Vatican

ഫ്രാന്‍സിസ് പാപ്പയുടെ 40-ാമത് അപ്പോസ്തലിക സന്ദര്‍ശനത്തിന് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ തുടക്കമായി

പാപ്പയുടെ 40-ാമത് അപ്പോസ്തലിക സന്ദര്‍ശനം അഞ്ചുദിവസം നീണ്ടു നില്‍ക്കും.

അനില്‍ ജോസഫ്

വത്തിക്കാന്‍ സിറ്റി: ആഭ്യന്തര കലാപങ്ങളുടെ മുറിപ്പാടുകളുമായി കഴിയുന്ന ജനസമൂഹത്തിന് ഇടയിലേക്ക് സമാധാനത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ പറന്നിറങ്ങി. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് 7.10 നാണ് പാപ്പ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ തന്‍റെ ചരിത്ര സന്ദര്‍ശനം ആരംഭിച്ചത്. പാപ്പയുടെ 40-ാമത് അപ്പോസ്തലിക സന്ദര്‍ശനം അഞ്ചുദിവസം നീണ്ടു നില്‍ക്കും.

 

‘എല്ലാം ക്രിസ്തുവില്‍ അനുരജ്ഞിതരായി’ എന്നതാണ് പര്യടനത്തിന്‍റെ ആപ്തവാക്യം; ‘എല്ലാവരും ഒന്നാകാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’ എന്നതാണ് ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചുവരെയുള്ള സൗത്ത് സുഡാന്‍ പര്യടനത്തിന്‍റെ ആപ്തവാക്യം. മുമ്പ് നിശ്ചയിച്ചിരുന്നതുപോലെ ആംഗ്ലിക്കന്‍ സഭാധ്യക്ഷന്‍കൂടിയായ കാന്‍റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി സൗത്ത് സുഡാന്‍ പര്യടനത്തില്‍ പാപ്പയെ അനുഗമിക്കുന്നു എന്നതും ശ്രദ്ധേയം.

ഫ്രാന്‍സിസ് പാപ്പയും ആര്‍ച്ച്ബിഷപ്പ് വെല്‍ബിയും ചേര്‍ന്ന് നടത്തിയ ഇടപെടലുകളാണ്, ആഭ്യന്തര കലാപങ്ങള്‍ പതിവായിരുന്ന സൗത്ത് സുഡാനില്‍ സമാധാനം സംജാതമാക്കിയത്. രണ്ടു രാജ്യങ്ങളിലെയും ഭരണാധിപന്മാര്‍, സഭാനേതാക്കള്‍, അല്‍മായര്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ രാജ്യത്ത് അഭയാര്‍ത്ഥികളായി കഴിയുന്നവരെയും പാപ്പ സന്ദര്‍ശിക്കും. കൂടാതെ, പൊതുവേദികളില്‍ ദിവ്യബലി അര്‍പ്പിക്കുന്ന പാപ്പ, എക്യുമെനിക്കന്‍ പ്രാര്‍ത്ഥനയ്ക്കും നേതൃത്വവും നല്‍കും.

കിന്‍ഷാസയിലെത്തിയ പാപ്പയെ പ്രസിഡന്‍റ് ഫെലിക്സ് ഷിസെക്കെദി സ്വാഗതം ചെയ്തു, തുടര്‍ന്ന് അദ്ദേഹം മധ്യ ആഫ്രിക്കന്‍ രാഷ്ട്രത്തിലെ അധികാരികള്‍, സിവില്‍ സമൂഹം, നയതന്ത്ര സേന എന്നിവരുമായി പാപ്പ ഇന്നലെ കൂടിക്കാഴ്ച നടത്തി.

 

ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാനില്‍നിന്ന് 2011ല്‍ സ്വതന്ത്രമായ 10 സംസ്ഥാനങ്ങള്‍ ചേര്‍ന്ന പ്രദേശമാണ് സൗത്ത് സുഡാന്‍. ഒരു കോടിയില്‍പ്പരം വരുന്ന ഇവിടത്തെ ജനസംഖ്യയില്‍ 37%വും കത്തോലിക്കരാണ്. കത്തോലിക്കാ സഭ എന്ന നിലയില്‍ സുഡാനും സൗത്ത് സുഡാനും ഒരേ മെത്രാന്‍ സമിതിക്ക് കീഴിലാണ്. ഒന്‍പതു കോടി ജനങ്ങളുള്ള കോംഗോയില്‍ പകുതിയും കത്തോലിക്കരാണ്.

സൗത്ത് സുഡാന്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ കത്തോലിക്കാ സഭാ തലവനാകും ഫ്രാന്‍സിസ് പാപ്പ. എന്നാല്‍ ഇത് രണ്ടാം തവണയാണ് കോംഗോ പേപ്പല്‍ പര്യടനത്തിന് വേദിയാകുന്നത്. 1980ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ കോംഗോയില്‍ പര്യടനം നടത്തിയിരുന്നു. സയര്‍ എന്നായിരുന്നു അന്ന് രാജ്യത്തിന്‍റെ പേര്. ഡി.ആര്‍.സി- സൗത്ത് സുഡാന്‍ പര്യടനം 2022 ജൂലൈയില്‍ നടക്കേണ്ടതായിരുന്നു. അത് മാറ്റിവെച്ചപ്പോള്‍ മുതല്‍ ആരംഭിച്ച പ്രാര്‍ത്ഥനകള്‍ ഇപ്പോള്‍ സഫലമാകുമ്പോള്‍, ഒരു ജനതയുടെ പ്രാര്‍ഥനകളുടെ സഭലീകരണകൂടിയാണ് പാപ്പയുടെ സന്ദര്‍ശനം

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker