Kerala

ദേവാലയം അഗ്നിക്കിരയാക്കി : BREKING NEWS

ദാവ്നായിഖു ഗ്രാമത്തിലെ സെന്‍റ് മാത്യൂസ് കത്തോലിക്ക ദേവാലയമാണ് സര്‍ക്കാര്‍ സൈന്യം അഗ്നിക്കിരയാക്കിയത് .

സ്വന്തം ലേഖകന്‍

മ്യാന്‍മര്‍ : സൈന്യത്തിന്‍റെ നേതൃത്വത്തില്‍ കത്തോലിക്കാ ദേവാലയം അഗ്നിക്കിരയാക്കി. കിഴക്കന്‍ മ്യാന്‍മറിലെ കരെന്നി സംസ്ഥാനത്തിലെ ദാവ്നായിഖു ഗ്രാമത്തിലെ സെന്‍റ് മാത്യൂസ് കത്തോലിക്ക ദേവാലയമാണ് സര്‍ക്കാര്‍ സൈന്യം അഗ്നിക്കിരയാക്കിയത് .

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 1ന് പട്ടാള അട്ടിമറിയിലൂടെ മ്യാന്‍മറിന്‍റെ ഭരണം കൈക്കലാക്കിയ ജുണ്ടാ സൈന്യത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന പ്രാദേശിക പോരാളി സംഘടനയായ ‘കാരെന്നി നാഷ്ണല്‍ ഡിഫെന്‍സ് ഫോഴ്സ്’ പുറത്തുവിട്ട വീഡിയോയില്‍ ദേവാലയം അഗ്നിക്കിരയാക്കുന്നത് ദൃശ്യമാണ്. ജൂണ്‍ 14ന് സര്‍ക്കാര്‍ സൈന്യം ദാവ്നയിഖു ഗ്രാമത്തിലെ നാലോളം വീടുകള്‍ അഗ്നിക്കിരയാക്കിയെന്നും, തൊട്ടടുത്ത ദിവസമായ ജൂണ്‍ 15-ന് വൈകിട്ട് 3 മണിക്ക് യാതൊരു കാരണവും കൂടാതെ ഗ്രാമത്തിലെ കത്തോലിക്ക ദേവാലയവും കത്തിച്ച് ചാമ്പലാക്കിയെന്നും ഒരു കെ.എന്‍.ഡി.എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ മാസം പത്തിനും പതിനഞ്ചിനും ഇടയില്‍ സര്‍ക്കാര്‍ സൈന്യവും കെ.എന്‍.ഡി.എഫ് പോരാളികളും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് ദാവ്നായിഖു ഗ്രാമം സാക്ഷ്യം വഹിച്ചത്. സര്‍ക്കാര്‍ പട്ടാളക്കാര്‍ ദേവാലയത്തിനടുത്തേക്ക് നീങ്ങുന്നതും, ജനാലകളിലൂടെ തീനാളങ്ങളും പുകയും വമിക്കുന്നതും കെ.എന്‍.ഡി.എഫ് പുറത്തുവിട്ട വീഡിയോയില്‍ കാണാം. പശ്ചാത്തലത്തില്‍ വെടിയൊച്ചകളും കേള്‍ക്കുന്നുണ്ട്.

ദേവാലയ കെട്ടിടത്തിനകത്ത് അങ്ങിങ്ങായി തീ കത്തുന്നതും വീഡിയോയില്‍ ദൃശ്യമാണ്. അന്യായമായി ദേവാലയത്തില്‍ പ്രവേശിച്ച സൈന്യം പാവപ്പെട്ടവര്‍ക്ക് നല്‍കുവാന്‍ വേണ്ടി കരുതിയിരുന്ന ഭക്ഷണ സാധനങ്ങളും, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചതിന് ശേഷം ദേവാലയം അഗ്നിക്കിരയാക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജുണ്ടാ സൈന്യത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന 11 സായുധ ഗോത്ര സംഘടനകളില്‍ ഒന്നായ കെ.എന്‍.ഡി.എഫ് വെടിനിറുത്തലിനുള്ള ഉടമ്പടിയില്‍ ഒപ്പുവെക്കുവാന്‍ വിസമ്മതിച്ചിരിക്കുകയാണ്. കിഴക്കന്‍ മ്യാന്‍മറിലെ ലോയികോ രൂപതയിലെ മുപ്പത്തിയെട്ടോളം ഇടവകകളില്‍ ഒന്നാണ് സെന്‍റ് മാത്യൂസ് ഇടവക.

മേഖലയില്‍ നടക്കുന്ന കടുത്ത പോരാട്ടം കാരണം പതിനാറോളം ദേവാലയങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നു യു.സി.എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും ചുരുങ്ങിയത് ഒന്‍പതോളം ദേവാലയങ്ങളാണ് സര്‍ക്കാര്‍ സൈന്യത്തിന്‍റെ ബോംബിംഗിനും, വ്യോമാക്രമണത്തിനും ഇരയായിരിക്കുന്നത്. ഗവണ്‍മെന്‍റ് ജുണ്ടാ സൈന്യത്തിന്‍റെ സൈനീക നടപടി കാരണം ഇതിനോടകം തന്നെ ഏതാണ്ട് 1900-ത്തിലധികം ആളുകള്‍ മരണപ്പെടുകയും പത്തുലക്ഷം പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker