Daily Reflection

ഡിസംബർ – 8 അമലോത്ഭവ തിരുന്നാൾ: മനുഷ്യജന്മവും ചില സമസ്യകളും

ദൈവം അനാദി മുതൽ തന്റെ ഹൃദയത്തിൽ വരച്ച ചിത്രമാണ് ദൈവപുത്രന് ജന്മം നൽകേണ്ട പരിശുദ്ധ അമ്മയുടേത്...

ഇന്ന് പരിശുദ്ധ കന്യകാ മറിയത്തിന്റെ അമലോദ്ഭവ തിരുന്നാളിനെക്കുറിച്ച് ധ്യാനിക്കാം

ആഗമന കാലത്ത്, ക്രൈസ്തവരുടെ മനസ്സിലേക്ക് പ്രഥമമായും കടന്നുവരുന്ന ചിന്ത നമ്മുടെ എല്ലാവരുടെയും ജനനത്തെക്കുറിച്ചാണ്. എല്ലാവരുടെയും പിറവിക്കുപിന്നിൽ ദൈവത്തിന്റെ അദൃശ്യമായ കൈയൊപ്പുണ്ടെന്ന് വിശ്വസിക്കുന്നവരാണെല്ലാ ക്രൈസ്തവരും. ഉണ്ണിയേശുവിന്റെ പിറവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ദൈവത്തിന്റെ അസാധാരണമായിട്ടുള്ള, പരിശുദ്ധാത്മാവിന്റെ സന്നിവേശത്താലുള്ള, മനുഷ്യ ചിന്തകൾക്കതീതമായിട്ടുള്ള പ്രവർത്തനമാണ് സഭ നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഉണ്ണിയേശുവിന്റെ പിറവിയോടൊപ്പം തന്നെ, ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് പരിശുദ്ധ അമ്മയുടെ ജനനവും. അതുകൊണ്ടായിരിക്കണം ആഗമനകാലത്ത് ഡിസംബർ 8-Ɔο തീയതി അമലോൽഭവ മാതാവിന്റെ തിരുനാളും ലോകമെമ്പാടും തിരുസഭ ആഘോഷിക്കുന്നത്.

എന്തു കൊണ്ടായിരിക്കണം ഉണ്ണിയേശുവിന്റെ പിറവിയോടൊപ്പം പരിശുദ്ധ അമ്മയുടെ ജന്മസവിശേഷതകളെക്കുറിച്ചുള്ള ചിന്തകൾ സഭ നമ്മോടൊപ്പം പങ്കുവയ്ക്കുന്നത്? കാരണം വളരെ ലളിതമാണ്: മാതാപിതാക്കൾ എപ്രകാരമാണോ, അപ്രകാരമായിരിക്കും സാധാരണരീതിയിൽ മക്കളും. കുഞ്ഞുങ്ങളുടെ ജനനം മുതലുള്ള പരിശീലനക്കളരി അവരുടെ കുടുംബങ്ങളാണല്ലോ. വിദ്യാലയങ്ങളിൽ സ്വഭാവരൂപീകരണം നടക്കുന്നതിനു മുമ്പ് തന്നെ കുടുംബത്തിൽ നിന്നും പഠിച്ച ബാലപാഠങ്ങളാണ് പിന്നീട് മുതിർന്ന് കഴിയുമ്പോഴും അവരുടെ കരുത്തായി മാറുന്നത്.

ദൈവം അനാദി മുതൽ തന്റെ ഹൃദയത്തിൽ വരച്ച ചിത്രമാണ് ദൈവപുത്രന് ജന്മം നൽകേണ്ട പരിശുദ്ധ അമ്മയുടേത്. ലോകമാകുന്ന ക്യാൻവാസിൽ പരിശുദ്ധിയുടെ പരിവേഷമാണ് പരിശുദ്ധ അമ്മയ്ക്കുള്ളത്. തിന്മ എന്തെന്നറിയാതെ ഒരു മനുഷ്യൻ ഈ ലോകത്ത് ജീവിച്ചിട്ടുണ്ടെങ്കിൽ ഒരു പക്ഷേ അത് പരിശുദ്ധ അമ്മയായിരിക്കും. ദൈവപുത്രന് ജന്മം നൽകേണ്ട മനുഷ്യവ്യക്തി എപ്രകാരമായിരിക്കണമെന്ന് ദൈവം സൃഷ്ടി മുതലേ ഒരുപക്ഷേ അതിനുമുമ്പുതന്നെ ചിന്തിച്ചിരുന്നുവെന്നാണ് തിരുസഭ നമ്മെ പഠിപ്പിക്കുന്നത്.

മനുഷ്യനെ സ്നേഹിക്കുവാനാണല്ലോ ദൈവം പ്രപഞ്ചത്തിന് രൂപംനൽകിയത്. ദൈവം സ്നേഹമാണെന്നും, സ്നേഹിക്കുവാനായിട്ടാണ് ദൈവം ഈ ഭൂമിയിലേക്ക് കടന്നുവന്നതെന്നും നമുക്കറിയാം. അതിനു വേണ്ടി ദൈവം ഒരുക്കിയ രക്ഷാകരപദ്ധതിയുടെ സാക്ഷാത്കാരം ആരംഭിക്കുന്നത് പരിശുദ്ധ അമ്മയിൽ നിന്ന് തന്നെയായിരിക്കണം. പാപത്തിന്റെ ഒരു ലാഞ്ചനപോലുമില്ലാതെ ജനിക്കുവാനായിട്ട് ദൈവം തന്റെ കൃപകൾ കൊണ്ട് പരിശുദ്ധ അമ്മയെ നിറച്ചു. അപ്രകാരം പരിശുദ്ധഅമ്മ അമലോത്ഭവയായി ജനിച്ചുവെന്ന് നമ്മളെല്ലാവരും വിശ്വസിക്കുകയും തിരുസഭ അതിന് സാക്ഷ്യം നൽകുകയും ചെയ്യുന്നു.

പരിശുദ്ധ അമ്മയുടെ ജനനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചിന്തകളും ഒരു ക്രൈസ്തവന്റെ ജീവിതത്തിൽ വിശുദ്ധിക്കുള്ള പ്രാധാന്യത്തെ കുറിച്ച് തന്നെയാണ്. ദൈവം വസിക്കുന്നത് വിശുദ്ധിയുടെ ഇടങ്ങളിലാണെന്ന ചിന്തയാണ് അമലോൽഭവ മാതാവിന്റെ തിരുനാളിൽ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തേണ്ടത്. അതിന് പരിശുദ്ധഅമ്മ തന്റെ ഹൃദയവും, ജീവിതവും പരിശുദ്ധമായിട്ടു തന്നെ സൂക്ഷിച്ചു. പിറവിയെടുത്തപ്പോൾ ദൈവം പശുദ്ധമായി സൂക്ഷിച്ചത്, വിശുദ്ധികൊണ്ട് നിറച്ചത് പരിശുദ്ധ അമ്മ ഒരിക്കലും ഒരു കളങ്കവും പ്രവേശിപ്പിക്കാതെ ആ നന്മയിൽ പരിപോഷിപ്പിച്ചുകൊണ്ട് ദൈവഭയത്തിലും ഭക്തിയിലും വളർന്നു. ദൈവപുത്രനെ സ്വീകരിക്കുവാനായിട്ട്, തന്നെ ദൈവം തിരഞ്ഞെടുത്തുവെന്ന ബോധ്യം തന്റെ കൗമാരപ്രായത്തിൽ പരിശുദ്ധ അമ്മയ്ക്ക് ഉണ്ടാകുവാൻ സാധ്യതയില്ല. മംഗളവാർത്തയിലാണ് പരിശുദ്ധ അമ്മക്ക് തന്റെ വിളിയെക്കുറിച്ചുള്ള വെളിപാട് ലഭിക്കുന്നതായിട്ട് വിശുദ്ധ ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നത്. പരിശുദ്ധ അമ്മ വിശുദ്ധിയോടു കൂടി തന്നെയാണ് ജീവിച്ചതെന്ന് തുടർന്നുള്ള സംഭവങ്ങളും വ്യക്തമാക്കുന്നുണ്ട്.

1858 പരിശുദ്ധ അമ്മ ഫ്രാൻസിലെ ലൂർദിൽ ഫ്രാൻസിസ്, ജസീന്ത, ലൂസി എന്നീ മൂന്ന് കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ, താൻ ആരെന്നുള്ള അവരുടെ ചോദ്യത്തിന്, “ഞാൻ അമലോൽഭവ” ആണെന്ന് പരിശുദ്ധ അമ്മ വെളിപ്പെടുത്തുകയുണ്ടായി. ജീവിതം കൊണ്ട് അമലോൽഭവയായിരിക്കണമെന്ന മഹത്തായ സന്ദേശമായിരിക്കണം പരിശുദ്ധ അമ്മ ഇതിലൂടെ ലോകത്തിന് നൽകിയത്.

എന്നാൽ ഇന്നു ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് വിശുദ്ധിയുടെ വിളനിലമായിട്ട്, അതിനുള്ള പ്രചോദനമായിട്ട് മാറുവാൻ പലപ്പോഴും നമുക്കു കഴിയാതെ പോകുന്നതും ഒരു യാഥാർത്ഥ്യമായി അവശേഷിക്കുന്നുണ്ട്. ഇന്നത്തെ മാസ്മരിക മീഡിയ റവല്യൂഷനിൽ പലപ്പോഴും കുട്ടികൾക്ക് തെറ്റായിട്ടുള്ള ധാരണകളും, ചിന്തകളും, ലോകത്തെക്കുറിച്ചുള്ള മിഥ്യാധാരണകളും ലഭിക്കുന്നുണ്ട്. ഇതെല്ലാം അവരെ തെറ്റായ വഴിയിലേക്ക് നയിക്കുന്നുവെന്നതും യാഥാർഥ്യമാണ്. കേരളത്തിലെ നന്ദൻകോട് കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാർത്തയും ഇതിനോടുകൂടി കൂട്ടിവായിക്കാവുന്നതാണ്. ഉന്നത വിദ്യാഭ്യാസവും, ഉദ്യോഗവുമുള്ള കുടുംബാംഗങ്ങളിൽ നിന്നും വലിയ അവഗണന നേരിട്ട 26 വയസ്സുള്ള യുവാവ് സാത്താൻ സേവയിലേക്ക് ആകൃഷ്ടനാവുകയും മാതാപിതാക്കളെയും, സഹോദരിയേയും, ബന്ധുവിനെയും നിഷ്കരുണം കൊലചെയ്യുകയും അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥിയും സാത്താൻ സേവ എന്ന ചതിക്കുഴിയിൽ വീണതും ഏതാനും മാസങ്ങൾക്കു മുൻപാണ്. എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചത്? കുടുംബങ്ങളിൽ വിശുദ്ധിയുടെ പരിവേഷത്തോടെ വളർത്തുവാനായിട്ട് ദൈവം നൽകിയ മഹത്തായദാനങ്ങളായ കുട്ടികൾക്ക് വിശുദ്ധിയുടെ ജീവിതം പകർന്നു കൊടുക്കുവാൻ സാധിക്കാതെ പോകുന്നതുകൊണ്ടല്ലേ? ഓർക്കുക, പരിശുദ്ധ അമ്മ വിശുദ്ധിയുടെ ഇടമായി ജീവിച്ചപ്പോൾ ദൈവം അവളിൽ വന്നു വസിക്കുവാനാൻ തിരുമനസ്സായി.

ഈ ക്രിസ്മസിന് ഉണ്ണിയേശുവിനെ വരവേൽക്കുവാനായിട്ട് നാമെല്ലാവരും ഒരുങ്ങുമ്പോൾ, പരിശുദ്ധ അമ്മയുടെ അമലോൽഭവ തിരുന്നാളിൽ തിരുസഭ നമ്മെ പഠിപ്പിക്കുവാനായിട്ട് ആഗ്രഹിക്കുന്നതും അതുതന്നെയാണ്: നാമെല്ലാവരും വിശുദ്ധിയുടെ ഇടങ്ങളായിട്ട് നിലനിൽക്കുക. മാമോദീസ വഴി ലഭിക്കുന്ന കൃപാവരം നഷ്ടപ്പെടാതെ സൂക്ഷിക്കുക. പരിശുദ്ധ അമ്മ ജീവിതത്തിലുടനീളം തന്റെ പവിത്രത കാത്തു സൂക്ഷിച്ചതുപോലെ, രക്ഷാകര പദ്ധതിയിൽ ജീവിക്കുവാനായിട്ട് നമുക്കെല്ലാവർക്കും സാധിക്കണം. നമ്മുടെ ജന്മദിനങ്ങളും അതുതന്നെയാണ് ഓർമ്മപ്പെടുത്തുന്നതും.

ഇന്ന് എന്റെയും ജന്മദിനമാണ്. ഞാനും ജനിച്ചത് ഒരു ഡിസംബർ എട്ടാം തീയതിയാണ്. ക്രിസ്തുമസ് കാലത്ത് പരിശുദ്ധ അമ്മയുടെ അമലോൽഭവ തിരുനാൾ വിശുദ്ധി ജീവിക്കുവാനുള്ള ഓർമ്മപ്പെടുത്തലാവുമ്പോൾ, വളരെയധികം പവിത്രമായിട്ടുള്ള ഈ ചിന്തകൾ എന്റെ ജീവിതത്തിലും, ഒരു സമർപ്പിത എന്ന നിലയിൽ വലിയ വെല്ലുവിളിയായി ഉയരുകയാണ്. ഒരു സന്യസ്ത എന്ന നിലയിൽ ദൈവം എനിക്കു നൽകിയിരിക്കുന്ന വിശുദ്ധിയിലേക്കുള്ള, പരിപൂർണ്ണതയിലേക്കുള്ള ഈ വിളിയിലൂടെ, മറ്റുള്ളവരെയും വിശുദ്ധിയിലേക്കും പരിപൂർണ്ണതയിലേക്കും നയിക്കാനായിട്ട് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാലും ഉണ്ണിഈശോയുടെ അനുഗ്രത്താലും സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. “ഇതാ കർത്താവിന്റെ ദാസി”, എന്ന് സമർപ്പിതരായ പുരോഹിതരും സന്യസ്തരും മാത്രമല്ല, ഓരോ ക്രൈസ്തവനും പ്രത്യുത്തരിക്കുവാൻ കഴിയുമ്പോൾ, നമ്മുടെ ജന്മത്തിന് വിശുദ്ധിയുടെ നിറച്ചാർത്ത് ലഭിക്കുന്നു. ക്രിസ്തുവിന്റെ പിറവിത്തിരുനാളോടടുക്കുന്ന ഓരോ ദിവസവും പരിശുദ്ധ അമ്മയുടെ അസാധാരണമായിട്ടുള്ള മാതൃകയും, സംരക്ഷണവും നമ്മുടെയെല്ലാവരുടെയും ജീവിതങ്ങളെ വിശുദ്ധീകരിക്കാനുതകുമെന്നതിൽ സംശയമില്ല. അങ്ങനെ നന്മയുടെ നീർച്ചാലുകളായി, ജീവന്റെ സ്രോതസ്സുകളായി മാറുവാനായിട്ട് ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടേയെന്ന് ഈ അമലോഭവ തിരുനാളിൽ നമുക്കെല്ലാവർക്കും പ്രത്യാശയോടു കൂടി പ്രാർത്ഥിക്കാം.

മന:പ്പാഠമാക്കാം: “ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്” (ലൂക്കാ1:49).

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker