Daily Reflection

ഡിസംബർ – 22 ഹേറോദേസെന്ന സദാചാരവാദി

ചരിത്രത്തിൽ തന്നെ ക്രൂരതയുടെ പ്രതീകമാണ് ഹേറോദേസ്...

ഇന്ന് ഹേറോദേസെന്ന നന്മയുടെ മൂടുപടം അണിഞ്ഞ സദാചാരവാദിയെക്കുറിച്ച് ചിന്തിക്കാം ചിന്തിക്കാം

ചരിത്രത്തെ തിരുത്തിക്കുറിക്കുന്ന വീരപുരുഷന്റെ പരിവേഷമുണ്ട് ഉണ്ണിയേശുവിന്. മനുഷ്യജീവിതത്തിലേക്ക് അവൻ പിറന്നപ്പോൾ നമ്മുടെ സംസ്കാരവും, സാമൂഹിക ജീവിതവും, രാഷ്ട്രീയ പശ്ചാത്തലവുമൊക്കെ വർണ്ണാഭമായി. ക്രിസ്തുവിന്റെ ബത്‌ലഹേമിലെ പിറവിയിൽ, പാലസ്തീനായിലെ രാഷ്ട്രീയ പശ്ചാത്തലവും വളരെയേറെ പ്രാധാന്യമർഹിക്കുന്നതാണ്. പിറന്ന ദൈവകുമാരനെ അന്വേഷിച്ച് മൂന്നു ജ്ഞാനികൾ ഹെറോദോസിന്റെ കൊട്ടാരത്തിൽ വന്നപ്പോൾ അവർക്ക് അറിയേണ്ടത് ‘മിശിഹാ’ എവിടെയാണ് ജനിക്കുന്നതെന്നായിരുന്നു. “എനിക്കും അവനെ കണ്ടാരാധിക്കണമെന്ന്” സൗഹൃദം പറഞ്ഞാണ് ഹെറോദേസ് ഉണ്ണിയേശുവിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ശ്രമിക്കുന്നത്. എന്നാൽ, ഹെറോദിന്റെ കുടിലചിന്ത മറ്റൊന്നായിരുന്നു. കാരണം, തന്റെ രാജഭരണത്തിന് ഭംഗംവരുത്തുന്ന എതിരാളിയാണ് ഉണ്ണിയേശുവിനെ അവൻ കണ്ടത്.

ഹേറോദേസ് ഒരു വലിയ സൂചനയായി മാറുകയാണ്. നന്മ ചെയ്യുവാനായി വരുന്നവരെ തിന്മയായി ചിത്രീകരിച്ചും, അധിക്ഷേപിച്ചും, അവനെ സമൂഹത്തിൽനിന്നും സ്ഥാനഭ്രഷ്ടരാക്കുകയും ചെയ്യുന്ന പ്രവണത ഇന്ന് നിത്യസംഭവമായി മാറിയിരിക്കുകയാണ്. സദാചാര പോലീസുകാർ, കേരളത്തിൽ നിത്യേന നടമാടുന്ന ഹെറോദേസുമാരുടെ പുതിയ ഭാവങ്ങളാണ്.

ചരിത്രത്തിൽ തന്നെ ക്രൂരതയുടെ പ്രതീകമാണ് ഹേറോദേസ്. ഉണ്ണിയേശു എവിടെയാണ് ജനിക്കുന്നതെന്ന് മനസ്സിലാക്കി, തിരിച്ചുവന്നറിയിക്കുവാൻ ജ്ഞാനികളോട് നിർദേശിച്ചിരുന്നുവെങ്കിലും, ദൈവദൂതൻ നൽകിയ സന്ദേശമനുസരിച്ച് അവർ മറ്റൊരു വഴിയേ തിരികെപ്പോയെന്ന് സുവിശേഷം രേഖപ്പെടുത്തുന്നു. ജ്ഞാനികൾ തന്നെ കബളിപ്പിച്ചുവെന്ന് മനസ്സിലാക്കിയ ഹെറോദേസ് ഏതുവിധേനയും തന്റെ നിഷ്കളങ്കനായ എതിരാളിയെ ഇല്ലാതാക്കാൻ ശ്രമിച്ചു. തുടർന്ന്, രണ്ടു വയസ്സിനു താഴെയുള്ള എല്ലാ കുഞ്ഞുങ്ങളെയും വധിക്കുവാനായി ഉത്തരവിട്ടു. ഇപ്രകാരം ക്രിസ്തുവിനു വേണ്ടി ആദ്യം രക്തസാക്ഷികളായവരുടെ ചരിത്ര സംഭവത്തിന് പിന്നിൽ ഹേറോദേസിന്റെ കറുത്ത കരങ്ങളായിരുന്നു.

ഹേറോദസ് എന്താണ് ഈ ക്രിസ്തുമസ് കാലഘട്ടത്തിൽ നമ്മെ പഠിപ്പിക്കുന്നത്?

ഹേറോദേസിന് ഒരിക്കലും ക്രിസ്തുവിനെ അംഗീകരിക്കാൻ കഴിയാതെ പോയത് അവന്റെ അധികാര മോഹമായിരുന്നു. ഹെറോദേസ്, റോമാ സാമ്രാജ്യത്തിന്റെ പ്രാദേശിക നിയന്ത്രണത്തിലുള്ള യൂദായുടെ ഭരണാധികാരിയായിരുന്നു. അങ്ങനെ റോമാ സാമ്രാജ്യത്തെ പ്രീതിപ്പെടുത്തി, മറ്റുള്ളവരെ അടിച്ചമർത്തിക്കൊണ്ട് തന്റെ രാജാധികാരം നിലനിർത്തിയവനായിരുന്നു ഹേറോദേസ്. അതുകൊണ്ടുതന്നെയാണ് ക്രിസ്തുവിൽ ദൈവീകത ദർശിക്കുവാൻ അവനു കഴിയാതെ പോയതും, ക്രിസ്തുവിനെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചതും. രാജാധികാരം നിലനിർത്താനുള്ള തന്ത്രപ്പാടിൽ നിരവധി നിഷ്കളങ്കരായ കുഞ്ഞുങ്ങളെ വധിച്ചു. ഇപ്രകാരം സ്വന്തം വാഴ്ചക്കും, മേന്മക്കും വേണ്ടി സ്വാർത്ഥ താല്പര്യത്തോടെ മറ്റുള്ളവരെ അടിച്ചമർത്തുന്നവരുടെ പ്രതീകമായി ഹെറോദസ് മാറി.

ക്രിസ്തുവിന്റെ ജനനത്തിരുനാൾ അടുത്തുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ നമുക്ക് രണ്ട് തിരഞ്ഞെടുപ്പുകളാണുള്ളത്. ക്രിസ്തുവിനെ സ്വീകരിക്കുവാനും, രക്ഷകനായി കണ്ടുകൊണ്ട് ജ്ഞാനികളെ‍പ്പോലെ ആരാധിക്കുവാനും, അല്ലെങ്കിൽ ഹേറോദേസിനെപ്പോലെ ക്രിസ്തു നമുക്കൊരു തടസ്സമാണെന്ന് ചിന്തിച്ചുകൊണ്ട് അവിശ്വാസത്തിന്റെയും, നിരീശ്വരവാദത്തിന്റെയും വഴികൾകൾ സ്വീകരിക്കുവാനും. നിരീശ്വരവാദവും ദൈവനിന്ദയും ഫാഷനായിരിക്കുന്ന ഈ ആധുനിക കാലഘട്ടത്തിൽ മനസ്സിൽ നന്മയുടെ, എളിമയുടെ, മാനുഷിക യാഥാർത്ഥ്യത്തിന്റെ ഉത്തമ ബോധ്യമുള്ളവർക്കു മാത്രമേ പുൽക്കൂട്ടിലെ ഉണ്ണിയേശുവിൽ ദിവ്യത്വം ദർശിച്ച് ജ്ഞാനികളെപ്പോലെ ആരാധിക്കുവാൻ കഴിയുകയുള്ളൂവെന്ന് തിരിച്ചറിയാൻ നമുക്കും സാധിക്കട്ടെ.

മത്തായി 2:18 നമുക്കു മനഃപ്പാഠമാക്കാം: “റാമായിൽ ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേൽ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സ്വാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാൽ അവൾക്ക് സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു”.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker