Sunday Homilies

രൂപാന്തരീകരണത്തിലേക്കുള്ള മാർഗം

രൂപാന്തരീകരണത്തിലേക്കുള്ള മാർഗം

തപസ്സുകാലം രണ്ടാം ഞായര്‍

ഒന്നാം വായന : ഉല്‍പ. 26:5-12, 17-18
രണ്ടാം വായന : ഫിലി. 3: 17, 4:1
സുവിശേഷം : വി.ലൂക്ക 9:28-36

ദിവ്യബലിക്ക് ആമുഖം

അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചു. ദൈവം അവനുമായി ഉടമ്പടി ചെയ്ത് അവനെ അനുഗ്രഹിച്ചു. ഇതാണ് ഇന്നത്തെ ഒന്നാം വായനയുടെ മുഖ്യസന്ദേശം. ജ്ഞാനസ്നാനത്തിലൂടെ ദൈവം നമ്മോടോരോരുത്തരോടും വ്യക്തിപരമായി ഉടമ്പടി ചെയ്ത് നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. തപസുകാലത്ത് നാം പ്രാര്‍ഥനയിലൂടെയും പ്രായശ്ചിത്തത്തിലൂടെയും ജീവിതത്തിനും സ്വഭാവത്തിനും അന്തരം വരുത്തുവാന്‍ ശ്രമിക്കുമ്പോള്‍, ഇന്ന് നാം ശ്രവിക്കുന്ന “യേശുവിന്റെ രൂപാന്തരീകരണം” നമുക്കു ധ്യാനവിഷയമാക്കാം.

യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,

യേശുവിന്റെ രൂപാന്തരീകരണമാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം ശ്രവിച്ചത്. തപസുകാല ജീവിത സാഹചര്യങ്ങളെ ഊര്‍ജ്ജിതപ്പെടുത്തുന്ന മൂന്ന് വചനചിന്തകള്‍ ഇന്നത്തെ സുവിശേഷത്തില്‍ നമുക്കു കാണാനാകും.

1) നമുക്കു ശിഷ്യന്മാരില്‍ നിന്നു പഠിക്കാം:

യേശു ചില സുപ്രധാന അത്ഭുതങ്ങള്‍ നിര്‍വഹിക്കുമ്പോഴും ചില പ്രത്യേക അവസരത്തിലും പത്രോസ്, യോഹന്നാന്‍, യാക്കോബ് ഈ മൂന്ന് ശിഷ്യന്മാരെയും കൂടെ കൂട്ടുന്നുണ്ട്. ഈ പ്രാവശ്യവും മലമുകളിലേക്കു കയറിയ യേശു ഇവരെക്കൂടെ കൂട്ടുന്നു. രൂപാന്തരീകരണ വേളയില്‍ ശിഷ്യന്മാരെ കുറിച്ച് ഇപ്രകാരം പറയുന്നു: “നിദ്രാവിവശരായിരുന്നിട്ടും പത്രോസും കൂടെയുളളവരും ഉണര്‍ന്നിരുന്നു. അവര്‍ തന്റെ മഹത്വം ദര്‍ശിച്ചു. അവനോടു കൂടെ നിന്ന ഇരുവരെയും കണ്ടു”. ക്ഷീണം കാരണം ഗാഡമായ ഉറക്കത്തിലേക്ക് വീഴാറായിട്ടും അവര്‍ ഉണര്‍ന്നിരുന്നു. രൂപാന്തരീകരണ വേളയിലെ ഈ ഉണര്‍വ്വാണ് നാം ജീവിതത്തില്‍ പകര്‍ത്തേണ്ടത്. ഈ തപസുകാലത്ത് നാം പ്രാര്‍ത്ഥനയ്ക്കായിരിക്കുമ്പോള്‍ നമുക്ക് ഉണര്‍വുണ്ടോ? അതോ നാം ഉറങ്ങിപ്പോകുന്നുണ്ടോ? അഥവാ ഉറങ്ങുന്നതിനു വേണ്ടി പ്രാര്‍ഥന വേണ്ടെന്ന് വയ്ക്കാറുണ്ടോ? ശിഷ്യന്മാരുടെ പ്രതികരണത്തില്‍ നിന്ന് നമുക്കു പഠിയ്ക്കാം. നമ്മുടെ ആത്മീയ ജീവിതത്തിലും നമുക്ക് ഉണര്‍വുണ്ടോ?

2) മോശയും ഏലിയായും നല്‍കുന്ന പാഠം:

രൂപാന്തരീകരണത്തിലെ രണ്ട് പ്രധാന സാന്നിധ്യങ്ങളാണ് മോശയും ഏലിയായും. പഴയ നിയമത്തിലെ അതിശക്തമായ രണ്ട് വചനപുരുഷന്മാര്‍. ഇസ്രായേല്‍ക്കാരെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ച ചരിത്രനായകനായ മോശ, പില്‍ക്കാലത്ത് ഇസ്രായേല്‍ക്കാരും അതിലൂടെ മനുഷ്യകുലത്തിനും പത്ത് കല്പനകള്‍ നല്‍കി നിയമത്തിന്റെ പ്രതിനിധിയായി മാറുന്നു. ഇസ്രായേലില്‍ തീക്ഷ്ണമായ പ്രവാചകദൗത്യം നിര്‍വഹിച്ച്, ക്ഷാമകാലത്ത് അപ്പവും എണ്ണയും നിരന്തരമായി ലഭ്യമാക്കുക, മരണാസന്നന് പുതുജീവന്‍ നല്‍കുക തുടങ്ങിയ അത്ഭുതങ്ങളിലൂടെ പ്രവാചകന്മാരുടെ മുഴുവന്‍ പ്രതിനിധിയായി മാറുന്നു ഏലിയ പ്രവാചകന്‍. ഇവര്‍ രണ്ടുപേരും ജീവിതത്തില്‍ യാതനകള്‍ അനുഭവിക്കുകയും, ജീവിതത്തിലൂടെ അവയെ തരണം ചെയ്യുകയും ചെയ്തവരാണ്. മോശയും (നിയമം) ഏലിയായും (പ്രവാചകന്‍) ചേര്‍ന്ന് ദൈവത്തെ പ്രതിനിധീകരിക്കുന്നു. തപസുകാലത്ത് നാം ദൈവവചനം കൂടുതലായി വായിക്കേണ്ടതിന്റെയും ധ്യാനിക്കേണ്ടതിന്റെയും ആവശ്യകത മോശയുടെയും ഏലിയായുടെയും സാന്നിധ്യത്തിലൂടെ നമുക്കു മനസിലാക്കാം.

3) രൂപാന്തരീകരണത്തിലൂടെ ദൈവം നല്‍കുന്ന പാഠം:

“ഇവന്‍ എന്റെ പ്രിയപുത്രന്‍, എന്റെ തെരഞ്ഞെടുക്കപ്പെട്ടവന്‍; ഇവന്റെ വാക്ക് ശ്രവിക്കുവിന്‍”. ദൈവത്തിന്റെ സാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന മേഘത്തില്‍ നിന്ന് പിതാവായ ദൈവം അരുള്‍ചെയ്ത വാക്കുകളാണിത്. യേശുവിന്റെ പീഡാനുഭവത്തിനും കുരിശുമരണത്തിനും മുമ്പ് ഈ തപസുകാലത്ത് നമുക്കുളള രണ്ട് നിര്‍ദ്ദേശങ്ങള്‍ പിതാവായ ദൈവം നേരിട്ട് നല്‍കുന്നതുപോലെയാണിത്. ഒന്നാമതായി: നാം യേശുവില്‍ വിശ്വസിക്കണം അവന്‍ ദൈവത്തിന്റെ പ്രിയപുത്രനാണ്. പിതാവായ ദൈവത്തിന്റെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തല്‍ പോലെയാണ്; “ഇവന്‍ എന്റെ പ്രിയ പുത്രന്‍”. രണ്ടാമത്തെ വാക്കുകള്‍: സാക്ഷ്യത്തിനുമപ്പുറം ഒരു നിര്‍ദ്ദേശവും മുന്നറിയിപ്പുമാണ്. “ഇവന്റെ വാക്കുകള്‍ ശ്രവിക്കുവിന്‍”. ഈ സാക്ഷ്യവും മുന്നറിയിപ്പും തപസുകാലത്തെ നമ്മുടെ ജീവിതത്തിന് ഒരു മാര്‍ഗദര്‍ശിയാണ്. യേശുവിനെ ദൈവത്തിന്റെ മകനായി നമുക്കു സ്വീകരിക്കാം, അവനില്‍ ആഴമായി വിശ്വസിക്കാം. അതോടൊപ്പം അവനെ ശ്രവിക്കാം.

തിരുവചനം ധ്യാനിച്ച് ഉണര്‍വോടെ പ്രാര്‍ഥിക്കുമ്പോള്‍, യേശുവിന്റെ വാക്കുകളെ അനുസരിക്കുമ്പോള്‍, നമ്മുടെ ജീവിതത്തിലും രൂപാന്തരീകരണം സംഭവിക്കും.

ആമേന്‍.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker