Daily Reflection

ഡിസംബർ 22: ദൈവകാരുണ്യം

ഇരുപത്തിരണ്ടാം ദിവസം

“തലമുറകൾ തോറും ദൈവകാരുണ്യം പ്രഘോഷിക്കപ്പെടും” മറിയത്തിന്റെ സ്തോത്ര ഗീതത്തിന്റെ സാരാംശമാണിത്. ദൈവം നൽകിയ മഹത്തായ ദാനങ്ങൾ ഹൃദയത്തിലുൾക്കൊള്ളുമ്പോൾ മറിയത്തിന്റെ അധരങ്ങൾ ദൈവ സ്തുതികൾ ആലപിക്കുന്നു. ദൈവം ചെയ്ത നന്മകൾ തിരിച്ചറിയുന്ന മറിയം, തന്റെ വേദനയിലും കഷ്ടപ്പാടിലും ദൈവസ്നേഹം തന്റെ ഹൃദയത്തിൽ ആവാഹിക്കുകയാണ്.

വിശുദ്ധഗ്രന്ഥം മുഴുവനും “ദൈവകാരുണ്യ”ത്തെ ക്കുറിച്ചുള്ള മഹത്തായ സങ്കല്പങ്ങളാണുള്ളത്. മനുഷ്യൻ ധിക്കരിച്ച് ദൈവ പ്രമാണങ്ങൾ ലംഘിച്ചപ്പോഴും, അവനെ സംരക്ഷിക്കുവാൻ ദൈവം എപ്പോഴും കൂട്ടായിട്ട് നിന്നിരുന്നു. മരുഭൂമിയിലൂടെ സ്വന്തം ജനത സഞ്ചരിക്കുമ്പോഴും അവർക്ക് ഉഷ്ണത്തിൽ മേഘ സ്തംഭമായും, കൂരിരുട്ടിലും ദീപസ്തംഭമായും, കരുതലായും ദൈവം കൂടെയുണ്ടായിരുന്നു. ശത്രുക്കളിൽ നിന്നും കാത്തു പരിപാലിക്കുന്നതിനായി ദൈവം അവർക്ക് കോട്ടയായി നിന്നു. തങ്ങളുടെ പ്രവാചകന്മാരും രാജാക്കന്മാരും ന്യായാധിപന്മാരും ദൈവത്തിന്റെ സംരക്ഷണവും കാരുണ്യവുമാണ് അവരോട് കാണിച്ചത്. വിഗ്രഹാരാധനയിലും, അനീതിയിലും, അക്രമത്തിലും മുഴുകി ദൈവഹിതത്തിനു എതിരായി ജീവിച്ചപ്പോഴും ദൈവം അവരെ കൈ വിടുവാൻ തയ്യാറല്ലായിരുന്നു.

അവസാനം, ക്ഷമയുടെയും കാരുണ്യത്തിന്റെയും ഉദാരമനസ്കതയുടെയും, വറ്റാത്ത അനുകമ്പയുടെയും മൂർത്തിഭാവമായി ദൈവം മനുഷ്യനായി കാലിത്തൊഴുത്തിൽ ജനിച്ചു. ദരിദ്രനിൽ ദരിദ്രനായി ജനിച്ച അവന്റെ ജീവിതം ഉൾക്കൊള്ളുവാൻ സാധിക്കണമെങ്കിൽ ദൈവത്തെപ്പോലെ കരുണയുള്ളവരായിട്ട് നാം മാറേണ്ടിയിരിക്കുന്നു.

സുവിശേഷങ്ങളിൽ മുഴുവനും ദൈവത്തിന്റെ കാരുണ്യം നമുക്ക് ദർശിക്കാവുന്നതാണ്. തന്റെ വചസ്സുകൾ രാപ്പകൽ മുഴുവനും കേട്ടുകൊണ്ടിരുന്ന ജനസമൂഹം വിശന്നു വലഞ്ഞപ്പോൾ അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റിപ്പോറ്റിയവനായിരുന്നു നമ്മുടെ ദൈവം. “മോനേ നിനക്ക് വിശക്കുന്നില്ലേ?”, – ഒരമ്മയുടെ വേവലാതി ഈശോയുടെ ഹൃദയത്തിൽ നമുക്ക് കാണാൻ സാധിക്കും.

ഒരു വിധവയുടെ കാണിക്ക മറ്റുള്ളവരുടെ മുൻപിൽ തുച്ഛമായിട്ടു മാറിയപ്പോൾ, തനിക്ക് ജീവിക്കാനുള്ളതെല്ലാം ദൈവത്തിന് സമർപ്പിച്ച അവളുടെ ഹൃദയവിശാലതയും ഉദാരമനസ്കതയും ദൈവത്തിന്റെ കണ്ണുകളുടക്കിയത്, വിധവകളോടും വയോധികരോടുമുള്ള ദൈവത്തിന്റെ വലിയ കരുതലായിരുന്നു. സ്വത്തെല്ലാം കൈക്കലാക്കി പാപം ചെയ്തകന്നുപോയ ധൂർത്തപുത്രൻ യാചകനെ പോലെ തിരിച്ചെത്തുമ്പോൾ, രണ്ടു കൈയും നീട്ടി സ്വീകരിച്ചു കൊണ്ട് വില കൂടിയ വസ്ത്രം ധരിപ്പിച്ചും മോതിരം അണിയിച്ചും രാജാവായി അവരോധിക്കുന്നത് വലിയ ദൈവകാരുണ്യം തന്നെയല്ലേ?

തന്റെ നൂറ് ആടുകളിൽ ഒന്നിനെ നഷ്ടപ്പെടുമ്പോൾ തൊണ്ണൂറ്റി ഒമ്പതിനെ ഉപേക്ഷിച്ചുകൊണ്ട് നഷ്ടപ്പെട്ടതിനെ തേടി പോകുന്നതു ഇന്നത്തെ കച്ചവട മനോഭാവത്തിന് എതിരായിട്ടുള്ള ചിന്താഗതിയല്ലേ?

പകൽ മുഴുവൻ ജോലി ചെയ്തവർക്കും അവസാന മണിക്കൂറിലും വന്നവർക്കും ഒരുപോലെ വേതനം നൽകുന്ന ദൈവത്തിന്റെ ഹൃദയം, മനുഷ്യനീതിയെ കവച്ചു വെക്കുന്നു . മനുഷ്യരുടെ ആവശ്യങ്ങൾക്കനുസരിച്ച് എല്ലാം വാരിക്കോരി നൽകുന്ന ഉദാരമനസ്കത യുടെയും അനുകമ്പയുടെയും ദൈവം!

കുരിശിൽ തൂങ്ങി മരിക്കുമ്പോഴും, “ദൈവമേ നീ എന്നെ ഓർക്കണമേ”, എന്നു പറഞ്ഞ നല്ല കള്ളനോട്, “നീ ഇന്ന് എന്റെ കൂടെ പറുദീസയിലായിരിക്കുമെന്ന്” വേദനയിലും ക്ഷമിച്ചു കൊണ്ട് അവനെ രണ്ടുകൈയും നീട്ടി സ്വീകരിച്ച ദൈവ കാരുണ്യത്തിനപ്പുറമായിട്ട് എന്താണുള്ളത്?

മറിയം തന്റെ സ്തോത്ര ഗീതം ആലപിക്കുമ്പോൾ, ദൈവത്തിന്റെ അനന്തമായ കാരുണ്യം അവളുടെ ഹൃദയത്തിൽ അലതല്ലിയിരിക്കണം. തന്റെ പ്രതിസന്ധിയിലും മനുഷ്യ സങ്കല്പാതീതമായിട്ടുള്ള ഭാരിച്ച കർത്തവ്യങ്ങൾ ദൈവം ഏൽപ്പിക്കുമ്പോഴും, അവയെല്ലാം കൊള്ളുവാനായിട്ട് മറിയത്തെ പ്രാപ്തയാക്കിയത് ദൈവത്തിന്റെ അനന്തമായ കരുണയിൽ ആശ്രയിച്ചതു കൊണ്ടാണെന്ന് അവളുടെ സ്തോത്ര ഗീതം വ്യക്തമാക്കുന്നു. അഹങ്കാരികളെ ചിതറിക്കുകയും എളിമയുള്ളവരെ ഉയർത്തുകയും ചെയ്ത നല്ലവനായ ദൈവത്തിന് മറിയം തന്റെ ജീവിതം സമർപ്പിച്ചു. വിശക്കുന്നവന് ഭോജനം നൽകി ആശീർവദിക്കുകയും സിംഹാസനസ്ഥരെ താഴെയിറക്കുകയും ചെയ്ത വലിയവനായ ദൈവം പാവപ്പെട്ടവരുടെ ദൈവം കൂടിയാണെന്ന് മറിയത്തിന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ക്രിസ്മസ് തിരുനാളിനോട് അടുത്ത് കൊണ്ടിരിക്കുന്ന ഈ വേളയിൽ, ദൈവത്തിന്റെ മഹത്തായ കാരുണ്യം തന്നെയാണ് നമ്മുടെ ഹൃദയത്തിൽ മുഴങ്ങുന്നത്. വലിയവനായ ദൈവം നമ്മുടെ ഇടയിൽ മനുഷ്യ കുഞ്ഞായി ജനിച്ചത് അനന്തമായ കാരുണ്യം തന്നെയാണ്‌.

ഈ ക്രിസ്മസ് നമ്മെ എല്ലാവരെയും ക്ഷണിക്കുകയാണ്, ദൈവത്തിന്റെ അനന്തമായ കീർത്തനങ്ങൾ ആലപിക്കുവാൻ മാത്രമല്ല; അവ സ്വീകരിച്ചുകൊണ്ട് പാവങ്ങളിലേക്കു ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഒഴുക്കുന്ന മാധ്യമങ്ങളാകുവാൻ! ക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിച്ചുകൊണ്ട് പരിശുദ്ധ മറിയത്തെ പോലെ ഹൃദയ തംബുരു മീട്ടാം: “എന്റെ ആത്‌മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു” (ലൂക്കാ 1:46-47).

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker