Daily Reflection

“നീതിമാന്റെ പ്രാർത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്”.

“നീതിമാന്റെ പ്രാർത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്".

അനുദിന മന്നാ

യാക്കോ:- 5: -13 – 20
മാർക്കോ:- 10: 13 – 16

“നീതിമാന്റെ പ്രാർത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്”.

ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം കൂട്ടി ഉറപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് വിശ്വാസത്തോടുകൂടിയുള്ള പ്രാർത്ഥന. എല്ലാവരുടെയും പ്രാർത്ഥന ദൈവത്തിനു സ്വീകാര്യമായ പ്രാർത്ഥനയാണ്. എന്നാൽ നീതിമാന്റെ പ്രാർത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്. കരങ്ങൾകൂപ്പി കണ്ണുകളടച്ച് പ്രാർത്ഥിക്കുന്നതോടൊപ്പം നിർമ്മല ഹൃദയത്താലുള്ള പ്രാർത്ഥനകൂടിയാകണം എന്ന ഓർമ്മപ്പെടുത്തലാണ് നീതിമാന്റെ പ്രാർത്ഥനയിൽകൂടി വിവരിക്കുന്നത്.

സ്നേഹമുള്ളവരെ,  എല്ലാ ശക്തിയുടെയും ഉറവിടമായ ദൈവത്തോട് നമ്മൾ യാചിക്കുന്നതാണ്  പ്രാർത്ഥന. നമ്മുടെ യാചന  ഫലപ്രദമാകണമെങ്കിലും ശക്തിയുള്ളതാകണമെങ്കിലും  നമ്മുടെ ജീവിതം നീതിപരമായതാകണം.

നാം ചെറുതും വലുതുമായ ആവശ്യങ്ങൾ കർത്താവായ ദൈവത്തിന്റെ മുമ്പിൽ   നിരത്തിവെക്കുമ്പോൾ, കർത്താവ് നമ്മോട് ആവശ്യപ്പെടുന്നത് ഒരു കാര്യം മാത്രമാണ്; ‘നീതിപരമായ ജീവിതം നയിക്കുക’ എന്നത്.

നമുക്കെല്ലാവർക്കും സുപരിചിതനായ ഒരു നീതിമാനാണ്  ‘ജോസഫ്’.  തന്റെ നീതിപരമായ ജീവിതത്തിലൂടെ തിരുകുടുംബത്തിലെ ഒരു അംഗമായി മാറുവാനായി ജോസഫിന് കഴിഞ്ഞു. നീതിപരമായി നാം ജീവിക്കുമ്പോൾ കർത്താവിൽ പ്രത്യാശയർപ്പിച്ച് ജീവിക്കുവാനും, കർത്താവിനോട് നമ്മുടെ ആവശ്യങ്ങൾ ഒരു മടിയും കൂടാതെ ചോദിക്കുവാനും സാധിക്കുമെന്നത് തീർച്ച.

പലപ്പോഴും നാം ദൈവത്തോട് തന്നെ ചോദിക്കാറുള്ള ഒരു ചോദ്യമാണ്, എന്തുകൊണ്ട് അങ്ങ് എന്റെ പ്രാർത്ഥന കേൾക്കുന്നില്ലായെന്ന്. ഈ  ചോദ്യത്തിനുള്ള മറുപടിയാണ് “നീതിമാന്റെ പ്രാർത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്” എന്നത്. ആയതിനാൽ,   നമ്മുടെ ജീവിതത്തിലെ ചെറുതും വലുതുമായ ആവശ്യങ്ങൾ കർത്താവിന്റെ മുന്നിലേക്ക് വെച്ചുനീട്ടുമ്പോൾ നമുക്ക് നമ്മിലേക്കുതന്നെ ഒന്ന് തിരിഞ്ഞു നോക്കാം. നമ്മുടെ വാക്കും പ്രവർത്തിയും നീതിപരമായതാണോയെന്നും, നമ്മുടെ സഹോദരങ്ങളോട് നാം എത്രമാത്രം നീതി പുലർത്തുന്നുവെന്നും നമുക്ക് ചിന്തിച്ചുനോക്കാം.

നാം നമ്മുടെ കർത്തവ്യങ്ങളിൽ നിന്ന് വ്യതിചലിച്ച് ജീവിച്ചിട്ട്, കർത്താവ് നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നില്ല എന്നുപറഞ്ഞ് കർത്താവിനെ പഴിചാരാതെ, നമ്മുടെ ഉത്തരവാദിത്വം നിറവേറ്റി കർത്താവിൽ പ്രത്യാശയർപ്പിച്ച്  ജീവിക്കാനായി നമുക്ക് പരിശ്രമിക്കാം.

നീതിമാനായ ദൈവമേ, സഹോദരങ്ങളെ വാക്കാലും പ്രവൃത്തിയാലും വേദനിപ്പിക്കാതെ നീതിപരമായ ഒരു ജീവിതം നയിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker