Daily Reflection

ഡിസംബർ – 6 ഹൃദയനവീകരണത്തിന്റെ ക്രിസ്തുമസ്ക്കാലം

ഹൃദയം ഒരുക്കുവാനും വിശുദ്ധിയുടെ നിറവിൽ ജീവിക്കാനുമാണ് ആഗമനകാലത്തെ രണ്ടാം ഞായറാഴ്ചയിലെ വായനകൾ ആവശ്യപ്പെടുന്നത്...

ആഗമനകാലം രണ്ടാം ഞായർ

ക്രിസ്തുവിന്റെ മഹത്തായ പിറവി വരവേൽക്കുന്ന സുദിനത്തിനായി ആഗോള കത്തോലിക്കാസഭ പ്രാർത്ഥനാ ജാഗരണത്തിലാണ്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ, ഈ കാത്തിരിപ്പിന് വളരെയധികം പ്രാധാന്യമുണ്ട്. ഒത്തിരിയേറെ ഉത്കണ്ഠകളുടെയും ആകുലതകളുടെയും നടുവിലാണ് ഈ വർഷം നാം ദിവ്യഉണ്ണിയുടെ ജനനത്തെ വരവേൽക്കുന്നത്.

ആഗമന കാലത്തിലെ രണ്ടാം ഞായറാഴ്ച, ഉണ്ണി യേശുവിന്റെ പിറവിയ്ക്കായി ജാഗ്രതയോടും പ്രത്യാശയോടുംകൂടി ക്രൈസ്തവൻ ധ്യാനനിരതരാവുന്ന പുണ്യദിനങ്ങളാണിത്. ഹൃദയത്തെ വെട്ടിയൊരുക്കുവാനും, ക്രിസ്തുവിനു വഴിയൊരുക്കുവാനും, തിന്മയ്ക്കെതിരെ സ്വർഗ്ഗീയ തേജസ് തെളിയിക്കുവാനുമുള്ള കാലമാണ് ആഗമനകാലം. ബത് ലേഹിമിലെ ചരിത്ര നിയോഗത്തിനൊപ്പം, ക്രിസ്തുവിന്റെ രണ്ടാം വരവിന് തയ്യാറെടുക്കാൻ വിശ്വാസ സമ്പൂർണ്ണത കൈവരിക്കുവാനുള്ള ഉൽകൃഷ്ടമായ ഒരവസരം തന്നെയാണിത്. എല്ലാ ആഗമനകാലത്തെയും ഞായറാഴ്ചകളെ പോലെ, ഹൃദയം ഒരുക്കുവാനും വിശുദ്ധിയുടെ നിറവിൽ ജീവിക്കാനുമാണ് രണ്ടാം ഞായറാഴ്ചയിലെ മൂന്നു വായനകളും നമ്മോട് ആവശ്യപ്പെടുന്നത്.

ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നാമെല്ലാവരും മാനസാന്തരപെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ബാബിലോൺ പ്രവാസത്തിൽ കഴിഞ്ഞ യഹൂദ ജനതയ്ക്ക് പ്രത്യാശയുടെ പൊൻകിരണങ്ങളാണ് പ്രവാചകൻ അതിലൂടെ നൽകുന്നത്. അതിന്റെ പ്രതിഫലനം തന്നെയാണ് സുവിശേഷത്തിലും നാം കാണുന്നത്. വി.മാർക്കോസിന്റെ സുവിശേഷത്തിൽ, ക്രിസ്തുവിന് മുന്നോടിയായി കടന്നുവരുന്ന സ്നാപക യോഹന്നാനെ കുറിച്ചുള്ള ഏശയ്യാ പ്രവാചകന്റെ വാക്കുകൾ മുഴങ്ങി കേൾക്കുന്നു. “മരുഭൂമിയിലെ ശബ്ദമായ”
യോഹന്നാൻ പറയുന്നു: “എന്നെക്കാൾ ശക്തനായവൻ വരുന്നുണ്ട്”. ഏശയ്യാ പ്രവാചകനും അടിവരയിടുന്നു: “ഇതാ ദൈവമായ കർത്താവ് ശക്തിയോടെ വരുന്നു”. അതായത്, ദൈവം നമ്മെ മറന്നിട്ടില്ല, പ്രവാചകന്മാർ വഴി തന്റെ ജനത്തിനു നൽകിയ വാഗ്ദാനം നിറവേറ്റാൻ ക്രിസ്തു വീണ്ടും വരുന്നു. നമ്മുടെ ഭവനങ്ങളിലേക്കും ജീവിതങ്ങളിലേക്കും ഹൃദയങ്ങളിലേക്കും അവൻ വരുന്നു.

ദൈവപ്രതാപത്തിന്റെ ഈ ആഗമനത്തിന് വഴിയൊരുക്കുവാൻ തന്നെയായിരുന്നു സ്നാപകയോഹന്നാൻ ഭൂമിയിൽ അവതരിച്ചത്. ക്രിസ്തുവിന്റെ പരസ്യ ജീവിതത്തിലേക്ക്, അവിടുത്തെ ദൈവരാജ്യ ആഘോഷത്തിന് എല്ലാവരെയും ഒരുക്കുവാനുള്ള ഭാരിച്ച ഉത്തരവാദിത്തമായിരുന്നു സ്നാപകയോഹന്നാനുണ്ടായിരുന്നത്. അതിനാലാണ്, പാപം നിറഞ്ഞ താഴ് വരകൾ നികത്തി കൊണ്ട് ക്രിസ്തുവാകുന്ന ഉന്നതിയിലേക്ക് ഉയരുവാനായി ആവശ്യപ്പെട്ടത്. നവീകരണത്തിന്റെയും, മാനസാന്തരത്തിന്റയും, അനുതാപത്തിന്റെയുമൊക്കെ സന്ദേശമാണിവിടെ മുഴങ്ങിക്കേൾക്കുന്നത്.

അതുപോലെതന്നെ പത്രോസിന്റെ ലേഖനത്തിലും എല്ലാവർക്കും ദൈവം നൽകിയിരുക്കുന്ന നന്മയുടെ വാഗ്ദാനങ്ങൾ പൂർത്തീകരിക്കുമെന്നുള്ള സദ്‌വാർത്തയാണ് കേൾക്കുന്നത്. അവിടുന്ന് കടന്നുവരുന്നത്, എല്ലാവരെയും സംരക്ഷിക്കുവാനും രക്ഷിക്കുവാനുമാണെന്ന് പത്രോസ് അപ്പോസ്തലൻ രണ്ടാം ലേഖനത്തിൽ വിവരിക്കുന്നുണ്ട്. “ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും” സ്വപ്നം കാണുന്ന പത്രോസ് അപ്പോസ്തലന്റെ വരികൾ നമ്മെ വെളിപാടിന്റെ പുസ്തകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാതിരിക്കില്ല.

ഓരോ ക്രൈസ്തവനും മാമോദിസാ വഴി ലഭിക്കുന്ന ഉത്തരവാദിത്തമാണ്, ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും സൃഷ്ടിക്കുക എന്നത്. അത് സാധ്യമാകുന്നത് നമ്മുടെ ജീവിത നവീകരണത്തിലൂടെയാണെന്ന് ആഗമനകാലത്തിന്റെ രണ്ടാം ഞായർ നമ്മെ പഠിപ്പിക്കുന്നു. നാം ഇന്ന് തെളിക്കുന്ന വയലറ്റ് നിറത്തിലുള്ള മെഴുകുതിരി സൂചിപ്പിക്കുന്നതും അനുതാപത്തിന്റെ ആവശ്യകതയാണ്. നമ്മെ സ്വയം നവീകരിച്ചാൽ മാത്രമേ, നമുക്ക് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കൂ. നമ്മുടെ ജീവിതത്തിൽ ഇല്ലാത്തത് കൊടുക്കുവാൻ സാധിക്കില്ലല്ലോ? അതുകൊണ്ടായിരിക്കും നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പറഞ്ഞത്: “ഞാൻ ക്രിസ്തുവിനെ ഇഷ്ടപ്പെടുന്നു; എന്നാൽ ക്രിസ്ത്യാനികളെ ഇഷ്ടപ്പെടുന്നില്ല. കാരണം അവർ ക്രിസ്തുവിനെപ്പോലെ ജീവിക്കുന്നില്ല”. ഇന്ത്യയെപ്പോലെയുള്ള മതേതരരാജ്യത്ത് ജീവിക്കുമ്പോൾ മറ്റുള്ളവരുടെ മുമ്പിൽ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനുള്ള ഉത്തരവാദിത്തം കൂടി നമുക്കുണ്ട്. ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തിൽ പങ്കുചേരുന്ന നമുക്ക് മറക്കാനാവാത്ത ജീവിത ധർമ്മമാണത്!

ഈ ഞായറാഴ്ച ആഡ്വെന്റ് റീത്തിലെ മെഴുകുതിരി തെളിക്കുമ്പോൾ, നമ്മുടെ ഹൃദയങ്ങളിലാണ് ആ മെഴുകുതിരി വെളിച്ചം ജ്വലിക്കേണ്ടത്. പാപക്കറയുടെ അന്ധകാരം, അങ്ങനെ ക്രിസ്തുവാകുന്ന ആ മെഴുകുതിരി ജ്വാലയിൽ നിലച്ചു പോകട്ടെ. പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ നമ്മുടെ ഹൃദയത്തെ പ്രകാശപൂരിതമാക്കട്ടെ. നമ്മുടെ ജീവിതം മാത്രമല്ല, മറ്റുള്ളവരുടെ ജീവിതങ്ങളെയും ക്രിസ്തുവിലേക്ക് ആകർഷിക്കാൻ നമുക്ക് അപ്പോൾ സാധിക്കും. ഒരു പുതിയ തുറവോടും, പുത്തൻ ഹൃദയത്തോടുംകൂടി പ്രതീക്ഷയുടെ പുതുനാമ്പുകളുയർത്തി, ഈ കോവിഡ് കാലത്തിന്റെ ഉൽക്കണ്ഠകളെയും ആകുലതകളെയും തോൽപ്പിച്ച് മുന്നേറാൻ നമുക്ക് സാധിക്കട്ടെ.

2 പത്രോസ് 3:9 നമുക്കു മനഃപ്പാഠമാക്കാം: കർത്താവ് തന്റെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ താമസം വരുത്തുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട്, നിങ്ങളോട് ദീർഘക്ഷമ കാണിക്കുന്നുവെന്നേയുള്ളൂ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker