Daily Reflection

Palm Sunday_Year A_ദുരിതങ്ങളിൽ ഒരു ഹോസാനാ തിരുന്നാൾ

എന്റെ സഹനങ്ങൾക്കോ എന്റെ സ്വപ്നങ്ങൾക്കോ ഓശാന പാടാതെ, കർത്താവിന്റെ സ്വപ്നങ്ങൾക്ക് വേണ്ടി കുനിഞ്ഞുകൊടുക്കാം, അവൻ എന്നെ നയിക്കട്ടെ...

‘ഓശാന’പാടി ബലിയാടിനെ എതിരേൽക്കുന്ന തിരുന്നാൾ. പെസഹാ തിരുന്നാളിന് ജനം ഒരുമിച്ചുകൂടുന്നത് തങ്ങളെ തന്നെ ശുദ്ധീകരിക്കാനാണ്. ശുദ്ധീകരണത്തിനുവേണ്ടി പ്രധാനപുരോഹിതൻ രണ്ടു ആടുകളെ തിരഞ്ഞെടുക്കും, അതിൽ ഒന്നിനെ ദൈവത്തിനും രണ്ടാമത്തേതിനെ ‘മാറ്റിനിർത്തി” എന്നർത്ഥത്തിൽ അസ്സസിയേലിനും അർപ്പിക്കുമെന്ന് വചനം പഠിപ്പിക്കുന്നു. ഇവിടെ ബലിയാടായ ക്രിസ്തു ജെറുസലേമിലേക്കു വരുന്നതും ഈ പാപപരിഹാരം ചെയ്യാനായിട്ടാണ്. ശുദ്ധീകരണം ചെയ്യുന്നു. ഓശാന ഘോഷയാത്രയ്ക്കുശേഷം വരുന്ന ഭാഗത്ത് യേശു ദേവാലയത്തിൽ കയറി ദേവാലയം ശുദ്ധീകരിക്കുന്നു. തുടർന്ന് മനുഷ്യരുടെ പാപപരിഹാരത്തിനായി സ്വയം ബലിയർപ്പകനും, ബലിപീഠവും ബലിയാടുമായി മാറ്റപ്പെടാൻ പോകുന്നതിന്റെ ഒരുക്കത്തിരുന്നാൾ കൂടിയാണിത്. ആദ്യത്തെ ശുദ്ധീകരണവും അതിന്റെ ഒരുക്കവും ആണ് ഈ തിരുന്നാളിന്റെ ആധാരം. ഇതിന്റെ ആരംഭം മുതൽ നമുക്ക് യേശുവിന്റെ കൂടെ യാത്ര ആരംഭിക്കാം.

ഒന്നാം ഘട്ടം: യേശു ബഥ്‌ഫഗെയിൽ എത്തി. ശുദ്ധീകരണത്തിന്റെ ആരംഭം. യേശു അത്തിവൃക്ഷത്തെ ശപിച്ച സ്ഥലമാണത്. “ബഥ്‌ഫഗെ” എന്ന വാക്കിനെ അതുകൊണ്ടുതന്നെ “ഫലം തരാത്ത അത്തിവൃക്ഷങ്ങളുടെ വീട്” എന്ന് വിളിക്കാം. ദൈവത്തിന്റ പ്രവർത്തനങ്ങളോട് മറുതലിച്ചു നിന്ന ഒരു പ്രദേശം. യേശുവിന്റെ ശുദ്ധീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ഒരിക്കലും ഫലം തരില്ലായെന്നു കരുതിയിരുന്ന ആ നാട്ടിൽ നിന്നും ആരഭിച്ചിട്ടാണ്. പക്ഷെ യേശുവിന്റെ ഈ ശുദ്ധീകരണം ആവശ്യമെങ്കിൽ വ്യക്തിപരമായ ഒരു ആഗ്രഹവും സമർപ്പണവും ആവശ്യമാണ്.

രണ്ടാം ഘട്ടം: പക്ഷെ, വ്യക്തിപരമായ ഒരു സമർപ്പണമില്ലാത്ത, മാറ്റമില്ലാത്ത ആ നാട്ടിൽ നിന്നും യേശു തനിക്കു സഞ്ചരിക്കാനുള്ള കഴുതകളെ തിരഞ്ഞെടുത്തില്ല. ബഥ്‌ഫഗെയ്ക്ക് എതിരെ കണുന്ന ഗ്രാമയത്തിൽ ചെന്ന് അവയെ കൊണ്ടുവരാനാണ് യേശു ശിഷ്യരെ പറഞ്ഞയക്കുന്നത്. ഫലം തരാത്ത മനുഷ്യരിൽ നിന്നും നേരെ എതിരെയുള്ള ഗ്രാമം, ഫലം തരുന്ന വ്യക്തികളുടെ ഗ്രാമം എന്ന് കൂടി വ്യാഖ്യാനിക്കാം. അല്ലെങ്കിൽ യേശുവിനെ സ്നേഹിക്കുന്ന, അവന്റെ വഴികളെ തിരിച്ചറിഞ്ഞ, യേശുവിന്റെ രാജകീയ പ്രവേശനത്തെയും പ്രവചനപൂർത്തീകരണത്തെയും തിരിച്ചറിഞ്ഞ ഒരു യഥാർത്ഥ ശിഷ്യന്റെ ഗ്രാമം. അവിടെ എല്ലാം ഒരുക്കിവച്ചിരിക്കുന്നു. രണ്ടാം ഘട്ടത്തിൽ യേശുവിനെ സ്നേഹിക്കുന്ന നമ്മുടെ തോത് എത്രയെന്നു തിരിച്ചറിയാനും തിരുത്തുവാനും ഒരു വെല്ലുവിളി നൽകുന്നു.

മൂന്നാം ഘട്ടം: മത്തായിയുടെ സുവിശേഷം അനുസരിച്ച് യേശു തിരഞ്ഞെടുക്കുന്നത് ഒരു കഴുതയെയും അതിന്റെ കുട്ടിയെയുമാണ്, മറ്റു മൂന്നു സുവിശേഷങ്ങളിലും കഴുതക്കുട്ടിയെയുമാണ്. മത്തായി സുവിശേഷകൻ കഴുതക്കുട്ടിയുടെ കൂടെ കഴുതയെയും കൂടി കൂട്ടുന്നു, എന്നാൽ നാലുസുവിശേഷത്തിലും കഴുതക്കുട്ടിയുടെ പുറത്ത് യേശു കയറിയെന്നുമാണ് പറയുന്നത്. വളരെ രസകരമായ ഒരു കാര്യം അവിടെ മത്തായി സുവിശേഷകൻ അവതരിപ്പിക്കുന്നുണ്ട് ഇതിലൂടെ. കഴുത യഹൂദജനത്തെയും കഴുതക്കുട്ടി വരാനിരിക്കുന്ന വിജാതീയ ക്രിസ്ത്യാനികളെയും സൂചിപ്പിക്കുന്നതാണെന്ന് ചില ബൈബിൾ പണ്ഡിതന്മാർ പഠിപ്പിക്കുന്നു. അങ്ങിനെ ചിന്തിക്കുന്നതാണ് ഉചിതവും, കാരണം യേശുവിന്റെ ശുദ്ധീകരണം ലോകത്തിനു മുഴുവനുമുള്ള ശുദ്ധീകരണമാണ്. യഹൂദജനം അവിടുത്തെ സ്വീകരിച്ചില്ല, അതുകൊണ്ടു തന്നെ അവിടുന്ന് കഴുതക്കുട്ടിയുടെ പുറത്തുകയറി വരുന്നു. അത് സക്കറിയ 9:9 ന്റെ പൂർത്തീകരണം കൂടിയാണെന്നു സുവിശേഷകൻ പറഞ്ഞു വയ്ക്കുന്നു. ശുദ്ധീകരണത്തിന്റെ ഈ ഘട്ടത്തിൽ യേശുവിനൊപ്പം യാത്ര ചെയ്യുന്ന നമുക്കും ഈ ഒരു വിശാലത ആവശ്യമാണ്, യേശു വിദൂരഭാവിയിൽ ഒരു വലിയ രക്ഷാസമൂഹത്തെ മുന്നിൽ കണ്ടതുപോലെയുള്ള ഒരു വിശാലത മനസ്സിനു ആവശ്യമാണ്. കൂടാതെ ഓരോ സംഭവവികാസങ്ങൾക്കുപിന്നിലും ദൈവത്തിന്റെ കരസ്പർശവും, ദൈവഹിതം പൂർത്തീകരിക്കലുമുണ്ടെന്ന ബോധ്യം ആവശ്യമാണ്. അതിനു നമ്മുടെ മനസ്സിൽ കെട്ടിപ്പൂട്ടിവച്ചിരിക്കുന്ന ചില മാനുഷിക കെട്ടുകൾ അഴിക്കണം, യേശു പറയുന്നു അവയെ അഴിച്ച് എന്റെ അടുക്കൽ കൊണ്ടുവരിക. ഇതിലൂടെ ലോകത്തെ മുഴുവനെയും ഈ ശുദ്ധീകരണത്തിലേക്കു ക്ഷണിക്കുന്നു.

നാലാം ഘട്ടം: യേശുവിനു അതിനെ ആവശ്യമുണ്ട്. യേശുവിന്റെ മുന്നിൽ ആവശ്യമില്ലാത്ത ഒരു വ്യക്തിപോലുമില്ല. ഒന്നു മാത്രമേ ആവശ്യമേയുള്ളൂ, നമ്മുടെ സമർപ്പണം. ലൂക്കാ, മാർക്കോസ് സുവിശേഷകന്മാർ ഈ കഴുതക്കുട്ടിയെക്കുറിച്ചു പറയുമ്പോൾ ഒന്നുകൂടി കൂട്ടിച്ചേർക്കുന്നു, “ആരും ഇതുവരെ കയറിയിട്ടില്ലാത്ത കഴുതക്കുട്ടി”യെന്ന്. എന്നുവച്ചാൽ അർത്ഥം പൂർണ്ണമാണ്, അവിടുത്തേക്ക്‌ എല്ലാവരും ആവശ്യമാണ്. ദൈവം എന്ന വാക്കിന്റെ അർത്ഥം തന്നെ ഇവിടെ മനസിലാക്കാം, മനുഷ്യനെ ആവശ്യമുള്ള ഒരു ദൈവം. മനുഷ്യരെ തേടുന്ന ഈ ദൈവം ഇവിടെ ഒരു ശുദ്ധത ആവശ്യപെടുന്നു. യേശുവിനല്ലാതെ വേറെ ആർക്കും ഒരു സ്ഥാനം കൊടുക്കാത്തവൻ, ആരും ഇതുവരെ കയറിയിട്ടില്ലാത്ത കഴുതയെപോലെ. അങ്ങിനെയുള്ളവരെ ദൈവം അവന്റെ ദൗത്യവുമായി നമ്മളെയും അയക്കും എന്ന ഒരു സൂചനകൂടി ഇവിടെ നമുക്ക് കാണാം. “കഴുതകളുടെ യജമാനൻ ഉടനെത്തന്നെ അവയെ വിട്ടുതരും” എന്ന് മത്തായി 21:3 b ൽ കാണാം. ‘വിട്ടുതരും’ എന്ന വാക്കിന്റെ മൂലപദം “അയയ്ക്കും” എന്നാണ്. ദൈവത്തിനു എല്ലാവരെയും ഇങ്ങനെ അയയ്ക്കപ്പെടാൻ ആവശ്യമാണ്.

അഞ്ചാം ഘട്ടം: കഴുതക്കുട്ടിയുടെ പുറത്തു കയറിവരുന്നവന് ഓശാന. കഴുതയെ വെറുതെ നടത്തുന്നു, കഴുതക്കുട്ടിയുടെ പുറത്ത് അവൻ കയറുന്നു. ഒരു കോമാളിത്തം അവിടെ തോന്നാം. കഴുതയുടെ പുറത്തുതന്നെ കയറിയാൽ ശരിക്കും യാത്ര ചെയ്യാൻ പറ്റില്ല, അപ്പോൾ കഴുതക്കുട്ടിയുടെ പുറത്തുകയറിയ യേശുവിന്റെ കോമാളിത്തം. ലോകത്തിനു കോമാളിത്തമായി തോന്നുന്ന ദൈവനീതിയുടെ കോമാളിത്തം. തന്നത്താൻ താഴ്ത്തുന്നവനെ ഉയർത്തുന്ന കോമാളിത്വമാണ്. യേശുവിനു അങ്ങിനെ ഉള്ളവരെയാണ് ആവശ്യം. മനുഷ്യന്റെ കണ്ണിലെ വലിപ്പമല്ല ദൈവം കാണുന്ന വലിപ്പം. അവിടുന്ന് ‘ഇതാ ഞാൻ’ എന്ന് പറഞ്ഞു, അവൻ പറയുന്ന വഴികളിലൂടെ പോകുന്ന എളിമയാണ് നമ്മില്നിന്നും ആവശ്യപ്പെടുന്നത്. അങ്ങിനെയുള്ളവർക്കേ അവനുവേണ്ടി ഓശാന പാടാൻ സാധിക്കൂ. അല്ലായെങ്കിൽ ഫരിസേയരെയും നിയമജ്ഞരെയുംപോലെ തങ്ങൾക്കുവേണ്ടിത്തന്നെ ഓശാന പാടും. ഹോസാന എന്ന വാക്കിന്റെ അർത്ഥം അതാണ്, ‘കർത്താവെ ഇന്ന് രക്ഷിക്കണമേ’. രക്ഷ ഒരു സ്വപ്നമല്ല. ഇന്ന് നമ്മൾ കണ്ടെത്തേണ്ട യാഥാർഥ്യമാണ്. ദൈവത്തിന്റെ മുന്നിൽ വലിയവനാകുമ്പോൾ ലഭിക്കുന്ന യാഥാർഥ്യം. കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ. സ്വന്തം നാമത്തിൽ വരുന്നവനല്ല ഈ രക്ഷ, കർത്താവിന്റെ നാമത്തിൽ വരുന്നവന് കിട്ടുന്ന യാഥാർഥ്യമാണ് രക്ഷ.

തുടർന്ന്, യേശു ദേവാലയത്തിൽ പ്രവേശിച്ച് ദേവാലയം ശുദ്ധീകരിക്കുന്നു. (മത്തായി 21:12-17 ). നോമ്പിന്റെ വലിയ ആഴ്ചയിലേക്ക് കുരുത്തോലകളും ആർപ്പുവിളികളുമില്ലാതെ, മാധ്യമങ്ങളിലൂടെ നോവുന്ന ഹൃദയത്തോടെ ഒരിക്കലും സംഭിവിക്കില്ലായെന്നു കരുതിയ ഒരു പ്രത്യേക സാഹചര്യത്തെ നേരിടുന്ന ഈ ദിനങ്ങളിൽ, നമ്മളെയും അവിടുന്ന് പഠിപ്പിക്കുകയാണ് സഹനത്തിന്റെ വഴികളിലൂടെ നടക്കാൻ. ഏശയ്യാ പ്രവാചകന്റെ വാക്കുകൾ അതാണ് നമ്മെ പഠിപ്പിക്കുന്നത് “കർത്താവ് എന്നെ ശിഷ്യനെയെന്നപോലെ അഭ്യസിപ്പിച്ചു” (ഏശയ്യാ 50:4). പ്രവാചകൻ തുടർന്ന് പറയുന്നു, അവിടുന്ന് ഓരോ പ്രഭാതത്തിലും എന്നെ ഉണർത്തുന്നു, കാതുകൾ തുറന്നു, അപ്പോൾ ഞാൻ എതിർത്തില്ല, ദൈവമായ കർത്താവു എന്നെ സഹായിക്കുന്നതിനാൽ ഞാൻ പതറുകയില്ല. ലോകം പതറിയാലും ദൈവത്തിന് ആവശ്യമുള്ള കഴുതയെപ്പോലെ, ദൈവത്താൽ പരിശീലിപ്പിക്കപ്പെട്ട ശിഷ്യനെപോലെ കുതറാതെ അവിടുത്തെ വഴികളിൽ നമ്മുടെ സഹനങ്ങളും ചേർത്തുവച്ച് യാത്ര തുടരാം. അവിടുത്തേക്ക്‌ നമ്മെ ആവശ്യമുണ്ട്, അവിടുന്ന് നമ്മെ സഹായിക്കുന്നു. എന്റെ സഹനങ്ങൾക്കോ എന്റെ സ്വപ്നങ്ങൾക്കോ ഓശാന പാടാതെ, കർത്താവിന്റെ സ്വപ്നങ്ങൾക്ക് വേണ്ടി കുനിഞ്ഞുകൊടുക്കാം, അവൻ എന്നെ നയിക്കട്ടെ, ‘ഹോസാന, ദാവീദിന്റെ പുത്രന് ഓശാന’.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker