Vatican

കൊറോണ പകർച്ചവ്യാധിയുടെ നിർമ്മാർജ്ജനത്തിനായി പ്രാർത്ഥനയോടെ തീർത്ഥാടകനായി ഫ്രാൻസിസ് പാപ്പാ

സാന്താ മരിയ മജോറെ ബസിലിക്കയും, സാൻ മർചെല്ലോ അൽ കോർസോ പള്ളിയും സന്ദർശിച്ചു...

ഫാ.ജിബു ജെ.ജാജിൻ

റോം: കൊറോണ പകർച്ചവ്യാധിയിൽ നിന്ന് ലോകത്തെ മോചിപ്പിക്കണമേ എന്ന പ്രാർത്ഥനയുമായി ഫ്രാൻസിസ് പാപ്പായുടെ തീർഥാടനയാത്ര. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വത്തിക്കാനിൽ നിന്ന് യാത്രയാരംഭിച്ച പാപ്പാ ആദ്യം സാന്താ മരിയ മജോറെ ബസിലിക്കയും, തുടർന്ന് സാൻ മർചെല്ലോ അൽ കോർസോ പള്ളിയും സന്ദർശിച്ചുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാരിയോ ബ്രൂണി പറഞ്ഞു.

പകർച്ചവ്യാധിയുടെ നിർമ്മാർജ്ജനത്തിനായി സാന്താ മരിയ മജോറെയിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം യാചിക്കുകയും, തുടർന്ന് വിയ ദെൽ കോർസോയിലൂടെ കാൽനടയായി ഒരു തീർത്ഥാടകനെപ്പോലെ പരിശുദ്ധ പിതാവ് സാൻ മർചെല്ലോ അൽ കോർസോ പള്ളിയിലെ അത്ഭുതകരമായ ക്രൂശിതരൂപത്തിന്റെ മുന്നിൽ നിന്ന് പകർച്ചവ്യാധിയുടെ ദൂരീകരണത്തിനായി പ്രാർത്ഥിച്ചു. 1522-ൽ റോമിലുണ്ടായ ‘മഹാബാധ’യുടെ നിർമ്മാർജ്ജനം ആഘോഷിക്കാൻ പിൽക്കാലത്ത് നഗരത്തിന്റെ സമീപപ്രദേശങ്ങളിലൂടെ ഈ വിശുദ്ധ കുരിശും വഹിച്ച് തീർത്ഥയാത്ര നടത്തുന്ന പതിവുണ്ടായിരുന്നു.

തന്റെ തീർത്ഥാടനത്തിലുടനീളം ഇറ്റലിയെയും, ലോകത്തെയും ബാധിക്കുന്ന പകർച്ചവ്യാധിയുടെ നിർമ്മാർജ്ജനത്തിന് ദൈവീക ഇടപെടലിനായി പരിശുദ്ധ പിതാവ് പ്രാർത്ഥിച്ചു. കൂടാതെ, രോഗികൾക്ക് രോഗശാന്തി നൽകാനും, ഈ ദിവസങ്ങളിൽ ഈ മഹാവിപത്തിന് ഇരകളായവരെ അനുസ്മരിച്ചുകൊണ്ടും, അവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആശ്വാസം ലഭിക്കാനുമായും പാപ്പാ പ്രാർത്ഥിച്ചു. അതുപോലെതന്നെ, ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ, നഴ്‌സുമാർ, എന്നിവരുടെ അക്ഷീണമായ പ്രവർത്തനത്തെയും, സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുവാൻ പ്രയത്നിക്കുന്ന എല്ലാവരുടെയും ഉദ്യമങ്ങളെയും സമർപ്പിച്ച് പ്രാർത്ഥിച്ചു.

മുൻപ്, 593-ൽ ഗ്രിഗറി പാപ്പാ റോമിൽ ഉണ്ടായ പ്ലേഗ് പകർച്ചവ്യാധി നിർമ്മാർജ്ജനം ചെയ്യാൻ സാന്താ മരിയ മജോറെയിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം യാചിച്ചിരുന്നു. പിന്നീട്, 1837-ൽ ഗ്രിഗറി പതിനാറാമൻ പാപ്പാ കോളറ പകർച്ചവ്യാധി ദൂരീകരിക്കുന്നതിനായി സാന്താ മരിയ മജോറെയിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം യാചിച്ചിട്ടുണ്ട്.

ഇറ്റലിയിൽ മരണം 1809 ആയി, കഴിഞ്ഞ 24 മണിക്കൂറിൽ (ഞായറാഴ്ച) മരിച്ചത് 368 പേർ. രോഗബാധിതർ 24747 പേർ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker