Vatican

വ്യാജം വെടിഞ്ഞ് സത്യത്തിലേയ്ക്കു തിരിയുവാനുള്ള ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പായുടെ മാധ്യമദിന സന്ദേശം

വ്യാജം വെടിഞ്ഞ് സത്യത്തിലേയ്ക്കു തിരിയുവാനുള്ള ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പായുടെ മാധ്യമദിന സന്ദേശം

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: വ്യാജം വെടിഞ്ഞ് സത്യത്തിലേയ്ക്കു തിരിയുവാനുള്ള ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പായുടെ ഈ വർഷത്തെ മാധ്യമദിന സന്ദേശം. ജനുവരി 24-ന് മാധ്യമ പ്രവര്‍ത്തകരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ തിരുനാളിലാണ് മാധ്യമദിന സന്ദേശം വത്തിക്കാന്‍ പ്രകാശനം ചെയ്തത്. ഇന്നിന്റെ ആശയവിനിമയ ലോകത്ത് ലഭ്യമാകുന്ന അത്യാധുനിക ഇന്റെർനെറ്റ്, വെബ് സംവിധാനങ്ങള്‍ മനുഷ്യന്റെ സാമൂഹിക ജീവിതത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സന്ദേശം ആരംഭിക്കുന്നത്.

പൗലോസ് അപ്പസ്തോലന്‍ എഫേസിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ വര്‍ജ്ജിക്കേണ്ട തിന്മകളെക്കുറിച്ചു പറയുന്ന ഭാഗം “വ്യാജം വെടിഞ്ഞ് സത്യം സംസാരിക്കണം, കാരണം നാം ഒരേ ശരീരത്തിന്‍റെ അവയവങ്ങളാണ്” ഉദ്ധരിച്ചുകൊണ്ടാണ്, “ആധുനിക സാമൂഹ്യശൃംഖലകളില്‍ മനുഷ്യര്‍ സത്യം സംസാരിക്കണം, സത്യം കണ്ണിചേര്‍ക്കണം” എന്ന ശീര്‍ഷകത്തില്‍ 2019-ലെ മാധ്യമ ദിന സന്ദേശം ഫ്രാന്‍സിസ് പാപ്പാ ആഗോളസഭയ്ക്കു നല്കുന്നത്.

അനുദിനജീവിത പരിസരങ്ങളില്‍നിന്നും പറിച്ചുമാറ്റാനാവാത്ത വിധത്തില്‍ സാമൂഹ്യമാധ്യമ ശൃംഖലകള്‍ ഇന്ന് വ്യാപകമാണ്. ഇന്നിന്‍റെ ജീവനോപധിയായും “നെറ്റ്,” “ഇന്‍റെര്‍നെറ്റ്” മാറിക്കഴിഞ്ഞു. അറിവിന്‍റെ എന്നപോലെ പരസ്പരബന്ധങ്ങളുടെയും അചിന്തനീയമായ സ്രോതസ്സ് ഇന്ന് മാധ്യമശൃംഖലകളാണ്. ഇന്‍റെര്‍നെറ്റ് അറിവിന്‍റെ അനിതര സാധാരണമായ സാദ്ധ്യതകളിലേയ്ക്ക് തുറവു നല്കുമ്പോള്‍, വസ്തുതകളുടെയും പരസ്പര ബന്ധങ്ങളുടെയും തലത്തില്‍ സംഭവിക്കുന്ന അപഭ്രംശം ഭീതിതമാണ്, അത് സമൂഹത്തില്‍ ഊഹിക്കാവുന്നതിലും അധികം വിപരീത ഫലങ്ങളാണ് ഇന്ന് ഉളവാക്കുന്നത് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിന് ആമുഖമായി ചൂണ്ടിക്കാണിക്കുന്നു.

രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങള്‍ക്കായി വ്യക്തികളോടും പ്രസ്ഥാനങ്ങളോടും, അവരുടെ അവകാശങ്ങളോടും യാതൊരു ആദരവുമില്ലാതെ വ്യാപകമായ രീതിയിൽ സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കുന്നതാണ് പൊതുവെ നാം കാണുന്നത്. സ്ഥിതിവിവര കണക്കുകള്‍ പ്രകാരം, ഇന്നത്തെ നാലിലൊന്നു സാമൂഹ്യശൃംഖല ഇനങ്ങള്‍, അത് വാര്‍ത്തയായാലും വസ്തുതകളായാലും കബളിപ്പിക്കപ്പെടലാണെന്ന് (cyber bullying) ഫ്രാന്‍സിസ് പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

തങ്ങളുടെ മാധ്യമ കൂട്ടുകെട്ടിലൂടെ മറ്റുള്ളവരെ എതിര്‍ക്കുകയും തരംതാഴ്ത്തി കാണുകയും ഇടിച്ചുതാഴ്ത്തുകയും ചെയ്യുന്ന പ്രവണതയാണ് ഇന്ന് സാമൂഹ്യമാധ്യമ ശൃംഖലാ ലോകത്ത് വളര്‍ന്നുവരുന്നതെന്നത് ഒട്ടും ആശാവഹമല്ലെന്ന് പാപ്പാ പറയുന്നു.

സന്ദേശത്തിന്റെ രണ്ടാം ഭാഗത്ത്; നാം ഒരേ ശരീരത്തിലെ അവയവങ്ങള്‍പോലെ, മാനവസമൂഹത്തിലെ അംഗങ്ങളാകയാല്‍ കള്ളത്തരവും വ്യാജമായ രീതികളും വെടിഞ്ഞ് സാമൂഹ്യശൃംഖലാ മാധ്യമങ്ങളില്‍ സത്യത്തിന്റെയും നീതിയുടെയും പ്രയോക്താക്കളാകണമെന്നും, സത്യം വെളിപ്പെടുന്നത് സത്യസന്ധമായ സമൂഹങ്ങളിലാണെന്ന യാഥാർഥ്യത്തിൽ മുന്നോട്ട് പോകണമെന്നും പാപ്പാ വിവരിക്കുന്നു.

കണ്ണും കൈയും, മനസ്സും ഹൃദയവും സജീവമാകുന്ന കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും പ്രതീകങ്ങളായി സാമൂഹ്യമാധ്യമ ശൃംഖലകളെ വളര്‍ത്താമെന്നും, രോഗലക്ഷണവും രോഗം തന്നെയും തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അത് ചികിത്സിച്ചു ഭേദമാക്കുകതന്നെ വേണം എന്ന ചിന്തയോടെയാണ് 2019-ലെ ഏറെ മൗലികമായ മാധ്യമദിന സന്ദേശം പാപ്പാ ഉപസംഹരിക്കുന്നത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker