Daily Reflection

ഡിസംബർ 4: ആത്മാവിന്റെ വാഴ്ത്തുകൾ

മറിയത്തിന്റെ സ്തോത്രഗീതത്തെ പോലെ, സ്വർഗീയ ധ്വനികളായി നമ്മുടെയും ശരീരവും മനസ്സും ആത്മാവും സ്നേഹ പ്രപഞ്ചത്തിൽ സംഗീതോത്സവം സൃഷ്ടിക്കട്ടെ...

നാലാം ദിവസം
ദൈവത്തെ സ്തുതിക്കുന്നതിനേക്കാൾ എന്തു മഹത്തരമായ കാര്യമാണ് മനുഷ്യ ജീവിതത്തിലുള്ളത്.

ക്രിസ്മസ് കാലത്ത് “മറിയത്തിന്റെ വാഴ്ത്തുകൾ” നാം കൂടെ കൂടെ ധ്യാനിക്കുന്നതിന്റെ കാരണം മറ്റൊന്നുമല്ല.

സങ്കീർത്തനങ്ങളുടെ സാരാംശം മുഴുവനും താഴെപ്പറയുന്ന സങ്കീർത്തനത്തിൽ സംഗ്രഹിക്കാൻ കഴിയും: “കർത്താവിനെ സ്തുതിക്കുവിൻ; എന്റെ ആത്മാവേ, കർത്താവിനെ സ്തുതിക്കുക” (സങ്കീർത്തനം103:22).

കുറച്ചു വിറയലോടെയാണെങ്കിലും ഞാൻ പറയും: ദൈവം എന്നെ സംഹരിച്ചാൽ പോലും ഞാൻ അവനെ സ്തുതിക്കും. മഞ്ഞുമൂടിയ പ്രഭാതത്തിൽ പോലും ഞാനെഴുന്നേറ്റ് അവനെ സ്തുതിക്കും. എന്തുകൊണ്ടെന്നാൽ പുൽപ്പറ്റിൽ നിന്നുമുയർത്തി എനിക്ക് ഒരു മേൽവിലാസം തന്നതിന്. എനിക്കേകിയ എല്ലാ നന്മകളെയുമോർത്ത് എന്റെ കഷ്ടതയിൽ പോലും ഞാൻ അവനെ സ്തുതിക്കും. അവസാന കണ്ണുനീർ പൊഴിയുമ്പോഴും ഞാനവനെ വാഴ്ത്തി കൊണ്ടേയിരിക്കും. അത്യുന്നതന്റെ മഹോന്നത നാമം പാടിപ്പുകഴ്ത്തും.

കുറേക്കൂടി ശക്തമായ ഭാഷയിലാണ് സങ്കീർത്തനം 146 ആലപിക്കുന്നത്: “കർത്താവിനെ സ്തുതിക്കുവിൻ; എന്റെ ആത്മാവേ, കർത്താവിനെ സ്തുതിക്കുക” (സങ്കീർത്തനം 146:1). ഇസ്രായേലിന്റെ രാജാവായ ദാവീദ്, “ഞാൻ കർത്താവിനെ സ്തുതിക്കും” എന്നല്ല, “എന്റെ ആത്മാവേ” കർത്താവിനെ സ്തുതിക്കുക” എന്നാണ് ആർപ്പു വിളിക്കുന്നത് .

എന്താണ് ഈ “ആത്മാവ്”?

വിശുദ്ധ ഗ്രന്ഥത്തിൽ “ആത്മാവ്” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള ഹെബ്രായ, ഗ്രീക്ക് പദങ്ങൾ സൂചിപ്പിക്കുന്നത് ‘ശ്വാസം’ അല്ലെങ്കിൽ ‘കാറ്റ്’ എന്നാണ്. എന്നിരുന്നാലും കേവലം ശ്വാസോഛ്വാസമെന്ന പ്രക്രിയെയല്ല “ആത്മാവ്” എന്ന പദം കുറിക്കുന്നത്. “ആത്മാവില്ലാത്ത ശരീരം നിർജീവ”മാണെന്ന് യാക്കോബ് അപ്പോസ്തോലൻ (യാക്കോബ് 2:26) നമ്മെ ഓർമ്മിപ്പിക്കുന്നു. അതുകൊണ്ട് ശരീരത്തെ ജീവനുള്ളതാക്കുന്നത് എന്താണോ അതാണ് ആത്മാവ്. വെറും രക്തവും മാംസവും മാത്രമുള്ള സൃഷ്ടികളല്ല നാം. ജീവിതം വെറുമൊരു നീർപ്പോളയ്ക്ക് തുല്ല്യമാണെങ്കിലും ഒരു വ്യക്തിയുടെ ഉള്ളിൽ മരണത്തെ അതിജീവിക്കുന്ന അമൃതമായ എന്തോ ഒന്ന് ഉണ്ടെന്നുള്ള അടിസ്ഥാന വിശ്വാസത്തോട് മിക്ക മതങ്ങളും യോജിക്കുന്നുണ്ട്.

ദൈവദാനമായ ശരീരം കൊണ്ട് മാത്രമല്ല, ജീവൻ തുടിക്കുന്ന ആത്മാവുകൊണ്ടുമാണ് ദാവീദ് ദൈവത്തെ സ്തുതിച്ചത്. “നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും, പൂർണ്ണ ആത്മാവോടും, സർവ്വ ശക്തിയോടും സ്നേഹിക്കുക”, എന്ന് ഏറ്റവും വലിയ കൽപ്പനയ്ക്ക് ഉത്തരമായി നിയമ പണ്ഡിതൻ മറുപടി നൽകുന്നുണ്ട്. ദൈവവും, ആത്മാവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ക്രിസ്തുവിന്റെ പ്രബോധനം ദൈവ-മനുഷ്യ സ്നേഹഗീതയിൽ (വോൾ 1V പേജ് 83) മരിയ വാൽതോർത്ത ഇപ്രകാരം പ്രതിപാദിച്ചിരിക്കുന്നു: “മനുഷ്യന്റെ യഥാർത്ഥ അന്തസത്തയാണ് ആത്മാവ്”. ക്രിസ്തു നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്: “മാംസത്തിൽനിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവിൽനിന്നു ജനിക്കുന്നത് ആത്മാവും” (യോഹന്നാൻ 3:6).

ആഗമനകാലം, മറിയത്തെ പോലെ ദൈവാത്മാവിനാൽ നിറയുവാനുള്ള കാലയളവാണ്. ക്രിസ്തുവിനെ ഉദരത്തിൽ സ്വീകരിക്കുന്നവരുടെ അധരങ്ങളും ദേവഗീതികളാൽ അനുഗ്രഹീതമാകും. മറിയത്തിന്റെ സ്തോത്രഗീതം ക്രിസ്മസിന്റെ താരാട്ടാണ്: “എന്റെ ആത്മാവ് കർത്താവിനെ മഹത്ത്വപ്പെടുത്തുന്നു”.

ഉണ്ണിയേശുവിന് സങ്കീർത്തനമാലയൊരുക്കുവാൻ, തന്റെ ജീവിതം തന്നെ സ്തോത്രഗീതമാക്കി. സൃഷ്ടാവുമായി സുദൃഢമായ ആത്മീയ ബന്ധത്തിൽ ജീവിച്ചു. തത്ഫലമായി, പ്രതിസന്ധികളിലും ആന്തരികാനന്ദത്താൽ പ്രശോഭിതയാവാൻ അവൾക്ക് സാധിച്ചു. അതിന്റെ പ്രതിഫലമെന്നോണം ആത്മശരീരങ്ങളോടെ ദൈവപിതാവിന്റെ സന്നിധിയണഞ്ഞവളാണ് മറിയം! ദൈവസാന്നിധ്യം തുളുമ്പിനിന്ന മറിയത്തിന്റെ ജീവിതം ദർശിച്ചിട്ടായിരിക്കാം, പൗലോസ് അപ്പസ്തോലൻ വിശ്വാസികളുമായി ഇപ്രകാരം പങ്കുവെച്ചത്: ദൈവത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ആലയമാണ് മനുഷ്യശരീരം = “നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്‌ധാത്‌മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന്‌ നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല” (1 കോറിന്തോസ്‌ 6:19).

ദിവ്യ ഉണ്ണിയെ ഉദരത്തിൽ വഹിച്ച പരിശുദ്ധ അമ്മയെപ്പോലെ, ജീവിതത്തിന്റെ ഉയർച്ച, താഴ്ചകളിലും സൃഷ്ടാവിന്റെ പ്രഭാവലയത്തിലായിരുന്നു കൊണ്ട് നമ്മുടെ ആത്മാവിനെ കർത്താവിലേക്ക് ഉയർത്താം. പരിശുദ്ധാത്മാവാണ് നമ്മെ ദൈവവുമായി കോർത്തിണക്കുന്നത് എന്നയാഥാർഥ്യം നാം വിസ്മരിക്കരുത്. നശ്വരമായ അധരങ്ങൾ കൊണ്ടുമാത്രമല്ല, മാമോദീസ വഴിയായി ഒഴുകിയിറങ്ങിയ ദൈവാത്മാവിനാലും,”അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം” എന്ന ക്രിസ്മസ് സങ്കീർത്തനങ്ങളാലും നമുക്കും ആനന്ദഗീതം ആലപിക്കാം. ദൈവ സന്നിധിയിൽ നമ്മുടെ ജീവിതങ്ങൾ വിശുദ്ധ കാണിക്കയായി ഉയർത്താം. അങ്ങനെ “ആത്മാവിന്റെ വാഴ്ത്തുകളായി”, മറിയത്തിന്റെ സ്തോത്രഗീതത്തെ പോലെ, സ്വർഗീയ ധ്വനികളായി നമ്മുടെയും ശരീരവും മനസ്സും ആത്മാവും സ്നേഹ പ്രപഞ്ചത്തിൽ സംഗീതോത്സവം സൃഷ്ടിക്കട്ടെ!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker