Sunday Homilies

വിശുദ്ധ രാത്രികളും അതിരാവിലെയും ഉത്ഥാനവും

പെസഹാ ജാഗരം ഉയർപ്പു ഞായർ
വായനകൾ
ഉല്പത്തി 1 :1-2 :2
ഉല്പത്തി 22 : 1-18
പുറപ്പാട് 14 : 15-15 :1
ഏശയ്യ 54 :5 -14
ഏശയ്യ 55 :1-11
ബാറൂക്ക് 9 : 9-15, 32-44
എസക്കിയേൽ 36: 16-17,18-28
റോമാ 6: 3-11

സുവിശേഷം
വി.ലൂക്ക 24:1-12

ദൈവ വചന പ്രഘോഷണം കർമ്മം

യേശുവിൽ സ്നേഹംനിറഞ്ഞ സഹോദരി സഹോദരന്മാരെ,

പുത്തൻതീയും, പെസഹാതിരിയും; ആദ്യം അന്ധകാരം നിറഞ്ഞതും, പിന്നീട് പ്രകാശപൂർണ്ണവുമായ ദേവാലയവും; പെസഹാപ്രഘോഷണവും നമ്മുടെ വിശ്വാസത്തിന്റെ സമ്പന്നതയെ കാണിക്കുന്നു. നമ്മുടെ ആത്മീയതയുടെ പൈതൃകത്തെ വെളിപ്പെടുത്തുന്നതാണ് ഇന്നത്തെ തിരുക്കർമ്മങ്ങൾ. നമ്മുടെ കർത്താവിന്റെ ഉത്ഥാന മഹോത്സവം ആചരിക്കുന്ന ഈ രാത്രി / ദിനം നമുക്ക് ദൈവവചനത്തെ വ്യത്യസ്ത യാഥാർത്ഥ്യങ്ങളിലൂടെ ധ്യാനവിഷയമാക്കാം.

രാത്രി :

ഇന്നത്തെ തിരുക്കർമ്മങ്ങളുടെ ആരംഭത്തിൽ നമ്മുടെ ദേവാലയം അന്ധകാര പൂർണ്ണമായിരുന്നു. ആ ഇരുട്ടിൽ ഇരുന്നുകൊണ്ട് നാം വ്യത്യസ്തങ്ങളായ വായനകൾ ശ്രവിച്ചു. ആദ്യനോട്ടത്തിൽ ഈ വായനകൾ തമ്മിൽ പൊരുത്തമില്ല എന്നും, ഈ തിരു വചനങ്ങൾക്ക് ഇന്നത്തെ ദിനവുമായി യാതൊരു ബന്ധവുമില്ല എന്നും തോന്നാം. എന്നാൽ, ഇന്നത്തെ വായനകളും ഉത്ഥാന മഹോത്സവവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്.

യഹൂദരുടെ പാരമ്പര്യത്തിലെ “ദൈവജനത്തിന്റെ 4 വിശുദ്ധരാത്രികളുടെ” അടിസ്ഥാനത്തിലാണ് ഇന്നത്തെ വായനകൾ രൂപപ്പെടുത്തിയിരിക്കുന്നത്.

ഒന്നാമത്തെ വിശുദ്ധരാത്രി: ദൈവം തന്നെ തന്നെ തന്റെ സൃഷ്ടി കർമ്മത്തിലൂടെ വെളിപ്പെടുത്തിയതാണ് (ആദ്യവായന ഉൽപ്പത്തി 1).

രണ്ടാമത്തെ വിശുദ്ധരാത്രി: അബ്രഹാമിന് തന്നെ തന്നെ വെളിപ്പെടുത്തിയ ദൈവം. അബ്രഹാത്തിന്റെ പുത്രനായ ഇസഹാക്കിനെ രക്ഷിച്ചുകൊണ്ട് മനുഷ്യകുലതത്തോടുള്ള സ്നേഹം കാണിക്കുന്നു. (രണ്ടാംവായന ഉൽപ്പത്തി 22).

മൂന്നാമത്തെ വിശുദ്ധരാത്രി: ഇസ്രായേൽക്കാരെ ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുന്ന ദൈവം അവരെ ചെങ്കടലിലൂടെ അത്ഭുതകരമായി രക്ഷിക്കുന്നു. (മൂന്നാംവായന പുറപ്പാട് 14)

നാലാമത്തെ വിശുദ്ധരാത്രി: മിശിഹായുടെ ആഗമനവും, രക്ഷയുടെ പൂർത്തീകരണവും, എല്ലാവർക്കും ജീവൻ, ഉത്ഥാനം ഈ യാഥാർഥ്യങ്ങളെല്ലാം പ്രതിപാദിക്കുന്നതാണ് നാലാമത്തെ വിശുദ്ധ രാത്രി. (മറ്റു വായനകൾ: ഏശയ്യ 54, ഏശയ്യ 55, ബാറൂക്ക് 9, എസക്കിയേൽ 36, റോമർ 6. ഈ വായനകളെല്ലാം നാലാമത്തെ വിശുദ്ധരാത്രിയുമായി ബന്ധപ്പെട്ടവയാ ണ്). ഈ 4 വിശുദ്ധരാത്രികളാണ് നാമിന്ന് ആഘോഷിക്കുന്നത്.

അതിരാവിലെ:

പഴയനിയമങ്ങളിലെ വിശുദ്ധ രാത്രികളുടെ ദൈവശാസ്ത്രം അവസാനിക്കുന്നത് സുവിശേഷത്തിൽ നാം ശ്രവിക്കുന്ന ‘അതിരാവിലെ’ എന്ന സമയത്തോടെയാണ്. യേശുവിന്റെ പീഡാനുഭവവും മരണവും എന്ന ഇരുണ്ട അനുഭവത്തിന് ശേഷം, അതിരാവിലെ യേശുവിന്റെ കല്ലറയിലേക്ക് പോകുന്ന സ്ത്രീകൾ അവൻ ഉയർത്തെഴുന്നേറ്റു എന്ന യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുകയാണ്. ദൈവദൂതന്മാരുടെ വാക്കുകൾ കേട്ട അവർ മറ്റു ശിഷ്യന്മാരെയും അറിയിക്കാനായി പോകുന്നു. സ്ത്രീകളുടെ സാക്ഷികൾക്ക് യാതൊരു വിലയും കല്പിക്കാത്ത യഹൂദ സമൂഹത്തിൽ സ്ത്രീകളുടെ സാക്ഷ്യം കേട്ടതുകൊണ്ട് മാത്രം പത്രോസ് കല്ലറയിലേക്ക് ഓടുന്നു.

ഇരുണ്ട ദിനങ്ങൾ, അന്ധകാര പൂർണ്ണമായ മണിക്കൂറുകൾ ജീവിതത്തിൽ അനുഭവിക്കാത്ത ആരുമില്ല. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, വെളിച്ചം മാത്രമല്ല ഇരുളും ജീവിതത്തിന്റെ ഭാഗംതന്നെയാണ്. ഇന്ന് വിശുദ്ധ രാത്രികളെ അടിസ്ഥാനമാക്കിയ വായനകൾ ശ്രവിച്ചുകൊണ്ട്, അന്ധകാര പൂർണ്ണമായ ദേവാലയത്തിലേക്ക് പെസഹാതിരിതെളിച്ചു കൊണ്ട് നാം ആചരിച്ചതും, രാത്രിക്കുശേഷം “അതിരാവിലെ” യേശുവിന്റെ കല്ലറയിലേക്ക് പോയ സ്ത്രീകളുടെ അനുഭവം തന്നെയാണ്. അവൻ ഉയർത്തെഴുന്നേറ്റിരിക്കുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, “യേശു ഇന്നും ജീവിക്കുന്നു”. നമ്മുടെ ജീവിതത്തിലെ അന്ധകാരം ഇനി പ്രകാശപൂർണ്ണമാകും. ക്രിസ്തുവാണ് നമ്മുടെ ജീവിതത്തിന്റെ പ്രകാശം.

ഉത്ഥാനം നമ്മെ പ്രവർത്തനനിരതരാക്കുന്നു:

“അതിരാവിലെ” യേശുവിനെ കല്ലറയിൽ വരുന്ന സ്ത്രീകളുടെ സംഭവം മുതൽ നാം കേൾക്കുന്നത് ശീതീകരിച്ച, മടിപിടിച്ച, നിരാശരായ വ്യക്തികളുടെ കാര്യങ്ങളല്ല മറിച്ച്, ഊർജ്ജം നിറഞ്ഞ, ഉന്മേഷമുള്ള, ഉത്സാഹം നിറഞ്ഞ ജീവിതങ്ങളാണ്. സ്ത്രീകളുടെ വാക്കുകൾ കേൾക്കുന്നതോടെ പത്രോസ് ശ്ലീഹാ ഉടൻ കല്ലറയിലേയ്ക്ക് ഓടുന്നു. യോഹന്നാനും അപ്രകാരംതന്നെ ചെയ്യുന്നു. അവർ മറ്റു ശിഷ്യന്മാരെ അറിയിക്കുന്നു. യേശുവിന്റെ കല്ലറയിലേക്ക് മഗ്ദലനമറിയം വരുന്നു. യേശുവിനെ കണ്ട മഗ്ദലനമറിയവും ശിഷ്യന്മാരെ കാര്യം അറിയിക്കുന്നു. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർ ഉത്ഥിതനായ യേശുവിനെ കണ്ടും, സംസാരിച്ചും, അനുഭവിച്ചും മനസ്സിലാക്കിയപ്പോൾ അവരും ജെറുസലേമിലേക്ക് മടങ്ങിവരുന്നു. ഇപ്രകാരം ധാരാളം യാത്രകളും നീക്കങ്ങളും നാം യേശു ഉത്ഥിതൻ ആയതിനുശേഷം കാണുന്നു.

ഇതുതന്നെയാണ് നമുക്കുള്ള ഈസ്റ്റർ സന്ദേശം.ഉത്ഥിതനായ യേശുവിനെ നാം അനുഭവിക്കണം. നമ്മുടെ ചിന്തയിലും, വാക്കിലും, പ്രവൃത്തിയിലും ഉത്ഥിതനെ നാം അനുഭവിക്കണം . ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഉത്ഥിതനായ ക്രിസ്തു നമ്മുടെ ജീവിതങ്ങളെ മന്ദീഭവിപ്പിക്കുകയും, മരവിപ്പിക്കുകയും, മടിയുള്ളതാക്കുകയും അല്ല ചെയ്യുന്നത് മറിച്ച് ക്രിയാത്മകമാക്കുന്നു . ഈ ദിവ്യബലിക്കുശേഷം നാം വീട്ടിലേക്ക് മടങ്ങുമ്പോൾ, ദൈനംദിന ജീവിതത്തിലേക്ക് തിരിയുമ്പോൾ നമുക്ക് ഊർജ്ജസ്വലതയും, ഉത്സാഹവും ഉള്ളവരും, പ്രതീക്ഷയുള്ളവരും ആകാം. കാരണം, നമ്മുടെ കർത്താവ് ഉയിർത്തെഴുന്നേറ്റിരിക്കുന്നു. അതെ യേശു ഇന്നും ജീവിക്കുന്നു.

ആമേൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker