Daily Reflection

ഡിസംബർ 13: ഭൂമിയിലെ നക്ഷത്രങ്ങൾ

ഇരുണ്ട യുഗത്തിലൂടെ നീങ്ങുന്ന സമൂഹത്തിൽ നിന്ന് ജീവിത പ്രകാശത്താൽ നമുക്കും വ്യത്യസ്തരാകാം...

പതിമൂന്നാം ദിവസം
“ജ്‌ഞാനികള്‍ ആകാശവിതാനത്തിന്റെ പ്രഭപോലെ തിളങ്ങും. അനേകരെ നീതിയിലേക്കു നയിക്കുന്നവന്‍ നക്‌ഷത്രങ്ങളെപ്പോലെ എന്നുമെന്നും പ്രകാശിക്കും” (ദാനിയേല്‍ 12:3).

ഇരുട്ടിനെ വകഞ്ഞുമാറ്റി പ്രകാശം ചൊരിയുന്ന നക്ഷത്രങ്ങളെപ്പോലെ തിന്മയുടെ അന്ധകാരത്തിൽ കഴിയുന്നവരെ നന്മയുടെ പ്രകാശത്തിലേക്കുയർത്തുന്നതിനായി ഭൂമിയിലേക്ക് ഇറങ്ങി വന്ന നക്ഷത്രത്തിന്റെ പിറവി ദിനമാണ് ക്രിസ്മസ്. ബേത്ലഹേമിലെ പുൽക്കൂട്ടിൽ ദർശിച്ച ഈ ദൈവികപ്രകാശത്തെ ദർശിച്ചിട്ടാവാം, ഒരുപക്ഷേ കവി ഇപ്രകാരം പാടിയത്:
“Twinkile Twinkile little star;
how I wonder what you are!”

കുഞ്ഞു പൈതങ്ങൾക്ക് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ കാണിച്ചു കൊടുക്കുന്ന അമ്മമാർ. അല്പം സമാധാനത്തിനായി കണ്ണുചിമ്മുന്ന നക്ഷത്രങ്ങളെ നോക്കി നിൽക്കുന്ന വ്യാകുലപ്പെട്ട മനസ്സുകൾ. അന്ധകാരത്തിൽ പതറി നിൽക്കുന്നവർക്ക്‌ വഴികാട്ടിയാവുന്ന നക്ഷത്ര പ്രഭ… ചുരുക്കത്തിൽ, ആകാശഗോപുരങ്ങളിലെ താരകങ്ങളെ ദർശിക്കുന്നവർക്ക് മാനസികവും ആത്മീയവുമായ ഉണർവ് ലഭിക്കുന്നു. അതെ, ശിശുക്കളെയും, വയോവൃദ്ധരെയും ഒരുപോലെ സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന നിറസാന്നിധ്യമാണ് നക്ഷത്രങ്ങൾ…!!!

ഇരുളടഞ്ഞ മനുഷ്യജീവിതങ്ങളെ പ്രകാശത്തിലേക്ക് നയിച്ചവനാണ് ക്രിസ്തു. വിശുദ്ധ ഗ്രന്ഥത്തിൽ ഉല്പത്തി മുതൽ വെളിപാട് വരെ നക്ഷത്രങ്ങളുടെ നിറസാന്നിധ്യം ഉള്ളത് വെറും യാദൃശ്ചികമല്ല . വേദപുസ്തകത്തിൽ തിളങ്ങി നിൽക്കുന്ന മറ്റൊരു നക്ഷത്രമാണ് യേശു. അതുകൊണ്ടാണല്ലോ സംഖ്യാപുസ്തകത്തിൽ ക്രിസ്തുവിനെക്കുറിച്ച് ഇപ്രകാരം പറഞ്ഞത്: “യാക്കോബിൽ നിന്ന് ഒരു നക്ഷത്രം ഉദിക്കും, ഇസ്രായേലിൽ നിന്ന് ഒരു ചെങ്കോൽ ഉയരും” (സംഖ്യ 24:17). നന്മയ്ക്കെതിരെയുള്ള എല്ലാ ശത്രുക്കളെയും നശിപ്പിക്കുകയും ദുഷ്ടന്മാരെ നിഷ്ഫലമാക്കുകയും ചെയ്യുന്ന ചെങ്കോലേന്തിയ ശോഭയുള്ള പ്രഭാതനക്ഷത്രമായിരുന്നു ക്രിസ്തു.

“നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്; ഭൂമിയുടെ ഉപ്പാണ്”, എന്ന് ക്രിസ്തു കൂടാര തിരുനാളിൽ ഉറക്കെ പ്രഘോഷിക്കുമ്പോൾ, ദൈവസുതനിൽ നിന്നും ജീവന്റെ പ്രകാശം സ്വീകരിക്കുവാനുള്ള ആഹ്വാനം മുഴങ്ങി കേൾക്കാം.

ലോകരക്ഷകന്റെ പിറവി അറിയിച്ചുകൊണ്ട് പ്രശോഭിതമായ ഒരു നക്ഷത്രം ആകാശത്തിലേക്കുയർന്നു. ബത്‌ലഹേമിൽ ജനിച്ച താരക രാജകുമാരനെ കാണുന്നതിനായി മൂന്നു ജ്ഞാനികൾക്ക് വഴികാട്ടിയായതും ഈ നക്ഷത്രം തന്നെയാണ്. സുരക്ഷിതമായി യേശുവിന്റെ അടുത്തെത്തിയവർ താരപ്രഭയാൽ ശോഭിതമായ ഉണ്ണിയെ താണുവണങ്ങി. അനേകരെ നീതിയിലേക്കു നയിക്കുന്നവൻ, നക്ഷത്രങ്ങളെ പോലെ എന്നുമെന്നും പ്രകാശിക്കുന്നവനെയാണ് വണങ്ങുന്നതെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു.

നക്ഷത്രങ്ങൾ മറ്റുള്ളവർക്ക് വഴികാട്ടിയാകുന്നതുപോലെ സ്വർഗ്ഗീയ പിതാവിലേക്കുള്ള വഴികാട്ടിയായ താരകത്തിന് വിലപിടിപ്പുള്ള സമ്മാനങ്ങൾ കാഴ്ചവെച്ചു അവർ സ്വദേശത്തേക്ക് “മറ്റൊരു വഴിയേ” മടങ്ങി. ക്രിസ്തുവിൽ നിന്ന് പ്രകാശം സ്വീകരിക്കുന്നവർ നവീകരിക്കപ്പെടുന്നു. പഴയ പാപകരമായ ജീവിതം മാർഗ്ഗങ്ങൾ ഉപേക്ഷിക്കേണ്ടതായി വരും. നക്ഷത്രങ്ങൾ സ്വയം എരിഞ്ഞടങ്ങി മറ്റുള്ളവർക്ക് വഴികാട്ടിയാകുന്നതുപോലെ പാപാന്ധകാരത്തിൽ ഉഴറി നടന്ന ജനതയ്ക്ക് പ്രകാശമായി സ്വയം എരിഞ്ഞടങ്ങുവാൻ മനുഷ്യപുത്രൻ ഭൂമിയിൽ ജന്മമെടുത്തു. അതിനാൽ യേശുവിന്റെ അടുത്തെത്തിയവരെല്ലാം തന്നെ പ്രകാശിതരായി.

ക്രിസ്തുവിനെ കണ്ടും അറിഞ്ഞും അനുഭവിച്ചും കൂടെ നടന്ന പന്ത്രണ്ടു ശിഷ്യന്മാർ ക്രിസ്തുവിന്റെ പ്രകാശവാഹകരാണ്. തിളങ്ങുന്ന നക്ഷത്രങ്ങൾ വേറിട്ടുനിൽക്കുന്നത് പോലെ, ഇരുണ്ട യുഗത്തിലൂടെ നീങ്ങുന്ന സമൂഹത്തിൽ നിന്ന് ജീവിത പ്രകാശത്താൽ നമുക്കും വ്യത്യസ്തരാകാം. “ലോകത്തിന്റെ പ്രകാശമായിരിക്കാൻ” (മത്തായി 5:14), ക്രിസ്മസ് രാത്രിയിലെ ഉണ്ണി യേശുവിനെപ്പോലെ…!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker