയായി ചിലവഴിച്ചു കഴിഞ്ഞു. ഇതിന് വേണ്ടി മൈസൂർ ആസ്ഥാനമായുള്ള ഇവരുടെ പ്രോവിൻസിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ ഈ വർഷത്തെ വരുമാനത്തിന്റെ (ലാഭത്തിന്റെയല്ല) 10% മാറ്റി വെച്ചു.

ദുരിത ബാധിത പ്രദേശങ്ങളിലെ കത്തോലിക്കാസഭയുടെ കീഴിലുള്ള മറ്റ്‌ ആശ്രമങ്ങളിലും, ദേവാലയങ്ങളിലും ഇതേ പോലുള്ള പ്രവർത്തനങ്ങൾ ഇപ്പോളും നടക്കുന്നുണ്ട്. കേരളത്തിലെ മനുഷ്യർ ഇത്ര വലിയ വിഷമാവസ്ഥയിലൂടെ കടന്ന് പോകുമ്പോഴും അവരെ തിരിഞ്ഞു നോക്കാതെ സോഷ്യൽ മീഡിയായിലും, പത്ര മാധ്യമങ്ങളിലും നവോത്ഥാനം പ്രസംഗിച്ച് മുന്നോട്ടുപോകുവാൻ നമ്മുടെ സർക്കാരിന് എങ്ങനെ സാധിക്കുന്നു?

മഴക്കെടുതിയോടൊപ്പം ലക്കും ലഗാനും ഇല്ലാതെ ഡാമുകളിലെ വെള്ളംകൂടി ശരിയായ പഠനമില്ലാതെ തുറന്ന് വിട്ടത് കേരളത്തിലെ ജനങ്ങളുടെ ജീവിതം കുട്ടിച്ചോറാക്കിയെന്നതിൽ സംശയമില്ല. തുടർന്ന്, “നവ കേരളം സൃഷ്ടിക്കാൻ ഇറങ്ങി പുറപെട്ടവർക്കാകട്ടെ ഇപ്പോൾ അതിനെ കുറിച്ച് മിണ്ടാട്ടമില്ല. ‘ഒന്നിന് പുറകെ ഒന്നായി വിവാദങ്ങൾ സൃഷ്ടിച്ചതിന് ശേഷം ഇപ്പോൾ നവോത്ഥാനത്തിന്റെ പേരിലുള്ള തോന്ന്യാസത്തിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള ശ്രമത്തിലാണ്’ സർക്കാർ എന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ് പറയാനാവില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ.

അതുപോലെ തന്നെ, സർക്കാരിന്റെ ‘സാലറി ചലഞ്ച്’ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെയും ചർച്ച വഴിമാറ്റി. ഇത്ര മാത്രം വലിയ ദുരന്തം വരുത്തിവെച്ചതിനെ കുറിച്ച് ചോദിക്കുന്നവർക്ക് ‘സംസ്ഥാന ദ്രോഹി’ പട്ടം കൊടുത്തു സോഷ്യൽ മീഡിയായിൽ നിറഞ്ഞു നിന്നവരും ഇപ്പോൾ നിശ്ശബ്ദരാണ്. ഭരണ പരാജയം മറച്ചു വെക്കാൻ സോഷ്യൽ മീഡിയായിലും, പത്ര മാധ്യമങ്ങളിലും വിവാദങ്ങൾ ഇറക്കി ദുരിതത്തിൽ നിന്ന് പോലും രാഷ്ട്രീയ മുതലെടുപ്പ് നടത്തി കൊണ്ടിരുന്നതിന്റെ അവസാനം വലിയ പ്രചാരണം കൊടുത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കൊണ്ടു വന്ന കെ.പി.എം.ജി. യുടെ റിപ്പോർട്ടിനെ കുറിച്ചും മൂന്ന് മാസം കഴിഞ്ഞിട്ടും ഒന്നും കേൾക്കാനില്ല.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker