Sunday Homilies

ദൈവീക നിയമങ്ങളെ ജീവന്റെ നിയമങ്ങളാക്കാം

ദൈവീക നിയമങ്ങളെ ജീവന്റെ നിയമങ്ങളാക്കാം

ആണ്ടുവട്ടം മൂന്നാം ഞായർ

ഒന്നാം വായന : നെഹെമിയ 8:2-4a, 5-6,8-10.
രണ്ടാം വായന : കോറിന്തോസ് 12:12-30
സുവിശേഷം : വി.ലൂക്കാ 1:1-4,4:14-21

ദിവ്യബലിക്ക് ആമുഖം

ദൈവീക നിയമങ്ങളെ നാം ഏത് മനോഭാവത്തോടെയാണ് സ്വീകരിക്കേണ്ടതെന്ന് ഇന്നത്തെ ഒന്നാം വായന നമ്മെ പഠിപ്പിക്കുന്നു. നാം ക്രിസ്തുവിന്റെ ശരീരത്തിലെ ഓരോ അവയവങ്ങളാണെന്നും നാം കൂട്ടായി പ്രവർത്തിക്കണമെന്നും ഇന്നത്തെ രണ്ടാം വായന നമ്മെ ഉദ്ബോധിപ്പിക്കുന്നു. തന്റെ ദൗത്യം ആരംഭിച്ചു കൊണ്ട്, നസ്രേത്തിലെ സിനഗോഗിൽ വന്ന യേശു ദൈവാരാജ്യത്തെക്കുറിച്ചുള്ള ഏശയ്യാ പ്രവാചകന്റെ തിരുവെഴുത്തുകൾ “ഇന്ന്” തന്നിലൂടെ നിറവേറിയിരിക്കുന്നുവെന്ന് പറയുന്നു. തിരുവചനം ശ്രവിക്കാനും തിരുബലിയർപ്പിക്കുവാനുമായി നമുക്ക് ഒരുങ്ങാം.

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,

മൂന്ന് സമൂഹങ്ങളെ ഇന്നത്തെ തിരുവചനം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു.

1) ദൈവീക നിയമങ്ങളെ പാലിക്കുന്ന സമൂഹം

ഒന്നാമത്തെ വായനയിൽ നേഹമിയയുടെ പുസ്തകത്തിൽ ബി.സി.458-ൽ ബാബിലോണിയൻ പ്രവാസത്തിനും അടിമത്തത്തിനും ശേഷം സ്വന്തം നാടായ ജറുസലേമിലേയ്ക്ക് തിരികെവന്ന ജനസമൂഹത്തിന് മുൻപിൽ പുരോഹിതനായ എസ്രയും മറ്റു പുരോഹിതന്മാരും നിയമജ്ഞരും കര്തതാവിന്റെ നിയമങ്ങൾ ഉറക്കെ വായിക്കുന്നു. വിപ്രവാസത്തിന്റെ കയ്പ്പേറിയ ദുരിതങ്ങൾ അനുഭവിച്ച ജനം, ഇന്നിതാ ആനന്ദ കണ്ണീരോടെ കർത്താവിന്റെ നിയമങ്ങൾ ശ്രവിക്കുകയും അതിനു മറുപടിയായി ആമേൻ ആമേൻ എന്ന് പറഞ്ഞ് കർത്താവിനെ ആരാധിക്കുകയും ചെയ്യുന്നു. സ്വന്തം വ്യക്തിത്വം നഷ്‌ടപ്പെട്ടിരുന്ന ദൈവ ജനം ഇന്നിതാ വീണ്ടും കർത്താവിന്റെ നിയമത്തിൽ തങ്ങളുടെ അടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു. നിയമം വായിച്ചു കേട്ട ജനം കരഞ്ഞു. അത്രമാത്രമാണ് കർത്താവിന്റെ വചനത്തോടും അവന്റെ നിയമങ്ങളോടുമുള്ള ജനത്തിന്റെ തീക്ഷ്ണത. കർത്താവിന്റെ നിയമങ്ങളെപ്രതി ജ്വലിക്കുന്ന ഈ വിശ്വാസസമൂഹം ഇന്ന് നമ്മോടും ചില ചോദ്യങ്ങൾ ചോദിക്കുന്നു. ദൈവീക നിയമങ്ങൾ പാലിക്കാനുള്ള നമ്മുടെ തീക്ഷ്ണത എത്രമാത്രമാണ്? കർത്താവിന്റെ നിയമങ്ങളോട് ഇപ്പോഴും “ആമേൻ ആമേൻ” എന്ന് മറുപടി പറയുവാൻ നമുക്ക് സാധിക്കുന്നുണ്ടോ? കർത്താവിനോടുള്ള സ്നേഹം നമ്മളെയും കരയിക്കാറുണ്ടോ? എങ്കിൽ നാം കറയേണ്ടതില്ല, കാരണം കർത്താവിന്റെ നിയമങ്ങളുടെ ശ്രവണവും അതിന്റെ അനുസരണവും ജീവിതത്തിൽ സന്തോഷം പ്രദാനം ചെയ്യും. അതിനാലാണ് ഒന്നാം വായനയുടെ അവസാനം പറയുന്നത് “കർത്താവിന്റെ സന്തോഷമാണ് നിങ്ങളുടെ ബലം”.

2) ഐക്യപെടേണ്ട സമൂഹം

വിശുദ്ധ പൗലോസാപ്പൊസ്തലൻ എ.ഡി. 51 -ൽ സ്ഥാപിച്ച കോറിന്തോസിലെ സഭയുടെ സ്ഥാപനത്തിന്റെ രണ്ടോ മൂന്നോ വർഷങ്ങൾക്ക് ശേഷം സഭയ്ക്കാകമാനം അപകടകരമായ വിഭാഗീയതയും മത്സരവും അനൈക്യവും ഉടലെടുത്തു. ഈ അവസ്ഥയിലാണ് സഭ അഥവാ ഇടവക എന്നത് “ഒരു ശരീരവും പല അവയവങ്ങളുമാണെന്ന്” അപ്പോസ്തോലൻ ഉദ്ബോധിപ്പിക്കുന്നത്. മൂറ്റാണ്ടുകൾക്ക് മുൻപ് അപ്പോസ്തലൻ എഴുതിയത് ഇന്നത്തെ നമ്മുടെ ഇടവക സമൂഹങ്ങളുമായും ചേർത്ത് വായിക്കാവുന്നതാണ്. ശരീരത്തിലെ എല്ലാ അവയവങ്ങളും ഒരേപോലെയല്ല, എന്നാൽ എല്ലാം പ്രധാനപ്പെട്ടവയാണ്. ഓരോ അവയവും തന്റെ കർത്തവ്യം നല്ലവണ്ണം അനുഷ്‌ടിക്കണം. ഒരവയവവും മറ്റൊന്നിനെ അപ്രസക്തമാക്കുന്നില്ല. ചെറിയ അവയവം പോലും കുറച്ച് ദിവസത്തേയ്ക്ക് പ്രവർത്തിക്കാതിരുന്നാൽ അത് ശരീരത്തിന് മുഴുവൻ ഉണ്ടാക്കുന്ന വേദനയും, അസ്വസ്ഥതയും നമുക്ക് ഊഹിക്കാവുന്നതാണ്. ഇന്ന് നമ്മുടെ ഇടവകയിലെ ബി.സി.സി. സംവിധാനങ്ങളിലൂടെ വി.പൗലോസപ്പൊസ്തലൻ വിഭാവനം ചെയ്ത കൂട്ടായ്മയിലൂടെ ഇടവകയാകുന്ന ക്രിസ്തുവിന്റെ ശരീരത്തിലെ ഓരോ അവയവങ്ങളുടെയും പ്രവർത്തനം സുഗമമായ മറ്റൊരു തലത്തിലേയ്ക്ക് ഉയർന്നിരിക്കുകയാണ്. വ്യത്യസ്തമായ ദാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് ഇടവക പ്രവർത്തനം സുഗമമാകുന്നത്. വ്യക്തിയെന്ന നിലയിലും, കുടുംബമെന്ന നിലയിലും നമ്മൾ വ്യത്യസ്തരാണെങ്കിലും നമുക്കോർമ്മിക്കാം നാം സ്വീകരിക്കുന്നത് ഒരേ ജ്ഞാനസ്നാനമാണ്, നാം ഭക്ഷിക്കുന്നത് കർത്താവിന്റെ ഒരേ ശരീരവും, പാനം ചെയ്യുന്നത് ഒരേ പാനപാത്രത്തിൽ നിന്നുമാണ്.

3) ദൈവരാജ്യ സമൂഹം

ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ പ്രവചനങ്ങൾ പൂവണിയുമെന്ന് വിശ്വസിച്ച് കാത്തിരുന്ന ഒരു ജന സമൂഹത്തിന് മുൻപിൽ പ്രവാചകന്റെ വചനങ്ങൾ വായിച്ചുകൊണ്ട്, അവയെല്ലാം ഇന്ന് പൂർത്തിയായിരുന്നു എന്ന് യേശു പറയുന്നു. ദരിദ്രരെ സുവിശേഷമറിയിക്കുവാനും, ബന്ധിതർക്ക് മോചനവും, അന്ധർക്ക് കാഴ്ചയും, അടിച്ചമർത്തപ്പെട്ടവർക്ക് മോചനവും, കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാനാണ് യേശു വന്നത്. യേശുവിന്റെ ജീവിത കാലത്തുതന്നെ സമൂഹത്തിലെ ഏറ്റവും പാർശ്വവത്ക്കരിക്കപ്പെട്ടവരോട് അവൻ വചനം പ്രസംഗിച്ചു. സുവിശേഷം എല്ലാവരോടും പ്രസംഗിക്കപ്പെട്ടു. പാപത്തിന്റെയും പൈശാചികതയുടെയും തിന്മയുടെയും ബന്ധനത്തിലായവരെ അവൻ മോചിപ്പിച്ചു. അന്ധർക്ക് കാഴ്ചയും, മറ്റ് രോഗികൾക്ക് അവരാഗ്രഹിക്കുന്ന സൗഖ്യവും നൽകി, ആത്മീയാന്ധതയുള്ളവരെ ആത്മാവിന്റെ പുതിയ പ്രകാശത്തിലേക്ക് നയിച്ചു. എല്ലാവരെയും ദൈവമക്കളാണെന്ന് വിശേഷിപ്പിക്കുന്ന ദൈവരാജ്യത്തിന്റെ വത്സരത്തിന്, തന്റെ ജീവിതത്തിലൂടെ യേശു തുടക്കം കുറിച്ചു. ദൈവരാജ്യത്തിന്റെ ഈ പ്രത്യേകതകൾ ഇന്ന് തിരുസഭയുടെ അഭംഗുരം തുടർന്നുപോകണം. ഇന്നത്തെ ലോകത്തിൽ (പൊതുസമൂഹത്തിൽ) എല്ലാവരോടും സുവിശേഷം പ്രസംഗിച്ചുകൊണ്ട്, ബന്ധനസ്ഥരെ മോചിച്ചുകൊണ്ട്, അസാധ്യമായവ ചെയ്തുകൊണ്ട്, അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ട് ദൈവം വിഭാവനം ചെയ്ത നന്മയുടെയും സമാധാനത്തിന്റെയും സ്നേഹസമൂഹം ഈ ഭൂമിയിൽ സാധ്യമാക്കാൻ സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്. സഭയിലൂടെ നാമോരോരുത്തരും അതിനായി വിളിക്കപ്പെട്ടിരിക്കുന്നു.

ആമേൻ

Show More

One Comment

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker