Diocese

വ്രതശുദ്ധിയിൽ ലക്ഷങ്ങൾ മല കയറി. തെക്കൻ കുരിശുമല ഒന്നാംഘട്ട തീർത്ഥാടനം സമാപിച്ചു

വ്രതശുദ്ധിയിൽ ലക്ഷങ്ങൾ മല കയറി. തെക്കൻ കുരിശുമല ഒന്നാംഘട്ട തീർത്ഥാടനം സമാപിച്ചു

സാബു കുരിശുമല

കുരിശുമല: “വിശുദ്ധ കുരിശ്‌ മനുഷ്യമഹത്വത്തിന്റെ പ്രതീകം” എന്ന സന്ദേശവുമായി കഴിഞ്ഞ എട്ടുദിവസങ്ങളിലായി നടന്നുവന്ന 61-ാമത്‌ തീർത്ഥാടനത്തിന്റെ ഒന്നാം ഘട്ടത്തിനു സമാപനമായി. സമാപന ദിവസമായ ഇന്നലെ ലക്ഷക്കണക്കിന്‌ തീർത്ഥാടകരാണ്‌ കുരിശുമലയിൽ എത്തിച്ചേർന്നത്‌. പുലർച്ചെ മുതൽ തന്നെ തീർത്ഥാടകരുടെ വൻതിരക്ക്‌ അനുഭവപ്പെട്ടു. തീർത്ഥാടകരുടെ ബാഹുല്യം നിമിത്തം ഗതാഗത സംവിധാനങ്ങൾ നിയന്ത്രിക്കാൻ പോലീസും വോളന്റിയേഴ്‌സും നന്നേ പണിപ്പെട്ടു.

നിരവധിപേർ സംഘങ്ങളായി മലകയറി ദിവ്യബലിയും പ്രാർത്ഥനകളും നിയോഗങ്ങളും സമർപ്പിച്ച്‌ പ്രാർത്ഥിച്ചു. സംഗമവേദിയിൽ രാവിലെ മുതൽ നടന്ന ദിവ്യബലികളിലും പ്രാർത്ഥനാശുശ്രൂഷകളിലും ലക്ഷക്കണക്കിന്‌ വിശ്വാസികൾ പങ്കെടുത്തു. കുരിശിന്റെ വഴി പ്രാർത്ഥനകൾ ചൊല്ലി ദുർഘടമായ പാതയിലൂടെ മലകയറി നാഥന്റെ പീഢാനുഭവങ്ങളിൽ അവർ ത്യാഗപൂർവ്വം പങ്കുചേർന്നു.

വിദൂര സ്ഥലങ്ങളിൽ നിന്ന്‌ നിരവധി തീർത്ഥാടകർ കാൽനടയായി കുരിശുമലയിൽ എത്തിച്ചേർന്നു.
രാവിലെ മുതൽ നടന്ന ദിവ്യബലികളിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പൊലീത്ത മോസ്റ്റ്‌. റവ. ഡോ. എം. സൂസപാക്യം, പാറശ്ശാല മലങ്കര രൂപതാമെത്രാൻ മോസ്റ്റ്‌ റവ. ഡോ. തോമസ്‌ മാർ യൗസേബിയൂസ്‌, ചങ്ങനാശ്ശേരി സീറോമലബാർ അതിരൂപത സഹായമെത്രാൻ മാർ തോമസ്‌ തറയിൽ, ഫാ. സാജൻ ആന്റണി, ഫാ. ബെന്നി ലൂക്കാസ്‌, ഫാ. രാജേഷ്‌ കുറിച്ചിയിൽ, ഫാ. കിരൺ രാജ്‌ ഡി. പി., ഫാ. യൂജിൻ, ഫാ. റോബിൻ രാജ്‌ ആർ.പി., റവ. ഡോ. ഗ്രിഗറി ആർ ബി, ഫാ. ലോറൻസ്‌, ഫാ. ജസ്റ്റിൻ എന്നിവർ മുഖ്യകാർമ്മികരായി.

സമാപന ദിവ്യബലിക്കുശേഷം കുരിശുമല ഡയറക്ടർ മോൺ. ഡോ. വിൻസെന്റ്‌ കെ. പീറ്റർ തീർത്ഥാടനപതാകയിറക്കി.
വൈകുന്നേരം 6.30-ന്‌ നടന്ന സമാപന സമ്മേളനത്തിൽ മോൺ. ഡോ. വിൻസെന്റ്‌ കെ. പീറ്റർ അദ്ധ്യക്ഷനായിരുന്നു. കേരള നിയമസഭ മുൻ സ്‌പീക്കർ എൻ ശക്തൻ യോഗം ഉദ്‌ഘാടനം ചെയ്‌തു. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌ മുഖ്യസന്ദേശം നൽകി. ആറുകാണി ഫൊറോന വികാരി വെരി റവ. ഫാ. അഗസ്റ്റിൻ ആലപ്പുരയ്‌ക്കൽ, ശ്രീ. ടി. ജി. രാജേന്ദ്രൻ എന്നിവർ സന്ദേശം നൽകി. ശ്രീ. സാബു കുരിശുമല സ്വാഗതവും ഫാ. പ്രദീപ്‌ ആന്റോ നന്ദിയും പറഞ്ഞു.

തീർത്ഥാടന നടത്തിപ്പിനായി നിസ്‌തുല സേവനം ചെയ്‌ത പ്രവർത്തകരെയും കെ.സി.വൈ.എം. നെയ്യാറ്റിൻകര രൂപതാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രമോദ്‌ പി. വി. എന്നിവരെ യോഗത്തിൽ ആദരിച്ചു. യോഗാനന്തരം മെലഡി സിംഗേഴ്‌സിന്റെ ഭക്തിഗാനമേളയും ഉണ്ടായിരുന്നു.

രണ്ടാം ഘട്ട തീർത്ഥാടനം ഓശാന ഞായർ, പെസഹാവ്യാഴം, ദു:ഖവെള്ളി ദിവസങ്ങളിലായി നടക്കും.

തെക്കൻ കുരിശുമല 62-ാമത്‌ തീർത്ഥാടനം 2019 മാർച്ച്‌ 31, ഏപ്രിൽ 1, 2, 3, 4, 5, 6, 7 & 18, 19 തീയതികളിലായി നടക്കും. തീർത്ഥാടന സന്ദേശം “വിശുദ്ധകുരിശ്‌ ജീവന്റെ സമൃദ്ധിയ്‌ക്ക്‌”.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker