Kerala

സമരത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ഒറ്റയ്ക്കല്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിയും; കെഎൽസിഎ

തുറമുഖ നിർമ്മാണം നിർത്തിവച്ച് തീര ശോഷണത്തെക്കുറിച്ച് പഠിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്...

സ്വന്തം ലേഖകൻ

എറണാകുളം: വിഴിഞ്ഞം തുറമുഖത്തിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന അതിജീവന സമരത്തെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തിക്കളയാമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിചാരിക്കേണ്ടെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. കേവലം അഞ്ചുവർഷത്തേക്കുള്ള ഉത്തരവാദിത്വങ്ങൾ മാത്രമാണ് അദ്ദേഹത്തിന് നൽകപ്പെട്ടിട്ടുള്ളത്. മുഴുവൻ ദുർബല വിഭാഗങ്ങളുടെയും നിലപാടുകൾ അടിച്ചമർത്താനുള്ള അവകാശമായി അതിനെ കണക്കാക്കേണ്ട.

തുറമുഖ നിർമ്മാണം നിർത്തിവച്ച് തീര ശോഷണത്തെക്കുറിച്ച് പഠിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്. നിർമ്മാണം ആരംഭിച്ച സമയത്തുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ അല്ല ഇപ്പോൾ പ്രദേശം നേരിടുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ശോഷണത്തിന് കാരണം വഴിഞ്ഞം തുറമുഖ നിർമ്മാണം അല്ല എന്ന് മുഖ്യമന്ത്രി പറയുന്നത് എന്ന് കൂടി വ്യക്തമാക്കണം.

ഇപ്പോൾ നടക്കുന്ന സമരത്തെ മുൻകൂട്ടി തയ്യാറാക്കിയ സമരം എന്നുപറഞ്ഞ് അധിക്ഷേപിക്കുന്നത് മത്സ്യത്തൊഴിലാളി – തീരവാസി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഒരുവശത്ത് ചർച്ചയ്ക്ക് തയ്യാറാണെന്ന് പറയുകയും മറുവശത്ത് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്യുന്നത് ഭയപ്പെടുത്തി പിന്മാറ്റാമെന്ന് വിചാരിച്ചാണെങ്കിൽ അത് വെറുതെയാണ്. ഈ സമരത്തിന് കേരളത്തിലെ സാധാരണക്കാരായ പൊതുസമൂഹത്തിന്റെ പിന്തുണയുണ്ട്.

ഉണ്ടാകാനിടയുണ്ടെന്ന് പറയുന്ന തൊഴിലവസരങ്ങളെക്കാൾ പതിന്മടങ്ങ് ഗുരുതരമാണ് ഇവിടെ ജനങ്ങൾ അനുഭവിക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ; ഇത് സംബന്ധിച്ച പഠനങ്ങളെ സർക്കാർ അവഗണിക്കുകയാണ്. പശ്ചിമഘട്ടത്തിലെ മലനിരകളെകൂടി നശിപ്പിക്കുന്ന പ്രവർത്തനമാണ് തുറമുഖത്തിനായി കല്ലെടുക്കുമ്പോൾ നടന്നു വരുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന സമരത്തിന് മുഴുവൻ കത്തോലിക്കരുടെയും ഇതര സഭകളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയുണ്ടെന്ന് സർക്കാർ തിരിച്ചറിയണമെന്നും സംസ്ഥാന പ്രസിഡണ്ട് ആന്റെണി നൊറോണ, ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ.തോമസ് എന്നിവർ പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker