India

എളിമയുടെ മാതൃകയുമായി വിരമിച്ച ബിഷപ്പ് സെബാസ്റ്റ്യനപ്പൻ സിംഗരായൻ – ഇനി സഹ വികാരി

48 വയസ്സുള്ളപ്പോൾ 2000 ഒക്ടോബർ 18-ന് സേലത്തെ നാലാമത്തെ ബിഷപ്പായി...

സ്വന്തം ലേഖകൻ

ചെന്നൈ: വിരമിച്ച ബിഷപ്പ് സെബാസ്റ്റ്യനപ്പൻ സിംഗരായൻ തന്റെ തുടർദിനങ്ങളെ കുറിച്ചെടുത്ത തീരുമാനത്തിന്റെ ശോഭയിൽ എളിമയുടെ ഉത്തമ മാതൃകയായി മാറിയിരിക്കുകയാണ്. സേലം രൂപതയുടെ മെത്രാൻ സ്ഥാനത്ത് നിന്ന് വിരമിച്ച അദ്ദേഹം ഇനിയുള്ള കാലം ഒരു സഹ വികാരിയായി സേവനമനുഷ്ഠിക്കുവാൻ തീരുമാനിക്കുകയായിരുന്നു. 68 വയസ്സുള്ള ബിഷപ്പ് 19 വർഷത്തെ തന്റെ ഇടയ ശുശ്രൂഷയ്ക്കുശേഷം 2020 മാർച്ച് 9 തിങ്കളാഴ്ച വിരമിക്കുകയായിരുന്നു.

ബിഷപ്പ് ഹൗസിലെ വിടവാങ്ങൽ ചടങ്ങുകൾക്ക് ശേഷം മാർച്ച് 11-ന് അദ്ദേഹം നേരെ പോയത് തന്റെ പുതിയ അജപാലന ശുശ്രൂഷാ സ്ഥലമായ കാർപൂറിലെ അന്നായ് വേളാങ്കണ്ണി ഉപഇടവക ദേവാലയത്തിലേക്കാണ്. സ്വന്തം മോട്ടോർ ബൈക്ക് ഓടിച്ചാണ് ബിഷപ്പ് തന്റെ പുതിയ പള്ളിയില്‍ എത്തിച്ചേര്‍ന്നത് എന്നതും വളരെ ശ്രദ്ധേയമാണ്.

1952 ജനുവരി 18-ന് തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലെ എലതഗിരിയിലായിരുന്നു ജനനം. ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്ത്വശാസ്ത്ര പഠനവും, ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. തുടർന്ന്, 1978 മെയ് 27-ന് സേലം രൂപതയ്ക്ക് വേണ്ടി പുരോഹിതനായി അഭിക്ഷിത്തനായി. 48 വയസ്സുള്ളപ്പോൾ 2000 ഒക്ടോബർ 18-ന് സേലത്തെ നാലാമത്തെ ബിഷപ്പായി അദ്ദേഹം നിയമിതനാവുകയും ചെയ്തു.

സാധാരണക്കാരുടെ ബിഷപ്പ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ലളിത ജീവിതമാണ് നയിച്ചിരുന്നത്. തന്റെ അജപാലന സമയത്തും അദ്ദേഹം സൈക്കിളിലും ബൈക്കിലുമാണ് അടുത്തുള്ള ഇടവകകളിലേയ്ക്കും, കൂട്ടായ്മകളിലേക്കു പോയിരുന്നു എന്നത് ‘ആടുകളുടെ മണമുള്ള ഇടയൻ’ എന്ന ഖ്യാതിയും നൽകിയിരുന്നു. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും, മൂന്ന് ബിരുദാനന്തര ബിരുദങ്ങളും, കൂടാതെ വിവിധ വിഷയങ്ങളിലായി അഞ്ച് മാസ്റ്റർ ഡിപ്ലോമകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

2011 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം ദേശീയ ലത്തീന്‍ മെത്രാന്‍ സമിതിയുടെ സുവിശേഷവത്ക്കരണ സമിതി ചെയർമാനായും സേവനമനുഷ്ഠിച്ചിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker