Meditation

4th Sunday_Year A_അനുഗൃഹീതർ (മത്താ 5:1:12)

അനുഗ്രഹം ഒരു ലക്ഷ്യമല്ല, വഴിത്താരയാണ്.

ആണ്ടുവട്ടത്തിലെ നാലാം ഞായർ

വ്യാഖ്യാനിച്ചാൽ തനിമ നഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു വചനഭാഗം. അതാണ് മത്തായിയുടെ സുവിശേഷത്തിലെ സുവിശേഷഭാഗ്യങ്ങൾ. അവയിൽ അനിർവചനീയമായ പ്രത്യാശയുണ്ട്. ഒപ്പം ആന്തരികമായ സംഘർഷവുമുണ്ട്. അതാണ് സുവിശേഷഭാഗ്യങ്ങളുടെ പ്രത്യേകത.

മനുഷ്യ ചിന്തയുടെ ലാവണ്യമാണ് സുവിശേഷഭാഗ്യങ്ങൾ എന്ന് പറഞ്ഞത് മഹാത്മാഗാന്ധിയാണ്. ഒരേ നിമിഷം നമ്മെ ചിന്താശേഷിയുള്ളവരും നിരായുധരുമാക്കാൻ സാധിക്കുന്ന വാക്കുകളാണവ. നന്മയുടെയും ആത്മാർത്ഥതയുടെയും നീതിയുടെയും ഗൃഹാതുരത പുനർജീവിപ്പിക്കുന്ന വചനം. കള്ളവും ചതിയുമില്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന ചിന്തനകൾ. പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണെന്ന് നമുക്ക് തോന്നുകയും ഒപ്പം ഹൃദയത്തോട് ചേർത്തുവയ്ക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വചനഭാഗം. എവിടെയൊക്കെയോ ഒരു സൗഹൃദ ഭാവം നമുക്ക് ആ വചനത്തിനോട് തോന്നും. അറിയാമല്ലോ, സൗഹൃദം ഒരിക്കലും പുതിയ കൽപ്പനകൾ സ്ഥാപിക്കില്ല. മറിച്ച്, ജീവിതത്തെ ആഘോഷമാക്കും.

“മക്കാരിയോയി” (Μακάριοι) അഥവാ അനുഗൃഹീതർ എന്ന പദമാണ് നമ്മൾ ആദ്യം ധ്യാനിക്കേണ്ടത്. നമ്മുടെ സന്തോഷവുമായി സഖ്യം ഉണ്ടാക്കുന്ന ഒരു ദൈവത്തെ ആ പദത്തിൽ കാണാൻ സാധിക്കും. ജീവിതത്തിന് അർത്ഥം ലഭിക്കുന്നത് അതിൽ ആനന്ദത്തിന്റെ പൂർണ്ണത ഉണ്ടാകുമ്പോഴാണ്. ആ ആനന്ദത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാണ് സുവിശേഷഭാഗ്യങ്ങൾ. അത് നമ്മെ ദൈവസ്വപ്നത്തിലേക്ക് നയിക്കും. കൽപ്പനയല്ല, നിർദ്ദേശങ്ങളാണവ. എല്ലാവരും സ്ഥിരമായി നടക്കുന്ന ഒരു പാതയല്ല അത്, എതിർ ദിശയാണ്. ഒമ്പതെണ്ണമാണ് ആ നിർദ്ദേശങ്ങൾ: സന്തുഷ്ടരായ ദരിദ്രർ, നീതിക്കുവേണ്ടി ശാഠ്യം പിടിക്കുന്നവർ, സമാധാനം സ്ഥാപിക്കുന്നവർ, മാധുര്യമുള്ള ഹൃദയമുള്ളവർ, നിഷ്കളങ്കമായ മിഴികളുള്ളവർ, ഹിംസയെ ധ്യാനിക്കാത്തവർ, ആർദ്ര മാനസർ, ധീരരായ നിസ്സഹായർ, ക്രിസ്തുവിനെ ഉള്ളിൽ കൊണ്ടുനടക്കുന്നവർ… അവർ മാത്രമാണ് അദൃശ്യമായ സ്വർഗ്ഗീയശക്തിയെ സ്വന്തം ജീവിതത്തിൽ ആവഹിച്ചിട്ടുള്ളത്. ഒരുകാര്യം ഉറപ്പാണ്, നമ്മുടെ ഈ ലോകം എല്ലായ്പ്പോഴും അതിസമ്പന്നരുടെയും ശക്തരുടെയും കാൽക്കീഴിൽ മാത്രം നിൽക്കും എന്ന് കരുതരുത്. ഇവിടെ നന്മയായി മാറുന്നവർ മാത്രമാണ് ഇതിന്റെ യഥാർത്ഥ അവകാശികൾ.

വിശുദ്ധഗ്രന്ഥത്തിലെ സങ്കീർത്തനങ്ങൾ അനുഗൃഹീതർ എന്ന പദത്തിന്റെ ആഴമായ അർത്ഥങ്ങൾ പകർന്നു തരുന്ന ഒരു പുസ്തകമാണ്. അനുഗ്രഹം ഒരു ലക്ഷ്യമല്ല, വഴിത്താരയാണ്. സങ്കീർത്തകന്റെ വാക്കുകൾ ശ്രദ്ധിക്കുക; “ദുഷ്‌ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന്‍ അനുഗൃഹീതൻ” (സങ്കീ 1:1). ഒപ്പം ഇതൊരു ആന്തരികാവസ്ഥകൂടിയാണെന്ന് സങ്കീർത്തനങ്ങൾ പറയുന്നുണ്ട്: “അങ്ങയില്‍ ശക്തി കണ്ടെത്തിയവര്‍ അനുഗൃഹീതർ; അവരുടെ ഹൃദയത്തില്‍ സീയോനിലേക്കുള്ള രാജവീഥികളുണ്ട്‌”
(സങ്കീ 84:5).

“കരയുന്നവരെ, നിങ്ങൾ എഴുന്നേൽക്കുക. മുന്നോട്ട് നടക്കുക. കൂടെ നടക്കുവാൻ ദൈവം ഉണ്ട്. അവൻ നിങ്ങളുടെ കണ്ണുനീർ തുടയ്ക്കും, ഹൃദയത്തെ ശക്തമാക്കും, പാതകൾ തുറന്നു തരും”. ഇതാണ് അനുഗ്രഹിക്കപ്പെടുക എന്നതിന്റെ യഥാർത്ഥ അർത്ഥം. നിശ്ചലതയല്ല, സഞ്ചാരമാണ് അനുഗ്രഹം. ധ്യാനമോ മനനമോ അല്ല, പ്രവർത്തിയാണ് അനുഗ്രഹം.

ദരിദ്രരെ, വിലപിക്കുന്നവരെ, ശാന്തശീലരെ, നീതിക്കുവേണ്ടി വിശക്കുന്നവരെ, കരുണയുള്ളവരെ, ഹൃദയശുദ്ധിയുള്ളവരെ, സമാധാനകാംക്ഷികളെ, നീതിക്കുവേണ്ടി പീഡനമേൽക്കുന്നവരെ നിങ്ങൾ കീഴടങ്ങരുത്. നിങ്ങളുടെ അവകാശങ്ങൾക്ക് സ്വർഗ്ഗീയ മൂല്യമുണ്ട്. സമ്പത്തുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കും ഹിംസയുടെ അവതാരമായി മാറുന്നവർക്കും ഒരിടത്തും നന്മയായി മാറാൻ സാധിക്കില്ല. ധനവാന്മാർ നിറകുടങ്ങൾ പോലെയാണ്, അതിൽ മറ്റുള്ളവർക്ക് സ്ഥാനമില്ല. അവരുടെ ഹൃദയത്തിൽ വഴികളില്ല. നോക്കുക, സുവിശേഷഭാഗ്യങ്ങളുടെ യുക്തി ഹൃദയ പരിവർത്തനത്തിന്റെ യുക്തിയാണ്. അത് ദൈവത്തിന്റെ അളവാണ്. ആ യുക്തിയുള്ളവർക്ക് മാത്രമേ ഭൂമിയെ പരിചരിക്കാൻ സാധിക്കു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker