Sunday Homilies

30th Sunday_പ്രാർത്ഥന ആത്മരതിയാകുമ്പോൾ (ലൂക്കാ 18: 9-14)

ഫരിസേയന്റെ ദൈവം ഒരു കണക്കെടുപ്പുകാരൻ മാത്രമാണ്...

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ

തങ്ങൾ നീതിമാന്മാരാണെന്ന് ധരിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നവരോട് യേശു ഒരു ഉപമ പറഞ്ഞു. സന്ദേശം ഇതാണ്; ഒരാൾക്ക് ഒരേസമയം പ്രാർത്ഥിക്കാനും നിന്ദിക്കാനും, ദൈവത്തെ സ്തുതിക്കാനും മനുഷ്യരോട് ക്രൂരത കാണിക്കാനും, സ്വയം വിശുദ്ധനാകാനും മറ്റുള്ളവരുടെ സങ്കടങ്ങളിൽ സന്തോഷിക്കാനും കഴിയില്ല. കപട ആത്മീയതയുള്ളവർ ഫരിസേയനെ പോലെയാണ്: അവരുടെ ജീവിതവും പ്രാർത്ഥനയും ഭയത്തിന്റെയും സംശയത്തിന്റെയും നിഴലിലായിരിക്കും. അവരെ സംബന്ധിച്ച് ലോകം ദുഷിച്ചതും ജീവിതം സങ്കടകരവുമാണ്. അവരൊഴിച്ച് മറ്റുള്ളവരെല്ലാവരിലും വഞ്ചനയുടെയും ലൈംഗികതയുടെയും കവർച്ചയുടെയും അതിപ്രസരണം മാത്രമാണ്.

ഉപമയിലെ ഫരിസേയനെ പോലെയാണ് എല്ലാ മതമൗലികവാദികളും. ഉള്ളിൽ സന്തോഷമില്ലാത്തവർ. അവർ ചുറ്റും നാശം മാത്രമേ കാണൂ. സഹജരോടും ലോകത്തിനോടും നിഷേധാത്മകമായ കാഴ്ചപ്പാടുള്ളതുകൊണ്ടുതന്നെ അർത്ഥശൂന്യമായ പദങ്ങളേ അവരുടെ പ്രാർത്ഥനകളിൽ ഉണ്ടാകു.

നമ്മുടെ പ്രാർത്ഥനകളിൽ നിന്നും ദൈവത്തെയും സഹജരെയും വേർപെടുത്താൻ കഴിയുമോ? പ്രാർത്ഥനയിലൂടെ നമുക്ക് ദൈവത്തെയും മനുഷ്യനെയും വഞ്ചിക്കാൻ സാധിക്കുമോ? സ്വയം വഞ്ചിച്ചു കൊണ്ട് മനസ്സാക്ഷിയെ വ്യാജമാക്കാൻ പറ്റുമോ? ഈശോ ഉപമയിലൂടെ പറയുന്നു: സാധിക്കും. മനുഷ്യനെ അവഗണിച്ചും പ്രാർത്ഥിക്കാം, ദൈവത്തെയും മനസ്സാക്ഷിയേയും വഞ്ചിക്കാം. ഫരിസേയൻ ചെയ്യുന്നത് അതാണ്. നിയമം പാലിക്കുന്നവനാണ് അയാൾ. യുക്തമായ പദത്തിലൂടെയാണ് അയാൾ തന്റെ പ്രാർത്ഥന ആരംഭിക്കുന്നത്. അയാൾ പറയുന്നു: “ദൈവമേ, ഞാൻ നിനക്ക് നന്ദി പറയുന്നു.” പക്ഷെ, പിന്നീട് അയാളുടെ വാക്കുകളിൽ നിന്നും ആ ദൈവം മാഞ്ഞു പോകുന്നു. ആത്മരതിയുടെ പദങ്ങളിലൂടെ അയാൾക്ക് ഒരു ഭീമാകാര രൂപം ലഭിക്കുന്നു: “ഞാൻ, ഞാൻ, ഞാൻ… ഞാൻ ഉപവസിക്കുന്നു, ഞാൻ ദശാംശം കൊടുക്കുന്നു”. അങ്ങനെ ആത്മപ്രശംസയുടെ ഹർഷോന്മാദത്തിൽ അയാൾ പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാക്കു മറക്കുന്നു. “നീ” എന്ന പദമാണ് അത്. അയാൾക്ക് ഇനി ആരെയും ആവശ്യമില്ല, ദൈവത്തെ പോലും. പ്രാർത്ഥനയിൽ പോലും അയാൾ ദൈവത്തോടല്ല സംസാരിക്കുന്നത്. അയാൾക്കറിയാം എന്താണ് നന്മയും തിന്മയും എന്ന്. അയാൾ മാത്രമാണ് നന്മ, മറ്റുള്ളവരെല്ലാവരും തിന്മയാണ്. അയാൾക്കറിയാം ദൈവത്തിന്റെ ന്യായവിധി എന്താണെന്ന്. പക്ഷേ അത് അയാൾക്ക് ബാധകമല്ലെന്ന് അയാൾ കരുതുന്നു.

ഫരിസേയന്റെ ദൈവം ഒന്നും ചെയ്യാത്ത ദൈവമാണ്. ഒരു കണക്കെടുപ്പുകാരൻ മാത്രമാണ് ആ ദൈവം. എന്തൊക്കെയോ ചെയ്തു എന്ന ആത്മസംതൃപ്തിയിലേക്ക് കുതിച്ചുയരാനുള്ള ഒരു നിശബ്ദ പ്രതലം മാത്രമാണ് ആ ദൈവം. ഒറ്റപ്പൂരാടന്മാരുടെ ദൈവമാണത്. ആ ദൈവം അവരുടെ ഉള്ളിൽ ഒരു കല്ലായി മാറും. അതുകൊണ്ടാണ് അയാളുടെ പ്രാർത്ഥന സ്വയം ആരാധനയാകുന്നത്, അയാളുടെ ആത്മീയത “ഞാൻ” എന്ന ഏക സ്വരത്തിൽ മാത്രം ഒതുങ്ങി പോകുന്നത്.

ഫരിസേയന്റെ പ്രവർത്തികൾ നോക്കുക, സ്വയം ഉയർത്തിയ ഒരു വിഗ്രഹത്തിന്റെ പീഠം പോലെയാണത്. സഹജരെ എല്ലാവരെയും അവഗണിച്ച് സ്വന്തം രൂപം മാത്രം കണ്ണാടിയിൽ നോക്കി ആനന്ദം കൊള്ളുന്നവനെ പോലെയാണയാൾ. ആത്മരതിയിൽ അഭിരമിക്കുന്നവർക്ക് ദൈവത്തിനരികിൽ നിൽക്കാൻ സാധിക്കില്ല. അവർക്ക് ഒരിക്കലും പാപത്തെക്കുറിച്ചോ ബന്ധങ്ങളെക്കുറിച്ചോ മാനസാന്തരത്തെക്കുറിച്ചോ മനസ്സിലാകുകയില്ല. പാപിയാണെന്ന ബോധമില്ലാത്തവർ സ്വയം ദൈവമായി മാറും.

ഒരു പാപിയാണെന്ന ബോധമുള്ള ചുങ്കക്കാരൻ പ്രാർത്ഥിക്കുന്നു: “ദൈവമേ, എന്നിൽ കരുണയുണ്ടാകണമേ”. അവൻ തന്റെ പ്രാർത്ഥനയുടെ കേന്ദ്രസ്ഥാനത്ത് ദൈവത്തെ പ്രതിഷ്ഠിക്കുന്നു. താനല്ല, ദൈവത്തിന്റെ കരുണയാണ് പ്രധാനം. ഞാനല്ല, “നീ”യാണ് വലുത്. ഇതുതന്നെയാണ് യേശുവിന്റെ പ്രാർത്ഥനയുടെയും പ്രത്യേകത. അതിൽ “ഞാൻ”, “എന്റേത്” എന്നീ പദങ്ങളില്ല, “നിന്റേതും” “നമ്മുടേതും” മാത്രമാണ്. സ്വർഗ്ഗസ്ഥനായ പിതാവേ, നിന്റെ നാമം, നിന്റെ രാജ്യം, ഞങ്ങൾക്ക് തരൂ, ഞങ്ങളെ രക്ഷിക്കൂ.

ചുങ്കക്കാരൻ ഫരിസേയനെക്കാൾ നല്ലവനായതു കൊണ്ടല്ല നീതികരിക്കപ്പെട്ടത്, സൂര്യനിലേക്ക് തുറക്കുന്ന ഒരു വാതിൽ പോലെ ദൈവത്തിലേക്ക് അവൻ സ്വയം തുറന്നത് കൊണ്ടാണ്. ഒരു യോഗ്യതയും പരിഗണിക്കാത്ത, തന്റെ പാപത്തേക്കാൾ വലിയ കരുണയുള്ള ദൈവത്തിന്റെ മുമ്പിലാണ് അവൻ സ്വയം തുറന്നു നിൽക്കുന്നത്. ആ ദൈവത്തിന്റെ മുമ്പിൽ അവന് ഒന്നും മറയ്ക്കാൻ ഇല്ല. അവനറിയാം കരുണയാണ് ദൈവത്തിന്റെ ബലഹീനതയെന്ന്. ആ ബലഹീനതയുടെ മുമ്പിൽ അവൻ നഗ്നനാകുന്നു. ആ ദൈവം അവന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കും. നമുക്കും ഉണ്ടാകണം അതുപോലുള്ള മനസ്സും പ്രാർത്ഥനയും; “സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു, പാപിയായ എന്നോട് അങ്ങ് കരുണ കാണിക്കുന്നുവല്ലോ”.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker