India

ഗബ്രിയേൽ സേനയെക്കുറിച്ച് വ്യാജവാർത്തയുമായി ഇന്ത്യൻ എക്സ്പ്രസ്സ് ദിനപ്പത്രം

വിശ്വാസികൾ കാത്തിരിക്കുന്നത് സഭാനേതൃത്വത്തിന്റെ ഭാഗത്തുനിന്നും നിയമനടപടികളുമായുള്ള മുന്നോട്ട് പോക്കാണ്

ജോസ് മാർട്ടിൻ

തലശ്ശേരി: ഒരു വാര്‍ത്തയെ എങ്ങിനെ കത്തോലിക്കാ സഭക്കും, സഭാവിശ്വാസങ്ങള്‍ക്കും എതിരെയുള്ള ആയുധമാക്കാം എന്ന ഇന്ത്യന്‍ പത്രധർമത്തിന്റെ പുതിയ അജണ്ടയിൽ രൂപംകൊണ്ട ഏറ്റവും പുതിയ കണ്ടെത്തലുമായി ഇന്ത്യയിലെ മുന്‍നിര ദിനപത്രമായ ഇന്ത്യൻ എക്സ്‌പ്രസും. കേരളത്തിന്റെ മുൻനിരമാധ്യമങ്ങൾ മുട്ടുമടക്കി തുടങ്ങിയിടത്താണ് കേരളത്തിന് പുറത്തുള്ള പത്രങ്ങളും ഇപ്പോൾ കച്ചകെട്ടിയിറങ്ങുന്നതെന്ന് പറയേണ്ടിവരും.

ഒരുപക്ഷെ, കേരളത്തിനുപുറത്തെ മാധ്യമപ്രവർത്തകർക്ക് “സേന” എന്ന് കേട്ടാല്‍ ആകെ അറിയാവുന്നത് വടക്കേ ഇന്ത്യയില്‍ മനുഷ്യനെ മതത്തിന്റെ പേരില്‍, ആചാരങ്ങളുടെ പേരില്‍, ജാതിയുടെ പേരിൽ ജീവനോടെ കത്തിക്കുന്ന/ പെരുവഴിയില്‍ തല്ലി കൊല്ലുന്ന വര്‍ഗീയ വെറിപിടിച്ച സേനകളെ മാത്രമായിരിക്കാം. എന്തായാലും തലശ്ശേരി അതിരൂപത ഈ നീക്കത്തിനെതിരെ പ്രതികരിച്ചു, പത്രക്കുറിപ്പും നൽകിയിട്ടുണ്ട്. വാസ്തവവിരുദ്ധമായ വാർത്ത സൃഷ്ടിച്ചെടുത്ത റിപ്പോർട്ടർക്കെതിരെ ബന്ധപ്പെട്ട പത്രസ്ഥാപനം നടപടിയെടുക്കണമെന്നും അതിരൂപത ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, കേരള കത്തോലിക്കസഭാ വിശ്വാസികൾ കാത്തിരിക്കുന്നത് സഭാനേതൃത്വത്തിന്റെ ഭാഗത്തുനിന്നും നിയമനടപടികളുമായുള്ള മുന്നോട്ട് പോക്കാണ്. ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങൾക്കും, വാർത്തകൾക്കും എതിരെ ന്യായപീഠത്തെ സമീപിക്കാത്തിടത്തോളം കാലം, സഹനത്തിന്റെയും ക്ഷമയുടെയും വഴികളിലൂടെ മാത്രം ഇത്തരം ആക്രമണങ്ങൾക്ക് അറുതിവരുത്താൻ കഴിയില്ലായെന്നാണ് വിശ്വാസികൾ കരുതുന്നത്.

തലശ്ശേരി അതിരൂപത പുറത്തിറക്കിയ പത്രപ്രസ്താവനയുടെ പൂർണ്ണരൂപം

ഗബ്രിയേൽ സേനയെക്കുറിച്ചുള്ള വാർത്ത പ്രതിഷേധാർഹം – തലശ്ശേരി അതിരൂപത

തലശ്ശേരി: ‘വിമുക്തഭടന്മാരുടെ കൂട്ടായ്മ’യായ “ഗബ്രിയേൽസേന”യെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് ദിനപ്പത്രം എഴുതിയ വ്യാജവാർത്ത പ്രതിഷേധാർഹമെന്നു തലശ്ശേരി അതിരൂപത. ഡിസംബർ ഒൻപതിന് കണ്ണൂരിൽ നടക്കുന്ന ഉത്തര മലബാർ സംഗമത്തിന്റെ വോളണ്ടിയേഴ്‌സായി സേവനം ചെയ്യാൻ രൂപീകരിച്ചിരിക്കുന്ന വിമുക്തഭടന്മാരുടെ കൂട്ടായ്മയെ “സഭ പ്രത്യേക സേന രൂപീകരിക്കുന്നു” എന്ന തരത്തിൽ ദുർവ്യഖ്യാനം ചെയ്ത് വാർത്ത കെട്ടിച്ചമച്ചത് പത്രധർമത്തിനു നിരക്കാത്ത പ്രവർത്തിയാണെന്നു അതിരൂപത അറിയിച്ചു.

കാർഷികമേഖലയിലെ പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഉത്തര മലബാർ കർഷക പ്രക്ഷോഭം സംഘടിപ്പിച്ചുവരികയാണ്. കണ്ണൂർ കാസർഗോഡ് ജില്ലയിലെ കർഷകരും സ്വതന്ത്ര കർഷക പ്രസ്ഥാനങ്ങളും ഇതിൽ പങ്കാളികളാണ്. ഒക്ടോബർ 13-ന് ഇരുന്നൂറോളം ഗ്രാമങ്ങളിൽ രണ്ടര ലക്ഷത്തോളം കർഷകർ പങ്കെടുത്ത കണ്ണീർ ചങ്ങലെയോടെയാണ് പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഡിസംബർ ഒൻപതിന് കണ്ണൂരിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന കർഷകസംഗമത്തിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു വരുന്നു. നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കി സമ്മേളനം സുഗമമായി നടത്തുന്നതിനായി വിരമിച്ച പട്ടാളക്കാരും പോലീസുകാരും ഉൾപ്പെടുന്ന വോളണ്ടിയർ കമ്മറ്റി ഗബ്രിയേൽ സേന എന്ന പേരിൽ രൂപീകരിച്ചിട്ടുണ്ട്. അച്ചടക്കത്തോടെയും പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാകാതെയും ക്രമീകരിക്കാനുള്ള സന്നദ്ധസേവനസംഘമാണിത്. കേരളസഭയോ, തലശ്ശേരി അതിരൂപതയോ ഇന്ത്യൻ എക്സ്പ്രെസ്സിൽ പറഞ്ഞത് പോലെ സേന രൂപീകരിക്കുന്നില്ല, ഈ വാർത്ത തികച്ചും വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവും ആണ്.

ഉത്തരമലബാർ കർഷകപ്രക്ഷോഭത്തിന്റെ വർദ്ധിച്ചു വരുന്ന ജനപിന്തുണയെ വിവാദങ്ങൾ സൃഷ്ടിച്ചു തകർക്കാൻ തൽപരകക്ഷികൾ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ വാർത്ത. ജനനന്മക്കു വേണ്ടിയുള്ള വലിയ ഒരു മുന്നേറ്റത്തിന്റെ നന്മകളെക്കുറിച്ചു ഒരക്ഷരം പോലും പറയാതെ, ഇതുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളുമായി ബന്ധിപ്പിച്ച് ദുർവ്യാഖ്യാനം ചെയ്ത് സത്യവിരുദ്ധമായ വാർത്ത നല്കിയതിനെതിരെയുള്ള തലശ്ശേരി അതിരൂപതയുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. വാസ്തവവിരുദ്ധമായ വാർത്ത സൃഷ്ടിച്ചെടുത്ത റിപ്പോർട്ടർക്കെതിരെ ബന്ധപ്പെട്ട പത്രസ്ഥാപനം നടപടിയെടുക്കണം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker