Sunday Homilies

“ദൈവവചനത്തിനായി മാറ്റിവയ്ക്കുക”

"ദൈവവചനത്തിനായി മാറ്റിവയ്ക്കുക"

തപസ്സുകാലം ഒന്നാം ഞായര്‍

ഒന്നാം വായന : നിയമ. 26: 4-10
രണ്ടാം വായന : റോമ. 10: 8-13
സുവിശേഷം : വി. ലൂക്ക 4:1-13

ദിവ്യബലിക്ക് ആമുഖം

‘യേശു കര്‍ത്താവാണെന്ന് അധരം കൊണ്ടേറ്റുപറയുകയും, ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചുവെന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും’ എന്ന പൗലോസ് അപ്പസ്തോലന്റെ പ്രബോധനത്തോടെയാണ് തിരുസഭ ഈ തപസ്സുകാലം ഒന്നാം ഞായറില്‍ നമ്മെ സ്വാഗതം ചെയ്യുന്നത്. പ്രാര്‍ത്ഥനയുടെയും ഉപവിയുടെയും പരിത്യാഗത്തിന്റെയും ഉപവാസത്തിന്റെയും ഈ കാലഘട്ടത്തില്‍ നാമെങ്ങനെയാണ് ജാഗരൂകതയോടെ മുന്നോട്ട് പോകേണ്ടതെന്നും, പ്രലോഭനങ്ങളെ അതിജീവിക്കേണ്ടതെന്നും നമുക്ക് വ്യക്തമാക്കി തരുന്ന വിധത്തില്‍ മരുഭൂമിയില്‍വച്ച് യേശു നേരിടുന്ന മൂന്ന് പരീക്ഷണങ്ങളെയാണ് നാം ഇന്ന് ശ്രവിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത്. തിരുവചനം ശ്രവിക്കാനും ദിവ്യബലി അര്‍പ്പിക്കാനുമായി നമുക്കൊരുങ്ങാം.

വചനപ്രഘോഷണ കര്‍മ്മം

യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരേ,

നാമിന്ന് ശ്രവിച്ച സുവിശേഷത്തിന് തൊട്ടുമുമ്പ് വി.ലൂക്കാ സുവിശേഷകന്‍ യേശുവിന്റെ വംശാവലി അവതരിപ്പിക്കുന്നു (വി.ലൂക്ക 3:23-38). യേശുവിന്റെ ഏറ്റവും പൂര്‍വ്വ പിതാവ് ദൈവം സൃഷ്ടിച്ച ആദമാണെന്ന് പറഞ്ഞതിന് ശേഷം, ഉടനെ മരുഭൂമിയിലെ പരീക്ഷയെക്കുറിച്ച് പറയുന്നു. ഇതില്‍ നിന്നും വ്യക്തമാകുന്നത് സുവിശേഷകന്‍ മനുഷ്യന്റെ രണ്ട് യാഥാര്‍ഥ്യങ്ങളെ കാണിക്കുന്നുവെന്നാണ്. ആദിമ മനുഷ്യനായ ആദമും, പുതിയ മനുഷ്യനായ യേശുവും പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നു. ആദ്യത്തെ ആദം പരീക്ഷണത്തില്‍ പരാജയപ്പെടുന്നു. എന്നാല്‍ പുതിയ ആദമായ യേശു പിശാചിനെ തോല്‍പ്പിക്കുന്നു. യേശുവിനെ മരുഭൂമിയിലേക്ക് നയിക്കുന്നത് പിശാചല്ല, പരിശുദ്ധാത്മാവാണ്. യേശുവാകട്ടെ ആ മരുഭൂമിയില്‍ ഏറ്റവും തീക്ഷമായ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും നാല്‍പത് ദിനരാത്രങ്ങള്‍ ചിലവിടുന്നു. എന്നാല്‍, ഏറ്റവും വലിയ ആത്മീയാനുഭവത്തിന് ശേഷം യേശു പരീക്ഷിക്കപ്പെടുകയാണ്. നമ്മുടെ ജീവിതത്തിന് ഈ യാഥാര്‍ഥ്യം വലിയൊരു പാഠം നല്‍കുന്നുണ്ട്. നമ്മുടെ വിശ്വാസ ജീവിതത്തിലെ ഏറ്റവും തീക്ഷമായ, സജീവമായ കാലഘട്ടത്തിലായിരിക്കും വിശ്വാസ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നത്. തന്റെ പരസ്യ ജീവിതത്തിന്റെ ആരംഭത്തില്‍ ജ്ഞാനസ്നാനം സ്വീകരിച്ച ശേഷം പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്ന യേശു, ആ പരീക്ഷണങ്ങളെ അതിജീവിച്ചുകൊണ്ട് പ്രേഷിത ദൗത്യത്തില്‍ ഏര്‍പ്പെടുമ്പോൾ, നമുക്ക് പരീക്ഷണങ്ങളെയും പ്രലോഭനങ്ങളെയും എങ്ങനെയാണ് അതിജീവിക്കേണ്ടതെന്ന മാതൃക നല്‍കുകയാണ്. നമുക്കോര്‍മിക്കാം പ്രകാശമുളളിടത്ത് മാത്രമേ നിഴലുണ്ടാവുകയുളളൂ.

കല്ലുകളെ അപ്പമാക്കുക:

നാല്‍പത് ദിവസം ആഹാരം കഴിക്കാത്ത ഒരു മനുഷ്യന്റെ വിശപ്പും ദാഹവും ക്ഷീണവും നമുക്കറിയാം. ശാരീരികവും മാനുഷികവുമായ ഈ ബലഹീനതയില്‍ തൊട്ട് കൊണ്ടാണ് പിശാച് തന്‍റെ ആദ്യപ്രലോഭനം നടത്തുന്നത്. കാരണം അവനറിയാം വിശപ്പിന് മുന്നില്‍ മനുഷ്യന്‍ മനുഷ്യനല്ലാതാകും. ആഹാരത്തിനുവേണ്ടി മനുഷ്യന്‍ എന്തും ചെയ്യും. മനുഷ്യന്‍ എന്നയാഥാര്‍ഥ്യം ശരീരം മാത്രമല്ല, മറിച്ച് ശരീരവും ആത്മാവും ചേര്‍ന്നതാണ്. നമ്മുടെ ജീവിതത്തില്‍ ഇവ ഒരുമിച്ചാണെങ്കിലും ശാരീരികമായതും ആത്മീയമാതും തമ്മിലുളള ഒരു പിടിവലി എപ്പോഴുമുണ്ട്. സാധാരണ ശാരീരികമായവയാണ് എപ്പോഴും ജയിക്കുന്നത്, ശാരീരികമായവയ്ക്കാണ് നാം പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെയാണ് ഈ ബലഹീനതയില്‍ തൊട്ടുകൊണ്ട് പിശാച് പരീക്ഷണം നടത്തുന്നത്. പിശാച് പറയുന്നത്, ‘നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലിനോട് അപ്പമാകാന്‍ കല്പിക്കുക’ എന്നാണ്. കാരണം മരുഭൂമിയിലെ പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് യേശു ജ്ഞാനസ്നാനം സ്വീകരിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ദൈവപിതാവ് ‘ഇവന്‍ എന്റെ പ്രിയപുത്രന്‍’ എന്നു പറയുന്നത്. ഇതിറിയാവുന്ന പിശാച്, യേശുവിനെ എല്ലാ രീതിയിലും പ്രലോഭിപ്പിക്കുകയാണ്. എന്നാല്‍, യേശുവാകട്ടെ ശരീരത്തിന് മുകളില്‍ ആത്മാവിനെ പ്രതിഷ്ഠിച്ചുകൊണ്ട് തിരുവചനത്തില്‍ നിന്ന് തന്നെ പിശാചിന് മറുപടി നല്‍കുന്നു. “അപ്പംകൊണ്ടുമാത്രമല്ല, മനുഷ്യന്‍ ജീവിക്കുന്നത് എന്നെഴുതപ്പെട്ടിരിക്കുന്നു” (നിയമ. 8:3). അതെ, മനുഷ്യന്‍ എന്നാല്‍ വെറും ശരീരമല്ല, മറിച്ച് ആത്മാവാണ്. ആത്മാവിനെ തൃപ്തിപ്പെടുത്തുന്നത് അപ്പം കൊണ്ടല്ല, മറിച്ച് ദൈവവചനം കൊണ്ടാണ്. പിശാച് നടത്തുന്ന ഒന്നാമത്തെ പരീക്ഷണവും അതില്‍ യേശു നേടുന്ന വിജയവും നമുക്കു നല്‍കുന്ന സന്ദേശം ഇതാണ്. ഈ തപസുകാലം “ദൈവവചനത്തിനായി മാറ്റിവയ്ക്കുക”. ദൈവവചനം വായിക്കുവാന്‍ സമയം കണ്ടെത്തുക. ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുക. അപ്പോള്‍ നാമും തപസുകാലമാകുന്ന മരുഭൂമിയില്‍ യേശുവിനൊടൊപ്പമായിരിക്കും.

അധികാരവും മഹത്വവും നിനക്കുതരാം:

ലൈംഗികത, പണം, അധികാരം ഈ മൂന്ന് കാര്യങ്ങളോടുമുളള ഒരു മനുഷ്യന്റെ ആഭിമുഖ്യമനുസരിച്ചാണ് ഒരു മനുഷ്യന്റെ സ്വഭാവം വിലയിരുത്തപ്പെടുന്നത്. അതികഠിനമായ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവരില്‍ പോലും, അതിതീവ്രമായ ദാരിദ്ര്യവ്രതം അനുഷ്ഠിക്കുന്നവരില്‍പ്പോലും അവരറിയാതെ പിടിമുറുക്കുന്ന തിന്മയാണ് അധികാരത്തോടുളള ആര്‍ത്തി. സ്വാഭാവികമായും അധികാരത്തിന് പിന്നില്‍ സമ്പത്തും പണവും ഒളിഞ്ഞിരിപ്പുണ്ട്. പിശാച് രണ്ടാമതായി സ്പര്‍ശിക്കുന്നത് ഈ മേഖലയിലാണ്. അവന്‍ യേശുവിനോട് പറയുന്നത്, ‘സകലരാജ്യങ്ങളുടെയുംമേല്‍ എല്ലാ അധികാരവും മഹത്വവും നിനക്ക് ഞാന്‍ തരാം. നീ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിന്റെതാകും’. ഇന്നത്തെ ലോകത്ത് എത്രയോ പേരാണ് പിശാച് പറഞ്ഞ ഈ കളവില്‍ വീണ് പോകുന്നത്. അധികാരത്തിനും പണത്തിനും വേണ്ടി ദൈവമല്ലാത്ത പലതിനെയും ആരാധിക്കുന്നവരുണ്ട്. പലപ്പോഴും അവരെ വിജയികളായി ഈ ലോകം വാഴ്ത്തുകയും ചെയ്യുന്നു. ഈ പ്രലോഭനത്തിന് യേശു തിരുവചനത്തില്‍ നിന്ന് മറുപടി നല്‍കുന്നു. “നിന്റെ ദൈവമായ കര്‍ത്താവിനെ നീ ആരാധിക്കണം. അവനെ മത്രമേ പൂജിക്കാവൂ എന്നെഴുതപ്പെട്ടിരിക്കുന്നു” (നിയമ. 6:13). ഈ തപസുകാലം നമുക്കൊരു പുന:പരിശോധനയ്ക്കുളള സമയമാണ്. അറിഞ്ഞോ അറിയാതെയോ നമെപ്പോഴെങ്കിലും പിശാചിന്‍റെ ഈ കളളത്തരത്തില്‍ വിശ്വസിച്ച് ദൈവത്തെ ആരാധിക്കാതെയിരിന്നിട്ടുണ്ടോ? അഥവാ ഉണ്ടെങ്കില്‍ പിശാചിനെ പരാജയപ്പെടുത്താനുളള അവസരമാണ് ഈ തപസുകാലം.

ദൈവവചനം പറയുന്ന പ്രലോഭകന്‍:

മൂന്നാമത്തെയും അവസാനത്തെയും പ്രലോഭനത്തില്‍ ദേവാലയ ഗോപുരത്തിന്‍റെ മുകളില്‍ യേശുവിനെ നിര്‍ത്തിക്കൊണ്ട് താഴേക്ക് ചാടാന്‍ ആവശ്യപ്പെടുന്ന പിശാച് യേശുവിനെ അനുസരിപ്പിക്കാന്‍ സങ്കീര്‍ത്തനത്തിലെ വചനം ഉദ്ധരിക്കുന്നു ‘നിന്നെ സംരക്ഷിക്കാന്‍ അവന്‍ ദൂതന്മാരോടു കല്‍പിക്കുമെന്നും നിന്റെ കാല്‍ കല്ലില്‍ തട്ടാതെ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊളളുമെന്നും എഴുതപ്പെട്ടിരിക്കുന്നുണ്ടല്ലോ’ ( സങ്കീ. 91: 11-12). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നീയൊരിക്കലും സഹിക്കേണ്ടിവരില്ല, നീയൊരിക്കലും കുരിശുചുമക്കേണ്ടി വരില്ല. എന്നാല്‍, പിശാചിന്‍റെ വാക്കുകളെ തിരുവചനം കൊണ്ടുതന്നെ യേശു നേരിടുന്നു “നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നും എഴുതപ്പെട്ടിരിക്കുന്നു” (നിയമ. 6:16). ദൈവം ഞാന്‍ പറഞ്ഞതുപോലെ കാര്യങ്ങള്‍ നടത്തിത്തരണം, എന്റെ ഇഷ്ടമനുസരിച്ച് ദൈവത്തിന്റെ ഇഷ്ടവും മാറണം എന്ന് വാശിപിടിക്കുന്ന മനുഷ്യസ്വഭാവമാണ് ഈ പ്രലോഭനത്തിലെ പ്രതിപാദന വിഷയം. അതോടൊപ്പം ഞാന്‍ എന്റെ ഇഷ്ടമനുസരിച്ച് ജീവിക്കും, ദൈവം എന്നെ താങ്ങുകയും സംരക്ഷിക്കുകയും വേണമെന്ന് വാശിപിടിക്കുന്നവരും ഈ പ്രലോഭനത്തില്‍ ഉള്‍പ്പെടും. യേശു വ്യക്തമായി നമ്മോടു പറയുന്നു. നമ്മുടെ ആവശ്യങ്ങളും, ജീവിതവും, സംസാരവും കൊണ്ട് ദൈവത്തെ പരീക്ഷിക്കരുത്. ദൈവത്തിന് ഒരിക്കലും തെറ്റുപറ്റുകയില്ല. ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുകയാണ് പ്രധാനം.

ഇന്നത്തെ സുവിശേഷത്തിലൂടെ ഈ തപസുകാലത്ത് തിരുസഭ നല്‍കുന്ന നിര്‍ദ്ദേശങ്ങളിവയാണ്. ദൈവവചനം വായിക്കാനും, ശ്രവിക്കാനും സമയം കണ്ടെത്തുക. അധികാരത്തിനും മഹത്വത്തിനും വേണ്ടി ദൈവത്തെ മറന്ന് മറ്റുളളവയ്ക്കു മുമ്പില്‍ മുട്ടുമടക്കാതിരിക്കുക. എല്ലാറ്റിനുമുപരിയായി നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവേഷ്ടം നമ്മുടെ ജീവിതത്തില്‍ നിറവേറാന്‍ വേണ്ടിയുളളതാകണം.

ആമേന്‍.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker