Sunday Homilies

ദിവ്യകാരുണ്യത്തിരുനാൾ

വിചിന്തനം:- വചനവും സൗഖ്യവും ജീവനും (ലൂക്കാ 9: 11 - 17)

ദൈവരാജ്യം പ്രഘോഷിക്കാൻ പോയ ശിഷ്യന്മാർ മടങ്ങി വന്നിരിക്കുന്നു. അവരോടൊപ്പം ചിലവഴിക്കാൻ യേശു ബേത്‌സയ്‌ദായിലേക്ക് യാത്ര തിരിക്കുന്നു. പക്ഷെ, ഏകദേശം അയ്യായിരം പുരുഷന്മാർ അവനെ പിന്തുടരുകയാണ്. സ്ത്രീകളും കുട്ടികളും കണക്കിൽപ്പെടുന്നില്ല. എന്തേ അവർ എണ്ണപ്പെട്ടില്ല? അറിയില്ല. ആ എണ്ണപ്പെടാത്തവരുടെ കൂട്ടത്തിലായിരിക്കാം ചിലപ്പോൾ നമ്മളും. അപ്പോഴും നോക്കുക, ഗുരു ആരെയും ഒഴിവാക്കുന്നില്ല. “അവന്‍ അവരെ സ്വീകരിച്ച്‌ ദൈവരാജ്യത്തെപ്പറ്റി അവരോടു പ്രസംഗിക്കുകയും രോഗശാന്തി ആവശ്യമായിരുന്നവരെ സുഖപ്പെടുത്തുകയും ചെയ്‌തു” (v.11). ഈ വാക്യത്തിൽ യേശുവിന്റെ ദൗത്യം മുഴുവനും സംഗ്രഹിച്ചിട്ടുണ്ട്: വചനവും സൗഖ്യവുമാണവൻ. ആ ജനക്കൂട്ടത്തിൽ നമ്മളോരോരുത്തരും ഉണ്ട്. ഒത്തിരി ആവശ്യങ്ങളുടെ കലവറയായ മനുഷ്യകുലം മുഴുവനുമുണ്ട്. അതെ, ആഗ്രഹങ്ങൾ പേറി നടക്കുന്നവരാണ് നമ്മൾ. രോഗശാന്തിയുടെ മാത്രമല്ല, കരുതലിന്റെയും അപ്പത്തിന്റെയും

സമ്പൂർണ്ണതയുടെയും ആഗ്രഹങ്ങൾ.
ഈ സുവിശേഷത്തിന്റെ വരികളിൽ നമ്മുടെ ജീവിതവും മറഞ്ഞു കിടക്കുന്നുണ്ട്: യേശുവിനെ അനുഗമിച്ചവരിൽ ഒരാളാണ് നമ്മളും. നമുക്കും വേണം അവന്റെ ശ്രദ്ധയും പരിചരണവും. നമ്മുടെ ജീവിതത്തിലും വേണം സൗഖ്യം നൽകുന്ന ഒരു സാന്നിധ്യം. നമുക്കുമുണ്ട് പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങൾ, അത് എന്താണെന്ന് നമുക്കറിയില്ല. പക്ഷെ, സൃഷ്ടവസ്തുക്കളിൽ ഒന്നിനും അത് തൃപ്തിപ്പെടുത്താൻ കഴിയില്ലെന്ന് നമുക്കറിയാം.
പകൽ അസ്തമിച്ചു തുടങ്ങിയിരിക്കുന്നു. ചില പ്രായോഗിക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത് ആവശ്യമാണ്. അങ്ങനെയാണ് അപ്പോസ്തലന്മാർ ഇടപെടുന്നത്: “നാം വിജനപ്രദേശത്തായതുകൊണ്ട്‌ ഗ്രാമങ്ങളിലും നാട്ടിന്‍പുറങ്ങളിലും പോയി താമസിക്കുന്നതിനും ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിനും ജനങ്ങളെ പറഞ്ഞയയ്‌ക്കുക” (v.12). പക്ഷെ, യേശു അവരെ പറഞ്ഞയച്ചില്ല. തന്നരികിൽ വന്ന ആരെയെങ്കിലും അവൻ പറഞ്ഞയച്ചിട്ടുണ്ടോ? ഒരിക്കലുമില്ല.
അപ്പോസ്തലന്മാരുടെ ഒഴിവാക്കലിന്റെ പ്രത്യയശാസ്ത്രത്തിനു മുന്നിൽ ചേർത്തുനിർത്തലിന്റെ യുക്തി അവൻ ഉപദേശിക്കുന്നു; “നിങ്ങൾ അവർക്ക് ഭക്ഷണം കൊടുക്കുവിൻ” (v.13). ആഖ്യാനത്തിന്റെ ദിശ മാറുകയാണ് ഇവിടെ. “കൊടുക്കുവിൻ” (Δότε).

ഒരു ഉത്തരവ് ആണിത്. ഒപ്പം പ്രത്യാശയും കൂടിയാണ്. “എനിക്ക് വിശക്കുമ്പോൾ, കർത്താവേ, ഭക്ഷണം നൽകാൻ ഒരാളെ എന്റെ വഴിക്ക് അയയ്ക്കണമേ” എന്ന് പ്രാർത്ഥിക്കാനുള്ള പ്രത്യാശ. അപ്പോഴും “കൊടുക്കുവിൻ” എന്ന കൽപ്പനയെ നമ്മൾ മറക്കരുത്. സംതൃപ്തി ചിലപ്പോൾ നമ്മെ അന്ധരാക്കാം. വയറു നിറഞ്ഞിരിക്കുമ്പോൾ സഹജന്റെ പശിയെ നമ്മൾ കാണുകയില്ല. പങ്കിടാനുള്ള മനസ്സ് വേണം. അത് ചിലപ്പോൾ അഞ്ചപ്പവും രണ്ടു മീനും ആയിരിക്കാം, ഒരു ഗ്ലാസ് വെള്ളം ആകാം, മുറിവുകളിൽ പകരാനുള്ള എണ്ണയും വീഞ്ഞുമാകാം, കുറച്ച് സമയവും അൽപ്പം കരുണയുമാകാം. ഓർക്കുക, സ്വീകരിക്കുമ്പോഴല്ല, കൊടുക്കുമ്പോൾ മാത്രമാണ് നമ്മൾ സമ്പന്നരാകുന്നത്.

യേശു ആരെയും ഒഴിവാക്കുന്നില്ല. കാരണം, കൂട്ടായ്മയാണ് അവന്റെ സത്തയും ജീവിതവും. അതുകൊണ്ടാണ് ഓരോ കുർബാനയിലും നമ്മെ അന്വേഷിക്കുകയും വിളിക്കുകയും ചെയ്യുന്ന ദൈവത്തെ നമ്മൾ കണ്ടുമുട്ടുന്നത്. (“ദിവ്യകുഞ്ഞാടിന്റെ വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടവർ അനുഗൃഹീതർ”). നമ്മിലേക്ക് നടന്നടുക്കുന്ന ദൈവം. സ്വയം നൽകി അവൻ നമ്മിൽ ജീവിക്കുന്നു. തന്നേക്കാൾ കുറഞ്ഞതൊന്നും നൽകാൻ കഴിയാത്ത ദൈവം. ആ ദൈവമാണ് യേശു.

മനുഷ്യന്റെ വിശപ്പിന് മുന്നിൽ ദൈവവചനം മാത്രം പോരാ. അപ്പവും വേണം. പക്ഷെ, ദൈവത്തിന് നൽകേണ്ടിവന്നത് സ്വന്തം മാംസവും രക്തവും കൂടിയാണ്. അവൻ നമുക്ക് തന്റെ രക്തം നൽകുന്നു, അങ്ങനെ അവന്റെ ജീവൻ നമ്മുടെ സിരകളിൽ ഒഴുകുന്നു. അവൻ തന്റെ ശരീരം നൽകുന്നു, അങ്ങനെ നമ്മുടെ വിശ്വാസം ആശയങ്ങളിലല്ല, യേശു എന്ന വ്യക്തിയിൽ അധിഷ്ഠിതമാകുന്നു. അത് ചരിത്രമാണ്, സംഭവമാണ്, അഭിനിവേശമാണ്, മുറിവാണ്, വെളിച്ചമാണ്, കുരിശിന്റെ കഠിനമായ ഭാരവും കൂടിയാണ്.

യേശു തന്റെ ശരീരവും രക്തവും പകുത്തു നൽകുന്നതിലൂടെ സഹജരുടെ ശരീരരക്തത്തെ വിശുദ്ധമായി കരുതണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അവിടെ ജാതി-മതത്തിലധിഷ്ഠിതമായ ഒഴിവാക്കലിന്റെ ചിന്തകൾ കടന്നുവരരുത്. അർപ്പിക്കപ്പെട്ട ശരീരത്തിലൂടെയും ചൊരിയപ്പെട്ട രക്തത്തിലൂടെയും അവൻ പുനർനിർണയിക്കുന്നത് അസ്തിത്വത്തിന്റെ പുതിയനിയമമാണ്: ആത്മാർപ്പണത്തിന്റെ നിയമം. സ്വയം ഒരു ദാനമാകാതെ, ഒരു ബലിയാകാതെ ആർക്കും സ്നേഹത്തെ അതിന്റെ പൂർണ്ണതയിൽ അനുഭവിക്കാനോ നൽകാനോ സാധിക്കില്ല. യേശു ചെയ്തതുപോലെ സഹജനു വേണ്ടി ജീവൻ അർപ്പിക്കുമ്പോൾ മാത്രമേ നമ്മുടെ ജീവിതവും ഒരു കുർബാനയാകൂ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker