Articles

കെ.എൽ.സി.എ.യുടെ പിറവി

കെ.എൽ.സി.എ.യുടെ പിറവി

അഡ്വ. ഷെറി ജെ. തോമസ്

ഡിസംബർ 9 – ന് സമുദായ ദിനം ആഘോഷിക്കുവാനായി ഒരുങ്ങുമ്പോൾ കെ.എൽ.സി.എ. എന്ന സമുദായ സംഘടനയുടെ നാൾവഴികളെക്കുറിച്ച് അല്പം ചിന്തിക്കുന്നത് നല്ലതാണ്. 1914 മുതലുള്ള ചരിത്രമുണ്ട് ഇന്നത്തെ ലത്തീൻ സമുദായ സംഘടനയായ കെ.എൽ.സി.എ.യ്ക്ക്.

തിരുവിതാംകൂർ ലാറ്റിൻ ക്രിസ്ത്യൻ മഹാജനസഭ: ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം ശതകത്തിൽ കൊല്ലം കേന്ദ്രമാക്കി തിരുവിതാംകൂറിൽ രൂപം കൊണ്ടതാണ് ‘തിരുവിതാംകൂർ ലാറ്റിൻ ക്രിസ്ത്യൻ മഹാജനസഭ’. തിരുവിതാംകൂറിലെ ലത്തീൻ കത്തോലിക്കർ അധ:കൃതരാണ് എന്നുള്ള തിരുവിതാംകൂർ ദിവാൻ ഹബീബുള്ളയുടെ പ്രസ്താവനയാണ് ‘തിരുവിതാംകൂർ ലാറ്റിൻ ക്രിസ്ത്യൻ മഹാജനസഭ’യുടെ രൂപീകരണത്തിന് കാരണമായത്. ഈ പ്രസ്താവന ആനി മസ്ക്രീൻ, റിച്ചാർഡ് ഫെർണാണ്ടസ്, എ.പി. ലോപ്പസ്, ഫ്രാൻസിസ് ആറാടൻ, മയ്യനാട് ജോൺ, ഡാനിയൽ കണിയാൻകട തുടങ്ങിയ സമുദായ നേതാക്കളെ പ്രകോപിപ്പിച്ചു. തുടർന്ന്, കൊല്ലം പാടിപ്പിള്ളി മൈതാനത്തിൽ വച്ച് നടന്ന വമ്പിച്ച പ്രതിഷേധ സമ്മേളനം ഈ പ്രസ്താവനയ്ക്കെതിരെ പ്രമേയം പാസാക്കി ദിവാന് അയച്ചുകൊടുത്തു. പ്രമേയം കൈപ്പറ്റിയ ഉടൻ ദിവാൻ പ്രസ്താവന പിൻവലിച്ചു. ഈ സമ്മേളനത്തിൽ വച്ച്തന്നെ ‘തിരുവിതാംകൂർ ലാറ്റിൻ ക്രിസ്ത്യൻ മഹാജനസഭ’യുടെ രൂപീകരണവും നടന്നു. നിരവധി യൂണിറ്റുകളുമായി പ്രവർത്തന രംഗത്ത് സജീവമായിരുന്ന സംഘടന പക്ഷേ ക്രമേണ പ്രവർത്തന ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുകയും പ്രവർത്തനരഹിതമാവുകയും ചെയ്തു. എന്നാൽ 1946 -ൽ കൊല്ലത്തെ യുവജന നേതൃത്വം രംഗത്ത് വരികയും ഹെൻട്രി ഓസ്റ്റിൻ, ക്രിസ്ന്തങ് ഫെർണാണ്ടസ്, ജേക്കബ് അറക്കൽ, സി.ബി.ജോസഫ്, എൽ.ജി. പെരേര, ടി.വി. ഫ്രാൻസിസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വീണ്ടും ഉയർത്തെഴുന്നേറ്റ ‘തിരുവിതാംകൂർ ലാറ്റിൻ ക്രിസ്ത്യൻ മഹാജനസഭ’ 1956 വരെ നിലനിന്നു.

കാത്തലിക് അസോസിയേഷന്റെ രൂപീകരണം: 1967 -ൽ അണ്ണാമലൈ സർവകലാശാലയുടെ വൈസ് ചാന്സലറും ‘കാത്തലിക് യൂണിയന് ഓഫ് ഇന്ത്യ’യുടെ പ്രസിഡന്റുമായിരുന്ന രത്നസ്വാമി എറണാകുളത്തെത്തി. കേരള ടൈംസ് മാനേജര് ഫാ. ജോര്ജ്ജ് വെളിപ്പറമ്പിലും എഡിറ്റര് എം.എൽ. ജോസഫും അദ്ദേഹവുമായി നടത്തിയ അഭിമുഖവും സമുദായ പ്രവര്ത്തനത്തിന്റെ അനന്തമായ സാധ്യതകളെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണവും കേരള ടൈംസില് പ്രസിദ്ധീകരിച്ചു. അത് ദൂരവ്യാപകമായ സമുദായ മുന്നേറ്റചര്ച്ചകള്ക്ക് വഴി തെളിച്ചു.

അങ്ങനെ, 1914 -ൽ തുടങ്ങി 1920 നിലച്ചുപോയ കാത്തലിക്ക് അസോസിയേഷന് എന്ന സമുദായ സംഘടന പുന:സംഘടിപ്പിക്കേണ്ടതിനെക്കുറിച്ചുള്ള ചര്ച്ച വീണ്ടും സജീവമായി. 1967 ഒകടോബര് 12 – ന് കേരള ടൈംസിൽ കൂടിയ യോഗം സമുദായസംഘടയുടെ ആവശ്യകതയെപ്പറ്റിയുള്ള പ്രാരംഭചര്ച്ചകൾ തുടക്കമിട്ടു. പിന്നീട്, നവംബര് 27 – ന് വരാപ്പുഴ അതിരൂപതയുടെ വിവിധ ഇടവകകളില് നിന്നുള്ള പ്രതിനിധികള് പങ്കെടുത്ത യോഗം നടന്നു. അങ്ങനെ, ആര്ച്ച് ബിഷപ്പ് അട്ടിപ്പേറ്റിയുടെ അധ്യക്ഷതയില് 1967 ഡിസംബര് 12 – ന്  ‘കാത്തലിക് അസോസിയേഷൻ’ ഔദ്യോഗികമായി രൂപം കൊണ്ടു. ജെ.ഡി.വേലിയാത്ത് പ്രസിഡന്റും ഇ.പി.ആന്റണി ജനറൽ സെക്രട്ടറിയായും സമിതി നിലവിൽ വന്നു.

കെ.എൽ.സി.എ.യുടെ രൂപീകരണം: 1972 – ൽ കേരളത്തിലെ ലത്തീൻ ബിഷപ്പുമാരുടെ അംഗീകാരത്തോടെയും പിന്തുണയോടും കൂടി രൂപതാ തലത്തിൽ പ്രവർത്തിച്ചുവന്നിരുന്ന കേരള അസോസിയേഷനുകൾ ഒരു ഫെഡറേഷൻ എന്ന നിലയിൽ ഒരുമിച്ച് പ്രവർത്തിക്കുവാൻ തിരുമാനിച്ചുകൊണ്ടാണ് ‘കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ’ (കെ.എൽ.സി.എ.) സംസ്ഥാനതലത്തിൽ രൂപംകൊണ്ടത്. അങ്ങനെ, 1972 മാർച്ച് 26 -ന് എറണാകുളത്ത് ചേർന്ന ‘രൂപതാ കാത്തലിക് അസോസിയേഷനുകളുടെ പ്രതിനിധിയോഗ’മാണ് സംസ്ഥാനതല സംഘടനയ്ക്ക് രൂപം നൽകിയത്. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഷെവലിയാർ കെ.ജെ. ബെർളിയെ പ്രസിഡന്റായും ഇ.പി.ആന്റണിയെ ജനറൽ സെക്രട്ടറിയായും പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്തു. (സാമൂഹ്യ പ്രവർത്തന രംഗത്തെ അതികായൻ ആയിരുന്നു കെ.എൽ.സി.എ.യുടെ ആദ്യ പ്രസിഡന്റ് ഷെവലിയാർ കെ.ജെ. ബെർളി. ഉദാഹരണമായി,1925-ൽ 26 – മത്തെ വയസ്സിൽ കെ.ജെ. ബെർളി കൊച്ചിയിൽ ആദ്യത്തെ കോൺഗ്രസ് കമ്മിറ്റി രൂപികരിക്കുകയും, 1927 – ൽ ഗാഡിജീയുടെ ആഹ്വാന പ്രകാരം ഫോർട്ടുകൊച്ചിയിൽ ആദ്യത്തെ സമ്പൂർണ്ണമദ്യ നിരോധനത്തിന് നേതൃത്വം നൽകുകയും ചെയ്തിരുന്നു). സംസ്ഥാനവ്യാപകമായി ‘കേരള ലാറ്റിന് കത്തോലിക്ക് അസ്സോസ്സിയേഷൻ’ (കെ എൽ സി എ) ഇപ്പോഴും യാതൊരു ഭംഗവും ഇല്ലാതെ രൂപതകളിൽ പ്രവര്ത്തിക്കുന്നു.

കെ.എൽ.സി.എ. ഇന്ന്: 2002 – ൽ കെ.ആർ.എൽ.സി.സി. രൂപം കൊണ്ടപ്പോഴും കെ.ആർ.എൽ.സി.സി.യുടെ നിര്ദ്ദേശപ്രകാരമുള്ള നിയമാവലി പരിപൂർണമായി പാലിച്ചു പ്രവർത്തിച്ച്‌ വരുന്ന സമുദായ സംഘടനയാണ് കെ.എൽ.സി.എ. കേരളത്തിലെ എല്ലാ ലത്തീന് രൂപതകളിലേയും സമുദായാംഗങ്ങളെ സംഘടന എന്ന രീതിയിൽ കോര്ത്തിണക്കുന്നതിന് നിസ്തുലമായ പങ്കാണ് കേരള ലാറ്റിന് കത്തോലിക്ക് അസ്സോസ്സിയേഷൻ വഹിച്ചുപോരുന്നത്.

ഇന്ന് കേരളത്തിലെ എല്ലാ രൂപതകളിലും കെ.എൽ.സി.എ. പ്രവര്ത്തിക്കുന്നുണ്ട്. 2002 വരെ രൂപതകള്ക്ക് തനതായ നിയമാവലികളായിരുന്നുവെങ്കിൽ, ഇപ്പോള് കേരളമെമ്പാടും ഒരൊറ്റ നിയമാവലിയുടെ അടിസ്ഥാനത്തിലാണ് സംഘടന പ്രവര്ത്തിക്കുന്നത്. സമുദായ സംഘടനയെന്നാല് സമുദായത്തിന്റെ എല്ല വിഷയങ്ങളും ഏറ്റെടുക്കാന് കഴിയണം. അങ്ങനെ ഏറ്റെടുക്കാന് സമുദായ സംഘടനയെ സജ്ജമാക്കാനുള്ള ഉത്തരവാദിത്വം സഭയ്ക്കാണ്. രണ്ടാം വത്തിക്കാന് കൗണ്സിലിനു ശേഷം സഭയില് അല്മായരുടെ വിളിയും ദൗത്യവും സംബന്ധിച്ച് ചര്ച്ചകള് നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുമുണ്ട്.

സാമൂഹിക മേഖല (പ്രത്യേകിച്ച് രാഷ്ട്രീയം, നീതിന്യായം, കാര്യനിർവഹണം, മാധ്യമങ്ങൾ) സഭയുടെ നിയന്ത്രണത്തിലല്ല. എന്നാൽ, ഈ മേഖലയില് പ്രവര്ത്തിക്കാന് സഭയ്ക്ക് ഉത്തരവാദിത്വവുമുണ്ട്. സഭാ നേതൃത്വത്തിന് നേരിട്ട് ഇടപെടുവാൻ പരിമിതിയുള്ള സാമൂഹിക മേഖലയിൽ സഭയുടെ സാന്നിധ്യം ഉറപ്പിക്കുവാൻ, അതിന് സമുദായസംഘടനയെ ശക്തമാക്കാൻ കെ.എൽ.സി.എ.യ്ക്ക് ഉത്തരവാദിത്വമുണ്ട്

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker