Vatican

പുൽക്കൂടിനെ കുറിച്ചുള്ള സംശയങ്ങളകറ്റുന്ന അപ്പൊസ്തോലിക പ്രബോധനം: “വിസ്മയകരമായ അടയാളം” (Admirabile Signum)

ശൈശവത്തില്‍ ആരംഭിച്ച്, നമ്മുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും യേശുവിനെ ധ്യാനിക്കുവാനും, ദൈവത്തിനു നമ്മോടുള്ള സ്നേഹം അനുഭവിച്ചറിയുവാനും പുല്‍ക്കൂടു നമ്മെ സഹായിക്കുന്നു...

“വിസ്മയകരമായ അടയാളം” Admirabile Signum എന്ന അപ്പോസ്തോലിക പ്രബോധനം പുല്‍ക്കൂടിന്റെ പൊരുളും പ്രാധാന്യവും വളരെ വ്യക്തതയോടെ വിവരിക്കുന്നുണ്ട്‌. നിലനിൽക്കുന്ന യാതൊരു സംശയവും ദുരീകരിക്കത്തക്ക രീതിയിലും കൂടിയാണ് ഈ പ്രബോധനം ക്രമീകരിച്ചിരിക്കുന്നത്‌. 2019 ഡിസംബര്‍ 1- ന് തന്റെ അപ്പസ്തോലിക സ്ഥാനത്തിന്റെ ഏഴാം വര്‍ഷത്തില്‍ ഇറ്റലിയിലെ ഗ്രേചോയിലുള്ള തിരുപ്പിറവിയുടെ ദേവാലയത്തില്‍ വച്ചാണ് ഈ അപ്പോസ്തോലിക പ്രബോധനം ഒപ്പുവെച്ചത്.

വത്തിക്കാൻ റേഡിയോയിൽ നിന്ന് ഫാ.വില്യം നെല്ലിക്കൽ പരിഭാക്ഷപ്പെടുത്തിയ
“വിസ്മയകരമായ അടയാളം” അപ്പോസ്തോലിക പ്രബോധനത്തിന്റെ പൂര്‍ണ്ണരൂപം.

1.0 പുല്‍ക്കൂടിന്റെ പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കാം!
ക്രൈസ്തവര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട ക്രിസ്തുമസ് ക്രിബ്ബ് അല്ലെങ്കില്‍ പുല്‍ക്കൂട് ഇന്നും ലോകത്തെ ഏറെ വിസ്മയിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ ജനനത്തിന്റെ ലഘൂകരിച്ച ചിത്രീകരണം ദൈവപുത്രന്റെ മനുഷ്യാവതാര രഹസ്യത്തിന്റെ ആനന്ദകരമായ പ്രഘോഷണമാണ്. തിരുവെഴുത്തുകളുടെ ഏടുകളില്‍നിന്നും ഉയിര്‍കൊള്ളുന്ന സുവിശേഷമാണ് തിരുപ്പിറവിയുടെ രംഗചിത്രീകരണം. ലോകത്തുള്ള ഓരോ സ്ത്രീയും പുരുഷനുമായി നേര്‍ക്കാഴ്ച നടത്താന്‍ ദൈവം താഴ്മയില്‍ മനുഷ്യരൂപമെടുത്ത ചരിത്ര സംഭവത്തിന്റെ ഒരു ആത്മീയ യാത്രയാണ് ക്രിസ്തുമസ്സിനെക്കുറിച്ചുള്ള ധ്യാനം. നമ്മില്‍ ഒരുവന്‍ ആകുവാന്‍ വേണ്ടുവോളം വിനയാന്വിതമായ മഹല്‍ സ്നേഹമാണ് ദൈവം പ്രകടമാക്കിയതെന്നു ധ്യാനിച്ചാല്‍ നമുക്കും അവിടുത്തോടു ചേര്‍ന്നു ജീവിക്കാന്‍ സാധിക്കും.

1.1 ക്രിസ്തുമസിനു മുന്‍പുള്ള ദിവസങ്ങളില്‍ മനോഹരമായ പുല്‍ക്കൂട് കുടുംബങ്ങളില്‍ നിര്‍മ്മിക്കുന്ന നല്ല പാരമ്പര്യത്തെ ഈ കത്തിലൂടെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം നമ്മുടെ സ്ഥാപനങ്ങളിലും, സ്ക്കൂളുകളിലും, ആശുപത്രികളിലും, ജയിലുകളിലും, നഗരങ്ങളിലെ നാല്ക്കവലകളിലും അത് ഒരുക്കുന്ന പാരമ്പര്യം തുടരണമെന്നും ഓര്‍മ്മിപ്പിക്കുകയാണ്. വ്യത്യസ്തങ്ങളായ വസ്തുക്കള്‍ ഉപയോഗിച്ച് ചെറുതെങ്കിലും മനോഹരമായ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രകടമാകുന്ന വലിയ ഭാവനയും ക്രിയാത്മകതയും ശ്രദ്ധേയമാണ്.

കുട്ടികളായിരിക്കെ മാതാപിതാക്കളില്‍നിന്നും കാരണവന്മാരില്‍നിന്നും പുല്‍ക്കൂടിന്‍റെ നിര്‍മ്മിതി കണ്ടു പഠിക്കുന്നതോടൊപ്പം, ഈ ജനകീയ ഭക്തിയുടെ സമ്പന്നമായ അറിവ് ചുരുക്കത്തില്‍ ലഭിക്കുന്നതും അവരില്‍നിന്നു തന്നെയാണ്. ഈ നല്ല പാരമ്പര്യം കെട്ടുപോകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എവിടെയെങ്കിലും ഇനി ഇല്ലാതായിട്ടുണ്ടെങ്കില്‍ത്തന്നെ അത് പുനരാവിഷ്ക്കരിക്കുവാനും പുനര്‍ജീവിപ്പിക്കുവാനും സാധിക്കുമെന്നതിലും സംശയമില്ല.

2.0 പുല്‍ക്കൂടിന് ആധാരം സുവിശേഷ ഭാഗങ്ങൾ
ബെതലഹേമില്‍ ഈശോയുടെ ജനനത്തിന്റെ വിവരണം പറയുന്ന സുവിശേഷങ്ങളിലാണ് പുല്‍ക്കൂടിന്റെ ഉല്പത്തി കണ്ടെത്താനാവുന്നത്. വിശുദ്ധ ലൂക്കാ സുവിശേഷകന്‍ പച്ചയായി കുറിക്കുന്നത്, “മറിയം തന്റെ കടിഞ്ഞൂല്‍പ്പുത്രനെ പ്രസവിച്ചു. പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് അവനെ പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല” (2, 7). ലത്തീന്‍ ഭാഷയില്‍ പുല്‍ത്തൊട്ടിക്ക് “പ്രെസീപിയൂം” Presipium, ഇംഗ്ലിഷില്‍ Manger എന്ന വാക്കുകളാണ് ഉപയോഗിക്കുന്നത്.

2.1 അങ്ങനെ ദൈവപുത്രനായിരുന്നിട്ടും അവിടുത്തേയ്ക്കു പിറക്കാന്‍ ഈ ഭൂമിയില്‍ ഇടം ലഭിച്ചത് കാലികള്‍ മേയുന്ന പുല്‍മേട്ടിലാണ്. സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങി വന്ന അപ്പമെന്ന് സ്വയം വെളിപ്പെടുത്തിയ അവിടുത്തേയ്ക്ക് ആദ്യ കിടക്കയായി ലഭിച്ചത് വൈക്കോലാണ് (യോഹ. 6, 41). വിശുദ്ധ അഗസറ്റിന്‍ മറ്റു സഭാപിതാക്കന്മാര്‍ക്കൊപ്പം ഈ പ്രതീകാത്മകതയില്‍ ഏറെ സംപ്രീതനായി പറയുന്നത്, “പുല്‍ത്തൊട്ടിയില്‍ ശയിച്ചവന്‍ നമ്മുടെ ആത്മീയ ഭോജ്യമായി” (പ്രഭാഷണം 189, 4). തീര്‍ച്ചയായും പുല്‍ക്കൂട് ക്രിസ്തുവിന്റെ നിരവധി മൗതിക രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയും, നമ്മുടെയും ജീവിതങ്ങളിലേയ്ക്ക് ആ ദൈവിക രഹസ്യങ്ങളെ പ്രസരിപ്പിക്കുകയും ചെയ്യുന്നു.

2.2 എന്നിരുന്നാലും പുല്‍ക്കൂടിന്റെ ഉത്ഭവം സംബന്ധിച്ച് നമുക്ക് ഏറ്റവും സുപരിചിതമായ കാര്യങ്ങളിലേയ്ക്ക് എത്തിനോക്കുന്നതു നല്ലതാണ്. 1123-ലെ നവംബര്‍ 29-ന് തന്റെ സന്ന്യാസ സഭയുടെ നിയമാവലിക്ക് ബോണിഫെസ് 3-Ɔമന്‍ പാപ്പായില്‍നിന്നും അംഗീകാരം കിട്ടിയതില്‍പ്പിന്നെ ഇറ്റലിയിലെ ഗ്രേചോ എന്ന ചെറുപട്ടണത്തിലെ ഒരു ഗുഹയില്‍, അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് പതിവുപോലെ പ്രാര്‍ത്ഥിച്ചു കാണണം. അതിനു മുന്‍പെ വിശുദ്ധനഗരം സന്ദര്‍ശിച്ചിട്ടുള്ള വിശുദ്ധന്റെ മനസ്സില്‍ ഗ്രേചോ ഗുഹ ബെതലഹേമിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തിയിട്ടുണ്ടായിരിക്കാം. മാത്രമല്ല, റോമാ നഗര സന്ദര്‍ശനത്തിനിടെ മേരി മേജര്‍ ബസിലിക്കയിലെ (Mary Major Basilica) തിരുപ്പിറവിയുടെ ‘മൊസൈക്ക്’ ചിത്രീകരണങ്ങളും (Nativity scenes), അവിടെ ബെതലഹേമിലെ പുല്‍ത്തൊട്ടിയില്‍നിന്നും കൊണ്ടുവന്നിട്ടുള്ള മരപ്പലകകള്‍ സൂക്ഷിച്ചിരിക്കുന്നു എന്ന വാര്‍ത്തയും ഫ്രാന്‍സിസിന്‍റെ മനസ്സില്‍ ബെതലഹേത്തെക്കുറിച്ചുള്ള ആത്മീയാവേശം ഉണര്‍ത്തിയിട്ടുണ്ടാകാം.

2.3 ഗ്രേചോയില്‍ എന്തു സംഭവിച്ചുവെന്ന് ഫ്രാന്‍സിസ്ക്കന്‍ പാരമ്പര്യം കൃത്യമായി പറയുന്നുണ്ട്. ആ വര്‍ഷം ക്രിസ്തുമസിന് 15 ദിവസംമുന്‍പ് അവിടെ പട്ടണത്തില്‍ അടുത്തു പരിചയമുള്ള ജോണ്‍ എന്നൊരാളോട് ഫ്രാന്‍സിസ് ആവശ്യപ്പെട്ടത്, ഈശോ പിറന്ന ബെതലേഹം കുന്നില്‍ അവിടുന്നു എത്രത്തോളം സൗകര്യക്കുറവുകള്‍ സഹിച്ചാണ് പിറന്നതെന്ന് നഗ്നനേത്രങ്ങള്‍ക്ക് ഗ്രാഹ്യമാകുന്ന വിധത്തില്‍ ജീവനുള്ള കാളയും കഴുതയുമുള്ള ഒരു കാലിത്തൊഴുത്ത് ഒരുക്കാനാണ്. മേരിയും ഉണ്ണിയും, യൗസേപ്പും, ഇടയന്മാരും, മാലാഖമാരുമുള്ള ഒരു പുല്‍ക്കൂട് ഗ്രേചോ ഗുഹയില്‍ പുനരാവഷ്ക്കരിക്കണമെന്നും, ഉണ്ണിയേശുവെ വൈക്കോലില്‍ കിടത്തണമെന്നുമാണ് (ചെലാനോ, 84).

സിദ്ധന്‍ ആവശ്യപ്പെട്ടതു പ്രകാരമുള്ള എല്ലാ സംവിധാനങ്ങളും വിശ്വസ്തനായ ആ സ്നേഹിതന്‍ ഗുഹയില്‍ ഒരുക്കി. ക്രിസ്തുമസ്സ് രാത്രിയില്‍ തന്‍റെ സഹോദരങ്ങളും ഗ്രേചോയുടെ വിവിധ ഭാഗങ്ങളിലെ കൃഷിയിടങ്ങളിലുള്ളവരും സകുടുംബം ഗുഹയിലെത്തി. അവര്‍ പൂക്കളും വിളക്കുകളുമായി ആ ക്രിസ്തുമസ് രാവിനെ കൂടുതല്‍ ഭംഗിയുള്ളതാക്കി. ഫ്രാന്‍സിസ് സ്ഥലത്തെത്തിയപ്പോള്‍ ഗുഹയില്‍ വൈക്കോലും, കാളയെയും കഴുതയെയും കണ്ടു. പിന്നെ അവിടെയുള്ളവരില്‍നിന്നു തന്നെ പുല്‍ക്കൂട്ടിലെ ഉണ്ണിയും അമ്മയും, യൗസേപ്പും, ഇടയന്മാരും മാലാഖമാരുമെല്ലാം തയ്യാറായി നിന്നിരുന്നു. ഉണ്ണിയെ കിടത്തിയ പുല്‍ത്തൊട്ടിക്കു സമീപം വൈദികന്‍ ദിവ്യബലിയര്‍പ്പിച്ചു. മനുഷ്യാവതാരവും ദിവ്യകാരുണ്യവും തമ്മില്‍ ബന്ധിപ്പിക്കുന്ന ചരിത്ര സംഭവമായിരുന്നു അത്. ഗ്രേചോയില്‍ പ്രതിമകള്‍ ഇല്ലായിരുന്നു. അവിടെ ഉണ്ടായിരുന്നവര്‍ തന്നെയാണ് തിരുപ്പിറവിയുടെ രംഗം പൂര്‍ണ്ണമായും പുനരാവിഷ്ക്കരിച്ചത് (ചെലാനോ, 85).

2.4 ഇതാണ് പുല്‍ക്കൂടിന്റെ ആരംഭം : അവിടെ ഗ്രേചോ ഗുഹയില്‍ കൂടിയവര്‍ എല്ലാവരും തിരുപ്പിറവിയുടെ മൂലസംഭവത്തില്‍നിന്നു വിദൂരസ്ഥമല്ലാത്തപോലെ ക്രിസ്തുമസ് രാത്രിയുടെ ദിവ്യരഹസ്യത്തില്‍ സജീവമായ ഭക്തിയോടും സന്തോഷത്തോടുംകൂടെ പങ്കുചേര്‍ന്നു.

2.5 വിശുദ്ധ ഫ്രാന്‍സിസിന്റെ ആദ്യത്തെ ജീവചരിത്രകാരന്‍ തോമസ് ചെലാനോ രേഖപ്പെടുത്തുന്നത്, ഗ്രേച്യോ ഗുഹയില്‍ ആ രാവില്‍ ആവിഷ്ക്കരിക്കപ്പെട്ട ലളിതവും ഹൃദയസ്പര്‍ശിയുമായ പുല്‍ക്കൂട്ടിലെ ദിവ്യബലിയെ തുടര്‍ന്ന് അവിടെ സന്നിഹിതരായിരുന്ന എല്ലാവര്‍ക്കും ലഭിച്ചത് അത്യപൂര്‍വ്വമായ ഒരു ദര്‍ശനമായിരുന്നു. ബെതലഹേമിലെ ദിവ്യശിശുവിനെ അവര്‍ കണ്ടുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു : 1223-ലെ ക്രിസ്തുമസ് രാത്രിയിലെ ആഘോഷങ്ങള്‍ക്കുശേഷം ഗ്രേചോയില്‍ സമ്മേളിച്ച “എല്ലാവരും ആനന്ദപരവശരായി തങ്ങളുടെ ഭവനങ്ങളിലേയ്ക്കു മടങ്ങി” (ചെലാനോ, 86).

3. 0 അസ്സീസിയിലെ സിദ്ധന്‍ തുടക്കമിട്ട പാരമ്പര്യം
ലാളിത്യമാര്‍ന്ന ക്രിസ്തുവിന്റെ ജനനം വിശുദ്ധ ഫ്രാന്‍സിസ് പുല്‍ക്കൂട്ടിലെ അടയാളങ്ങളിലൂടെ ആവിഷ്ക്കരിച്ചതുവഴി ഒരു സുവിശേഷവത്ക്കരണ രീതിയാണ് അദ്ദേഹം ലോകത്തിനു നല്കിയത്. അദ്ദേഹത്തിന്‍റെ പ്രബോധനം മനുഷ്യഹൃദയങ്ങളെ സ്പര്‍ശിക്കുകയും, ഇന്നും അത് ക്രൈസ്തവികതയുടെ മനോഹാരിതയും, ഒപ്പം രക്ഷണീയ ദൗത്യത്തിന്‍റെ യഥാര്‍ത്ഥമായ പൊരുളും ലോകത്തിന് വെളിപ്പെടുത്തിത്തരുകയും ചെയ്യുന്നു. വിശുദ്ധ ഫ്രാന്‍സിസ് തിരുപ്പിറവിയുടെ രംഗം ആദ്യമായി പുനരാവിഷ്ക്കരിച്ച സ്ഥലം, ഗ്രേചോ ഇന്നും വിശ്വാസത്തെ ബലപ്പെടുത്തുന്നതും ആത്മീയത വളര്‍ത്തുന്നതുമാണ്. മദ്ധ്യ ഇറ്റലിയുടെ ആല്‍പ്പൈന്‍ കുന്നിന്‍ ചെരുവില്‍ മഞ്ഞുപുതച്ചു കിടക്കുന്ന ഗ്രേചോ പട്ടണം ആത്മാവിന് അഭയമാകുന്ന പുണ്യസ്ഥാനമാണ്.

3.1 എന്തുകൊണ്ടാണ് പുല്‍ക്കൂട് മനുഷ്യഹൃദയങ്ങളില്‍ ഇത്രയേറെ കൗതുകം ഉണര്‍ത്തുകയും ഹൃദയങ്ങളെ സ്പര്‍ശിക്കുകയും ചെയ്യുന്നത്. കാരണം, ആദ്യമായി അത് ദൈവത്തിന്‍റെ ലോലമായ സ്നേഹം വെളിപ്പെടുത്തുന്നു : പ്രപഞ്ച ദാതാവ് സൃഷ്ടിയുടെ താഴ്മയെ പുല്‍കുവോളം വിനീതനായി. പുല്‍ക്കൂട്ടില്‍ പിറന്ന മേരീ സുതനായ ക്രിസ്തു സകല ജീവന്‍റെയും സ്രോതസ്സും സുസ്ഥിതിക്കു കാരണക്കാരനുമാണെന്നു മനസ്സിലാക്കുമ്പോള്‍ ജീവന്‍റെ ദാനം അതിന്‍റെ എല്ലാ നിഗൂഢതയിലും കൂടുതല്‍ ആശ്ചര്യാവഹമായിത്തീരുന്നു. മനുഷ്യര്‍ ജീവിതത്തില്‍ തത്രപ്പെടുകയും നഷ്ടധൈര്യരാവുകയും ചെയ്യുമ്പോള്‍ എന്നും നമുക്കു സാന്ത്വനമേകുവാനും നമ്മുടെ സമീപത്തായിരിക്കുവാനുമായി സ്വര്‍ഗ്ഗീയ പിതാവ് നമുക്കായി ക്രിസ്തുവില്‍ ഒരു സഹോദരനെയും വിശ്വസ്ത സ്നേഹിതനെയും നല്കിയിരിക്കുന്നു.

3.2 നമ്മുടെ ഭവനങ്ങളില്‍ പുല്‍ക്കൂടു നിര്‍മ്മിക്കുമ്പോള്‍ ബെതലഹേമിലെ തിരുപ്പിറവിയുടെ രംഗം പുനരുജ്ജീവിപ്പിക്കുവാനാണ് അതു നമ്മെ സഹായിക്കേണ്ടത്. സ്വാഭാവികമായും പുല്‍ക്കൂടിനെ ധ്യാനിക്കുവാനും മനസ്സിലാക്കുവാനും സഹായിക്കുന്ന സ്രോതസ്സുകള്‍ സുവിശേഷങ്ങള്‍ തന്നെയാണ്. സുവിശേഷങ്ങ്ള്‍ പറയുന്ന പുല്‍ക്കൂടിന്‍റെ രംഗചിത്രീകരണം ഭാവനയില്‍ എല്ലാം കൊണ്ടുവരുവാന്‍ സഹായകമാണ്. അതു നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നു. മാത്രമല്ല സജീവവും യഥാര്‍ത്ഥവുമായ സമകാലീന സംഭവങ്ങള്‍പോലെ രക്ഷാകര ചരിത്രം അതിന്‍റെ വിസ്തൃതവും സമ്പൂര്‍ണ്ണവുമായ ചരിത്ര-സാംസ്ക്കാരിക വ്യാപ്തിയില്‍ എല്ലാവര്‍ക്കും അനുഭവവേദ്യമാക്കുകയും ചെയ്യുന്നു.

3.3 ദൈവപുത്രനായ ക്രിസ്തു മനുഷ്യാവതാര സംഭവത്തില്‍ സ്വയം ഏറ്റെടുത്ത ദാരിദ്ര്യം അനുഭവിക്കുവാനും അത് തൊട്ടറിയുവാനും ഫ്രാന്‍സിസ്ക്കന്‍ സഭയുടെ ഉല്പത്തി മുതല്‍ പുല്‍ക്കൂട് പ്രത്യേകമായി സഹായിക്കുന്നു. ബെതലഹേമിലെ ജനനം മുതല്‍ കാല്‍വരിയിലെ കുരിശുമരണം വരെ ക്രിസ്തു നടന്ന അവിടുത്തെ എളിമയുടെയും, ദാരിദ്ര്യത്തിന്‍റെയും, സ്വയാര്‍പ്പണത്തിന്‍റെയും പാത വ്യക്തമായി പിഞ്ചെല്ലുവാന്‍ പുല്‍ക്കൂടു നമ്മെ ക്ഷണിക്കുന്നു. സഹായം തേടുന്ന സഹോദരീ സഹോദരന്മാരോട് കാരുണ്യം കാണിച്ചുകൊണ്ട് അവരില്‍ ക്രിസ്തുവിനെ കാണുവാനും അവിടുത്തെ സേവിക്കുവാനും പുല്‍ക്കൂടു നമ്മെ പ്രേരിപ്പിക്കുന്നു (മത്തായി 25, 31-46).

4.0 പുല്‍ക്കൂടിന്റെ പൊരുള്‍
പുല്‍ക്കൂടിന്റെ ആഴമായ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കുവാന്‍ അതിന്‍റെ വ്യത്യസ്ത ഘടകങ്ങള്‍ അപഗ്രഥിക്കുന്നതു നല്ലതാണ്. ആദ്യത്തേത് രാത്രിയുടെ നിശ്ശബ്ദതയെ ആവരണംചെയ്തുകൊണ്ട് പുല്‍ക്കൂടിനു പശ്ചാത്തലമായി നില്ക്കുന്ന നക്ഷത്രങ്ങള്‍ മിന്നിനില്ക്കുന്ന ആകാശമാണ്. സുവിശേഷത്തോടു വിശ്വസ്തരായിരിക്കുവാന്‍ വേണ്ടി മാത്രമല്ല നാം ഇത് ചിത്രീകരിക്കുന്നത്. മറിച്ച് ആകാശത്തിന്‍റെ പ്രതീകാത്മകമായ മൂല്യംകൂടി കണക്കിലെടുത്തുകൊണ്ടാണ്. രാത്രിയുടെ ഇരുട്ടും ഏകാന്തതയും അനുഭവിച്ചിട്ടുള്ള നാളുകള്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ ഉണ്ടാകും. ദൈവം നമ്മെ കൈവെടിയുന്നില്ല.

ജീവിതത്തിന്റെ അടിസ്ഥാനപരമായ അര്‍ത്ഥത്തെക്കുറിച്ചുള്ള ചോദ്യത്തിനുപോലും ഉത്തരംതരുവാന്‍ ദൈവം നമ്മുടെ കൂടെയുണ്ട്. ഞാന്‍ ആരാണ്? എവിടെനിന്നു വരുന്നു? എവിടേയ്ക്കു പോകുന്നു? എന്തിനാണ് ഞാനീ ചരിത്ര ഘട്ടത്തില്‍ ജനിച്ചത്? എന്താണ് മനുഷ്യസ്നേഹം? ഞാന്‍ എന്തിന് സഹിക്കണം? എന്തിന് മരിക്കണം? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരവുമായിട്ടാണ് ദൈവം മനുഷ്യനായി അവതരിച്ചത്. ജീവിതത്തില്‍ നമുക്ക് ചുറ്റും ഇരുട്ടു വ്യാപിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ സാമീപ്യം പ്രകാശമാണ്. അവിടുന്ന് യാതനകളുടെ കരിനിഴലില്‍ ജീവിക്കുന്നവര്‍ക്കായ് വഴിതെളിക്കുന്നു (ലൂക്കാ 1, 79).

4.1 പുല്‍ക്കൂട്ടില്‍ നാം ചിത്രീകരിക്കുന്ന ഭൂപ്രദേശത്തിനും പ്രത്യേക അര്‍ത്ഥമുണ്ട്. പലപ്പോഴും അത് പഴയ കെട്ടിടങ്ങളുടെ ജീര്‍ണ്ണമായ അവശിഷ്ടങ്ങളാണ്. കാരണം ബെതലഹേമില്‍ തിരുക്കുടുംബത്തിന് അഭയമായതും ഇടിഞ്ഞുപൊളി‍ഞ്ഞൊരു കാലിത്തൊഴുത്തായിരുന്നു. ഈ ജീര്‍ണ്ണാവശിഷ്ടങ്ങളുടെ ചിത്രീകരണത്തിനു പിന്നില്‍ 13-Ɔο നൂറ്റാണ്ടിലെ ഡൊമിനിക്കന്‍ വൈദികന്‍, യക്കോബൂസ് ദി വരജീന്‍റെ സുവര്‍ണ്ണ ഇതിഹാസങ്ങളില്‍ (golden legend) രേഖപ്പെടുത്തിയിട്ടുള്ള ഒരു വിജാതീയ വിശ്വാസമാണ് – കന്യക ഗര്‍ഭംധരിച്ച് ഒരു കുഞ്ഞിനെ നല്കുമ്പോള്‍ റോമിലെ സമാധാന സൗധം നിലംപരിശാകും.

കഥകള്‍ എന്തുതന്നെ പറഞ്ഞാലും, എവിടെയും എപ്പോഴും വീണടിയുന്ന മാനവികതയുടെ പ്രതീകമാണ് ജീര്‍ണ്ണത. മനുഷ്യര്‍ വിനാശത്തിന് അടിമയാകുമ്പോള്‍ സകലതും അത്യന്താപേക്ഷിതമായ വിധത്തില്‍ തകരുകയും, നശിക്കുകയും, അവര്‍ നിരാശയില്‍ നിപതിക്കുകയും ചെയ്യുന്നു. അതിനാല്‍ പുല്‍ക്കൂട്ടിലെ ജീര്‍ണ്ണതയുടെ രംഗസംവിധാനം തകരുന്ന ലോകത്തിനു നല്കുന്ന നവീനതയുടെ സന്ദേശമാണ്. അവിടുന്നു വന്നത് തകര്‍ന്നതിനെ സമുദ്ധരിക്കുവാനും, സൗഖ്യപ്പെടുത്തുവാനും, ജീവിതങ്ങളെ അതിന്‍റെ പ്രഥമവും അടിസ്ഥാനവുമായ അന്തസ്സിന്‍റെ തെളിമയിലേയ്ക്ക് പുനരാവിഷ്ക്കരിക്കുവാനുമാണ്.

5.0 പുല്‍ക്കൂട്ടിലെ കൂടിക്കാഴ്ചകള്‍
ഏറെ വികാരത്തോടെയാണ് നാം മലയും, അരുവിയും, ആട്ടിന്‍പറ്റവും, ഇടയന്മാരെയുമെല്ലാം പുല്‍ക്കൂട്ടില്‍ സംവിധാനംചെയ്യുന്നത്! അങ്ങനെ നാം ചെയ്യുമ്പോള്‍ രക്ഷകന്‍റെ ആഗമനത്തില്‍ സകല സൃഷ്ടികളും ആനന്ദിക്കും എന്ന പ്രവാചക വാക്യങ്ങളാണ് അവിടെ പ്രതിഫലിക്കുന്നത്. അതുപോലെ മാലാഖമാരും, വാല്‍നക്ഷത്രവും എല്ലാം ആവര്‍ത്തിച്ചു പറയുന്നത്, ആ ദിവ്യദൂതന്മാരെയും പൂജരാജാക്കന്മാരെയും പോലെ പുല്‍ക്കൂട്ടിലെ ഉണ്ണിയെ നാം ആരാധിക്കണമെന്നാണ്.

5.1 “ദൂതന്മാര്‍ അവരെവിട്ട്, സ്വര്‍ഗ്ഗത്തിലേയ്ക്കു പോയപ്പോള്‍ ആട്ടിടയന്മാര്‍ പരസ്പരം പറഞ്ഞു : നമുക്ക് ബെതലേഹംവരെ പോകാം. കര്‍ത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം” (ലൂക്കാ 2, 15). മാലാഖമാരുടെ സന്ദേശം കേട്ട ഇടയന്മാര്‍ ഉടനെ പരസ്പരം പറഞ്ഞത് ഇപ്രകാരമായിരുന്നു. പാവപ്പെട്ട ആ മനുഷ്യരുടെ വാക്കുകളില്‍നിന്നും മനോഹരമായ ഒരു സന്ദേശം ഉരുവാകുന്നുണ്ട്. നാം എല്ലാവരും പല കാര്യങ്ങളില്‍ വ്യഗ്രത പൂണ്ടിരിക്കുന്നതിനാല്‍ ഏറെ പ്രധാനപ്പെട്ട പലതും വിട്ടുപോകുന്നു. എന്നാല്‍ ഏറ്റവും അടിയന്തിരമായവയില്‍ ശ്രദ്ധപതിപ്പിച്ചത് ഇടയന്മാരാണ് : ഇത് രക്ഷയുടെ ദാനമാണ്!

മനുഷ്യാവതാര സംഭവത്തെ വരവേറ്റത് എളിയവരും പാവങ്ങളുമായവരാണ്. സ്നേഹത്തോടും, നന്ദിയോടും, എന്നാല്‍ ഭീതിയോടുംകൂടെ ഉണ്ണിയേശുവിനെ കാണുവാന്‍ പുറപ്പെട്ട ഇടയന്മാര്‍ തീര്‍ച്ചയായും നമ്മെ തേടിയെത്തിയ ദൈവത്തെയാണ് എതിരേറ്റത്. യേശുവിനു നന്ദിപറയാം. പുല്‍ക്കൂട്ടില്‍ വളരെ പ്രകടമായി ദൃശ്യമാകുന്നത് താഴ്മയില്‍ നമ്മിലേയ്ക്കു വന്ന ദൈവവും അവിടുത്തെ മക്കളും തമ്മിലുള്ള കൂടിക്കാഴ്ചയാണ്. നമ്മുടെ വിശ്വാസത്തിനും അതിന്‍റെ അന്യൂനമായ സൗന്ദര്യത്തിനും രൂപംനല്കുന്ന കൂടിക്കാഴ്ചയാണിത്.

6.0 പുല്‍ക്കൂട്ടിലെ മറ്റു ഘടകങ്ങള്‍
പ്രതീകാത്മകമായി മറ്റു പല ഘടകങ്ങളും നാം പുല്‍ക്കൂട്ടില്‍ ചേര്‍ക്കുന്ന പതിവുണ്ട്. അതില്‍ ആദ്യം ഓര്‍ക്കേണ്ടത് ഹൃദയത്തിലെ സമ്പത്തിനെക്കുറിച്ചു മാത്രം അറിയാവുന്ന യാചകരാണ്. ഉണ്ണിയേശുവിന്‍റെ ചാരത്ത് അണയാന്‍ തീര്‍ച്ചയായും അവര്‍ക്ക് അവകാശമുണ്ട്. ആര്‍ക്കും അവരെ തടയാനാവില്ല. കാരണം താല്ക്കാലിക ഉപയോഗത്തിന് എന്നപോലെ തട്ടിക്കൂട്ടിയിരിക്കുന്ന ഒരു കാലിത്തൊഴുത്തില്‍ അവരല്ലാതെ മറ്റാരാണ് പൂര്‍ണ്ണമായും താദാത്മ്യപ്പെടുക! അതിനാല്‍ തീര്‍ച്ചയായും മനുഷ്യാവതാരമെന്ന ഈ ദൈവികരഹസ്യത്തിന്‍റെ സവിശേഷാവകാശമുള്ളവര്‍ പാവങ്ങളാണ്. നമ്മുടെ മദ്ധ്യേയുള്ള ദൈവികസാന്നിദ്ധ്യം ആദ്യം തിരിച്ചറിയാന്‍ ഭാഗ്യമുണ്ടാകുന്നതും പലപ്പോഴും സമൂഹത്തിലെ എളിയവര്‍ക്കാണ്.

6.1 പുല്‍ക്കൂട്ടിലെ പാവങ്ങളുടെയും എളിയവരുടെയും സാന്നിദ്ധ്യം അനുസ്മരിപ്പിക്കുന്നത്, തന്‍റെ സ്നേഹം ഏറ്റവും ആവശ്യമുള്ളവരുടെയും, തന്‍റെ സാന്നിദ്ധ്യത്തിനായി കേഴുന്നവരുടെയും മദ്ധ്യേ ആയിരിക്കുവാനാണ് ദൈവം മനുഷ്യനായത് എന്ന സത്യമാണ്. ശാന്തശീലനും വിനീതഹൃദയനുമായ ക്രിസ്തു ദരിദ്രനായി ജനിച്ചുകൊണ്ടും, ലാളിത്യമാര്‍ന്ന ജീവിതം നയിച്ചുകൊണ്ടും ജീവിതത്തില്‍ ആവശ്യമായതും പ്രധാനപ്പെട്ടതും എന്താണെന്നും, അതനുസരിച്ച് ജീവിക്കണമെന്നും സകലരെയും പഠിപ്പിക്കുന്നു (മത്തായി 11 : 29). അതിനാല്‍ ക്രിസ്തുവിന്‍റെ ശിഷ്യര്‍ സമ്പത്തിനാലും, മോഹിപ്പിക്കുന്ന ആനന്ദ വാഗ്ദാനങ്ങളാലും കബളിപ്പിക്കപ്പെടരുതെന്നും തിരുപ്പിറവിയുടെ രംഗചിത്രീകരണം ആഹ്വാനംചെയ്യുന്നുണ്ട്.

പുല്‍ക്കൂടിന്റെ പശ്ചാത്തലത്തില്‍ അങ്ങ് അകലെ ഹേറോദേശ് രാജാവിന്‍റെ കൊട്ടാരം ചിത്രീകരിക്കപ്പെടുന്നത് സാധാരണമാണ്. രക്ഷകന്‍റെ ആഗമനത്തെക്കുറിച്ചുള്ള സദ്വാര്‍ത്തയ്ക്ക് ചെവിയും കൊട്ടാര കവാടവും ഒരുപോലെ കൊട്ടിയടച്ച നാടുവാഴിയാണ് ഹേറോദേശ്. പരിത്യക്തര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും അന്തസ്സും പ്രത്യാശയും നല്കുന്ന യഥാര്‍ത്ഥ വിപ്ലവത്തിന് ദൈവം തുടക്കമിട്ടിരിക്കുന്നു : അത് സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും വിപ്ലവമാണ്! അതിനാല്‍ ആരും അവഗണിക്കപ്പെടാത്തതും പാര്‍ശ്വവത്ക്കരിക്കപ്പെടാത്തതുമായ മനുഷ്യത്വവും സാഹോദര്യവുമുള്ളതുമായ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ബൃഹദ് സംസ്ക്കാരം (An all inclusive culture, അന്യത്വരഹിത സംസ്കാരം) വളര്‍ത്തണമെന്ന് യേശു പുല്‍ക്കൂട്ടില്‍നിന്നും എളിമയോടെ, എന്നാല്‍ ശക്തമായി ആഹ്വാനംചെയ്യുന്നു.

6.2 സുവിശേഷത്തിലെ വിവരണവുമായി യാതൊരു ബന്ധവുമില്ലാത്തതെന്നു തോന്നിയേക്കാവുന്ന ചില രൂപങ്ങള്‍ കുട്ടികള്‍, എന്തിന് പ്രായപൂര്‍ത്തിയായവര്‍പോലും പുല്‍ക്കൂട്ടില്‍ ഇണക്കിവയ്ക്കാറുണ്ട്. അവയ്ക്കോരോന്നിനും യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ സൃഷ്ടിയായ സകലത്തിനോടും ബന്ധമുണ്ട്. അങ്ങനെ കുട്ടികള്‍ ഇഷ്ടപ്പെട്ടു വയ്ക്കുന്ന വിചിത്രമായ രൂപങ്ങള്‍ക്കുപോലും ക്രിസ്തു ലോകത്തിനായി തുറന്നിരിക്കുന്ന നവമായ സാമൂഹികതയില്‍ പ്രസക്തിയുണ്ട്. കൊല്ലപ്പണിക്കാരന്‍ തുടങ്ങി ഇടയന്മാര്‍വരെയും, റൊട്ടിയുണ്ടാക്കുന്നയാള്‍ മുതല്‍ സംഗീതജ്ഞ‍ന്‍വരെയും, കളിക്കുന്ന കുട്ടികള്‍ക്കിടയിലൂടെ വെള്ളം കോരി തലയില്‍ കുടവും വച്ചുകൊണ്ട് നീങ്ങുന്ന സ്ത്രീയുടെ ചിത്രീകരണവുമെല്ലാം അനുദിന ജീവിതത്തിന്റെ സാധാരണത്ത്വങ്ങളിലെ വിശുദ്ധിയുടെ അടയാളങ്ങളാണ്. യേശു നമ്മിലേയ്ക്ക് ഇറങ്ങിവന്നത് അവിടുത്തെ ദൈവിക ജീവന്‍ നാമുമായി പങ്കുവയ്ക്കുവാനും, അങ്ങനെ ജീവിതത്തിന്‍റെ സാധാരണ കാര്യങ്ങളെ അനിതരസാധാരണങ്ങളായി രൂപാന്തരപ്പെടുത്തുവാനുമാണ്.

7.0 മേരിയും യൗസേപ്പും
മേരിയുടെയും യൗസേപ്പിന്റെയും സാന്നിദ്ധ്യം പുല്‍ക്കൂടിനെ ശ്രദ്ധേയമാക്കുന്നു. തന്റെ പുത്രനെ ധ്യാനപൂര്‍വ്വം വീക്ഷിക്കുകയും, അവിടെയെത്തുന്ന ഓരോ സന്ദര്‍ശകര്‍ക്കും യേശുവിനെ മേരി കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. നസ്രത്തിലെ യുവതിയുടെ വിമല ഹൃദയത്തിന്റെ കവാടത്തില്‍ ദൈവം മുട്ടിയപ്പോള്‍ ചുരുളഴിഞ്ഞ ദൈവിക രഹസ്യം ധ്യാനിക്കുവാന്‍ മറിയത്തിന്‍റെ പുല്‍ക്കൂട്ടിലെ രൂപം സകലരെയും സഹായിക്കുന്നു. ദൈവമാതാവാകുമെന്ന് അരുള്‍ ചെയ്ത മാലാഖയുടെ സന്ദേശത്തോട് അവള്‍ സമ്പൂര്‍ണ്ണ വിധേയത്വം പ്രകടമാക്കി. “ഇതാ, കര്‍ത്താവിന്റെ ദാസി! അങ്ങേ വചനംപോലെ എന്നില്‍ എല്ലാം നിറവേറട്ടെ!” ഇതായിരുന്നു മറിയത്തിന്റെ തുറവുള്ള മറുപടി (ലൂക്കാ 1 : 38).

ദൈവഹിതത്തോട് എപ്രകാരം നാം കീഴ്പ്പെട്ടു ജീവിക്കണമെന്ന് മറിയത്തിന്റെ പ്രതികരണം പഠിപ്പിക്കുന്നു. ദൈവഹിതത്തിനു മറിയം നല്കിയ സമ്പൂര്‍ണ്ണ സമ്മതത്തിന് (fiat) നമുക്കു ദൈവത്തിനു നന്ദിപറയാം. തന്‍റെ കന്യാത്വം ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ട് മറിയം രക്ഷകന്റെ അമ്മയായി. തന്നോടു മാത്രം മകനെ ചേര്‍ത്തണയ്ക്കുന്ന ഒരമ്മയല്ല മറിയം. മറിച്ച് അവിടുത്തെ വാക്കുകള്‍ അനുസരിക്കുവാനും, അവ ജീവിതത്തില്‍ പകര്‍ത്തുവാനുമായി എല്ലാവരെയും അവള്‍ യേശുവിന്റെ പക്കലേയ്ക്കു പറഞ്ഞയയ്ക്കുന്നു
(യോഹ. 2:5).

7.1 ഉണ്ണിയേശുവിനും അമ്മയ്ക്കും സംരക്ഷകനായി അവരുടെ ചാരത്തു നില്ക്കുന്ന വിശുദ്ധ യൗസേപ്പിനെയാണ് പുല്‍ക്കൂട്ടില്‍ കാണുന്നത്. കൈയ്യില്‍ വടിയും വിളക്കുമായി പുല്‍ക്കൂട്ടില്‍ ചിത്രീകരിക്കപ്പെടുന്ന യൗസേപ്പിന്റെ രൂപം മനം കവരുന്നതാണ്. കുടുംബത്തിന്‍റെ അക്ഷീണനായ കാവല്‍ക്കാരനാണ് വിശുദ്ധ യൗസേപ്പ്! ഉണ്ണിയേശുവിന് എതിരായ രാജഭീഷണിയെക്കുറിച്ച് ദൈവം താക്കീതു നല്കിയപ്പോള്‍ സകുടുംബം ഈജിപ്തിലേയ്ക്കു പലായനംചെയ്യാന്‍ അദ്ദേഹം മടിച്ചില്ല (മത്തായി 2, 13-15). എന്നാല്‍ അപകടം തീര്‍ന്നെന്നു മനസ്സിലാക്കിയപ്പോള്‍ അദ്ദേഹം ഉടനെ കുടുംബത്തെ നസ്രത്തിലേയ്ക്കു തിരികെകൊണ്ടു പോരുകയും ചെയ്തു. ബാലനും യുവാവുമായ യേശുവിന്‍റെ പ്രഥമ അദ്ധ്യാപകനായിരുന്നു യൗസേപ്പ്. നീതിമാനായ അദ്ദേഹം ദൈവഹിതത്തിന് കീഴ്വഴങ്ങിക്കൊണ്ടും അതിനൊത്തു ജീവിച്ചുകൊണ്ടും, യേശുവിനെയും തന്റെ വധുവായ മറിയത്തെയും ചൂഴ്ന്നുനിന്ന ദൈവികരഹസ്യങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു ജീവിച്ചു.

8.0 പുല്‍ക്കൂട്ടിലെ ദിവ്യശിശു
അവസാനം ഉണ്ണിയേശുവിന്റെ രൂപം നാം പുല്‍ക്കൂട്ടില്‍ കിടത്തുമ്പോഴാണ് തിരുപ്പിറവിയുടെ രംഗചിത്രീകരണം അതിന്റെ പൂര്‍ണ്ണിമയില്‍ എത്തുന്നത്. നിങ്ങളും ഞാനും കൈകളില്‍ എടുക്കുവാനും ചുംബിക്കുവാനുമായി ദൈവം മനുഷ്യനായി പിറക്കുന്നു! പ്രത്യക്ഷമായ ലോലതയുടെയും ദൗര്‍ബല്യത്തിന്റെയും മറവില്‍ നാം കാണേണ്ടത്, സകലതും സൃഷ്ടിക്കുവാനും രൂപാന്തരപ്പെടുത്തുവാനും കരുത്തുള്ളതും ഒളിഞ്ഞിരിക്കുന്നതുമായ ദൈവികതയാണ്. യേശുവില്‍ ദൈവം മനുഷ്യനായി പിറന്നുവെന്നും, അങ്ങനെ പുഞ്ചിരിച്ചുകൊണ്ടും, സകലര്‍ക്കുമായി തന്‍റെ കരങ്ങള്‍ തുറന്നു നീട്ടിപ്പിടിച്ചുകൊണ്ടുമാണ് അവിടുത്തെ സ്നേഹത്തിന്‍റെ പാരമ്യം വെളിപ്പെടുത്തിയതെന്നുമുള്ള പുല്‍ക്കൂടിന്‍റെ സന്ദേശം അസാദ്ധ്യമായി തോന്നാമെങ്കിലും, സത്യം ഇതാണ്!

8.1 ഒരു കുഞ്ഞിന്റെ ജനനം അത്ഭുതവും ആഹ്ലാദവും ആരിലും ഉണര്‍ത്തുന്നു. അത് നമുക്കു മുന്നില്‍ ജീവിതത്തിന്റെ മഹത്തായ നിഗൂഢത വെളിവാക്കുന്നു. പുതുജീവന്‍റെ ആനന്ദത്തില്‍ തങ്ങളുടെ ശിശുവിനെ നോക്കുന്ന യുവദമ്പതികളുടെ കണ്ണുകള്‍ പ്രകാശമാനമാകുന്നു. അതുപോലെ ഉണ്ണിയേശുവിനെ പരിചരിച്ചപ്പോള്‍ തങ്ങളുടെ മദ്ധ്യേയുള്ള ദൈവിക സാന്നിദ്ധ്യം തിരിച്ചറിഞ്ഞ മറിയത്തിന്റെയും യൗസേപ്പിന്‍റെയും വികാരം നാം മനസ്സിലാക്കേണ്ടതാണ്.

8.2 “ദൈവിക ജീവന്‍ നമുക്കായ് വെളിപ്പെട്ടിരിക്കുന്നു!” (1 യോഹന്നാന്‍ 1, 2). ഈ വാക്കുകളില്‍ പിറവിയുടെ നിഗൂഢതയാണ് അപ്പസ്തോലന്‍ യോഹന്നാന്‍ ആവാഹിക്കുന്നത്. ചരിത്രത്തിന്‍റെ ഗതി മാറ്റിയ അതുല്യവും ഉദാത്തവുമായ ഈ സംഭവത്തെ കാണുവാനും സ്പര്‍ശിക്കുവാനും പുല്‍ക്കൂട് നമ്മെ അനുവദിക്കുന്നു. ക്രിസ്തുവിന്‍റെ ജനനത്തിനു മുന്‍പെന്നും പിന്‍പെന്നും (B.C. & A.D., Before Christ & Anno Domini) കാലത്തെ നാം പരിഗണിക്കുവാന്‍ തുടങ്ങുന്നത് അവിടുത്തെ ജനനത്തോടെയാണ്.

8.3 ദൈവത്തിന്റെ രീതികള്‍ അത്ഭുതാവഹങ്ങളാണ്. നമ്മെപ്പോലെ മനുഷ്യനായി തീരുവാന്‍ അവിടുന്ന് ദൈവിക മഹത്വം ഉപേക്ഷിച്ചുവെന്നത് അവിശ്വസനീയമായി തോന്നാം (ഫിലി. 2, 7). നമ്മെ സ്തബ്ധരാക്കിക്കൊണ്ട് ദൈവം നമ്മുടെ മദ്ധ്യേ വസിക്കുന്നു. അവിടുന്ന് ഉറങ്ങുന്നു. അമ്മയുടെ പാല്‍ കുടിക്കുന്നു. ഏതൊരു കുട്ടിയെയുംപോലെ കരയുകയും കളിക്കുകയും ചെയ്യുന്നു. അങ്ങനെ എല്ലായിപ്പോഴും ദൈവം നമ്മെ ആശ്ചര്യപ്പെടുത്തുന്നു. നാം തീരെ പ്രതീക്ഷിക്കാത്തത് എപ്പോഴും ചെയ്തുകൊണ്ട് അവിടുന്ന് പ്രവചനാതീതനായി നിലകൊള്ളുന്നു. എങ്ങനെയാണ് ദൈവം ഭൂമിയിലേയ്ക്കു വന്നതെന്നു മാത്രമല്ല, എപ്രകാരം നമ്മുടെ ജീവിതങ്ങളും ദൈവിക ജീവന്റെ ഭാഗമായെന്ന് തിരുപ്പിറവിയുടെ ദൃശ്യം വ്യക്തമാക്കുന്നു. ജീവിതത്തിന്റെ പരമമായ അര്‍ത്ഥം കൈവരിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവിടുത്തെ ശിഷ്യരാകുവാന്‍ യേശു എല്ലാവരെയും ക്ഷണിക്കുന്നു.

9.0 ദേശങ്ങള്‍ കടന്നു വ്യാപിക്കുന്ന വചനം
പ്രത്യക്ഷീകരണ മഹോത്സവത്തോടെ മൂന്നു പൂജരാജാക്കളുടെ പ്രതിമകള്‍കൂടി നാം പുല്‍ക്കൂട്ടില്‍ ചേര്‍ക്കുന്നു. നക്ഷത്രത്തെ നിരീക്ഷിച്ചുകൊണ്ട് ജ്ഞാനികളായ ആ മനുഷ്യര്‍ പൗരസ്ത്യ ദേശത്തുനിന്ന് ബെതലഹേമിലേയ്ക്ക് പുറപ്പെട്ടു. യേശുവിനെ കണ്ടെത്തിയവര്‍ സ്വര്‍ണ്ണവും, കുന്തുരുക്കവും, മീറയും ഉപഹാരങ്ങളായി അവിടുത്തേയ്ക്കു സമ്മാനിച്ചു. ഈ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ക്ക് പ്രതീകാത്മകമായ അര്‍ത്ഥങ്ങളുണ്ട് : സ്വര്‍ണ്ണം – ക്രിസ്തുവിന്റെ രാജത്വത്തെയും, കുന്തുരുക്കം – അവിടുത്തെ ദൈവികതയെയും, മീറ – മരണത്തിലും സംസ്ക്കാരത്തിലും പ്രതിഫലിക്കുന്ന അവിടുത്തെ പുജ്യമായ മനുഷ്യത്വത്തെയും വെളിപ്പെടുത്തുന്നു.

9.1 തിരുപ്പിറവി ദൃശ്യത്തിന്റെ ഈ ഘടകങ്ങളെക്കുറിച്ചു ധ്യാനിക്കുമ്പോള്‍, ദൈവവചനം പ്രഘോഷിക്കുവാനും അതിനു സാക്ഷ്യംവഹിക്കുവാനും ഓരോ ക്രൈസ്തവനുമുള്ള കടമയെക്കുറിച്ചാണു നാം ഓര്‍ക്കേണ്ടത്. സകലരുമായി സദ്വാര്‍ത്ത പങ്കുവയ്ക്കുവാന്‍ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു. അത് സാധിക്കേണ്ടത് നമ്മുടെ കാരുണ്യപ്രവൃത്തികളിലൂടെ നാം അറിഞ്ഞ ക്രിസ്തുവിനും അവിടുത്തെ സ്നേഹത്തിനും സാക്ഷ്യംവഹിച്ചുകൊണ്ടാണ്.

9.2 സുദീര്‍ഘവും ദുര്‍ഘടവുമായ ജീവിത വഴികളിലൂടെ മനുഷ്യര്‍ക്ക് ക്രിസ്തുവിന്റെ പക്കല്‍ എത്തിച്ചേരാമെന്നാണ് പൂജരാജാക്കന്മാര്‍ പഠിപ്പിക്കുന്നത്. വിദൂരസ്ഥരും, ജ്ഞാനികളും, സമ്പന്നരുമായ ആ മനുഷ്യരുടെ അനന്തത തേടിയ ദൈര്‍ഘ്യമുള്ളതും ക്ലേശപൂര്‍ണ്ണവുമായ യാത്ര അവരെ എത്തിച്ചത് ബെതലഹേമിലായിരുന്നു (മത്തായി 2, 1-12). ദിവ്യനായ ആ കുഞ്ഞു രാജാവിന്റെ ദര്‍ശനം അവരില്‍ അളവറ്റ ആനന്ദം ഉണര്‍ത്തി. പരിതാപകരമായ ചുറ്റുപാടുകള്‍ കണ്ടിട്ടും തെറ്റിദ്ധരിക്കാതെയും സംശയിക്കാതെയും ഉടനെതന്നെ അവര്‍ അവിടുത്തെ മുന്നില്‍ മുട്ടുമടക്കി ആരാധിച്ചു. അവര്‍ അവിടുത്തെ മുന്നില്‍ ശിരസ്സു നമിച്ചപ്പോള്‍ നക്ഷത്രങ്ങളുടെ ഗതിയെ നയിക്കുന്ന ദൈവത്തിന്‍റെ പരമജ്ഞാനമാണ് തങ്ങളെയും നയിച്ചതെന്ന് അവര്‍ക്കു മനസ്സിലായി. ശിഷ്ടരെ ഉയര്‍ത്തിക്കൊണ്ടും ശക്തരെ അമര്‍ത്തിക്കൊണ്ടും ചരിത്രത്തിന്റെ ഗതിവിഗതികളെ നയിക്കുന്നത് അവിടുന്നു തന്നെയാണെന്ന് അവര്‍ മനസ്സിലുറച്ചു.

തിരികെ വീടുകളില്‍ എത്തിയപ്പോള്‍ രക്ഷകനായ മിശിഹായുമായുള്ള ആനന്ദകരമായ ആ കണ്ടുമുട്ടലിന്റെ അനുഭവങ്ങള്‍ അവര്‍ മറ്റുള്ളവരുമായി പങ്കുവച്ചു. ദേശങ്ങള്‍ക്കും ജനതകള്‍ക്കും ഇടയില്‍ വചനം വ്യാപിക്കുന്നതിന്റെ തുടക്കമായിരുന്നു പൂജരാജാക്കളുടെ ഉണ്ണിയേശുവുമായുള്ള കൂടിക്കാഴ്ച!

10.0 ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പുല്‍ക്കൂട്
പുല്‍ക്കൂടിന്റെ മുന്നില്‍ നില്ക്കുമ്പോള്‍, ചിലപ്പോള്‍ അത് നിര്‍മ്മിക്കുവാനായി ആകാംക്ഷയോടെ കാത്തിരുന്ന കുട്ടിക്കാലം ഓര്‍ത്തുപോകും! വിശ്വാസം നമ്മിലേയ്ക്ക് പകര്‍ന്നു തന്നവരില്‍നിന്നു ലഭിച്ച അമൂല്യമായ ഈ സമ്മാനത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകാന്‍ ഓര്‍മ്മകള്‍ നമ്മെ സഹായിച്ചേക്കാം. അതേ സമയംതന്നെ നമ്മുടെ മക്കള്‍ക്കും, ചെറുമക്കള്‍ക്കും, സഹോദരങ്ങള്‍ക്കും ഇതേ അനുഭവം പങ്കുവച്ചു നല്കാനുള്ള കടമയെക്കുറിച്ചും പുല്‍ക്കുടു നമ്മില്‍ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു.

തിരുപ്പിറവിയുടെ രംഗചിത്രീകണം എപ്രകാരം ചെയ്യുന്നുവെന്നത് കാര്യമാക്കേണ്ട: എല്ലാവര്‍ഷവും ഒരേപോലെയോ, വര്‍ഷാവര്‍ഷം പുതുമകള്‍ വരുത്തിക്കൊണ്ടോ അതു ചെയ്യാവുന്നതാണ്. എന്തുതന്നെയായാലും പുല്‍ക്കൂടു നമ്മോടു സംസാരിക്കുകയും ദൈവസ്നേഹത്തിന്‍റെ കഥ പറയുകയും ചെയ്യുന്നു. എവിടെയായാലും ഏതു ശൈലിയില്‍ അത് രൂപകല്പന ചെയ്താലും നമ്മോടു ദൈവസ്നേഹത്തെക്കുറിച്ചും, ദൈവം താഴ്മയില്‍ ഒരു ശിശുവായും, നമ്മില്‍ ഒരുവനായും പിറന്നുകൊണ്ട് ഓരോ കുഞ്ഞിനോടും, സ്ത്രീയോടും പുരുഷനോടും അവര്‍ ഏത് അവസ്ഥയിലുള്ളവരായാലും ദൈവം അവരുടെ ചാരത്ത് എത്രമാത്രമുണ്ടെന്ന് അറിയിക്കുന്നു.

10.1 പ്രിയ സഹോദരീ സഹോദരന്മാരേ, ക്രിസ്തുവിന്റെ പുല്‍ക്കൂട് അമൂല്യമെങ്കിലും, വിശ്വാസം പകര്‍ന്നുനല്കുന്ന ക്ലേശകരമായ ഒരു പ്രക്രിയയുടെ ഭാഗവുമാണത്. ശൈശവത്തില്‍ ആരംഭിച്ച്, നമ്മുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും യേശുവിനെ ധ്യാനിക്കുവാനും, ദൈവത്തിനു നമ്മോടുള്ള സ്നേഹം അനുഭവിച്ചറിയുവാനും പുല്‍ക്കൂടു നമ്മെ സഹായിക്കുന്നു. അങ്ങനെ ദൈവം നമ്മോടുകൂടെയാണെന്നും, അവിടുത്തെ മക്കളും, സഹോദരീ സഹോദരന്മാരുമായ നാം അവിടുത്തോടു കൂടെയാണെന്നും മനസ്സിലാക്കിത്തരുന്ന ദൈവപുത്രനും മേരീ സുതനുമായ ദിവ്യശിശുവിന് നമുക്ക് നന്ദിപറയാം. ദൈവിക ഐക്യത്തിന്റെ ഈ അറിവിലാണ് നാം യഥാര്‍ത്ഥ സന്തോഷം കണ്ടെത്തുന്നത്. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ പുല്‍ക്കൂട്ടിലെ ലളിതമായ ധന്യതയിലേയ്ക്ക് നമ്മുടെ ഹൃദയങ്ങള്‍ തുറക്കാം. അതില്‍നിന്നും ഉയരുന്ന വിസ്മയത്തില്‍നിന്ന് നമ്മുടെ ഹൃദയങ്ങളില്‍ ഈ എളിയ പ്രാര്‍ത്ഥന ഉയരട്ടെ : ഞങ്ങളെ ഒരിക്കലും അനാഥരായി കൈവെടിയാത്ത, ഞങ്ങള്‍ക്കായി എല്ലാം നന്മയായി പകര്‍ന്നുതരുന്ന ദൈവമേ, അങ്ങേയ്ക്കു സ്തുതി! അങ്ങേയ്ക്കു സ്തുതി!!

+ പാപ്പാ ഫ്രാന്‍സിസ്

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker