Public Opinion

സിസ്റ്റർ ലുലുമോളോട് സ്നേഹപൂർവം

സിസ്റ്റർ ലുലുമോളോട് സ്നേഹപൂർവം

ഫാ. മാർട്ടിൻ ആന്റണി

എന്താണ് സമർപ്പണ ജീവിതത്തിന്റെ സ്വത്വം (identity)? എന്തിനു വേണ്ടിയാണ് ഇത് സഭയിൽ നിലനിൽക്കുന്നത്? അനുസരണം, ദാരിദ്ര്യം, ബ്രഹ്‌മചര്യം ഇവകളെ ആസ്പദമാക്കി ഒരു ജീവിതം നയിക്കേണ്ട ആവശ്യമുണ്ടോ? എന്തിനാണ് ഇങ്ങനെയൊരു ജീവിത രീതി? ഇങ്ങനെയുള്ള ഒത്തിരി ചോദ്യങ്ങൾ ആണ് നമ്മുടെ നാട്ടിലെ ചില ‘സാംസ്‌ക്കാരിക നായികാ നായകന്മാർ’ ഇപ്പോൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ. ഈ ചോദ്യങ്ങൾ ചോദിക്കുന്ന ചെറിയ ശതമാനം ആൾക്കാർ അവരുടെ അറിവില്ലായ്മയെ ചാനലുകളിലൂടെ ജ്ഞാനം ആയി വിളമ്പുന്നു. അങ്ങനെ വന്ന ഒരു വ്യക്തിയായിരുന്നു ലുലുമോൾ അഥവാ സിസ്റ്റർ ലൂസി കളപുര. ഈ കുറിപ്പ് ഒരു സമർപ്പിതൻ എന്ന നിലയിലും നമ്മുടെ സഹോദരിമാർ നടത്തിയ സമരത്തിന് എല്ലാ ധാർമിക പിന്തുണയും നല്കിയവൻ എന്ന നിലയിൽ ലുലുമോൾ സിസ്റ്ററിന്റെ ചില നിലപാടുകൾക്കുള്ള മറുപടിയാണ്.

സിസ്റ്ററിന് അറിയാമല്ലോ കത്തോലിക്കാ സഭയിലെ സമർപ്പണ ജീവിതത്തിന്റെ സ്വത്വം അഥവാ അടിത്തറ എന്നത്‌ മൂന്നു സാർവത്രിക സത്യങ്ങൾ ആണെന്ന്.
1) ത്രീത്വ ദൈവത്തിലുള്ള വിശ്വാസവും ഏറ്റുപറച്ചിലും (Confessio Trinitatis)
2) മുദ്രിതമായ സാഹോദര്യം (Signum Fraternitatis)
3) സ്നേഹ ശുശ്രൂഷ (Servitium Caritatis)
ഈ മൂന്നു മൂല്യങ്ങളും അതിന്റെ പൂർണതയിൽ ജീവിക്കുന്നതിനു വേണ്ടിയുള്ള മാർഗ്ഗങ്ങൾ ആണ് അനുസരണ, ദാരിദ്ര്യം, ബ്രഹ്‌മചര്യം എന്നീ വ്രതങ്ങൾ. ഓർക്കുക, ഈ വ്രതങ്ങൾ മാർഗ്ഗങ്ങൾ ആണ്. ലക്ഷ്യം അല്ല. ലക്ഷ്യം എന്നത് ആദ്യം പറഞ്ഞ മൂന്നു സത്യങ്ങൾ ആണ്. വ്രതങ്ങൾ ജീവിത രീതിയുടെ ഭാഗമാണ്. അതിൽ ആർക്കും ഒരിക്കലും പൂർണ്ണരാകാൻ പറ്റില്ല. മാനൂഷികമായ തലത്തിൽ അവിടെ ഇടർച്ചകൾ ഉണ്ടാകും. മനസ്സും ഹൃദയവും ദൈവോത്മുകമാക്കിയാൽ മാത്രമേ ഈ മൂന്നു വ്രതങ്ങളിലും ആന്തരീകവും ബാഹ്യവൂമായ തലത്തിൽ ഒരു ഇടർച്ചയും ഇല്ലാതെ നിൽക്കാൻ സാധിക്കൂ.
മുദ്ര ശ്രദ്ധിക്കണം; ആന്തരീകവും ബാഹ്യവുമായ തലത്തിൽ.

സമർപ്പണ ജീവിതത്തിൽ അനുസരണം, ദാരിദ്ര്യം ബ്രഹ്‌മചര്യം എന്നീ വ്രതങ്ങളിൽ വലുത് ചെറുത് എന്ന വ്യത്യാസം ഇല്ല. അനുസരിക്കാത്തവനും ബ്രഹ്‌മചര്യം തെറ്റിക്കുന്നവനും ചെയ്യുന്ന തെറ്റ് ഒന്ന് തന്നെയാണ്. ബ്രഹ്‌മചര്യത്തിൽ പിഴവ് സംഭവിച്ചവൻ മഹാപാപിയും, അധികാരികളെ അനുസരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം എന്തും പ്രവർത്തിക്കുകയും വിളിച്ചു പറയുകയും, സമർപ്പണ ജീവിതത്തിന്റെ തന്നെ അടിത്തറ ആയ സാഹോദര്യം തകർക്കുന്നതിനായി ഗ്രൂപ്പിസം കളിക്കുന്നവൻ വലിയ ഹീറോയും ആകും എന്നു കരുതണ്ട. രണ്ടു പേരും ചെയ്യുന്നതു ഒരേ തെറ്റാണ്. ലുലുമോൾ സിസ്റ്റർക്കു ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ ല്ലേ.

സമർപ്പണ ജീവിതത്തിന്റ സ്വത്വത്തെ കുറിച്ച് നമ്മൾ ആദ്യം പറഞ്ഞ ഒരു കാര്യമുണ്ട്: Confessio Trinitatis. ഇതു കത്തോലിക്കാ സഭയുടെ മാത്രം പ്രത്യേകതയാണ്. മറ്റു മതങ്ങൾക്കോ സെക്ടുകൾക്കോ ഈ സംഗതിയില്ല. അതുകൊണ്ട് Confessio Trinitatis നെ അടിസ്ഥാനമാക്കി സമർപ്പണ ജീവിതത്തിന്റെ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുമ്പോൾ കത്തോലിക്കാ സഭയുടെ വിശ്വാസത്തിനും അതിന്റെ ദൈവീകമായ പാരമ്പര്യത്തിനും വിധേയമാക്കണം എന്ന കാര്യം സിസ്റ്ററിനോട് ആരും പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ. Confessio Trinitatis നു അനുബന്ധമായി വരുന്ന കാര്യങ്ങൾ ആണ് കൂദാശകൾ. അങ്ങനെയാകുമ്പോൾ, ലുലുമോൾ സിസ്റ്ററേ, ചാനലിൽ ഇരുന്നു കൊണ്ടു കൂദാശകൾക്ക് വിപരീതമായി നിങ്ങൾ എടുത്ത നിലപാട് സമർപ്പണ ജീവിതത്തിന്റെ തന്നെ അടിസ്‌ഥാനത്തിനു എതിരായ നിലപാട് ആയിരുന്നു. നിങ്ങൾ അറിഞ്ഞോ അറിയാതെയോ നിൽക്കുന്ന ഇടം തന്നെ കുഴിക്കാൻ ശ്രമിക്കുകയാണ്.

ഇനി Signum Fraternitatis നെ കുറിച്ചു പറയാം. സിസ്റ്ററേ, സമർപ്പണ ജീവിതത്തിൽ വലിപ്പ ചെറുപ്പം ഒന്നുമില്ല. അവിടെ എല്ലാവരും സമന്മാരാണ്. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വന്നവർ സുവിശേഷ മൂല്യത്തിൽ സഹോദരർ ആണ്. ഇവരെ പരസ്പ്പരം ബന്ധിപ്പിക്കുന്നതു സുവിശേഷ മാനവികതയും ക്രിസ്തുവിനോടുള്ള സ്നേഹവും മാത്രമാണ്. ഇതൊരു കൂട്ടമല്ല. കൂട്ടായ്മയാണ്. അതുകൊണ്ട് തന്നെ സുവിശേഷത്തിലടിസ്ഥാനമായ ഒരു അധികാര ഘടനയുണ്ട്. ഭരിക്കുന്നതിനല്ല. ശുശ്രുഷിക്കുന്നതിനാണ്. അതുകൊണ്ട് അധികാരത്തിലിരിക്കുന്നവരോടുള്ള അനുസരണം വിധേയത്വമോ അടിമത്തമോ അല്ല. അവരോടുള്ള കരുണയാണ് അതു. സിസ്റ്റർക്കു അധികാരവും അനുസരണയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഒരു പിടി പാടും ഇല്ലല്ലേ? സമർപ്പണ ജീവിതത്തിലെ അധികാരം അത്ര വലിയ സംഗതി ഒന്നും അല്ല. എനിക്ക് തോന്നുന്നത്, ഈ ജീവിതത്തിൽ ഏറ്റവും കൂടുതൽ ധർമ്മസങ്കടത്തിലൂടെ കടന്നു പോകുന്ന ഏക വ്യക്തി അധികാരത്തിൽ ഇരിക്കുന്നവൻ ആയിരിക്കും എന്നാണ്. സിസ്റ്ററേ, അധികാരിയുമായുള്ള ബന്ധത്തിൽ കരുണ എന്ന പുണ്യം ഇല്ലെങ്കിൽ പിന്നെ മുറുമുറുപ്പും, വാഗ്വേദവും, അപശബ്ദങ്ങളും, ഗ്രൂപ്പിസവും, അപകീർത്തിയും ആയിരിക്കും. കൂടാതെ, മാധ്യമങ്ങളുമായി ഇത്തിരി കൂട്ടുണ്ടെങ്കിൽ അധികാരി അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നൊക്കെ എല്ലാവരോടുമായി വിളിച്ചു പറയാം. അപ്പോഴും അറിഞ്ഞോ അറിയാതെയോ തകരുന്നത് സമർപ്പണ ജീവിതത്തിന്റെ അടിത്തറയായ സാഹോദര്യം തന്നെയാണ്.

അവസാനമായി Servitium Caritatis. സമർപ്പണ ജീവിതത്തിലെ ഓരോ പ്രവർത്തിയും ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതിയുള്ള പ്രവർത്തനങ്ങൾ ആണ്. അവിടെ പ്രതിഫലേഛ ഉണ്ടാകാൻ പാടില്ല. മൂന്നു വ്രതങ്ങളുടെയും പൂർണ്ണതയാണ് ഈ സ്‌നേഹ ശുശ്രുഷ. ഈ ശുശ്രുഷകൾ കാര്യക്ഷമമായി നടക്കുന്നതിനു അധികാരികൾ പലരെയും ഉന്നത പഠനത്തിന് അയക്കും. എന്തു ഉന്നത ബിരുദം സമ്പാദിച്ചാലും സമർപ്പണ ജീവിതത്തിൽ അതെല്ലാം ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി ശുശ്രുഷയായി മാറ്റണം എന്ന കാര്യവും സിസ്റ്റർക്കു അറിയാമല്ലോ. ഇനി, ശുശ്രുഷയിൽ നിന്നും എന്തെങ്കിലും ദാനമായോ പ്രതിഫലമായോ കിട്ടുകയാണെങ്കിൽ സ്വന്തം വയർ നിറക്കാനോ വീട്ടുകാരെ വലുതാക്കാനോ വേണ്ടിയല്ല. അതു വീണ്ടു മെച്ചപ്പെട്ട സേവനം പാവപ്പെട്ടവർക്ക് നൽകുന്നതിനുള്ള സംഭാവനയാണ്. അതു വന്ന ഇടത്തേക്ക് തന്നെ തിരിച്ചൊഴിക്കാൻ മനസ്സുകാണിക്കണം. അല്ലാതെ, അധികാരികളോട് മറുതലിച്ചു ചെയ്‌ത സേവനത്തിന്റെ പ്രതിഫലം ഉപയോഗിച്ചു തോന്നുന്ന രീതിയിൽ ജീവിച്ചാൽ, സിസ്റ്ററേ, അതു സമർപ്പണ ജീവിതം ആകില്ല.

പിൻകുറിപ്പു: അഞ്ചു സഹോദരിമാർ അവരുടെ അമ്മയ്ക്ക് നീതി ലഭിക്കാൻ ശബ്ദിച്ചപ്പോൾ നിങ്ങളും ശബ്ദിച്ചു. അന്നു നിങ്ങളോടു ബഹുമാനം തോന്നി. നിങ്ങളുടെ മദർ ജനറലിനെ നിങ്ങളും അമ്മ എന്നല്ലേ വിളിക്കുന്നെ? ഇത്തിരിയെങ്കിലും കരുണ അവരോടും കാണിക്കാൻ പാടില്ലേ?

Show More

2 Comments

  1. Well articulated, but for a person ditermined to defame the church and the congregation, no amount of advice or admonition will work. She has no time to read these type of mails or articles. She is not being lead by any of the principles that you elnumerated in the article. But thanks for your beautiful enlightening article. Let us pray for her.

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
error: Content is protected !!
Close