Daily Reflection

ഡിസംബർ 2 – വി.യോവാക്കിം-അന്ന ദമ്പതികൾ നൽകുന്ന മാതൃക

ക്രിസ്തീയ മൂല്യങ്ങൾ പകർന്നുകൊടുത്ത് ദൈവഹിതത്തിന് അനുസൃതമായി മക്കളെ വളർത്താം...

ഇന്ന് വിശുദ്ധ അന്നയെയും വിശുദ്ധ ജൊവാക്കിമിനെയും കുറിച്ച് ധ്യാനിക്കാം

വിശുദ്ധ ഗ്രന്ഥത്തിൽ ഉൽപ്പത്തി മുതലേ, വിശ്വസ്തരായ മാതാപിതാക്കളുടെ വംശാവലി ആരംഭിക്കുന്നു. അബ്രഹാം-സാറ, ഇസഹാക്ക്-റബേക്ക, യാക്കോബ്-റേച്ചൽ, സാമുവൽ-ഹന്ന തുടങ്ങിയ മാതാപിതാക്കളുടെ വിശ്വാസതീർത്ഥാടനം അതിന്റെ പരിസമാപ്തിയിൽ എത്തുന്നത് അന്നയിലും ജോവാക്കിമിലുമാണ്. രക്ഷാകര ചരിത്രത്തിന്റെ ഭാഗഭാക്കാകാൻ വിളിക്കപ്പെട്ടവർ…!!!

ജന്മപാപമില്ലാതെ ജനിക്കുന്ന ശിശുവിനെ പരിശുദ്ധിയോടു കൂടി വളർത്തുവാനായി ദൈവം തിരഞ്ഞെടുത്തത് ജോവാക്കിമിനെയും അന്നയെയുമായിരുന്നു. വിശുദ്ധ ബൈബിളിൽ കന്യകാമാതാവിന്റെ മാതാപിതാക്കളെക്കുറിച്ച് ഒരു സൂചനയും നൽകുന്നില്ല. എന്നാൽ, അപ്പോക്രിഫൽ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതിന്‍ പ്രകാരം ദൈവ വിശ്വാസത്തിന് ഉത്തമ മാതൃകയായിരുന്ന ഈ ദമ്പതികൾക്ക് ദൈവ ശാപത്താലാണ് സന്താനസൗഭാഗ്യമില്ലാത്തത് എന്നാരോപിച്ചുകൊണ്ട് സമൂഹത്തിൽ നിന്ന് അവരെ ഒറ്റപ്പെടുത്തിയിരുന്നുവെന്നു കാണുന്നു. എന്നാൽ, തിരസ്കാരത്തിലും തീവ്രവേദനയിലും തളരാതെ, പൂർവ്വാധികം വിശ്വാസത്തോടെ, കഠിനമായ പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും അവർ സ്വയം അർപ്പിച്ചു.

നീണ്ട വർഷത്തെ കാത്തിരിപ്പിനുശേഷം, സകല ലോകവും “ഭാഗ്യവതി” എന്ന് പ്രകീർത്തിക്കുന്ന പെൺകുഞ്ഞിനെ നൽകി തമ്പുരാൻ അനുഗ്രഹിച്ചു. കുഞ്ഞു മേരി ദൈവപ്രീതിയിൽ വളരാൻ സഹായിച്ചത് അവളുടെ മാതാപിതാക്കൾ തന്നെയാണ്. വിശുദ്ധ അന്നയും, വിശുദ്ധ ജൊവാക്കിമും എപ്രകാരമാണ് ജീവിച്ചിരുന്നതെന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതം വെളിപ്പെടുത്തുന്നു.

“ഇതാ കർത്താവിന്റെ ദാസി” എന്ന സമ്പൂർണ്ണ സമർപ്പണത്തിനുള്ള ബാലപാഠങ്ങൾ പഠിച്ചതും മാതാപിതാക്കളിൽ നിന്നുതന്നെ. വേദപുസ്തകത്തിലും പ്രാർത്ഥനയിലുമുള്ള അടിയുറച്ച വിശ്വാസം മറിയത്തിന്റെ സ്തോത്ര ഗീതത്തിലൂടെ വെളിപ്പെടുന്നുണ്ട്. ആപത്ഘട്ടത്തിൽ അവൾ രക്ഷകയാകുന്നത് കാനായിലെ കല്യാണ വിരുന്നിൽ നമ്മൾ പിന്നീട് കാണുന്നുണ്ട്. എലിസബത്തിന് ശുശ്രൂഷ ചെയ്യുന്നതിലൂടെ താൻ എളിയവരിൽ എളിയവളാണെന്ന് അവൾ സ്വയം നിർവചിച്ചു. സ്വപുത്രനോടൊപ്പം കാൽവരി മലയിൽ കുരിശിൻ ചുവട്ടിൽവരെയുള്ള യാത്ര അവളുടെ മനോധൈര്യം വെളിപ്പെടുത്തുന്നു. മറിയത്തിന്റെ നേതൃത്വപാടവം സെഹിയോൻ മാളികയിൽ കാണാം. ഈ സുകൃതങ്ങളെല്ലാം, മാതാപിതാക്കളിൽ നിന്ന് സ്വായത്തമാക്കാൻ കഴിഞ്ഞതുകൊണ്ട് തന്റെ “സഹരക്ഷക” എന്ന തന്റെ ദൗത്യം അർഥപൂർണ്ണമാക്കാൻ മറിയത്തിനു കഴിഞ്ഞു.

വിവരസാങ്കേതിക വിദ്യയുടെ വളർച്ച നമ്മുടെ കുഞ്ഞു തലമുറയുടെ വ്യക്തിത്വ രൂപീകരണത്തിലും പ്രതിഫലിക്കുമ്പോൾ, അവരുടെ വിശ്വാസരാഹിത്യത്തിന് നല്ലൊരു പരിധിവരെ മുതിർന്നവരും കാരണക്കാരല്ലേയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ന് സമൂഹത്തിനും രാഷ്ട്രത്തിനും നന്മയുടെ കെടാവിളക്കുകൾ തെളിയിക്കുവാൻ നമ്മുടെ കുടുംബങ്ങൾക്ക് കഴിയുന്നുണ്ടോ? കമ്പ്യൂട്ടറിന്റെയും സ്മാർട്ട് ഫോണിന്റെയും ഈ യുഗത്തിൽ, നമ്മുടെ വിശ്വാസ പരിശീലനത്തിന് ഉതകുന്ന തിരുവചനങ്ങൾ ഹൃദ്യസ്ഥമാക്കാനുള്ള പ്രചോദനവും കുട്ടികളുടെ ഹൃദയങ്ങളിൽ പാകേണ്ടിയിരിക്കുന്നു.

രക്ഷകന് ലോകത്തിലേയ്ക്ക് വഴിയാകുവാൻ മറിയത്തിനു കഴിഞ്ഞത്, കുടുംബത്തിൽ നിന്നും ഹൃദിസ്ഥമാക്കിയ സാർവ്വത്രിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ജീവിതം രൂപപ്പെടുത്തിയതുകൊണ്ടാണ്. ഒരുപക്ഷെ നമ്മുടെയൊക്കെ മനസ്സിലുയരുന്ന ഒരു ചോദ്യമുണ്ട് – അപ്പോൾ ദൈവം മുൻകൂട്ടി നിശ്ചയിച്ചതിന്‍ പ്രകാരം ജന്മപാപമില്ലാതെ ജനിച്ചവളല്ലേ മറിയമെന്നത്? ഓർക്കുക, വാഗ്ദാനമനുസരിച്ച് ദൈവസുതൻ ഒരു മനുഷ്യ സ്ത്രീയിൽ, ഒരേ സമയം പരിപൂർണ്ണ ദൈവവും മനുഷ്യനുമായി ജനിക്കണമെന്നതായിരുന്നു ദൈവിക പദ്ധതി. ഈ ദൈവഹിതം നിറവേറ്റുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടവരാണ് വിശുദ്ധ അന്നയും വിശുദ്ധ ജോവാക്കിമും.

നാം ആത്മശോധന ചെയ്യണം, ജന്മപാപത്തിൽനിന്നും മുക്തി നൽകുന്ന ‘മാമോദീസ’ എന്ന കൂദാശയ്ക്ക് നമ്മുടെ ജീവിതത്തിൽ എന്തുമാത്രം പ്രാധാന്യം നൽകുന്നുണ്ട്? വീണ്ടും പാപം ചെയ്യാൻ പ്രവണതയുള്ള മാനവരാശിയെ, ദൈവം കൈവിടാതെ ‘കുമ്പസാരം’ എന്ന കൂദാശയിലൂടെ കരുണയുടെ ചൈതന്യം നിറക്കുയ്ന്നതും നമ്മളറിയാതെ പോകുന്നുല്ലേ? സഭയുടെ മഹത്തരമായ ഈ കൂദാശകളുടെ മഹനീയത ക്രൈസ്തവ കുടുംബങ്ങളിൽ നിന്നും ഇന്ന് അന്യമായി കൊണ്ടിരിക്കുകയല്ലേ? ഇവിടെയാണ് നമ്മൾ വിശുദ്ധ അന്നയെയും വിശുദ്ധ ജോവാക്കിമിനെയും മാതൃകയാക്കേണ്ടത്.

സങ്കീർത്തനം 127:3-ൽ പറയുന്നു: “ദൈവത്തിന്റെ ദാനമാണ് മക്കൾ”. അതിനാൽ, ക്രിസ്തീയ മൂല്യങ്ങൾ പകർന്നുകൊടുത്ത് ദൈവഹിതത്തിന് അനുസൃതമായി വളർത്താം. മാസത്തിലൊരിക്കൽ കുമ്പസാരമെന്ന കൂദാശ സ്വീകരണത്തിലൂടെ നമ്മുടെ ഹൃദയത്തിൽ നിരന്തരം ഉണ്ണിയേശുവിന്റെ പിറവിക്കായി ഒരുക്കമുള്ളവരായിരിക്കാം.

സുഭാഷിതം 22:6 നമുക്ക് മനഃപാഠമാകാം: “ശൈശവത്തിൽ തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക. വാർദ്ധക്യത്തിലും അതിൽനിന്നും വ്യതിചലിക്കുകയില്ല”.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker