Sunday Homilies

ഫലം പുറപ്പെടുവിക്കാൻ നാം എന്താണ് ചെയ്യേണ്ടത്?

ഫലം പുറപ്പെടുവിക്കാൻ നാം എന്താണ് ചെയ്യേണ്ടത്?

പെസഹാക്കാലം  അഞ്ചാം ഞായർ

ഒന്നാംവായന: അപ്പൊ.9:26‌ – 31

രണ്ടാംവായന: 1 യോഹന്നാൻ 3:18-24

സുവിശേഷം: വി.യോഹന്നാൻ 15:1-8

ദിവ്യബലിയ്ക്ക് ആമുഖം

യേശുവിൽ വിശ്വസിക്കുന്ന ഓരോ വ്യക്തിയും അവനുമായി നിരന്തര ബന്ധം പുലർത്തി അവനിൽ നിലനിൽക്കേണ്ടതിന്റെ ആവശ്യകത ഇന്നത്തെ സുവിശേഷത്തിൻ യേശു എടുത്തു പറയുന്നു.  ദൈവപിതാവ് കൃഷിക്കാരനും, യേശു മുന്തിരിച്ചെടിയും, നാം ഓരോരുത്തരും അതിലെ ശാഖകളുമാണെന്ന് പറഞ്ഞ് കൊണ്ട് നാമും ദൈവവും തമ്മിൽ യേശുവിലൂടെ ഉടലെടുത്ത ആഴമേറിയബന്ധം തിരുവചനം തുറന്ന് കാട്ടുന്നു.  ദൈവവുമായുള്ള ബന്ധത്തിന്റെ ഏറ്റവും ഉന്നതമായ അവസ്ഥയാണ് നാം അർപ്പിക്കുന്ന ഈ ദിവ്യബലി.  നാമും ദൈവവുമായുള്ള ബന്ധം എപ്രകാരമുള്ളതാണന്ന് പരിശോധിക്കാം.  ആ ബന്ധത്തിലെ കുറവുകൾ ഏറ്റ് പറഞ്ഞ് നിർമ്മലമായ ഹൃദയത്തോടുകൂടി നമുക്ക് ഈ ബലിയർപ്പിക്കാം.

ദൈവവചന പ്രഘോഷണ കർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,

ദൈവത്തെ കൃഷിക്കാരനായും ഇസ്രായേലിനെ മുന്തിരിച്ചെടിയായും ഉപമിക്കുന്നത് പഴയ നിയമത്തിൽ പ്രവാചകന്മാരുടെ പുസ്തകത്തിൽ (എശയ്യാ 5,1) നാം കാണുന്നുണ്ട്.  ഇന്നത്തെ സുവിശേഷത്തിൽ, തന്റെ രണ്ടാം വിടവാങ്ങൽ പ്രസംഗത്തിൽ യേശു താൻ മുന്തിരിച്ചെടിയും ദൈവപിതാവ് കൃഷിക്കാരനുമാണെന്ന് പറയുന്നു.  യേശു പഴയനിയമത്തിലെ ഇസ്രായേലിന്റെ സ്ഥാനത്താണെന്നും അങ്ങനെ യേശുവിൽ വിശ്വസിക്കുന്ന എല്ലാവരും പുതിയ ഇസ്രായേലിലെ അംഗങ്ങളാണെന്നും സുവിശേഷകൻ വ്യക്തമാക്കുന്നു.  AD 70-ൽ ദൈവാലയത്തിന്റെ നാശത്തിന്ശേഷം യഹൂദർ പുതിയ രീതിയിൽ സംഘടിക്കപ്പെടുകയും പല യഹൂദരും ക്രിസ്ത്യാനികളാക്കുകയും ചെയ്ത അവസരത്തിൽ യേശുവിൽ വിശ്വസിക്കുന്നവൻ ആരാണെന്ന ചോദ്യത്തിന് ഒരു ക്രിസ്ത്യാനി പുതിയ ഇസ്രായേലിലെ അംഗമാണെന്ന് വി.യോഹന്നാൻ വ്യക്തമാക്കുന്നു.

സുവിശേഷത്തിൽ നാം ശ്രവിച്ച രണ്ട് പ്രധാന വാക്കുകളാണ് (1)ഫലം പുറപ്പെടുവിക്കുക, (2)എന്നിൽ വസിക്കുക.  ഇതുരണ്ടും ഒന്നിടവിട്ടുള്ള യാഥാർത്ഥ്യങ്ങളല്ല മറിച്ച് ഒരേ സമയം സംഭവിക്കുന്നതാണ്.  ഫലം പുറപ്പെടുവിക്കുക എന്നത് കൊണ്ട് ഭൗതീകമായ ജീവിത വിജയം മാത്രമല്ല ഉദ്ദേശിക്കുന്നത് മറിച്ച് സ്വർഗ്ഗരാജ്യം പ്രാപ്യമാക്കുന്ന രീതിയ്ക്ക് ഒരു ക്രിസ്ത്യാനി പുറപ്പെടുവിക്കുന്ന ആത്മീയഫലങ്ങളാണ്.  വസിക്കുക എന്നു പറഞ്ഞാൽ യേശുവുമായി പുലർത്തുന്ന ഗാഡമായ ബന്ധമാണ്.  ഈ ബന്ധം നില നിർത്തുന്നവൻ ജീവിതത്തിൽ നിർജീവനാകുന്നില്ല മറിച്ച് സജീവനാകുന്നു.  ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാകുന്നതിന് വേണ്ടി ഈ യാഥാർത്ഥ്യത്തെ ഒരു പരിധിവരെ വൈദ്യുതിയോടൊ, ഇന്റർനെറ്റിനോടൊ ഉപമിക്കാവുന്നതാണ്.  ബന്ധം നിലനിർത്തുമ്പോൾ അവ സ്വീകരിക്കുന്ന ഉപകരണങ്ങൾ ജീവസുറ്റതാകുന്നു.  ബന്ധം നഷ്ടപ്പെടുമ്പോൾ ആ ഉപകരണങ്ങൾ നിശ്ചലമാകുന്നു, ക്രമേണ ഉപയോഗശ്യൂന്യമാകുന്നു.

നാം എങ്ങനെയാണ് ഫലം പുറപ്പെടുവിക്കേണ്ടതെന്നും, എങ്ങനെയാണ് യേശുവിൽ നിലനിൽക്കേണ്ടതെന്നും ഇന്നത്തെ രണ്ടാം വായന നമ്മെ പഠിപ്പിക്കുന്നു.  ക്രൈസ്തവ വിശ്വാസത്തിന്റെ ഫലങ്ങൾ നാം കാണിക്കേണ്ടത് വാക്കിലും സംസാരത്തിലുമല്ല മറിച്ച് പ്രവൃത്തിയിലും സത്യത്തിലുമാണന്നും.  ദൈവത്തിൽ നാം വസിക്കുന്നത് ദൈവത്തിന്റെ കല്പനകൾ പാലിച്ചുകൊണ്ടാണന്നും ഇന്നത്തെ രണ്ടാം വായനയിൽ നാം ശ്രവിച്ചു.  ക്രിസ്തുവാകുന്ന ചെടിയോട് ചേർന്ന് നില്ക്കണമൊ വേണ്ടയോ എന്നുള്ളത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്.  എന്നാൽ ഫലം തരുന്നതിനെ കൂടുതൽ കായ്ക്കുവാനായി സഹനത്തിലൂടെ വെട്ടിയൊരുക്കുന്ന കർത്തവ്യം ദൈവത്തിൽ നിക്ഷിപ്തമാണ്.  തന്നിൽ നിന്ന് അകന്ന് നിൽക്കുവാൻ ആഗ്രഹിക്കുന്നവർക്ക് യേശു ശക്തമായ മുന്നറിയിപ്പ് നൽകുന്നു.  ”എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യുവാനാകില്ല”.  ചെടിയോട് ചേർന്ന് നിന്ന് വളർന്ന് ശക്തി പ്രാപിച്ചു കഴിയുമ്പോൾ തനിയ്ക്ക് തായ് തണ്ടിനെ ആശ്രയിക്കാതെ തന്നെ ജീവിക്കുവാൻ സാധിക്കുമെന്ന് കരുതി തായ് തണ്ടിൽ നിന്ന് വേർപെടുന്ന ശാഖയുടെ അവസ്ഥ നമുക്കെല്ലാവർക്കും അറിയാം.  ആദ്യത്തെ മൂന്ന് നാല് ദിവസം ആ ശാഖ തന്നിലെ ജീവന്റെ പച്ചപ്പു സൂക്ഷിക്കുന്നു എന്നാൽ ക്രമേണ വാടി നശിക്കുന്നു.  യേശുവിൽ നിന്നകലുമ്പോൾ നമുക്കും സംഭവിക്കുന്നത് ഇതു തന്നെയാണ്.  ആദ്യം കുറച്ചു കാലം യേശുവിൽ നിന്ന് സ്വീകരിച്ച ആത്മീയ അനുഗ്രഹത്തിന്റെ പച്ചപ്പ് നമ്മിൽ നിലനില്ക്കും അപ്പോൾ നമുക്ക് തോന്നും ഒന്നും സംഭവിച്ചിട്ടില്ലന്ന് എന്നാൽ കുറച്ച് കാലം കഴിയുമ്പോൾ നമ്മുടെ ജീവിതവും വാടിക്കരിഞ്ഞ്  ഉപയോഗശ്യൂന്യമാകും.

അസ്വസ്ഥതയും, അനൈക്യവും, കൊഴിഞ്ഞ് പോകലും, സംശയവും, യേശുവിനെ കൂടാതെ ജീവിക്കുവാൻ സാധിക്കും എന്ന് അഹങ്കരിക്കുകയും ചെയ്തിരുന്ന ആദിമ സഭയിലെ ഒരു വിശ്വാസ സമൂഹത്തിന് മുന്നറിയിപ്പും ആശ്വാസവുമായിട്ടാണ് വി.യോഹന്നാൻ ഈ തിരുവചനങ്ങൾ രചിക്കുന്നത്.  നമ്മുടെ ആത്മീയ ജീവിതത്തിലും,  ഇടവകയിലും, സഭയിലും തത്തുല്യമായ പ്രശ്നങ്ങൾ നേരിടുമ്പോൾ ഈ സുവിശേഷം നമുക്കൊരു വഴികാട്ടിയാണ്.

ആമേൻ

ഫാ.സന്തോഷ് രാജൻ

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker