Daily Reflection

പ്രത്യാശയുടെ ദുഃഖവെള്ളി

നഷ്ടപ്പെട്ട പറുദീസ തിരിച്ചുകിട്ടുന്നത് കുരിശുമരണത്തിലൂടെയാണ്...

കർത്താവിന്റെ കരുണയുടെ പൂർത്തീകരണം, കുരിശുമരണം. അവിടുന്ന് തന്റെ ജീവൻപോലും നല്കാൻ കരുണകാണിച്ച് കുരിശിൽ മരിക്കുന്നു. പിതാവായ ദൈവം തന്റെ മകന്റെ കുരിശുമരണത്തിലൂടെ ലോകത്തെ വീണ്ടെടുക്കാൻ മാത്രം കരുണകാണിച്ച ദിവസം. നഷ്ടപ്പെട്ട പറുദീസ തിരിച്ചുകിട്ടുന്നത് കുരിശുമരണത്തിലൂടെയാണ്.

എന്നാൽ കുരിശിലെ രക്ഷയുടെ സമയത്ത് ശിഷ്യന്മാർ പേടിച്ചരണ്ട് പലവഴിയ്ക്കുപോകുന്നുണ്ട്. സുവിശേഷത്തിൽ പിന്നീട് കാണുന്നത്, ശിഷ്യന്മാർ കതകുകൾ അടച്ച് ഭയത്തോടെ ഇരിക്കുന്നതാണ്. ജീവിതത്തിന്റെ ചില സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ നമ്മളും ഇതുപോലെ കതകുകൾ അടച്ച് ഭയത്തോടെ കഴിയുന്നവരാണ്, ആ സമയങ്ങളിലൊക്കെ അവിടുത്തെ കരുണ കാണാൻ മറന്നുപോകുന്ന അവസങ്ങൾ. ഏറെ പ്രത്യേകിച്ച് ഈ ദിവസങ്ങളിൽ ലോകം മുഴുവൻ എല്ലാം അടച്ചു പൂട്ടി അറിയപ്പെടാത്ത ഒരു ഭീതിയിൽ കഴിയുകയാണ്. ഹൃദയത്തിൽ പലവിധ വികാരങ്ങൾ കടന്നുപോകുന്ന ദിവസങ്ങൾ, എന്തുകൊണ്ട് എന്ന ചോദ്യം പലതവണ ആവർത്തിക്കപ്പെട്ട ദിവസങ്ങൾ, ഭയവും ആവലാതിയും പരിഭവവും ഒക്കെയായി ദൈവത്തെ ഒന്ന് വിളിക്കാൻ പോലും കഴിയാതെ മാധ്യമങ്ങൾമുന്നിൽ കണ്ണീരടക്കി കഴിയുന്ന ദിവസങ്ങൾ. ഈ സാഹചര്യത്തിൽ കുരിശിനെ ധ്യാനിക്കുന്ന നാമെല്ലാവരും, സഭ മുഴുവനും അവന്റെ പീഡാസഹനത്തിലൂടെ കടന്നുപോകുകയാണെന്ന കാര്യം വിസ്മരിക്കാതിരിക്കാം. ക്രിസ്തുശിഷ്യനെങ്കിൽ തീർച്ചയായും ഈ പീഡാസഹനം അനിവാര്യം. അത് ചിലപ്പോൾ വ്യക്തിപരമായിരിക്കാം, നമ്മൾ ഇപ്പോൾ നേരിടുന്നപോലെ സമൂഹമൊന്നായിട്ടായിരിക്കാം, അപ്പോഴൊക്കെ അവിടുത്തെ വാക്കുകൾ ഹൃദയത്തിൽ ആഴപ്പെടുത്താം, ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങളും കുടിക്കേണ്ടിവരും, ഞാൻ സ്വീകരിച്ച സ്നാനം നിങ്ങൾ സ്വീകരിക്കേണ്ടിവരും. “പച്ചമരത്തോടു ഇങ്ങനെ ചെയ്തെങ്കിൽ ഉണങ്ങിയതിനു എന്ത് സംഭവിക്കും?” (മത്തായി 23:31) . ആയതിനാൽ “നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിൻ” (മത്തായി 23:28), “നിങ്ങൾ ഉറങ്ങുന്നതെന്ത് ? പരീക്ഷയിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ” (മത്തായി 22:46). കാരണം അവൻ കുരിശിലൂടെ നേടിയ രക്ഷയുടെയും ഉത്ഥാനത്തിന്റെയും സന്തോഷം നമുക്കായി കാത്തിരിക്കുന്നുണ്ട്. ആയതിനാൽ നമ്മൾ കടന്നുപോകുന്ന ഓരോ സഹനവഴികളും ഒരു പുതിയ സ്നാനത്തിന്റെ ദിവസങ്ങളായി വിശ്വസിക്കണം, ഒരിക്കലുമത് ഒരു ശാപമായോ ശിക്ഷയായോ കാണരുത്. കാരണം ശപിക്കപ്പെട്ട കുരിശേറിയവൻ ലോകത്തിന്റെ പാപം നീക്കി കളഞ്ഞിരിക്കുന്നു.
സഹനത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തിൽ കുരിശിനെ ആരാധിക്കുന്ന നമുക്കു കുരിശിൽ കിടക്കുന്ന യേശു തരുന്ന വാക്കുകളെ യോഹന്നാൻ സുവിശേഷകന്റെ വാക്കുകളിലൂടെ ധ്യാനിക്കാം, ആശ്വാസമായി സ്വീകരിക്കാം.

1) “ഇതാ, നിന്റെ അമ്മ” (യോഹ. 19:27): കുരിശിൽ കിടക്കുന്ന ഈശോ മാനവകുലത്തിന് നൽകിയ സമ്മാനമാണ് പരിശുദ്ധ അമ്മ. തന്റെ കുരിശിന്റെ വഴിയിൽ കൂടെ നടന്ന അമ്മ ഓരോ വിശ്വാസിയുടെ വഴിയിലും കൂടെയുണ്ട് എന്നഒരു ഉറപ്പ് നമുക്ക് ആശ്വാസമാണ്. ദൈവരഹസ്യങ്ങളുടെ പിള്ളത്തൊട്ടിലായ അമ്മ ജീവിത രഹസ്യങ്ങളുടെ പൊരുൾ വെളിപ്പെടുത്തിത്തരാൻ നമ്മുടെ കൂടെയുണ്ട്.

2) “എനിക്ക് ദാഹിക്കുന്നു” (യോഹ. 19:28): പാപഭാരമെല്ലാം സ്വന്തം ശരീരത്തിൽ സഹിക്കുന്ന ക്രിസ്തുവിന്റെ ദാഹം ആത്മാക്കളെ നേടാനുള്ള ദാഹമാണ്. അവിടുത്തെ ദാഹം, പാപിയായ ഒരുവന്റെ ജീവിതത്തിൽ പാപസാഹചര്യങ്ങളാൽ ത്യവതിൽനിന്നകലുമ്പോൾ ഉണ്ടാകുന്ന അനാഥത്വമാണ്. കാരണം, അവൻ ലോകത്തിന്റെ മുഴുവൻ പാപം സ്വന്തം ശരീരത്തിൽ സ്വീകരിച്ച് സഹിച്ചവനാണ്. ഇനിമേൽ ഒരുവൻ പോലും ദൈവത്തിൽനിന്നും അകലാതിരിക്കാൻ തക്കവണ്ണം വേദനയോടെ സഹിച്ചവനാണ് അവൻ. അതുകൊണ്ടു ആ ദാഹം ലോകാവസാനം വരെ നീണ്ടുനിൽക്കുന്ന, പാപിയോടു കരുണ കാണിക്കുന്ന ദാഹമാണ്. ജനനം മുതൽ അവൻ കരുണ കാണിച്ചു, അവസാനം ലോകത്തിന്റെ പാപം മുഴുവൻ ശരീരത്തിലേറ്റ്, അവിടുത്തെ ശരീരം കീറിമുറിച്ച്, ഹൃദയം പോലും കീറിമുറിച്ച് കരുണയുടെ നീർച്ചാലാക്കി ഒഴുക്കി. ആ നീർച്ചാലിൽ നിന്നൊഴുകുന്ന കൃപകളുടെ സമ്പത്ത് ഇന്നും നമുക്ക് അവിടുന്ന് നൽകിക്കൊണ്ടിരിക്കുന്നു.

3) “എല്ലാം പൂർത്തിയായി” (യോഹ. 19:30): തന്നെ ഏൽപ്പിച്ചിരുന്ന ദൗത്യം പൂർത്തിയായി, ലോകത്തെ രക്ഷിക്കാനുള്ള ദൗത്യം. സൃഷ്ടികർമ്മത്തിൽ പിതാവായ ദൈവം ഓരോ പ്രാവശ്യവും സൃഷികർമ്മം പൂർത്തിയാകുമ്പോൾ പറയുന്നുണ്ട്, “എല്ലാം നല്ലതെന്ന് കണ്ടു”. ലോകത്തിന്റെ പുനഃസൃഷ്ടി കർമ്മം കുരിശിൽ പൂർത്തിയാക്കി രക്ഷകൻ പറയുന്നു, എല്ലാം പൂർത്തിയായി.
അവൻ പൂർത്തീകരിച്ചത് പങ്കുചേരാൻ യാത്രചെയ്യുന്ന നമുക്കും ചെയ്യേണ്ടത് ഒന്നുമാത്രം, അവന്റെ മുഖത്തേക്ക് നോക്കി യാത്ര തുടരണം, അവന്റെ സ്നാനമാണ് നമ്മൾ ഓരോ ദിവസവും സ്വീകരിക്കുന്നത്. ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യവും ഒരു പുനഃസൃഷികർമ്മത്തിന്റെ ഭാഗമാണ്, അവിടുത്തെ സ്നാനത്തിൽ പങ്കുചേരലാണ്. ആയതിനാൽ യേശുവിന്റെ മുഖത്തുനോക്കിയപ്പോൾ കാരുണ്യത്തിന്റെ വറ്റാത്ത ഉറവ കണ്ട് ദുഃഖഭാരത്താൽ ഹൃദയമുരുകി പുറത്തുപോയി കരഞ്ഞു പോയ പത്രോസിനെ പോലെ അവിടുത്തെ കരുണയ്ക്കായി കരയേണ്ടദിവസങ്ങൾ മാത്രമാണ് ഈ ദിവസങ്ങൾ. നാളെ മുതൽ 9 ദിവസം കർത്താവിന്റെ കാരുണ്യത്തെ ധ്യാനിച്ച്, കരുണയ്ക്കുവേണ്ടി പ്രാർത്ഥിച്ച് ഒൻപതാം ദിവസം കരുണയുടെ തിരുന്നാൾ കൂടി ആഘോഷിക്കുന്ന സഭയോടൊത്ത് പ്രതീക്ഷയോടെ യാത്ര തുടരാം. കുരിശിൽ കിടന്ന കള്ളനെപ്പോലെ, “നീ ക്രിസ്തുവല്ലേ, നിന്നെയും ഞങ്ങളെയും രക്ഷിക്കുക” എന്ന് പറഞ്ഞുകൊണ്ട് അവിടുത്തെ കരണയുടെ മുഖം മറച്ചുപിടിക്കാതെ, നല്ല കള്ളനെപ്പോലെ, യേശുവേ, നീ കരുണയോടെ എന്നെയും ഓർക്കണെമെയെന്ന് പ്രാർത്ഥിക്കാൻ പഠിക്കാം. ഈ ദുരിതത്തിലും ദൈവത്തിന്റെ ഹിതം നിറവേറണമെയെന്ന പ്രാർത്ഥനയാണ് അതിലുള്ളത്. “കാരുണ്യം വിധിയുടെമേൽ വിജയം വരിക്കുന്നു” വന്ന യാക്കോബ് അപ്പോസ്തോലന്റെ പ്രത്യാശ ഹൃദയത്തിൽ സൂക്ഷിക്കാം (യാക്കോ. 2:13 b). കാരണം കർത്താവിന്റെ കാരുണ്യം ഓരോ പ്രഭാതത്തിലും പുതിയതാണ്, അവിടുത്തെ രക്ഷയെ ശാന്തമായി കാത്തിരിക്കുന്നതാണ് ഉത്തമം (വിലാപ. 3, 23, 26).

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker