Sunday Homilies

ആരാണ് സ്നാപക യോഹന്നാന്‍? ആരാണ് ക്രിസ്തു?

ആരാണ് സ്നാപക യോഹന്നാന്‍? ആരാണ് ക്രിസ്തു?

ആഗമനകാലം മൂന്നാം ഞായര്‍
ഒന്നാം വായന : സെഫാ. 3:14-17
രണ്ടാംവായന : ഫിലി. 4:4-7
സുവിശേഷം : വി. ലൂക്ക 3:10-18

ദിവ്യബലിക്ക് ആമുഖം

ആഗമന കാലം മൂന്നാം ഞായറിനെ Gaudete (ഗൗദേത്തെ) അഥവാ സന്തോഷിച്ചുല്ലസിക്കുവിന്‍, ആഹ്ളാദിക്കുവിന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. കര്‍ത്താവ് അരികില്‍ എത്തിയിരിക്കുന്നു എന്നതാണ് സന്തോഷത്തിനുളള കാരണം. എല്ലാവര്‍ക്കും പ്രത്യേകിച്ച് ആഗമന കാലത്തില്‍ ഉപവാസം അനുഷ്ഠിക്കുന്നവര്‍ക്കും തീഷ്ണമായി പ്രാര്‍ഥിച്ചൊരുങ്ങുന്നവര്‍ക്കും ഇത് ഒരു സദ് വാര്‍ത്തയാണ്. അതുകൊണ്ടാണ് ഈ ഞായറിനെ ഇപ്രകാരം വിശേഷിപ്പിക്കുന്നത്. യേശുവിനെ കാത്തിരിക്കുന്നതിലെ സന്തോഷവും ആഹ്ളാദവും എപ്രകാരമുളളതാണെന്ന് ഇന്നത്തെ തിരുവചനങ്ങള്‍ വെളിപ്പെടുത്തുന്നു. തിരുവചനം ശ്രവിക്കാനും നിര്‍മ്മലമായ ഒരു ബലി അര്‍പ്പിക്കാനായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണ കര്‍മം

യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരി സഹേദരന്മാരെ,

നാമിന്ന് വി.ലൂക്കായുടെ സുവിശേഷം 3-ാം അധ്യായം 10-18 വരെയുളള ഭാഗങ്ങളാണ് നാം ശ്രവിച്ചത്. ഈ സുവിശേഷ ഭാഗത്തെ നമുക്ക് രണ്ടായി തിരിക്കാം. ഇതിന്‍റെ രണ്ടാമത്തെ ഭാഗം (15-18) വരെയുളള വാക്യങ്ങള്‍ യേശുവിനെക്കുറിച്ചുളള സ്നാപക യോഹന്നാന്‍റെ സാക്ഷ്യമാണ്. യേശുവിന്‍റെ അനുയായികളും സ്നാപകന്‍റെ ശിഷ്യന്മാരും സമാന്തരമായി നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹങ്ങളില്‍ നിലനിന്ന പ്രസക്തമായ ചോദ്യമാണ് ആരാണ് സ്നാപക യോഹന്നാന്‍? ആരാണ് ക്രിസ്തു? വി.ലൂക്കാ സുവിശേഷകന്‍ ആ സമൂഹത്തിനും ഇന്നു നമുക്കും വ്യക്തമായ വ്യത്യാസങ്ങളോടെ അവര്‍ ആരൊക്കെയാണെന്ന് കാണിച്ചു തരുന്നു. യോഹന്നാന്‍ ജലം കൊണ്ട് സ്നാനം നല്‍കുന്നു. യേശുവാകട്ടെ പരിശുദ്ധാത്മാവിനാലും അഗ്നിയാലും. എന്തിനേറെ, ദൈവപുത്രനായ യേശുവിന്‍റെ ചെരുപ്പിന്‍റെ കെട്ടഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ലെന്ന് (യജമാനന്‍റെ ചെരുപ്പിന്‍റെ കെട്ടഴിക്കുന്നത് അക്കാലത്ത് അടിമകളുടെ കടമയായിരുന്നു) സ്നാപകന്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നു. ഇന്ന് നമുക്ക് യേശുവും സ്നാപക യോഹന്നാനും തമ്മിലുളള വ്യത്യാസം വളരെ വ്യക്തമാണ്.

നമ്മുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നത് സുവിശേഷത്തിന്‍റെ ആദ്യഭാഗമാണ് (10-14). അവിടെ ജനക്കൂട്ടം സ്നാപകനോടു ചോദിക്കുകയാണ് ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്? ഉത്തരമായി അദ്ദേഹത്തെപ്പോലെ മരുഭൂമിയില്‍ ജീവിക്കാനോ, ഒട്ടക രോമം ധരിക്കാനോ സ്നാപകന്‍ പറയുന്നില്ല. മറിച്ച് ഓരോരുത്തരും ഏത് ജീവിതാവസ്ഥയിലാണോ ആ അവസ്ഥയില്‍ അവരുടെ തൊഴിലിന്‍റെയും ജീവിത ശൈലിയുടെയും അടിസ്ഥാനത്തില്‍ മറുപടി നല്‍കുന്നു.

ആദ്യത്തെ ഗ്രൂപ്പിനോടു പറയുന്നത് അവര്‍ക്കുളളത് (വസ്ത്രവും ആഹാരവും) അത് ഇല്ലാത്തവരുമായി “പങ്കുവയ്ക്കാനാണ്.”

രണ്ടാമത്തെ ഗ്രൂപ്പുകാര്‍ ചുങ്കക്കാരാണ് റോമന്‍ ഭരണകൂടത്തിന് വേണ്ടി കരം പിരിക്കുന്ന ചുങ്കക്കാര്‍ പലപ്പോഴും ന്യായമായതിലും കൂടുതല്‍ കരം നിര്‍ബന്ധപൂര്‍വം വാങ്ങുമായിരുന്നു. സ്വാഭാവികമായും ഈ സ്വഭാവം അവരെ സമൂഹത്തില്‍ ഏറ്റവും വെറുക്കപ്പെട്ടവരാക്കി. അവരോടു സ്നാപകന്‍ പറയുന്നത് നിങ്ങളോടു ആജ്ഞാപിച്ചതില്‍ കൂടുതല്‍ ഈടാക്കരുത് എന്നാണ്. “അതായത് ജീവിതത്തില്‍ ന്യായമായതേ ചെയ്യാവൂ.”

മൂന്നാത്തെ ഗ്രൂപ്പായ പടയാളികളോട് ഭീഷണിപ്പെടുത്തരുത്, വ്യാജമായ കുറ്റാരോപണം ചെയ്യരുത് എന്ന് പറഞ്ഞുകൊണ്ട് “ചില കാര്യങ്ങള്‍ ചെയ്യരുതെന്ന് നിര്‍ദ്ദേശിക്കുന്നു.”

ക്രിസ്മസിനോട് അടുത്തുകൊണ്ടിരിക്കുന്ന നമുക്ക് യേശുവിനെ കാണാനുളള ഒരുക്കത്തിനായി ഇതിലും നല്ല നിര്‍ദ്ദേശങ്ങള്‍ ലഭിക്കാനില്ല. സ്നാപക യോഹന്നാന്‍ നമ്മുടെ ദൈനംദിന ജീവിതത്തെയും നമ്മുടെ തൊഴിലിനെയും ഉപജീവന മാര്‍ഗ്ഗത്തെയും ബന്ധങ്ങളെയും ആത്മ പരിശോധന നടത്തി പങ്കുവയ്ക്കാനും, ന്യായമായതു മാത്രം ചെയ്യാനും, ചില കാര്യങ്ങള്‍ ചെയ്യാതിരിക്കാനും ആവശ്യപ്പെടുന്നു. ഈ കാര്യങ്ങള്‍ ദൈനംദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ ഇന്നത്തെ ഒന്നാം വായനയില്‍ സെഫാനിയ പ്രവാചകന്‍റെ പുസ്തകത്തില്‍ ശ്രവിച്ച ആനന്ദ ഗാനാലാപനവും ആര്‍പ്പുവിളിയും രണ്ടാം വായനയില്‍ ശ്രവിച്ച കര്‍ത്താവിലുളള സന്തോഷവും നമ്മുടെ ജീവിതത്തില്‍ നിറയും. ഇത് ഉപരിപ്ലവമായ സന്തോഷമല്ല മറിച്ച്, ദൈവവചനത്താല്‍ നമ്മുടെ ജീവിതം നവീകരിക്കപ്പെടുമ്പോള്‍ ലഭിക്കുന്ന ആത്മീയ സന്തോഷമാണ്. ഈ സന്തോഷത്താല്‍ നിറയാന്‍ സ്നാപക യോഹന്നാന്‍റെ വാക്കുകളനുസരിച്ച് നമുക്കും നമ്മുടെ ദൈനംദിന ജീവിതത്തെ ആത്മ പരിശോധനയ്ക്കായി വിധേയമാക്കാം.

ആമേന്‍

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker