Daily Reflection

ക്രിസ്മസ് 16: മഴവില്ല്

മനുഷ്യന്റെ കാർമേഘത്തിൽ ദൈവം വിരിയിക്കുന്ന പ്രത്യാശയുടെ വാഗ്ദാനമാണ് മഴവില്ല്...

പതിനാറാം ദിവസം
“നോഹയുടെ കാലംപോലെയാണ്‌ ഇത്‌ എനിക്ക്‌. അവന്റെ കാലത്തെന്നപോലെ ജലം ഭൂമിയെ മൂടുകയില്ലെന്നു ഞാന്‍ ശപഥം ചെയ്‌തിട്ടുണ്ട്‌. അതുപോലെ, നിന്നോട്‌ ഒരിക്കലും കോപിക്കുകയോ നിന്നെ ശാസിക്കുകയോ ചെയ്യുകയില്ലെന്ന്‌ ഞാന്‍ ശപഥം ചെയ്‌തിരിക്കുന്നു” (ഏശയ്യാ 54:9).

“അന്ധകാരത്തിൽ കഴിഞ്ഞ ജനത ഒരു വലിയ പ്രകാശം കണ്ടു” എന്ന പ്രവാചക വചസ്സുകൾ ക്രിസ്മസ് കാലത്ത് ധ്യാനവിഷയമായി കടന്നു വരാറുണ്ട്. ക്രിസ്തുവിന്റെ ജനനം, നന്മയും സന്തോഷവും പ്രതീക്ഷയും മനുഷ്യമനസ്സിൽ സൃഷ്ടിക്കുന്നതാണ്. ദൈവം മനുഷ്യനായി അവതരിച്ചതുതന്നെ മനുഷ്യ മനസ്സിൽ ഒരു വസന്തം വിരിക്കുവാനാണ്. മണലാരണ്യത്തിൽ ക്രിസ്തുവിന് വഴിയൊരുക്കുമ്പോഴും ഉഷ്ണഭൂമിയിൽ പ്രതീക്ഷയുടെ പുത്തൻ നാമ്പുകൾ വിരിയിക്കുകയാണ്, സ്നാപക യോഹന്നാൻ!

ദൈവം ഇല്ലാത്തിടത്താണ് പ്രതീക്ഷകൾ അസ്തമിക്കുന്നത്. നോഹയോട് ദൈവം ചെയ്യുന്ന സ്നേഹത്തിന്റെ ഉടമ്പടി ഏശയ്യാ പ്രവാചകൻ ആലങ്കാരികമായി വരച്ചുകാട്ടുന്നുണ്ട്: “ഇനി ഒരു ജലപ്രളയം ഉണ്ടാവുകയില്ല, ഇനി ഒരിക്കലും നിങ്ങളെ നശിപ്പിക്കുകയില്ല”. സ്വർഗ്ഗത്തിലെ മഴവില്ല് സാക്ഷ്യമാക്കി ദൈവം നോഹയോടു വാഗ്ദാനം ചെയ്തു.

മഴവില്ലൊരു പ്രതീകമാണ്. മനുഷ്യന്റെ കാർമേഘത്തിൽ ദൈവം വിരിയിക്കുന്ന പ്രത്യാശയുടെ വാഗ്ദാനമാണ് മഴവില്ല്. ജീവിതം കാർമേഘ മുഖരിതമാണെന്ന് തോന്നുമ്പോഴും സമൃദ്ധിയുടെ മഴവില്ലായ ദൈവം നമ്മളിലേക്ക് ജനിക്കുന്ന ഉത്സവമാണ് ക്രിസ്മസ്. ഓർക്കുക, “എല്ലാം ഇരുട്ടിലേക്ക്” എന്ന് വ്യസനിക്കുമ്പോഴും, സന്തോഷ മഴവില്ലുകൾ ദൈവം നമുക്കു സമ്മാനിക്കുന്നുണ്ട്. ഓരോ മഴവില്ലും നമ്മൾക്ക് തിരുനാൾ ലഹരിയാണ് നൽകുന്നത്; ഒരു വർണോത്സവം! പാപം നിറഞ്ഞ, ഇരുളടഞ്ഞ മനുഷ്യ സമൂഹത്തിൽ, മനുഷ്യമനസ്സിലെ നന്മകൾ പ്രതീക്ഷകളുടെ മഴവില്ലുകളായി മാറുന്നു; നന്മയുടെ പ്രേരകശക്തിയായി മാറുന്നു.

ലോകം തിന്മയിൽ മുങ്ങിക്കുളിക്കുമ്പോഴും, നോഹയെ പോലെയുള്ള നീതിമാന്മാരായ മനുഷ്യർ മഴവില്ലിന്റെ സുവിശേഷം രചിക്കുന്നു. വിവാഹാഘോഷത്തിന്റെ അനുഭവമാണ് നമുക്കത് പകർന്നുനൽകുന്നത്. ക്രിസ്തുവിന് നമ്മുടെ ജീവിതത്തിൽ പുൽക്കൂടൊരുക്കുമ്പോൾ വൈധവ്യം ദാമ്പത്യാനുഭവമായി മാറുന്നു. ലോകത്തിലെ ഏറ്റവും ഉദാത്തമായ ആ സ്നേഹകൂട്ടായ്മയെ പോലെ ദൈവവും മനുഷ്യനും ഒന്നിക്കുന്നു. ആ സ്നേഹ കൂട്ടായ്മയിൽ ദൈവാനുഗ്രഹങ്ങളുടെ കൃപാവർഷം പെയ്തിറങ്ങുന്നു. അവിടെ പ്രതീക്ഷയുടെ പ്രവാചകവചനം പൂർത്തീകരിക്കപ്പെടുന്നു: “നിന്നോടു കരുണയുള്ള കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല” (ഏശയ്യാ 54:10).

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker