Daily Reflection

2nd Sunday of Easter_Year B_ഉത്ഥിതന്റെ സ്നേഹം കരുണയുടെ സ്നേഹം

ഈശോ തോമസിനെ അവന്റെ ആന്തരിക സ്വാതന്ത്ര്യത്തിൽ ബലപ്പെടുത്തുകയാണ്...

പെസഹാക്കാലം രണ്ടാം ഞായർ
(ദൈവകരുണയുടെ ഞായർ )
സുവിശേഷം: വി.യോഹന്നാൻ 20:19-31

ഉത്ഥിതൻ തന്റെ സ്നേഹം കൊണ്ട് മാനവരാശിയെ നിരന്തരം അത്ഭുതപ്പെടുത്തുന്നുണ്ട്. തന്നെ ഉപേക്ഷിച്ച, തള്ളിപ്പറഞ്ഞ, ചതിച്ച ശിഷ്യരുടെ മുൻപിൽ കണക്കുചോദിക്കാതെ ഒരു സൗമ്യസാന്നിധ്യം കണക്കെ ക്രിസ്തു സന്നിഹിതാനാകുന്നു. എട്ടുദിവസങ്ങൾക്കു ശേഷം അടച്ചിട്ട മുറിയിൽ ഒരുമിച്ചുകൂടിയിരിക്കുന്ന ശിഷ്യരെ തേടി ക്രിസ്തു എത്തുന്നു. അവരുടെ മനസിൽ ഭയം മാത്രമേയുള്ളൂ – യഹൂദരോട്, റോമൻ പട്ടാളക്കാരോട്, ആർത്തിരമ്പുന്ന ജനാവലിയോട്. അടച്ചിട്ടമുറി ഒരു പ്രതീകം കണക്കെ അവരുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നു. വായുസഞ്ചാരം പോലും പരിമിതമായ ആ അന്തരീഷത്തിന്റെ ദുഃഖ സാന്ദ്രതയിൽ ഉത്ഥിതൻ അവരെ തേടിയെത്തുന്നു. ജീവിത സാഹചര്യങ്ങളുടെ ഏത് ഇരുണ്ട അറകളിലാണ് നാമെങ്കിലും ക്രിസ്തു നാഥൻ നമ്മെ തേടിയെത്തുമെന്ന് ഈ വചനഭാഗം നമ്മെ ഓർമ്മപ്പെടുത്തുന്നു.

എട്ടു ദിവസങ്ങൾക്കു ശേഷം മാത്രമല്ല, നൂറ്റാണ്ടുകൾക്കുമിപ്പുറം ഈശോ ഇന്നും നമ്മുടെ അടഞ്ഞ ഹൃദയകവാടങ്ങൾക്കു മുൻപിൽ ഉണ്ട്. വിനയപൂർവം, എന്നാൽ നിച്ചയദാർഢ്യത്തോടെ ഈ ഭൂമിയിലെ ഒരു ഇരുളിനും മറയ്ക്കാനാവാത്ത ശോഭയോടെ. എത്ര മനോഹരമാണ് ഉത്ഥിതന്റെ ഈ സാമീപ്യം. വിമോചനത്തിന്റെ, സൗഖ്യത്തിന്റെ സാന്ത്വന സ്പർശമായി ഇന്നും നമ്മെ മാറോടുചേർക്കുന്ന ക്രിസ്തുവിനെ നാം തിരിച്ചറിയുക. നമ്മൾ മറന്നുകളഞ്ഞാലും, ഉപേക്ഷിച്ചുപോയാലും യേശുനാഥൻ നമ്മെ കുറ്റപ്പെടുത്തുന്നില്ല, വിട്ടുകളയുന്നില്ല.

ഓർക്കുക, തളർന്ന മനസുകളോടൊപ്പം ക്രിസ്തു വഴിപങ്കിടുന്നു. തന്റെ ശിഷ്യരെ അവൻ ജെറുസലേമിന്റെ തെരുവീധികളിലേക്കും, തുടർന്ന് ലോകത്തിലേക്കും സുവിശേഷ സാക്ഷ്യത്തിന്റെ നിയോഗവുമായി പറഞ്ഞയച്ചിട്ടും, അവരുടെ മനസുകൾ അസ്വസ്ഥവും, ഭയചകിതവുമാണ്. അവരുടെ ചെളിപുരണ്ട ജീവിതങ്ങളെ ചേർത്തുപിടിക്കുന്നു. പരിപൂർണ്ണത ഇല്ലെങ്കിലും ആത്മാർത്ഥതയും സത്യസന്ധതയും മുഖമുദ്രയാക്കുവാൻ ക്രിസ്തു അവരെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. എല്ലാം തികഞ്ഞവരുടെ മനോഭാവമല്ല മറിച്ച്, വീണും എണീറ്റും ജീവിതയാത്ര തുടരുന്നവരാകാൻ ഈശോ അവരെ സഹായിക്കുന്നു.

തോമസ് അപ്പോസ്തലൻ ഈ സുവിശേഷ ഭാഗത്തെ ഒരു പ്രധാന കഥാപാത്രമാണ്. സത്യത്തിൽ ഈശോ തോമസിനെ അവന്റെ ആന്തരിക സ്വാതന്ത്ര്യത്തിൽ ബലപ്പെടുത്തുകയാണ്. ലോകത്തിന്റെ രീതികളിൽ ഒഴുക്കിനൊപ്പം നീന്തുന്നവനാകാതെ ഉള്ളിലെ ബോധ്യങ്ങളിൽ ജീവിതത്തെ കരുപ്പിടിപ്പിക്കുവാൻ ക്രിസ്തു തോമസിനെ സഹായിക്കുന്നു. അവൻ തോമസിനോട് പറഞ്ഞു: “നിന്റെ വിരൽ ഇവിടെ കൊണ്ടുവരുക, എന്റെ കൈകൾ കാണുക, നിന്റെ കൈനീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക; അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക”. ഉത്ഥാനത്തോടെ ക്രിസ്തുവിന്റെ തിരുമുറിവുകൾ ഇല്ലാതാവുന്നില്ല, അവിടുന്ന് നിശ്ശബ്ദനാകുന്നുമില്ല. കുരിശ് ക്രിസ്തുവിന്റെ ജീവിതത്തിന്റെ ഒരേട് മാത്രമല്ല, മറിച്ച് ഉത്ഥാനപ്രഭയിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഒരു ജീവവൃക്ഷമാണ്. ആ വൃക്ഷത്തിന്റെ മുറിപാടുകളിലൂടെ പ്രപഞ്ചത്തെ മുഴുവൻ ധ്യാനിക്കുവാൻ യേശു നമ്മെ ക്ഷണിക്കുന്നു. ആ മുറിവുകളിൽ സ്നേഹമുണ്ട്, ജീവനുണ്ട്, ജീവിതമുണ്ട്.

യേശു തോമസിനെ ഒന്നിനും നിർബന്ധിക്കുന്നില്ല. അവന്റെ അലച്ചിലുകളെയും, കുറവുകളേയും, അവന്റെ ജീവിതത്തിന്റെ സങ്കീർണ്ണതകളെയും ക്രിസ്തു കരുണയോടെ മനസിലാക്കുന്നു. അവനെ ഉൾക്കൊള്ളുന്നു. ഒന്നു മാത്രം ഈശോ അവനിൽ നിന്നും പ്രതീക്ഷിക്കുന്നു ‘സത്യം അറിയാനുള്ള തോമസിന്റെ ഹൃദയത്തിന്റെ ആഗ്രഹം’. അതുവഴി ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം തന്റെ ജീവനെയും, ജീവിതത്തെയും ആ തിരുമുറിവുകളിൽ സമർപ്പിക്കുന്നതാണെന്ന തിരിച്ചറിവിന്റെ നിറവിലേക്കു തോമസ് കടന്നുവരുന്നു. “സ്‌പർശിക്കുക, നോക്കുക, അനുഭവിക്കുക”. ആ സ്പർശനത്തിന്റെ നിറവിൽ ഹൃദയത്തിൽ നിന്നുള്ള ഒരു കരച്ചിലായി, സ്നേഹമായി തോമസ് ഉച്ചത്തിൽ വിളിച്ചു പറയുന്നു: “എന്റെ കർത്താവേ എന്റെ ദൈവമേ”. ‘എന്റേത്’ എന്നത് സ്വന്തമാക്കലിന്റെയല്ല, മറിച്ച് സ്വന്തമാകലിന്റെ നിർവൃതിയിൽ നിന്നുള്ള കരച്ചിൽ ആണ്, വിശ്വാസ പ്രഖ്യാപനം ആണ്. ഞാൻ ഞാനാകുന്നത് ക്രിസ്തുവേ നിന്നിൽ ചേർന്ന് നിൽക്കുമ്പോൾ മാത്രമാണ്. നീയില്ലാതെ ദൈവമേ ഞാനില്ല, എനിക്ക് ജീവിതമില്ല. ഇത് നമ്മുടെ ജീവിതത്തിന്റെയും പ്രാർത്ഥനായാവട്ടെ!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker