Kerala

സുക്കോളച്ചൻ: മലബാറിന്റെ സ്വന്തം വിശുദ്ധൻ

സുക്കോളച്ചൻ: മലബാറിന്റെ സ്വന്തം വിശുദ്ധൻ

ഫാ.രാജു ക്രിസ്തുദാസൻ

കണ്ണൂർ: ജന്മംകൊണ്ട് ഇറ്റാലിക്കാരെനെങ്കിലും കർമംകൊണ്ട് മലയാളിയായിമാറിയ ‘മലബാറിന്റെ മഹാമിഷണറിയായ സുക്കോളച്ചൻ’ എന്ന ഫാ. ലിനസ് മരിയ സുക്കോൾ എസ്.ജെ. വിശുദ്ധനാകുന്നതും കാത്തിരിക്കുകയാണ് മലബാർജനത. അദ്ദേഹത്തിന്റെ വേർപാടിന് അഞ്ച് വയസാകുന്നതേയുളളൂവെങ്കിലും പുണ്യമായ ജീവിതത്തിലൂടെ അദ്ദേഹം ജനഹൃദയങ്ങളിൽ സ്ഥിര പ്രതിഷ്ഠ നേടിക്കഴിഞ്ഞു. 2014 ജനുവരി 6 – നായിരുന്നു 97 വയസായിരുന്ന അദ്ദേഹത്തിന്റെ വിയോഗം.

കേരളത്തിൽ കത്തോലിക്കാവിശ്വാസം നട്ടുനനച്ചു വളർത്തിയ തീക്ഷ്ണമതികളായ യൂറോപ്യൻ മിഷണറിമാരുടെ പരമ്പരയിലെ ഒരുപക്ഷേ, അവസാനത്തെ കണ്ണിയായ ഇദ്ദേഹം നടത്തിയത് സമാനതകളില്ലാത്ത സേവനങ്ങളാണ്. 15000 – ലധികം വീടുകൾ, വിവിധ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ഇരുപതിനായിരത്തിലേറെ കിണറുകൾ തുടങ്ങിയവ നിർമിച്ചുകൊടുത്ത അദ്ദേഹം പാവപ്പെട്ടവരുടെ ഉന്നമനത്തിന് ഒരുക്കിയ ജീവനോപാധികൾ നിരവധിയായിരുന്നു.
തയ്യൽയന്ത്രം, കറവപ്പശു, ആട്, ഓട്ടോറിക്ഷ എന്നിവ ലഭ്യമാക്കിയ അദ്ദേഹത്തിൽനിന്ന് ചികിത്സാസഹായമുൾപ്പെടെ ലഭ്യമായവർ ലക്ഷക്കണക്കിനായിരുന്നു. കൂടാതെ, 50 – ൽപ്പരം സന്യാസഭവനങ്ങളും 20 – ൽപ്പരം പാരിഷ് കമ്യൂണിറ്റികളും 25 – ൽപ്പരം ദേവാലയങ്ങളും അദ്ദേഹം സ്ഥാപിച്ചു.

1948 – ൽ കേരളം മിഷൻഭൂമിയാക്കിയ ഫാ.സുക്കോൾ 40 വർഷമായി പരിയാരത്തെ മരിയാപുരം നിത്യസഹായമാതാ ദേവാലയ വികാരിയായിരുന്നു. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ വേദപ്രചാരണപാരമ്പര്യം പിൻപറ്റിയ ‘ഒരു യഥാർത്ഥ ഈശോസഭ’ക്കാരൻ, ‘ജീവിച്ചിരിക്കുന്ന അത്ഭുതം’ എന്നിങ്ങനെയൊക്കെ ഇതരമതസ്ഥരും കമ്യൂണിസ്റ്റുകാരുമൊക്കെ വിശേഷിപ്പിച്ച സുക്കോളച്ചന്റെ ജീവിതത്തിലൂടെ ചെറിയൊരു യാത്ര.

സുക്കോളച്ചന്റെ ജീവിതവും ചരിത്രവും

ഇറ്റലിയിൽ ജുസപ്പെ – ബർബെര ദമ്പതികളുടെ പുത്രനായി 1916 ഫെബ്രുവരി എട്ടിനായിരുന്നു ജനനം. സുക്കോൾ കുടുംബത്തിൽ പിറന്ന ആദ്യത്തെ രണ്ടു കുഞ്ഞുങ്ങളും ശൈശവത്തിൽ തന്നെ മരണമടഞ്ഞിരുന്നതിനാൽ, ഈ ദമ്പതികൾ ഇങ്ങനെ പ്രാർത്ഥിച്ചു: ‘മൂന്നാമതു പിറക്കുന്നത് ആൺകുഞ്ഞാണെങ്കിൽ ദൈവസേവനത്തിനയക്കാം’. അങ്ങനെ മൂന്നാമതു പിറന്ന കുഞ്ഞിന് വിശുദ്ധ പത്രോസിന്റെ ആദ്യ പിൻഗാമിയായ ലീനോസ് പാപ്പയുടെ പേരാണ് ഇവർ കൊടുത്തത് – ‘ലിനോസ് മരിയ സുക്കോൾ’.

പ്രാഥമിക പഠനങ്ങൾക്ക് ശേഷം,12ാം വയസിൽ സെമിനാരിയിൽ ചേർന്നു. ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങളെ എതിരിട്ട് സാമ്രാജ്യം കെട്ടിപ്പടുക്കാൻ മുസോളിനിയുടെ നേതൃത്വത്തിൽ രാജ്യം പടപൊരുതുന്ന കാലമായിരുന്നു അത്. ഇതിൽ ആവേശംകൊണ്ട സുക്കോൾ സെമിനാരിയിൽനിന്ന്, പട്ടാളത്തിൽ ചേരാൻ ഒളിച്ചോടാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, സാമ്രാജ്യം കീഴടക്കേണ്ടത് കുരുത്തിലൂടെയല്ലെന്നും ഹൃദയപരിവർത്തനത്തിലൂടെയാണെന്നും ഉൾബോധം ലഭിച്ച അദ്ദേഹം സെമിനാരിയിൽ തുടർന്നു. എന്നാൽ സുക്കോളിന്റെ സഹോദരൻ സൈന്യത്തിൽ ചേർന്നു.

തുടർന്ന്,1940 – ൽ തിരുപ്പട്ടം സ്വീകരിച്ച ഫാ. സുക്കോൾ മൂന്നു വർഷത്തിനുശേഷം ഈശോസഭയിൽ ചേർന്നു. 1944 ഫെബ്രുവരി രണ്ടിനായിരുന്നു നിത്യവ്രതവാഗ്ദാനം. വൈദീക ജീവിതത്തിന്റെ ആദ്യകാലങ്ങൾ ആഫ്രിക്കയിലും ജപ്പാനിലും പ്രവർത്തിച്ചശേഷം, 1948 – ൽ ഇന്ത്യയിലേക്ക് കപ്പൽ കയറി. മുംബൈയിൽ നിന്ന് കേരളത്തിലെത്തിയ അദ്ദേഹം രണ്ടു മാസത്തിനുള്ളിൽ മലയാളവും ഇംഗ്ലീഷും ഏറെക്കുറേ വശത്താക്കി പ്രേഷിതപ്രവർത്തനത്തിനിറങ്ങി. കോഴിക്കോട് രൂപതയുടെ മിഷൻ പ്രദേശമായ വയനാട്ടിലെ ചുണ്ടേൽ വിശുദ്ധ യൂദാതദേവൂസ് (First St Jude’s Shrine in India) ഇടവകയിലായിരുന്നു ആദ്യ നിയമനം.

തിരുവിതാംകൂറിൽ നിന്നുള്ള കർഷകകുടിയേറ്റത്തിന്റെ കാലമായിരുന്നു അത്. ചുണ്ടേൽ മുതൽ സുൽത്താൻബത്തേരി വരെ വ്യാപിച്ച മിഷൻ പ്രദേശത്തെ അജഗണത്തെ സന്ദർശിക്കാൻ വയനാടൻ മലമടക്കുകളിലൂടെയുള്ള സഞ്ചാരം സൈക്കിളിലായിരുന്നു. മൂന്നു വർഷക്കാലത്തെ സേവനത്തിനിടയിൽ ചുണ്ടേലിൽ വിശുദ്ധ യൂദാതദേവൂസിന്റെ പേരിൽ തീർത്ഥാടന ദേവാലയം നിർമിച്ചു.

തുടർന്ന്, 1951 – ൽ പള്ളിക്കുന്നിലേക്കു മാറ്റം. പഴവർഗ കൃഷിയിലുള്ള തന്റെ കുടുംബപാരമ്പര്യം പ്രയോജനപ്പെടുത്തിയ നാളുകളായിരുന്നു അത്. ദേവാലയത്തിന്റെയും ഇടവകജനത്തിന്റെയും കൃഷിത്തോട്ടങ്ങൾ മികവുറ്റതാക്കി. വയനാട്ടിലെ ആദിവാസി വിഭാഗമായ കുറിച്യർക്കു രക്ഷകനെപോലെയായിരുന്നു അദ്ദേഹത്തിന്റെ ആഗമനം. അടിമകളെപ്പോലെ കഴിഞ്ഞ അവർക്കു സ്വന്തമായി ഭൂമി വാങ്ങി നല്കി. ഇത് പിന്നീട് അദ്ദേഹം ചെയ്യാനിരുന്ന പല സാമൂഹ്യ ഇടപെടലുകൾക്കും തുടക്കമായിരുന്നു.

സഹായങ്ങൾ നൽകുന്നതിൽ ജാതിയും മതവും നോക്കാതിരുന്നതുകൊണ്ട് തന്നെ, ഗുണഭോക്താക്കളിൽ വലിയൊരു വിഭാഗം അക്രൈസ്തവരായിരുന്നു. ഇത് അദ്ദേഹത്തിനുണ്ടായിരുന്ന ആഴമായ ദൈവ-മനുഷ്യ ബന്ധത്തിന്റെ ചിത്രം കൂടുതൽ വ്യക്തമാക്കുന്നു. തന്റെ സേവനപ്രവർത്തനങ്ങൾക്കിടയിൽ പരിചയപ്പെട്ട വിദേശത്തും സ്വദേശത്തുമുള്ള മനുഷ്യസ്നേഹികളായ സഹകാരികളും സുഹൃത്തുക്കളുമായിരുന്നു പാവങ്ങൾക്കു സഹായങ്ങൾ എത്തിക്കുന്നതിൽ സുക്കോളച്ചന് പിന്തുണയായിരുന്നത്.

പിന്നീട്, 1954 – ൽ ‘ചിറയ്ക്കൽ മിഷനി’ലെത്തിയതോടെയാണ് അദ്ദേഹത്തിന്റെ പ്രവർത്തനരംഗം തീർത്തും കണ്ണൂരായി മാറിയത്. അന്നത്തെ മലബാർ ജില്ലയുടെ ഒരു താലൂക്കായിരുന്നു മലബാറിലെ തന്നെ ഏറ്റവും അവികസിതമായ പ്രദേശങ്ങളിലൊന്നെന്ന് അറിയപ്പെട്ടിരുന്ന ‘ചിറയ്ക്കൽ’. ചിറക്കലിലെ മാടായി ഇടവകയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യനിയമനം. വിശ്വാസികളുടെ പൂർണ പങ്കാളിത്തത്തോടെ വിശുദ്ധ കുരിശിന്റെ ആകൃതിയിൽ മനോഹരമായ ഒരു ദേവാലയം ഇവിടെ പണിതുയർത്തി. സുവിശേഷപ്രവർത്തനവും സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന വിശ്വാസമായിരുന്നു സുക്കോളച്ചനെ നയിച്ചിരുന്നത്.

തുടർന്ന്, 1957 – ൽ പഴയങ്ങാടി ഇടവകയിലെത്തിലേയ്ക്ക് സ്ഥലം മാറ്റം. അവിടെ നിന്ന് 1963 – ൽ പട്ടുവത്തിലേയ്ക്ക്. 11 വർഷം ഇവിടമായിരുന്നു സേവന പന്ഥാവ്. ഇതിനിടയിൽ പിലാത്തറ, പരിയാരം, അരിപ്പാബ്ര, കാരക്കുണ്ട്, കണ്ണാടിപ്പറമ്പ്, മരിയപുരം എന്നീ മിഷൻ സ്റ്റേഷനുകൾക്ക് തുടക്കം കുറിച്ചു. ചിറയ്ക്കൽ മിഷൻ പ്രദേശം തന്റെ സ്വന്തം പ്രവർത്തന മേഖലയും ജീവിത ലക്ഷ്യവുമായായാണ് സുക്കോളച്ചൻ കരുതിയിരുന്നത്.

ഇക്കാലത്താണ് ദീനസേവന സഭാ സ്ഥാപകയായ മദർ പേത്രയെ പരിചയപ്പെടുന്നത്. പാവപ്പെട്ടവരെ സേവിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച മദർ പേത്രയ്ക്ക് ഫാ.സുക്കോൾ എല്ലാവിധ പിന്തുണയും വാഗ്ദാനംചെയ്തു. അതിന്റെ ഫലമാണ് ഇന്ന് കാണുന്ന പട്ടുവം കേന്ദ്രമാക്കി മദർ പേത്ര സ്ഥാപിച്ച ‘ദീന സേവനസഭ’. സുക്കോളച്ചൻ വാങ്ങിയ വിശാലമായ സ്ഥലം, അനാഥർക്കും ആലംബഹീനർക്കും അഗതികൾക്കും ഈമണ്ണിൽ ഒരു ആവൃതിയുടെ സംരക്ഷണം അത്യാവശ്യമാണെന്ന് മനസിലാക്കി ദീന സേവനസഭയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു. പിൽക്കാലത്ത്, ഈസ്ഥലം ദീനസേവന സഭയുടെ മാതൃഭവനവും ആസ്ഥാനവുമായി. (2002 – ൽ പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ട ദീനസേവനസഭയ്ക്കു വളർച്ചയുടെ പടവിൽ, എല്ലാവിധ പ്രോത്സാഹനവും സഹായവും സഹകരണവും നൽകിയത് സുക്കോളച്ചൻ എന്ന നവയുഗ പ്രവാചകൻ ആയിരുന്നു).

1974 – ൽ സുക്കോളച്ചന്റെ കർമ്മ മണ്ഡലം പരിയാരത്തിനടുത്തുള്ള മരിയപുരമായി. ഇവിടെ പ്രവർത്തിക്കവേ മങ്കര, കുറുമാത്തൂർ, കായപ്പൊയിൽ, പൂവം, ബക്കളം, ഏറ്റുകുടുക്ക, കാവുംചാൽ, മുടിക്കാനം, ശ്രീസ്ഥ, പരിയാരം, മടക്കാംപൊയിൽ എന്നീ മിഷൻ സ്റ്റേഷനുകളും ആരംഭിച്ചു. തുടർന്ന്, ഇവിടെയൊക്കെ ദേവാലയങ്ങളും നിർമ്മിച്ചു. തളിപ്പറമ്പിനു ചുറ്റുമായി മാത്രം 20 – ൽപ്പരം ദേവാലയങ്ങളാണ് വിശ്വാസികൾക്കായി അദ്ദേഹം നിർമിച്ചത്. തുടർന്ന്, ഈ ദേവാലയങ്ങളൊക്കെ സ്വതന്ത്ര ഇടവകകളായും, പില്ക്കാലത്ത് ‘കണ്ണൂർ രൂപതാ’ സ്ഥാപനത്തിനും കാരണമായി.

1980 – ൽ ഇന്ത്യൻ പൗരത്വം നേടിയ അദ്ദേഹം, വോട്ടവകാശം വിനിയോഗിക്കാനുള്ള ഒരവസരവും പാഴാക്കിയില്ല. വേദി ഏതായാലും മലയാളത്തിൽ പ്രസംഗിക്കുന്നതായിരുന്നു ശീലം. ശ്വാസകോശ അർബുദവും പ്രായത്തിന്റെ അവശതകളും അലട്ടിയിരുന്നെങ്കിലും, മരണംവരെ കർമ്മ ഭൂമിയിൽ കർത്തവ്യനിരതനായിരുന്നു സുക്കോളച്ചൻ.

ഈ അജപാലകൻ ‘ജീർണിച്ച ഒരു ഒറ്റമുറി ഓഫീസിൽ, പുരാതനമായൊരു പോർട്ടബ്ൾ ടൈപ്പ് റൈറ്ററും, ഓഫീസിനോടു ചേർന്ന് ഷീറ്റും കാർഡ്ബോർഡും തുണിയും കൊണ്ട് മറച്ചുണ്ടാക്കിയ ചായ്പ്പുപോലുള്ള കിടപ്പുമുറിയിലായിരുന്നു താമസം’. അലമാരകൾ നിറയെ പുസ്തകങ്ങൾ, കാലിളകിയ തീൻമേശമേൽ ഒരു കോപ്പ കഞ്ഞിയും, പഴുത്ത പപ്പായക്കഷണങ്ങളുമായിരുന്നു ദരിദ്ര-സമ്പന്മാർക്കിടയിലെ ജീവിതത്തിൽ അദ്ദേഹത്തെ വേറിട്ടവനാക്കിയത്. സുക്കോളച്ചന്റെ ‘ജീവിതസൗകര്യങ്ങൾ’ തിരിച്ചറിഞ്ഞ പലരും, അല്പം കൂടെ സൗകര്യങ്ങൾ ആകാമെന്ന് പലവട്ടം ഉപദേശിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ചെറു ചിരിയോടെ “ദാരിദ്ര്യം ആത്മീയതയുടെ മറ്റൊരു ഭാവമാണെന്ന്” ഉത്തരം നൽകി. പപ്പായയും മാമ്പഴവുമായിരുന്നു മുഖ്യഭക്ഷണം, ഒപ്പം ആഹാരക്രമത്തിൽ തേനിനും പ്രധാനൃം നൽകിയിരുന്നു.

പ്രായത്തിന്റെ അവശതയിലും ഇടവക ജനങ്ങളെ കാണുന്നതിനും അവശരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനും സമയം കണ്ടെത്തിയിരുന്നു. അക്കാലങ്ങളിൽ പൊതുവെ വൈദികർ ശീലിച്ചിരുന്ന ഉച്ചയുറക്ക സമയവേളയിൽ, സുക്കോളച്ചനെ കാണണമെങ്കിൽ ദേവാലയത്തിൽ ചെല്ലണമായിരുന്നു. അവിടെ യാമപ്രാർത്ഥനയിലും വ്യക്തിഗത പ്രാർത്ഥനകളിലും മുഴുകി നിൽക്കുന്ന അച്ചനെ കാണാമായിരുന്നു. ബാക്കി സമയങ്ങളിൽ ജീപ്പിൽ കയറി തന്റെ മിഷൻ വയലുകളിലേക്ക് പരിചരണങ്ങൾക്കും കൊയ്ത്തിനുമായുള്ള യാത്രയിലായിരുന്നു അദ്ദേഹം. മലബാറിന്റെ മണ്ണിൽ സ്നേഹവും കാരുണ്യവും വിതച്ച ഈ മിഷനറി വിശുദ്ധിയുടെ പടവുകളിലേക്ക് ഉയരുന്നതും കാത്തിരിക്കുകയാണ് മലബാർ ജനത.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker