Daily Reflection

അടയാളങ്ങളും അത്‌ഭുതങ്ങളും എന്തിന്?

എന്റെ ആഗ്രഹങ്ങൾക്കൊപ്പവും ബുദ്ധിക്കൊപ്പവും ദൈവത്തെ അടയാളമായിമാത്രം ഒതുക്കാനുള്ള പാഴ്‌ശ്രമം...

അടയാളങ്ങളും അത്ഭുതങ്ങളും തേടി പോവുകയും, അത്ഭുതങ്ങൾ കാണാൻ ഓടുന്ന മനുഷ്യരെ കൂടുതൽ കണ്ടുമുട്ടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പശ്ചാത്താപമില്ലാത്ത തലമുറയെന്നാണ് അവരെ കുറിച്ച് ക്രിസ്തു പറയുന്നത്. അടയാളം അന്വേഷിക്കുന്ന ജനക്കൂട്ടത്തെ കുറ്റപ്പെടുത്തുന്ന ക്രിസ്തുവിന്റെ വാക്കുകളെ ധ്യാനിക്കാം. ദൈവത്തിൽനിന്നും അടയാളങ്ങൾ കണ്ടു വിശ്വസിക്കാൻ ശ്രമിക്കുന്നവർ ദൈവത്തെ, ദൈവിക പ്രവർത്തനങ്ങളെ മനുഷ്യന്റെ ബുദ്ധിയിലേക്കു ഒതുക്കാനുള്ള ശ്രമമാണ് ചെയ്യുന്നത്; ഞാൻ ചിന്തിക്കുന്നപോലെ ദൈവത്തെക്കൊണ്ടു ചിന്തിപ്പിക്കുവാനുള്ള ശ്രമമാണത്.

ഒരർത്ഥത്തിൽ യോനാ പ്രവാചകനും ചെയ്തത് അതാണ്. നിനിവേ നശിപ്പിക്കപ്പെടുമെന്ന് പ്രവചിക്കുവാൻ യോനായെ ദൈവം നിയോഗിച്ചു. പക്ഷെ യോനാ ഒളിച്ചോടുന്നു, കപ്പലിൽ നിന്നും എടുത്തെറിയപ്പെടുന്നു, തിമിംഗലത്തിന്റെ വായിൽ നിന്നും മൂന്നാം ദിവസം രക്ഷപെട്ടു. ഈ മൂന്നുദിവസംകൊണ്ട് യോനാ പ്രവാചകൻ ഒരു അടയാളമായി മാറി. നിനിവേ നിവാസികൾക്ക്‌ അടയാളമായി ഉയർത്തിയ വ്യക്തിയായി മാറിയ യോനായുടെ പ്രവചനഫലമായി നിനിവേ നിവാസികൾ ഒന്നടങ്കം അനുതപിച്ചു, ചാക്കുടുത്തു. കാരുണ്യവാനായ ദൈവം മനസ്സുമാറ്റുന്നു, അവരെ ശിക്ഷയിൽ നിന്നും ഒഴിവാക്കുന്നു. ദൈവത്തിന്റെ കാരുണ്യത്തോളവും ചിന്തയോളവും വളരാതെ ചിന്തിച്ചു പ്രവർത്തിച്ച യോനായുടെ ഉയിർപ്പിന്റെ അനുഭവശേഷം യോനായെ ദൈവം അനേകർക്ക്‌ അടയാളമായി ഉയർത്തി, അനേകരെ വിശ്വാസത്തിലേക്ക്, അനുതാപത്തിലേക്ക് നയിച്ചു.

ഷേബാരാജ്ഞിയും സോളമന്റെ യഥാർത്ഥ ജ്ഞാനം തിരിച്ചറിയാതെ അവനെ പരീക്ഷിച്ചു ജയിക്കാൻ എത്തിയതായിരുന്നു. പക്ഷെ ദൈവം കൊടുത്ത വിജ്ഞാനത്തിന്റെ മഹത്വവും, വലുപ്പവും തിരിച്ചറിഞ്ഞ രാജ്ഞി ദൈവത്തെ മഹത്വപ്പെടുത്തിയെന്നു വചനം പഠിപ്പിക്കുന്നു (1രാജാ. 10:1-10). യഥാർത്ഥ ജ്ഞാനത്തെ കണ്ടവൾക്കു അനുതാപത്തിന്റെയും ദൈവമഹത്വത്തിന്റെയും നിമിഷങ്ങളായി മാറി.

അടയാളമന്വേഷിക്കുന്നവർ അനുതപിക്കാത്തവരും, ദൈവത്തെ പരീക്ഷിക്കുന്നവരുമാണ്. യേശുവിനു ചുറ്റുമുള്ള ജനങ്ങൾക്ക് യഥാർത്ഥ ജ്ഞാനമായ ക്രിസ്തുവിനെയോ, മരിച്ചു ഉയിർക്കേണ്ടവനായ ദൈവപുത്രനായ ക്രിസ്തുവിനെയോ യഥാർത്ഥത്തിൽ തിരിച്ചറിയാനായില്ല. അവർ ക്രിസ്തുവിനെയല്ല നോക്കിയത്, അവന്റെ അടയാളങ്ങളെയാണ് അന്വേഷിച്ചത്. അവർക്കു ലഭിച്ച വചനത്തിലെ അടയാളങ്ങളെ (യോനയുടെയും ഷേബാരാജ്ഞിയുടെയും പോലെ) തിരിച്ചറിയാനായില്ല.

ഇന്നും മാറ്റം വന്നിട്ടില്ലല്ലോ നമുക്ക്, അടയാളങ്ങൾക്ക് പുറകെ ഓടുന്നവരും, ആൾ ദൈവങ്ങളെയും ദൈവത്തിലേക്ക് നയിക്കുന്ന അടയാളങ്ങളെയും വ്യക്തികളെയും, പുണ്യവ്യക്തികളെയെയും ഒക്കെ ആരാധിക്കുന്നവർ ഇന്നുമുണ്ട്. ഒരു തിരുത്തൽ ആവശ്യമാണ്. അടയാളങ്ങൾ കണ്ടും, അടയാളങ്ങൾ നൽകാൻ നിയോഗിച്ചവരെകണ്ടും മതിമറന്നു നിൽക്കാതെ, അടയാളങ്ങൾ നൽകിയവനെ ഓർക്കാൻ ദൈവം നമ്മെ ക്ഷണിക്കുന്നു. ഓരോ കാലഘട്ടത്തിലും ഓരോ ദിവസത്തിലും ദൈവം അടയാളങ്ങൾ നൽകുന്നുണ്ട്. അത് തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെ പോകുന്ന, അനുതപിക്കാത്ത, അടഞ്ഞ ഹൃദയങ്ങൾക്ക് ഉടമകളാകരുത് നമ്മൾ. ദൈവം നമ്മൾക്ക് നൽകിയ അടയാളങ്ങളുണ്ട്. സഭ ക്രിസ്‌തുവിന്റെ ജീവിക്കുന്ന അടയാളമാണ്. കൂദാശകൾ ദൈവവരപ്രസാദത്തിന്റെ അടയാളങ്ങളാണ്. വചനം ദൈവ സാന്നിദ്ധ്യത്തിന്റെ അടയാളമാണ്. അങ്ങിനെ ദൈവം ഈ കാലഘട്ടത്തിൽ അടയാളങ്ങൾ തന്നിട്ടുണ്ട്. എന്നാൽ, അതിന്റെ മാഹാത്മ്യം കാണാതെ, അനുതാപമില്ലാതെ, അടയാളങ്ങൾക്കുവേണ്ടി ഓടുമ്പോൾ അടയാളങ്ങൾ കണ്ടു മനസ്സുതിരിഞ്ഞവർ വിധിദിനത്തിൽ നിങ്ങളെ കുറ്റം വിധിക്കുമെന്നു വചനം പഠിപ്പിക്കുന്നത് മറക്കാതിരിക്കാം.

നാം അനുദിനം തിരുവൾത്താരയിൽ ജീവിക്കുന്ന ക്രിസ്തുവിന്റെ ശരീരമായി മാറുന്ന അപ്പത്തിൽ വസിക്കുന്ന ഈശോയെ വലിയ അടയാളമായി അത്ഭുതമായി കാണുന്നവരാണ്. അതിനപ്പുറം ഏതു വലിയ അത്ഭുതമാണ് കാണാനുള്ളത്. അങ്ങനെ, ദൈവം നൽകിയിട്ടുള്ള അടയാളങ്ങൾ കാണാതെ, അതിനുമപ്പുറം എന്റെ ബുദ്ധികൊണ്ട് മനസിലാക്കാനുള്ള ശ്രമം, എന്റെ ബുദ്ധിയുടെ പരിമിതിയിൽ ദൈവത്തെ ഉതുക്കുവാനുള്ള ശ്രമം, അടയാളങ്ങൾ തേടിയുള്ള യാത്ര നാം തുടരുകയല്ലേ. എന്റെ ആഗ്രഹങ്ങൾക്കൊപ്പവും ബുദ്ധിക്കൊപ്പവും ദൈവത്തെ അടയാളമായിമാത്രം ഒതുക്കാനുള്ള പാഴ്‌ശ്രമം ഒഴിവാക്കാൻ ക്രിസ്തു നമ്മെ ഓർമ്മപ്പെടുത്തുന്നു. ഒപ്പം ദൈവം ഓരോ ദിവസങ്ങളും നൽകുന്ന അടയാളങ്ങളിലൂടെ ദൈവത്തെ കാണാൻ നമുക്ക് ശ്രമിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker