Sunday Homilies

അവന്‍റെ രാജത്വം അനശ്വരമാണ്

അവന്‍റെ രാജത്വം അനശ്വരമാണ്

 

ആണ്ടുവട്ടത്തിലെ അവസാന ഞായര്‍ :

സര്‍വലോകരാജനായ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു

ഒന്നാം വായന : ദാനിയേല്‍ 7:2, 13-14
രണ്ടാംവായന : വെളിപാട് 1:5-8
സുവിശേഷം : വി. യോഹന്നാന്‍ 18:33-37

ദിവ്യബലിക്ക് ആമുഖം

ആരാധനാക്രമ വത്സരത്തിലെ അവസാന ഞായറായ ഇന്ന് നാം ക്രിസ്തുരാജത്വ തിരുനാള്‍ ആഘോഷിക്കുകയാണ്. 1925 -ല്‍ പീയൂസ് പതിനൊന്നാമന്‍ പാപ്പായാണ് ഈ തിരുനാള്‍ സഭയില്‍ സ്ഥാപിച്ചത്. യേശു ഈ ലോകത്തിന്‍റെ മുഴുവന്‍ രാജാവാണെന്ന് തിരുസഭ പ്രഖ്യാപിക്കുകയാണ്. യേശുവിന്‍റെ രാജത്വത്തിന്‍റെയും രാജ്യത്തിന്‍റെയും പ്രത്യേകതകളെന്താണെന്ന് ഇന്നത്തെ തിരുവചനങ്ങള്‍ വ്യക്തമാക്കുന്നു. യേശുവിന്‍റെ രാജ്യത്തിലെ പ്രജകളായ നമുക്കോരോരുത്തര്‍ക്കും തിരുവചനം ശ്രവിക്കാം തിരുബലിയര്‍പ്പിക്കാം.

ദൈവവചന പ്രഘോഷണ കര്‍മ്മം

യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,

രണ്ട് വ്യക്തികളിലൂടെ, രണ്ട് ശക്തികളെയും രണ്ട് രാജ്യത്വങ്ങളെയും ഇന്നത്തെ സുവിശേഷം നമ്മുടെ മുന്‍പിലവതരിപ്പിക്കുന്നു. ഒരുവശത്ത് യേശു: യേശുവിന്‍റെ രാജത്വത്തിന്‍റെ അടയാളം തന്നെ സത്യത്തിന് സാക്ഷ്യം നല്‍കുകയെന്നതാണ്, രാജാവെന്ന നിലയില്‍ അവന്‍റെ ശക്തി സ്നേഹമാണ്, മുഖ്യ ആയുധം കുരിശാണ്. മറുവശത്ത് പീലാത്തോസ്: സര്‍വ്വാധിപനായ റോമന്‍ ചക്രവര്‍ത്തിയെ പ്രതിനിധാനം ചെയ്യുന്ന ഏറ്റവും ശക്തമായ രാജ്യത്തിന്‍റെ അതിശക്തരായ ഗവര്‍ണര്‍മാരിലൊരാള്‍, സ്വന്തമായി സൈന്യവ്യൂഹവും കപ്പലുകളും സ്വത്തും ആയുധങ്ങളുമുണ്ട്. ഈ രണ്ട് വ്യത്യസ്തതകളും മുഖാഭിമുഖം അവതരിപ്പിച്ചുകൊണ്ട് നാമിതില്‍ ആരെ പിന്‍ചെല്ലുമെന്ന് സുവിശേഷകന്‍ ചോദിക്കുകയാണ്.
നമ്മുടെ കാലഘട്ടത്തും ഈ വേര്‍തിരിവ് വളരെ സ്പഷ്ടമാണ്. ഒരുവശത്ത് ഈ ലോകത്തിന്‍റെ അധികാരങ്ങള്‍, അവയിലെ ഭരണകര്‍ത്താക്കള്‍, മാനുഷിക മൂല്യങ്ങളെയും കുടുംബ ബന്ധങ്ങളെയും ശിഥിലമാക്കുന്ന അവരുടെ ചഞ്ചലമായ നിയമങ്ങള്‍, മറുവശത്ത് യേശുവെന്ന സത്യത്തിന് സാക്ഷ്യം നല്‍കുന്ന അവന്‍റെ സഭയും. സഭയുടെ ശക്തി യേശുവാണ്, ആയുധം കുരിശും സഹനവും. നാം രാജാവായി സ്വീകരിച്ചിരിക്കുന്നത് യേശുവിനെയാണ്. ക്രിസ്തു രാജത്വ തിരുനാള്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ തിരുസഭയില്‍ സ്ഥാപിച്ചത് തന്നെ “ആധുനിക പീലാത്തോസു” മാരെന്ന് വിശേഷിപ്പിക്കാവുന്ന നിരീശ്വരവാദവും ഭൗതികവാദവും സഭയ്ക്കെതിരെ അണി നിരന്ന കാലത്ത്, യേശു അവരെയും വിജയിക്കുന്ന, ഈ പ്രപഞ്ചത്തിന്‍റെ മുഴുവന്‍ രാജാവും ഭരണാധികാരിയുമെന്ന് കാണിയ്ക്കാനാണ്.

യേശു എങ്ങനെയുളള രാജാവാണെന്നും അവന്‍റെ രാജത്വത്തിന്‍റെ പ്രത്യേകതയെന്തെന്നും ദാനിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നുളള ഒന്നാം വായനയും വെളിപാട് പുസ്തകത്തില്‍ നിന്നുളള രണ്ടാം വായനയും വ്യക്തമാക്കുന്നു. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലം മുതല്‍ തുടങ്ങിയ ഗ്രീക്ക് അധിനിവേശത്താല്‍ ഞെരുക്കപ്പെടുന്ന യഹൂദരെ ആശ്വസിപ്പിക്കുകയാണ് ദാനിയേല്‍ പ്രവാചകന്‍റെ വാക്കുകളെങ്കില്‍, യേശുവിന്‍റെ ഉത്ഥാനത്തിനു ശേഷം ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍ കീഴില്‍ പീഡകളും ഞെരുക്കങ്ങളും അനുഭവിച്ച ഏഷ്യാ മൈനറിലെ സഭകളെ ആശ്വസിപ്പിക്കുന്നതാണ് വെളിപാട് പുസ്തകത്തിലെ വി. യോഹന്നാന്‍റെ വാക്കുകള്‍. അതായത് ഈ തിരുവചനങ്ങള്‍ എഴുതപ്പെട്ടത് തന്നെ ഞെരുക്കപ്പെടുന്നവരെ ആശ്വസിപ്പിക്കാനാണ്. ചരിത്രപരമായ ഈ നിരീക്ഷണം ഇന്നത്തെ നമ്മുടെ സഭയ്ക്കും ശക്തിപകരുന്നു. ദാനിയേല്‍ പ്രവാചകന്‍റെ പുസ്തകത്തിലെ വാനമേഘങ്ങളില്‍ വരുന്ന അതിശക്തനായ മനുഷ്യ പുത്രന്‍ വെളിപാട് പുസ്തകത്തിലെ ഉത്ഥിതനായ യേശുക്രിസ്തുതന്നെയാണ്. അവന്‍റെ സഭയെ അവന്‍ ശക്തിപ്പെടുത്തും, അവളുടെ ശത്രുക്കളെ അവന്‍ നശിപ്പിക്കും. ഈ ലോകത്തിന്‍റെ മുഴുവന്‍ രാജാവായി യേശു എന്നേക്കും വാഴും.

ഇന്നത്തെ തിരുവചനങ്ങളില്‍ നാം കേട്ട രണ്ടു വാക്കുകളാണ് രാജ്യം, ഭരണം എന്നിവ. ഈ വാക്കുകളെ നമുക്കു നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്താം. നമുക്കെല്ലാവര്‍ക്കും സ്വന്തമായി ഒരു രാജ്യമുണ്ട്. ചിലര്‍ക്ക് അവരുടെ വീട്, ചിലര്‍ക്ക് വീടിനുളളിലെ സ്വന്തം മുറി, അവിടെ കാര്യങ്ങള്‍ എങ്ങനെ ക്രമീകരിക്കണമെന്ന് അവര്‍ തീരുമാനിക്കും. വീടും മുറിയും കഴിഞ്ഞാല്‍ പിന്നെ നമ്മുടെ മാത്രമായ വ്യക്തിജീവിതം, നമ്മുടെ ഹൃദയത്തിന്‍റെ ഉളളറ “എന്നെഞാനാക്കുന്ന സ്വത്വം.” സ്വന്തം ജീവിത പങ്കാളിയോടോ, മാതാപിതാക്കളോടൊ, സുഹൃത്തുക്കളോടൊ, പോലും പങ്കുവച്ചിട്ടില്ലാത്ത നമ്മുടെ ഏറ്റവും വ്യക്തിപരമായ ജീവിതം അഥവാ എന്‍റെ സ്വന്തം രാജ്യം. ഇങ്ങനെയൊരു രാജ്യം നമുക്കോരോരുത്തര്‍ക്കുമുണ്ട്. പക്ഷേ ചോദ്യമിതാണ്. ആരാണ് അവിടെ രാജാവ്? നമ്മുടെ സ്വന്തം രാജ്യത്തില്‍ നാം യേശുവിനെ ഭരിക്കാന്‍ അനുവദിക്കണം, നമ്മുടെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും അവന്‍റെ വചനങ്ങളാല്‍ നയിക്കപ്പെടണം.

യേശുവിനെ ഭരിക്കാന്‍ അനുവദിക്കുകയെന്നുളളതു വളരെ പ്രധാനപ്പെട്ടതാണ്. കാരണം യേശു നമ്മെ ഭരിച്ചില്ലെങ്കില്‍ മറ്റുപല വ്യക്തികളും ആശയങ്ങളും സ്വഭാവങ്ങളും നമ്മെ ഭരിക്കും. പലപ്പോഴും നാമതിനെ ഭരിക്കുക എന്നല്ല പറയുന്നത്. ചില വ്യക്തികളെ അവരുടെ ഉദ്കണ്ഠകളും ആകുലതകളും ഭരിക്കാറുണ്ട്. നാമതിനെ പേടി എന്നുവിളിക്കുന്നു. മറ്റുചിലരെ മദ്യവും മയക്കുമരുന്നും ദുശീലങ്ങളും ഭരിയ്ക്കാറുണ്ട്. നാമതിനെ ആസക്തി എന്നുവിളിക്കുന്നു. ഞായറാഴ്ചകളില്‍ വി.കുര്‍ബാനയ്ക്ക് പങ്കെടുക്കാതെ പഠിക്കുന്ന കുട്ടി വിജയം എന്ന ആശയത്താല്‍ മാത്രം ഭരിയ്ക്കപ്പെടുകയാണ്. ഞായറാഴ്ച ദൈവാലയത്തില്‍ വരാതെ മറ്റ് കാര്യങ്ങളില്‍ വ്യാപൃതരാകുന്നവര്‍ ആ മറ്റ് കാര്യങ്ങളാല്‍ ഭരിയ്ക്കപ്പെടുകയാണ്. ഇത്തരത്തില്‍ മറ്റുളളവയാല്‍ ഭരിയ്ക്കപ്പെടാന്‍ നാം നമ്മെ തന്നെവിട്ട് കൊടുത്താല്‍ അവസാനം ജീവിതം പരാജയമായി മാറും. എന്നാല്‍ നമ്മുടെ
ജീവിതങ്ങളെ യേശു എന്ന രാജാവിനാല്‍ ഭരിക്കപ്പെടാന്‍ അനുവദിച്ചാല്‍ അവന്‍ നമ്മുടെ ജീവിതങ്ങളെ മാറ്റി മറിയ്ക്കും. നാം പോലുമറിയാതെ നമ്മെ അതിശയിപ്പിക്കുന്ന രീതിയില്‍ അവന്‍ നമ്മെ രൂപാന്തരപ്പെടുത്തും. നമുക്കും യേശുവിനെ രാജാവായി സ്വീകരിക്കാം. നമ്മുടെ ജീവിതങ്ങളെ അവന്‍ ഭരിക്കട്ടെ.

ആമേന്‍.

പ്രിയ സഹോദരങ്ങളെ,

ഒരു ആരാധനാ ക്രമവത്സരം അവസാനിക്കുകയാണ്. ഈ ഒരു വർഷം പ്രസംഗം എഴുതാൻ സാധിച്ചതിൽ ദൈവത്തിന് നന്ദിയർപ്പിക്കുന്നു. പ്രിയ വൈദിക സുഹൃത്തുക്കൾക്ക് ആനുകാലിക സംഭവങ്ങളുമായോ, ചെറുകഥകളുമായോ ബന്ധപ്പെടുത്തി പറയത്തക്കവിധത്തിൽ തിരുവചനങ്ങളിലും ബൈബിൾ വിജ്ഞാനീയത്തിലും അധിഷ്‌ഠിതമായി എഴുതാൻ പരിശ്രമിച്ചു. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. സ്നേഹത്തോടെ ഫാ.സന്തോഷ്‌.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker